കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്‌നയെ അന്വേഷണസംഘം ചോദ്യംചെയ്യും.രണ്ടു പ്രതികളുടെയും സാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രഹ്‌നയെ ചോദ്യം ചെയ്യാനുള്ള തീരുമാനം.ചൊവ്വാഴ്ച രാവിലെ രഹ്‌ന ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിക്ക് മുൻപാകെ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പ്രധാന സാക്ഷി അനീഷിന് പുറമേ രണ്ടു പ്രതികളും രഹ്‌നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്‌ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്നു പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും രഹ്‌നയെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. രഹ്‌നയെ പ്രതിയാക്കേണ്ടെന്ന നിലപാടിലായിരുന്നു തുടക്കംമുതല്‍ പൊലീസ്.
പ്രതിഷേധം ഫലം കണ്ടു;അന്ത്യോദയ എക്സ്പ്രസിന് കാസർകോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു
ന്യൂഡല്‍ഹി: കൊച്ചുവേളി – മംഗളൂരുഅന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് ഉള്‍പ്പെടെ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം പി ഉൾപ്പെടെയുള്ളവർ നടത്തിയ ഇടപെടല്‍ ഫലം കണ്ടു.അന്ത്യോദയ എക്‌സപ്രസിന് കേരളത്തില്‍ രണ്ടു സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച് റെയില്‍വെ മന്ത്രാലയത്തിന്റെ ഉത്തരവ്. കാസര്‍കോടും ആലപ്പുഴയുമാണ് പുതുതായി അനുവദിച്ച സ്‌റ്റോപ്പുകള്‍. പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ച വിവരം കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭാ എംപി വി മുരളീധരനെയാണ് അറിയിച്ചത്. ഉത്തരവിന്റെ കോപ്പി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് നിഷേധിച്ചത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റെയില്‍വെ മന്ത്രിക്കും ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും പി കരുണാകരന്‍ എം പി നിവേദനം നല്‍കിയിരുന്നു. സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ ചെയിന്‍ വലിച്ച് നിര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഡിവൈഎഫ്‌ഐ റെയില്‍വെ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് ആണ് സംഘടിപ്പിച്ചത്. രാജ്യസഭ എംപി വി മുരളീധരന്‍ വഴി ബിജെപിയും റയില്‍വെ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.ട്രെയിനിന്റെ ടൈം ഷെഡ്യൂളില്‍ മാറ്റം വരുത്തിയ ശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ ട്രെയിനിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിക്കുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്.
രാജിവെച്ച നടിമാർക്ക് അഭിനന്ദനങ്ങൾ;പ്രതികരണം ശരിയായ സമയത്തെന്നും നടൻ പൃഥ്വിരാജ്
കൊച്ചി: അമ്മയില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ നാലു നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. താന്‍ മൗനം പാലിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശരിയായ സമയത്ത് തന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. രാജിവെച്ച നടിമാരുടേത് ധീരമായ നടപടിയാണ്. താനവരെ അഭിനന്ദിക്കുന്നെന്നും പൃഥ്വിരാജ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി തന്റെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ വേദന താന്‍ നേരിട്ട് കണ്ടതാണ്. വലിയൊരു ആഘാതമായിരുന്നു അത്. തനിക്ക് നേരെയുണ്ടായ ദുരനുഭവത്തെ അവള്‍ നേരിട്ടത് ധീരമായിട്ടായിരുന്നു. അവളുടെ പോരാട്ടം അവള്‍ക്ക് വേണ്ടി മാത്രമല്ല, മറ്റൊരാള്‍ക്ക് ഇനി ഇങ്ങനെയൊരനുഭവം ഉണ്ടാകാതിരിക്കാന്‍ കൂടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.അമ്മയില്‍നിന്നു രാജിവച്ച രമ്യ, ഗീതു, റിമ, ഭാവന എന്നിവരെ പൂര്‍ണമായി മനസിലാക്കാന്‍ എനിക്ക് കഴിയും. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടയിടത്ത് പറയുമെന്നും പൃഥ്വി വ്യക്തമാക്കി.തന്റെ പ്രതികരണം ആരായുന്നവര്‍ക്ക് മുന്നില്‍ മൗനം പാലിക്കുന്ന ആളല്ല താന്‍. അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് മനഃപൂര്‍വ്വമല്ലെന്നും തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നെന്നും നടന്‍ വ്യക്തമാക്കുന്നു. നേരത്തെ അമ്മ യോഗത്തിനിടയിലെ പൃഥ്വിരാജിന്റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു.
ഡോ.ജയപ്രസാദിനെ കേന്ദ്രസർവ്വകലാശാലയുടെ ആദ്യ പ്രൊ വൈസ് ചാൻസിലറായി നിയമിച്ചു
കാസർകോഡ്:ഡോ.ജയപ്രസാദിനെ കേന്ദ്രസർവ്വകലാശാലയുടെ ആദ്യ പ്രൊ വൈസ് ചാൻസിലറായി നിയമിച്ചു.ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്ര സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.കേന്ദ്ര സർവകലാശാലയിലെ സ്കൂൾ ഓഫ് കൾച്ചറൽ സ്റ്റഡീസിൽ ഡീൻ ആയിരുന്നു ജയപ്രസാദ്.കേന്ദ്ര സർവകലാശാല തുടങ്ങിയിട്ട് ഇത്രയും കാലം ഈ തസ്തികയിലേക്ക് ആരെയും നിയമിച്ചിരുന്നില്ല.കേന്ദ്ര സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗം,കേന്ദ്രസർവ്വകലാശാലയിലെ കോർട്ട് മെമ്പർ,മഹാത്മാ അയ്യൻകാളി സെന്റർ ഫോർ കേരള സ്റ്റഡീസ് ഡയറക്റ്റർ,ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ റിസേർച്ചിന്റെ സതേൺ റീജിയൻ ഉപദേശക സമിതി അംഗം,ഇന്ത്യൻ പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്,ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ഡോ.ജയപ്രസാദ് പ്രവർത്തിച്ചുവരുന്നു.നാക്,യുജിസി തുടങ്ങിയ സമിതികളിലെ നോമിനിയായും സേവനമനുഷ്ഠിക്കുന്നു.അതേസമയം ജയപ്രസാദിനെ പ്രൊ വൈസ് ചാൻസിലറായി നിയമിക്കാനുള്ള എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനം വിവാദമായിരിക്കുകയാണ്.ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹത്തെ സ്ഥാപനത്തിൽ അധ്യാപകനായി നിയമിച്ചത് ചട്ടങ്ങൾ മറികടന്നാണെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചെറുപുഴ പ്രാപ്പൊയിൽ സ്വദേശി പടിഞ്ഞാറ്റയിൽ ഗോകുൽ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നടപടികൾ നടന്നുവരികയാണ്.അതിന്റെ തീരുമാനം വരും മുമ്പേയാണ് സ്ഥാനക്കയറ്റം കൂടി നൽകിയിരിക്കുന്നത്.എന്നാൽ തീരുമാനത്തിൽ അപാകതയില്ലെന്നും ഇത്തരം നിയമനങ്ങൾക് വൈസ് ചാൻസിലർക്ക് തന്റെ വിവേചനാധികാരം ഉപയോഗിക്കാമെന്നും മാത്രമല്ല മതിയായ യോഗ്യതയും അക്കാദമിക്ക് മികവും ഉള്ളയാളാണ് ജയപ്രസാദെന്നും രജിസ്ട്രാർ ഡോ.എ.രാധാകൃഷ്‌ണൻ നായർ വ്യക്തമാക്കി.
നടിമാരുടെ കൂട്ട രാജി;’അമ്മ’യ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വനിതാ കമ്മീഷൻ
തിരുവനന്തപുരം:ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ ‘അമ്മ സംഘടനയിൽ നിന്നും രാജിവെച്ച പശ്ചാത്തലത്തിൽ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷനും. ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ കേസില്‍ പ്രതി സ്ഥാനത്ത് നില്‍കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല. ലഫ്റ്റനന്‍റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ ലാലിന്‍റെ നിലപാട് ഉചിതമല്ല. അമ്മ അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അക്രമത്തെ അതീജീവിച്ച നടി ഉള്‍പ്പെടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. നടിമാരുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.അതിനിടെ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ കൂടുതല്‍ചര്‍ച്ച അന്നുണ്ടാകുമെന്നാണ് വിവരം.
ജോലിയിൽ വീഴ്ച വരുത്തിയ 153 ജീവനക്കാരെ കെഎസ്ആർടിസി സ്ഥലം മാറ്റി
കൊല്ലം:ആറു മാസത്തിനുള്ളിൽ പത്തുദിവസത്തിൽ താഴെ മാത്രം ജോലി ചെയ്ത 153 ജീവനക്കാരെ കെഎസ്ആർടിസി സ്ഥലം മാറ്റി. ജീവനക്കാര്‍ കുറഞ്ഞ കാസര്‍കോട്ടേക്കാണ് മിക്കവരെയും സ്ഥലം മാറ്റിയിരിക്കുന്നത്.ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥാപനത്തില്‍ പുതിയ തൊഴില്‍ സംസ്‌കാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഒരു ജീവനക്കാരന്‍ വര്‍ഷത്തില്‍ 20 ദിവസം പോലും ജോലി ചെയ്യാതിരുന്നാല്‍ സ്ഥാപനത്തിനോ അയാള്‍ക്കോ പ്രയോജനമുണ്ടാവുകയില്ല. ഡ്രൈവര്‍മാരുടെ ക്ഷാമം കാരണം പല ഷെഡ്യൂളുകളും മുടങ്ങുന്നതായും അധികൃതർ വ്യക്തമാക്കി.
എടപ്പാൾ തീയേറ്റർ പീഡനം;തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് ക്രൈം ബ്രാഞ്ച്
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ സതീഷിനെ പൊലീസ് പ്രതിചേര്‍ത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്.പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. തീയേറ്റര്‍ ഉടമ സതീഷിനെ കേസില്‍ സാക്ഷിയാക്കി ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. സതീഷിനെ അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കിയതോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.സംഭവം നടക്കുന്ന സമയത്ത് തീയേറ്റര്‍ ഉടമ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം ജീവനക്കാര്‍ പറഞ്ഞാണ് പീഡന വിവരം അറിയുന്നത്. അന്ന് തന്നെ സതീഷ് സംഭവം ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസ് വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നതായി കോടതി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി.കേസ് വൈകിപ്പിക്കുവാന്‍ പ്രതികള്‍ മനപൂര്‍വം ശ്രമിക്കുന്നതായി കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്ന എറണാകുളം സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി പറഞ്ഞു.കേസില്‍ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിപ വൈറസ് ബാധിച്ചവരെ ചികിൽസിച്ച ഡോക്റ്റർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇൻക്രിമെന്റും സ്വർണ്ണമെഡലും നൽകും
തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നേഴ്‌സും ഏഴ് നഴ്‌സിംഗ് അസിസ്റ്റന്റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്റര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരുമുള്‍പ്പടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റുമാരേയും ഒരോ പവന്റെ സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കും. നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
യുവമോർച്ച നേതാവ് ലസിത പാലയ്ക്കൽ പാനൂർ പോലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു
കണ്ണൂർ:യുവമോർച്ച നേതാവ് ലസിത പാലയ്ക്കൽ പാനൂർ പോലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ച തരിക്കിടെ സാബുവിനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായാണ് ലസിതയുടെ സമരം.സാബുവിനെതിരെ എഫ് ഐ ആര്‍ ഇട്ട പോലീസ് പിന്നീട് യാതൊരു നടപടിയുമെടുക്കാത്തതിലാണ് പ്രതിഷേധം. ഇതിനിടെ സാബു ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയില്‍ മത്സരാർത്ഥിയായ എത്തുകയും ചെയ്തു. ഷാനി പ്രഭാകര്‍, വീണാ ജോര്‍ജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളില്‍ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിന്‍റെ കാര്യത്തില്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അഡ്വക്കറ്റ് സുരേഷ് ബാബു പറഞ്ഞു.