കട്ടിപ്പാറ ഉരുൾപൊട്ടൽ;കണ്ടെത്താനുള്ള ഒരാൾക്കായി ഇന്നും തിരച്ചിൽ തുടരുന്നു

keralanews search for the last person who were missing in kattipara landslide continues today

കോഴിക്കോട്:കട്ടിപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ അവസാനത്തെയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. ദുരന്തത്തില്‍ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയ്ക്കായുളള തിരച്ചിലാണ് പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നെത്തിയ സ്‌കാനര്‍ സംഘവും കരിഞ്ചോലയില്‍ പരിശോധന നടത്തുന്നുണ്ട്.ഗ്രൗണ്ട് പെനട്ട്രേറ്റിംഗ് റഡാര്‍ സംവിധാനം ഉപയോഗിച്ച്‌ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താനുളള ശ്രമമാണ് നടക്കുന്നത്. ഇന്നലെ ഒരു മൃതദേഹം കൂടി ലഭിച്ചതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി.അതേസമയം തിരച്ചിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ  ഇന്ന് ഉച്ചകഴിഞ്ഞ് സര്‍വ്വകക്ഷി യോഗം ചേരും.ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍, പ്രദേശവാസികള്‍ എന്നിവരുടെ യോഗവും വിളിച്ചു ചേര്‍ത്തതായി സ്ഥലം എം എല്‍ എ കാരാട്ട് റസാഖ് അറിയിച്ചു.

മരട് സ്കൂൾ വാൻ അപകടം;ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു

keralanews marad school van accident one more child died

കൊച്ചി: മരട് സ്കൂൾ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ത്രീവപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരി കരോളിൻ ജോബി ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.മരട് വിക്രം സാരാഭായ് റോഡിലെ കിഡ്സ് വേൾഡ് സ്കൂളിന്‍റെ വാനാണ് അപകടത്തിൽപ്പെട്ടത്. പ്ലേ സ്കൂളിൽനിന്നു വീടുകളിലേക്കു കുട്ടികളെയുമായി പോയ സ്കൂൾ വാൻ റോഡരികിലെ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തിൽ നേരത്തെ രണ്ടു കുട്ടികളും ഒരു ആയയും മരിച്ചിരുന്നു.

കട്ടിപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 13 ആയി

keralanews the death toll rises to 13 in kattippara landslide

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.നേരത്തെ മരിച്ച ഹസന്‍റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇനി അബ്ദുറഹിമാന്‍റെ ഭാര്യ നഫീസയെ കൂടി കണ്ടെത്താനുണ്ട്.ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണസേന, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്.വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാൻ (60), കരിഞ്ചോല ജാഫറിന്‍റെ മകൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലീമിന്‍റെ മക്കളായ ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17), അബ്ദുറഹിമാന്‍റെ മകൻ ജാഫറി (35) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ചയും കരിഞ്ചോല നുസ്റത്തിന്‍റെ മകൾ 11 മാസം പ്രായമായ റിസ്‌വ മറിയത്തിന്‍റെ മൃതദേഹം വെള്ളിയാഴ്ചയും കരിഞ്ചോല ഹസന്‍റെ മകൾ നുസ്രത്ത് (26), നുസ്രത്തിന്‍റെ മകൾ റിൻഷ മെഹറിൻ (നാല്), മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (25), മകൾ നിയ ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ചയുമാണ് കണ്ടെത്തിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ എന്ന ബോധവൽക്കരണ യജ്ഞവുമായി കണ്ണൂർ ജില്ലാ ഭരണകൂടം

keralanews kannur district administration with the awareness program satyamev jayate to educate students about the fake news spread through the social media

കണ്ണൂർ:സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ  വാർത്തകൾക്കെതിരെ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ എന്ന യജ്ഞവുമായി കണ്ണൂർ ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും.കഴിഞ്ഞ വർഷം ഒക്ടോബറിൽ നടപ്പിലാക്കിയ എംആർ വാക്‌സിനേഷൻ കാമ്പയിനിൽ തങ്ങളുടെ കുട്ടികൾക്ക് വാക്‌സിനേഷൻ നല്കാൻ ആഗ്രഹിക്കാത്ത രക്ഷിതാക്കൾ കളക്റ്ററിൽ നിന്നും ഒപ്പ് വാങ്ങണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.ഇതനുസരിച്ച് നിരവധി രക്ഷിതാക്കളാണ് കല്കട്ടറിൽ നിന്നും ഒപ്പ് വാങ്ങുന്നതിനായി എത്തിയത്.ഇവരോട് കണ്ണൂർ ജില്ലാ കലക്റ്റർ മിർ മുഹമ്മദലി വാക്‌സിനേഷൻ നല്കാൻ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ചു.അതിനവർ നൽകിയ മറുപടി വാക്‌സിനേഷൻ അപകടകരമാണെന്ന് തങ്ങൾ സോഷ്യൽ മീഡിയ വഴി അറിഞ്ഞു എന്നതാണ്.ഇതിലൂടെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ കണ്ണടച്ച് വിശ്വസിക്കുന്നുണ്ടെന്ന് കലക്റ്റർ തിരിച്ചറിഞ്ഞു.ഇതാണ് ഇത്തരത്തിലൊരു ബോധവൽക്കരണ യജ്ഞം ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിന് പ്രചോദനമായത്.ബോധവൽക്കരണ യജ്ഞത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ജില്ലയിലെ 150 അദ്ധ്യാപകർക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി. ട്രെയിനിങ് ലഭിച്ച അദ്ധ്യാപകർ സ്കൂളുകളിൽ എത്തി വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തും. വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും ദിനംപ്രതി വ്യാജവാര്‍ത്തകള്‍ ഒന്നും നോക്കാതെ ഫോര്‍വേഡ് ചെയ്തുവിടുന്നവര്‍ നിരന്തരം വിഡ്ഢികളാക്കപ്പെടുകയാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. വ്യാജ വാര്‍ത്തകള്‍ക്കും സന്ദേശങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഉടന്‍ കേസെടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും ‘നിപ’ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടി കളക്ടര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുംമുമ്പ് അതിന്റെ ഉറവിടം അന്വേഷിക്കുക.അതാരാണ് സൃഷ്ടിച്ചത്, തീയതി എന്നിവ പരിശോധിക്കുക. പുതിയ കാര്യങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നതാണ് വ്യാജവാര്‍ത്തകള്‍ പരക്കുന്നതിന്റെ മനഃശാസ്ത്രം.അത് മറ്റുള്ളവരില്‍ ആദ്യമെത്തിക്കുന്നത് താനാണെന്നതിലൂടെ ലഭിക്കുന്ന ശ്രദ്ധയാണ് ഇതിന്റെ ആത്മസംതൃപ്തി.വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ആത്മ നിര്‍വൃതിയടയുന്നത് അത് അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമ്പോഴാണ്. എന്നാല്‍ അവരെ കാത്തിരിക്കുന്നത് പൊലീസ് നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമുള്ള നിയമനടപടികളാണ്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വളരെയധികം പങ്ക് വഹിക്കുന്നത് സാധാരണ പൊതുജനമാണെന്നും കളക്ടര്‍ പറഞ്ഞു.സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുക  എന്നുള്ളത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. ഇന്റര്‍നെറ്റ് അദ്ഭുതകരമായ വേദിയാണെങ്കിലും അതിന്റെ അമിതവും നിരുത്തരവാദപരവുമായ ഉപയോഗമാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 സ്കൂളുകളിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്  വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കുമായി ക്ലാസ് നടത്തുമെന്ന് ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു.പിന്നീട് മറ്റു സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ഐ.ടി. അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്ണിപ്പൊയിൽ ബാബു വധം;ഒന്നാം പ്രതി പിടിയിൽ

keralanews kannippoyil babu murder case main accused arrested

കണ്ണൂർ:മാഹിയിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി മാഹി ചേമ്ബ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന് വിളിക്കുന്ന സനീഷ് (30) പിടിയിലായി.പിറവം പാലച്ചുവട്ടില്‍ നിന്നുമാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്.പിറവം പോലീസിന്റെ സഹായത്തോടെ മാഹി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ 17 ദിവസമായി പാലച്ചുവട്ടിലെ ബേക്കറി ബോര്‍മയില്‍ ജോലിചെയ്യുകയായിരുന്നു ഇയാൾ.രണ്ട് വര്‍ഷം മുന്‍പും ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇരുപത് വര്‍ഷമായി പിറവത്ത് ബേക്കറി നടത്തുന്ന ബോര്‍മ ഉടമ കണ്ണൂര്‍ തലശ്ശേരി സ്വദേശി സുധീഷിനെയും പോലീസ് കസ്റ്റഡയില്‍ എടുത്തു. പ്രതിക്കായി മാഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കറ്റ് ചെയ്താണ് പ്രതിയുടെ താവളം കണ്ടെത്തിയത്.

കരിഞ്ചോല ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

keralanews the search for those who are missing in karinjola landslide will continue today

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.ഇതുവരെ എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഒരു കുടുംബത്തിലെ ആറു പേരെ കൂടി ഇനിയും കെണ്ടത്താനുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. മരിച്ച എട്ടുപേരില്‍ നാലും കുട്ടികളാണ്. വീടുകള്‍ക്കു മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച്‌ നീക്കുന്ന പ്രവര്‍ത്തി ഇന്നും തുടരും. ഇതിനു ശേഷം ജെ.സി.ബി ഉപയോഗിച്ച്‌ മണ്ണ് നീക്കം ചെയ്യും. ഡോഗ് സ്‌ക്വാഡിെന്‍റ പരിശോധനയും തുടരും. കാലാവസ്ഥ അനുകൂലമായത് തിരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്.കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന കരിഞ്ചോല ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുള്‍ സലിം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്.

കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക്ക് ബസ് തിരുവനന്തപുരത്തെത്തിച്ചു

keralanews ksrtc first electric bus bring to trivandrum

തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക്ക് ബസ് തിരുവനന്തപുരത്തെത്തിച്ചു. ബെംഗളൂരുവിൽ നിന്നാണ് ബസ് എത്തിച്ചത്.പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലാണ് ഇപ്പോൾ ബസുള്ളത്. ഡ്രൈവര്‍ എത്തിയാല്‍ മാത്രമേ ഇത് ട്രൈയിലറില്‍ നിന്ന് പുറത്തിറക്കൂ. അതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തും. ഡ്രൈവര്‍ ഇന്ന് തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം 18 മുതലാകും ബസിന്റെ ഓട്ടം തുടങ്ങുക. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. വിജയിച്ചാല്‍ കേരളമാകെ ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കും. പെട്രോൾ-ഡീസൽ വിലവർദ്ധനവ് ദിനംപ്രതി നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ ഇലക്‌ട്രിക് ബസുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കാനാണ കെഎസ്‌ആര്‍ടിസി പദ്ധതി. വില കൂടുതലായതിനാല്‍ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം വെറ്റ് ലീസ് മാതൃകയില്‍ വാടകയ്ക്കെടുക്കും. ഇതിന്റെ പരീക്ഷണമാണ് നടക്കാന്‍ പോകുന്നത്.ഈ മാസം 18 മുതൽ തിരുവനന്തപുരം സിറ്റിയില്‍ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന ബസ് പതിനഞ്ചു ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സർവീസ് നടത്തും.ഡീസല്‍, സിഎന്‍ജി ബസ്സുകളേക്കാള്‍ റണ്ണിങ് കോസ്റ്റ് കുറവാണെന്നതും പുക മലിനീകരണം ഇല്ലെന്നതും ഇലക്ട്രിക്ക് ബസ്സുകളുടെ പ്രത്യേകതയാണ്. ശബ്ദരഹിതവും എസിയുമായിരിക്കും ബസ്സുകള്‍. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ, സിസിടിവി ക്യാമറ, ജിപിഎസ്, എന്റര്‍ടെയ്‌ന്മെന്റ് സിസ്റ്റം എന്നിവയുമുണ്ട്.കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എഎസ്‌ആര്‍ടിയുവിന്റെ റേറ്റ് കരാര്‍ ഉള്ള ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്ബനിയാണ് തലസ്ഥാനത്തും ട്രയല്‍ റണ്‍ നടത്തുന്നത്. കര്‍ണാടകം, ആന്ധ്ര, ഹിമാചല്‍, മഹാരാഷ്ട്ര, തെലങ്കാന എന്നിവടങ്ങളില്‍ ഇലക്‌ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്നതും ഇവരാണ്. പരീക്ഷണ ട്രിപ്പുകള്‍ വിജയിച്ചാല്‍ മുന്നൂറോളം വൈദ്യുത ബസ്സുകള്‍ ഇവിടെയും നടപ്പാക്കാനാകും.കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്‌ആര്‍ടിസി നല്‍കും. ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്ബനി വഹിക്കും.നേരത്തെ ഇലക്‌ട്രിക് ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസി ആലോചിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി കൂടി പ്രയോജനപ്പെടുത്തിയാലും വന്‍ സാമ്ബത്തികബാധ്യത വരുമെന്നതിനാല്‍ ഈ ശ്രമം മുന്നോട്ടുപോയില്ല. 1.5 കോടി മുതലാണ് ഇബസുകളുടെ വില.തുടര്‍ന്നാണ് കര്‍ണാടക മാതൃകയില്‍ ബസുകള്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം.കിലോമീറ്ററിന് 43.8 രൂപയാണ് വാടക. 100 ബസുകള്‍ 12 വര്‍ഷത്തേയ്ക്കു സര്‍വീസ് നടത്താനാണു കരാര്‍. വൈദ്യുതിയുടേയും കണ്ടക്ടറുടേയും ചെലവുകൂടി കണക്കാക്കിയാലും കരാര്‍ ലാഭകരമാണെന്നാണ് വിലയിരുത്തല്‍. ഇബസിനു നല്‍കുന്ന വൈദ്യുതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി ലഭിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.ഒരു ചാര്‍ജിങ്ങില്‍ 150 കിലോമീറ്റര്‍ വരെ ഓടാവുന്ന ബസുകളാണു നിലവില്‍ സര്‍വീസുകള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ സിറ്റി സര്‍വീസിനാകും ഇവ ഉപയോഗിക്കുക. കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ സ്ഥലത്ത് കരാര്‍ കമ്പനി തന്നെ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കും. ആറുമാസത്തിനുള്ളില്‍ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇലക്‌ട്രിക് ബസുകള്‍ ഓടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്‌ആര്‍ടിസി.

കോഴിക്കോട് കരിഞ്ചോല ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി

keralanews the death toll raises to eight in karinjola landslide

താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുൾപൊട്ടലിൽ കാണാതായ നസ്റത്തിന്‍റെ മകൾ റിഫ ഫാത്തിമ മറിയം (1) ആണ് മരിച്ചത്. നേരത്തെ ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.നാലു വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഈ വീടുകളിലെ അഞ്ചു പേർ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്.രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദുരിത ബാധിതർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകൻ ജാഫർ(35), ജാഫറിന്‍റെ പുത്രൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലിമിന്‍റെ മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്) ,കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്.

എ ഡി ജി പിയുടെ മകൾ മർദിച്ചതായി പോലീസുകാരന്റെ പരാതി;രണ്ടുപേർക്കെതിരെയും കേസെടുത്തു

keralanews police filed complaint that adgps daughter beat him and register case against both of them

തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണു എഡിജിപി സുധീഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഡ്രൈവർ തന്റെ കൈക്കു കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് എ ഡി ജി പിയുടെ മകളുടെ പരാതി. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്.നേരത്തെ, പോലീസ് ഡ്രൈവറെ മര്‍ദിച്ചെന്നു പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബറ്റാലിയന്‍ എഡിജിപി സുധേഷ്‌കുമാറിന്റെ മകളാണ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. ഫോണ്‍കൊണ്ട് കഴുത്തിന്റെ പിന്നില്‍ ഇടിച്ചെന്നാണ് പരാതി. ഏറെനാളായി ചീത്തവിളിയും ശകാരവും പതിവായിരുന്നെന്നും ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നു.വ്യാഴാഴ്ച രാവിലെ എട്ടോടെ കനകക്കുന്നിൽ വച്ചായിരുന്നു സംഭവം. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത സവാരിക്കായി ഔദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയി. തിരികെ വരുബോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തി. പ്രകോപിതയായ യുവതി വണ്ടിയിൽ നിന്നും ഇറങ്ങി വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു.എന്നാൽ ഔദ്യോഗികവാഹനമായതിനാൽ താക്കോൽ തരാൻ കഴിയില്ലെന്ന് പോലീസുകാരൻ പറഞ്ഞു.തുടർന്ന് ഓട്ടോയിൽ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ ഡി ജി പിയുടെ മകൾ പോയി.എന്നാൽ വാഹനത്തിൽ മറന്നുവെച്ച മൊബൈൽ ഫോൺ എടുക്കാനെത്തിയ യുവതി മൊബൈൽ എടുക്കുകയും ഇതുപയോഗിച്ച് പോലീസുകാരന്റെ കഴുത്തിനും മുതുകിനും ഇടിക്കുകയും ചെയ്തു.കഴുത്തിന് പിന്നില്‍ നാല് തവണയും തോളില്‍ മൂന്ന് തവണയും മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കഴുത്തിന് പിന്നില്‍ ചതവുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കായലിൽ ചാടിയ മുൻ പഞ്ചായത്തംഗത്തിന്റെ മൃതദേഹം കണ്ടെത്തി

keralanews the dead body of fomer panchayath president who jumped in the lake were found

കൊച്ചി: പാര്‍ട്ടി പ്രദേശിക നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പെഴുതിവച്ച ശേഷം കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി. എളങ്കുന്നത്തുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ കൃഷ്ണന്റെ (74) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെടുത്തത്. കണ്ണമാലി തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നും കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ പക്കല്‍ കത്ത് നല്‍കിയ ശേഷമായിരുന്നു ഇത്. എളങ്കുന്നത്തുപുഴ ലോക്കല്‍ കമ്മിറ്റിംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. മേയ് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് സി.പി.എം നേതാവായിരുന്ന കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ അധികാരനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുനാളായി പാര്‍ട്ടിയില്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തന്നെ പുകച്ചുപുറത്താക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നത്തുപുഴ ലോക്കല്‍ കമ്മിറ്റിയെന്നും  കത്തില്‍ പറയുന്നു.അതേസമയം, കൃഷ്ണന്റെ ആത്മഹത്യകുറിപ്പില്‍ പറയുന്നകാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം പ്രദേശിക നേതൃത്വം പറയുന്നു. കൃഷ്ണന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്.