തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മുന്‍ എസ്പി എ.വി.ജോര്‍ജിന് ക്ലീന്‍ചിറ്റ് നല്‍കിയത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായാണ് വി.ഡി.സതീശന്‍ നോട്ടീസ് നല്‍കിയത്. കേസന്വേഷണം പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നുവെന്നും കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു.അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു. ഇക്കാര്യം ആദ്യ സബ്മിഷനാക്കാമെന്നും സ്പീക്കർ നിലപാട് സ്വീകരിച്ചു.വരാപ്പുഴ കേസ് സഭയില്‍ ഉന്നയിക്കാൻ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നും അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമോപദേശം എഴുതിവാങ്ങി എ.വി.ജോര്‍ജിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാത്ത സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നിലബൂരിൽ 40 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
നിലമ്പൂർ:നിലബൂരിൽ 40 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.പിടിയിലായവർ കാസർഗോഡ് സ്വദേശികളാണ്. വാഹനപരിശോധനയ്ക്കിടെയാണ് കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.
തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യ വിഷബാധ
തിരുവനന്തപുരം: ജി.വി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധ.തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇതേതുടർന്ന് 37 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായ കുട്ടികൾ ചികിത്സ തേടുകയായിരുന്നു. അതേസമയം, സംഭവം സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്രയും കുട്ടികൾ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചില്ലെന്നാണ് ആക്ഷേപം.
സ്കൂൾ ബസ്സിൽ നിന്നും തെറിച്ച് വീണ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്
കോട്ടയം:ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിൽ നിന്നും തെറിച്ച് വീണ് രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്.വാനിന്റെ പിൻവാതിൽ തുറന്ന് കുട്ടികൾ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ജോബിറ്റ, ആറാം ക്ലാസുകാരി ആവണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാനിനു തൊട്ടുപിന്നാലെ മറ്റ് വാഹനങ്ങളൊന്നും എത്താതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
ഫർണിച്ചറുകൾ എത്തിയില്ല;കണ്ണൂർ ജില്ലാ ആശുപത്രിയിലെ പുതിയ വാർഡുകൾ തുറക്കുന്നത് വൈകും
കണ്ണൂർ:രണ്ടാഴ്ചമുമ്പ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉൽഘാടനം ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും നവീകരിച്ച വാർഡ് ഇതുവരെ തുറന്നില്ല.ആവശ്യമായ ഫർണിച്ചറുകൾ എത്താത്തതാണ് വാർഡിന്റെ പ്രവർത്തങ്ങൾ തുടങ്ങാൻ വൈകാൻ കാരണം.പുതിയ ബ്ലോക്ക് അടുത്ത ദിവസം തന്നെ പ്രവർത്തനം തുടങ്ങുമെന്ന് ഉൽഘാടനം നിർവഹിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.എന്നാൽ വാർഡുകൾ തുറക്കാൻ ഇനിയും രണ്ടാഴ്ച കൂടി വേണ്ടിവരുമെന്നാണ് സൂചന.കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിഭാഗം ഒപികൾ,അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികിത്സ യൂണിറ്റ്, കുടുംബാസൂത്രണ ചികിത്സ യൂണിറ്റ്,കാൻസർ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനുള്ള മാമ്മോഗ്രാം ഉൾപ്പടെയുള്ള യൂണിറ്റ്,എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ സ്ത്രീരോഗ,ശിശുരോഗ വിഭാഗം ഒപികൾ മാത്രമാണ് നിലവിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രസവാനന്തര ശുശ്രൂഷകൾക്കായി 50 കിടക്കകൾ സജ്ജീകരിക്കും.മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള നിർമാണപ്രവർത്തികൾ പൂർത്തിയാകുന്നതോടെ കുട്ടികളുടെ വാർഡ് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റും.
നിപ വൈറസ് ബാധയെ തുടർന്ന് കേരളയാത്രയ്ക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി
ദുബായ്:നിപ വൈറസ് ബാധയെ തുടർന്ന് കേരളയാത്രയ്ക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി.വൈറസ് ബാധയെ തുടർന്ന് നിരവധി പേര്‍ മരിക്കുകയും അനേകം പേര്‍ ആശുപത്രിയിലും ആയ സാഹചര്യത്തിലായിരുന്നു കേരളത്തിലേക്കുള്ള യാത്രയില്‍ യു.എ.ഇ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇപ്പോള്‍ യു.എ.ഇ നിയന്ത്രണം നീക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 24 നാണ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ നിന്നും യുഎഇയില്‍ എത്തുന്നവര്‍ക്ക് നിപ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കാന്‍ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപ രോഗബാധ നിയന്ത്രണവിധേയമായെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് നിയന്ത്രണം നീക്കിയതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് പുനർനിർമാണ പ്രക്രിയകൾ ആരംഭിച്ചു
ഇരിട്ടി:ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് പുനർനിർമാണ പ്രക്രിയകൾ ആരംഭിച്ചു.മാക്കൂട്ടം പാലത്തിന്റെ അടിഭാഗത്തും റോഡിന്റെ വശങ്ങളിലും വന്നടിഞ്ഞ മരങ്ങളും മറ്റും ജെസിബി ഉപയോഗിച്ച് മാറ്റിത്തുടങ്ങി.ശനിയാഴ്ച്ച പ്രദേശം സന്ദർശിച്ച കുടക് ജില്ലാ കമ്മീഷണർ ശ്രീവിദ്യ മരങ്ങളും മറ്റും നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.ജൂലൈ 12 വരെ തലശ്ശേരി-മൈസൂരു അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡ് കുടക് ജില്ലാ ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്.റോഡ് അടച്ചതോടെ കേരളത്തിൽ നിന്നുള്ള വ്യാപാരികളെയും വിനോദസഞ്ചാരികളെയും ആശ്രയിച്ചു കഴിയുന്ന വീരാജ്പേട്ട, ഗോണിക്കുപ്പ,മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങൾ ആളൊഴിഞ്ഞ നിലയിലാണ്.പെരുമ്പാടി മുതൽ കൂട്ടുപുഴ വരെയുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.കുടകിലെ ആഴ്ചച്ചന്തകളെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് മലയാളികളും റോഡ് അടച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉരുൾപൊട്ടലിൽ തകർന്ന മാക്കൂട്ടം ചുരം റോഡ് കർണാടക റെവന്യൂ മന്ത്രി ആർ.വി ദേശ്‌പാണ്ഡെ സന്ദർശിച്ചു.കാലവർഷത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ച കുടക് ജില്ലയ്ക്കായി പത്തുകോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.മാക്കൂട്ടം ചുരം റോഡിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പട്ടിയെ കുളിപ്പിക്കലും വീടുനോക്കലുമല്ല പോലീസിന്റെ പണി;കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം:പട്ടിയെ കുളിപ്പിക്കലും വീടുനോക്കലുമല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൊലീസിലെ ദാസ്യപ്പണി സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ടെന്നും, 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നതെന്നും 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കീഴ്‌ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാൽ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മുൻ ഡിജിപി ടി.പി.സെൻകുമാറിനെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. കീഴുദ്യോഗസ്ഥരെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പോലീസുകാരും സേനയിൽ ഉണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.മുരളീധരനാണ് അടിയന്തര പ്രമേയമായി നിയമസഭയിൽ അവതരിപ്പിച്ചത്. ക്യാന്പ് ഫോളോവർമാരെ വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരൻ ആരോപിച്ചു.
യാത്രക്കാർക്ക് ഇന്ന് സൗജന്യയാത്ര ഒരുക്കി കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളാഘോഷം
കൊച്ചി:യാത്രക്കാർക്ക് ഇന്ന് സൗജന്യയാത്ര ഒരുക്കി കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളാഘോഷം.കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത് 19നായിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്.പുലർച്ചെ ആറിനു സർവീസ് ആരംഭിക്കുന്നതു മുതൽ രാത്രി പത്തിനു സർവീസ് അവസാനിക്കുന്നതുവരെ മെട്രോയിൽ സൗജന്യടിക്കറ്റിൽ യാത്ര ചെയ്യാം.മെട്രോ സ്റ്റേഷനിലെത്തി ടിക്കറ്റ് കൗണ്ടറിൽനിന്നു പോകേണ്ട സ്ഥലത്തേക്കു ടിക്കറ്റ് എടുക്കണം.എന്നാൽ പണം നൽകേണ്ടതില്ല. കോണ്‍കോഴ്സ് ഏരിയയിലേക്കുള്ള പ്രവേശന കവാടം തുറക്കാൻ ടിക്കറ്റിനു പുറത്തുള്ള ക്യൂ ആർ കോഡ് ഉപയോഗിക്കേണ്ടതിനാലാണിത്. ഇറങ്ങേണ്ട സ്റ്റേഷനിലും പതിവുപോലെ ടിക്കറ്റ് സ്കാൻ ചെയ്ത് പുറത്തുകടക്കണം.കൊച്ചി വണ്‍ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് കാർഡ് സ്വൈപ്പ് ചെയ്തും ഉള്ളിലേക്കു കടക്കാം. പക്ഷേ യാത്രയുടെ പണം കാർഡിൽനിന്ന് നഷ്ടമാകില്ല. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും പരിധിയില്ലാതെ യാത്ര ചെയ്യാം.സമയം കൂടുതൽ എടുത്തതിന്‍റെ പേരിലോ സ്റ്റേഷൻ മാറി ഇറങ്ങേണ്ടിവരുന്നതിന്‍റെ പേരിലോ പിഴ നൽകേണ്ടിവരില്ല. സാധാരണ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞാണ് ഇറങ്ങുന്നതെങ്കിൽ പുറത്തിറങ്ങാൻ അധിക നിരക്ക് നൽകണം. സൗജന്യയാത്രയുമായി ബന്ധപ്പെട്ട് മെട്രോയിൽ തിരക്കേറാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സുരക്ഷാ സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസ്;വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി തള്ളി.എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷണൽ സെഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.അതോടൊപ്പം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിൽ, നിയമപരമായി പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാൽ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്.കൂടാതെ, അപകീർത്തിപരമായ ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു പരിശോധിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.