കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കോടതിയുടെ സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും അറസ്റ്റ് തടയാനാകില്ലെന്നും കോടതി പറഞ്ഞു. അറസ്റ്റ് തടയുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. അന്ന് ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കും. കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കും. കേസില്‍ വിശദമായി വാദം കേട്ട് തീരുമാനമെടുക്കുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് കോടതി തയ്യാറായില്ല.അറസ്റ്റ് തടയാനാകില്ലെന്ന് കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ ഔദ്യോഗിക വാഹനത്തിന്റെ പിന്‍വാതില്‍ തുറന്ന് ഐപാഡ് എടുക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കഴുത്തിന് മര്‍ദിക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗവാസ്‌കറിന്റെ കഴുത്തിന് ക്ഷതം ഏറ്റിട്ടുണ്ട്. ഇക്കാര്യം മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ അറസ്റ്റ് തടയണമെന്ന് എഡിജിപിയുടെ മകളുടെ അഭിഭാഷകന്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല
ഇരിട്ടി പാലത്തിൽ വീണ്ടും കണ്ടൈനർ ലോറി കുടുങ്ങി
ഇരിട്ടി:ഇരിട്ടി പാലത്തിൽ വീണ്ടും കണ്ടൈനർ ലോറി കുടുങ്ങി.ഗതാഗത നിയന്ത്രണം വകവെയ്ക്കാതെ പാലത്തിൽ കയറിയ ലോറി പാലത്തിന്റെ മേൽക്കൂരയിൽ ഇടിച്ചു ഒരു മണിക്കൂറോളം പാലത്തിൽ കുടുങ്ങുകയായിരുന്നു.ഇതോടെ ഇരിട്ടി പാലം വഴിയുള്ള ഗതാഗതം സ്തംഭിച്ചു.പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി നൂറോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഒരുമാസം മുൻപും ഇവിടെ ഇതേതരത്തിൽ കണ്ടൈനർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു.കാലപ്പഴക്കം കാരണം പാലത്തിലൂടെ 12 ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ കടന്നു പോകുന്നത് നിരോധിച്ചിരുന്നു.ഇത് പരിശോധിക്കാനായി പാലത്തിന്റെ രണ്ടു ഭാഗങ്ങളിലും ഹോം ഗാർഡിനെയും നിയോഗിച്ചിട്ടുണ്ട്.എന്നാൽ പലപ്പോഴും ഹോം ഗാർഡിനെ അനുസരിക്കാൻ ഡ്രൈവർമാർ തയ്യാറാകുന്നില്ല.മാത്രമല്ല അന്തർസംസ്ഥാന പാതയായതിനാൽ ഇതരസംസ്ഥാനത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം മനസ്സിലാക്കാനുള്ള സിഗ്നൽ ബോർഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.പുതിയ പാലത്തിന്റെ നിർമാണം തുടങ്ങിയതോടെ പഴയപാലത്തിലൂടെ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.ഇരിട്ടി അഗ്നിസാക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിലുള്ള സംഘമെത്തി ലോറി പതുക്കെ പിറകോട്ടെടുത്താണ് പാലത്തിൽ നിന്നും നീക്കിയത്.
അഭിമന്യുവിന്റെ കൊലപാതകിയെ തിരിച്ചറിഞ്ഞതായി പോലീസ്;നാലുപേർ കൂടി കസ്റ്റഡിയിൽ
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞതായി പൊലീസ്. മുഹമ്മദ് എന്നയാളെയാണ് തിരിച്ചറിഞ്ഞത്. ഇയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി കൊലയാളി സംഘത്തില്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണൽ കൊലയാളിയാലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള മുറിവ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതായും ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യു തൽക്ഷണം മരിക്കാൻ കാരണമായതെന്നും പോലീസ് പറഞ്ഞു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും ഉള്‍പ്പെടുന്നതായാണ് സൂചന. പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്.അഭിമന്യു വധക്കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ഫറൂഖ്, ബിലാല്‍, റിയാസ് എന്നിവരെ പൊലീസ് ഇന്ന് കസ്‌റ്റഡിയില്‍ വാങ്ങും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു.
മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. എം.ബി.ബി.എസ്., ബി.ഡി.എസ്, മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയ്ക്കുള്ള പ്രവേശനനടപടികളാണ് ആരംഭിച്ചിരിക്കുന്നത്. www.cee.kerala.gov.in, www.ceekerala.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും അലോട്ട്‌മെന്റ് പട്ടിക ലഭ്യമാണ്.ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരം ലഭിക്കാത്ത നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളെയും രണ്ട് ഡെന്റല്‍ കോളേജുകളെയും ഒഴിവാക്കിക്കൊണ്ടാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പട്ടികയില്‍ റാങ്ക് ക്രമത്തിൽ അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, കാറ്റഗറി എന്നിവ വ്യക്താക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കേളേജുകളിലെ എന്‍.ആര്‍.ഐ. ക്വാട്ട, ന്യൂനപക്ഷ പദവിയുള്ള കോളേജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്കും ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഹോം പേജില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും ലഭ്യമാകുന്നതാണ്.അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഈ പ്രിന്റൗട്ട് സഹിതം ജൂലായ് ആറ് മുതല്‍ 12ന് വൈകിട്ട് അഞ്ച് മണി വരെ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്.
ദമ്പതികളുടെ ആത്മഹത്യ;പോലീസ് ക്രൂരമായി മർദിച്ചു;ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; ചങ്ങനാശ്ശേരി എസ്‌ഐയെ സ്ഥലം മാറ്റി
കോട്ടയം:ചങ്ങനാശ്ശേരിയിൽ സ്വർണ്ണം മോഷ്ടിച്ചെന്ന പരാതിയിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.പുഴവാത് സ്വദേശികളായ സുനില്‍ കുമാര്‍, രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്.ഹിദായത്ത് നഗറിലുള്ള അഭിഭാഷകനും സിപിഎം അംഗവും ചങ്ങനാശ്ശേരി നഗരസഭയിലെ വാർഡ് കൗൺസിലറുമായ സജികുമാറാണ് തങ്ങളുടെ മരണത്തിനു ഉത്തരവാദിയെന്ന് കാണിക്കുന്ന ഒരു പേജുള്ള ആത്മഹത്യ കുറിപ്പാണു കണ്ടെടുത്തത്. സ്റ്റേഷനിൽ വെച്ച് പോലീസ് മർദിച്ച് അവശനാക്കിയതായും കുറിപ്പിൽ പറയുന്നു. സജികുമാറിന്റെ വീടിനോടു ചേർന്നുള്ള സ്വർണ്ണപണിശാലയിൽ പന്ത്രണ്ടു വർഷമായി ജോലിചെയ്തു വരികയായിരുന്നു സുനിൽകുമാർ. സജി കുമാറിന്റെ സ്ഥാപനത്തില്‍നിന്ന് 75 പവന്‍ സ്വര്‍ണം മോഷണം പോയെന്ന പരാതിയെത്തുടര്‍ന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചത്. എന്നാല്‍ പിന്നീട് ദമ്പതികൾ വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. അതേസമയം പോലീസ് ചോദ്യം ചെയ്യലിൽ 400 ഗ്രാം സ്വർണ്ണം എടുത്തതായും ഇതിന്റെ പണമായി എട്ടുലക്ഷം രൂപ വൈകുന്നേരത്തിനകം എത്തിച്ചു നൽകാമെന്നും ഇവർ പറഞ്ഞിരുന്നതായി പോലീസ് വ്യകത്മാക്കി.പിന്നീട് വീട്ടിലെത്തിയ ദമ്പതികൾ ഉച്ചയോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തില്‍ ചങ്ങനാശേരി എസ്‌ഐയെ സ്ഥലം മാറ്റിയിട്ടുണ്ട്. എസ്‌ഐ സമീര്‍ഖാനെയാണ് സ്ഥലംമാറ്റിയത്. ഇവരുടെ മരണത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ യുഡിഎഫുംബിജെപിയും ഹര്‍ത്താല്‍ ആചരിക്കുകയാണ്.
സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്തു
കോട്ടയം:സ്വര്‍ണം മോഷ്ടിച്ചെന്ന എന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്തു.ചങ്ങനാശേരി പുഴവാത് സ്വദേശികളായ സുനില്‍ കുമാര്‍, രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്.ചങ്ങനാശേരി നഗരസഭാംഗമായ സജികുമാര്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി വീട്ടില്‍ തന്നെ സ്വര്‍ണം നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇവിടെ പണിക്കാരനായിരുന്നു സുനില്‍കുമാര്‍. നിര്‍മ്മിച്ച് നല്‍കുന്ന ആഭരണങ്ങളുടെ തൂക്കത്തില്‍ കുറവ് വന്നതോടെ സജികുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനേ തുടര്‍ന്ന് പൊലീസ് സുനില്‍കുമാറിനേയും രേഷ്മയേയും ചോദ്യം ചെയ്തിരുന്നു. ഇന്നു വൈകുന്നേരത്തിനുള്ളില്‍ മോഷണമുതല്‍ തിരികെ നല്‍കുമെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു.എന്നാല്‍ സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയ ഇവരെ ഉച്ചയോടെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മേല്‍ നടപടികള്‍ക്കായി പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാത്രികാല പട്രോളിംഗ് ഡ്യുട്ടിക്കിടെ പോലീസുകാരൻ വാഹനമിടിച്ച് മരിച്ചു
കോട്ടയം:രാത്രികാല പട്രോളിംഗ് ഡ്യുട്ടിക്കിടെ പോലീസുകാരൻ വാഹനമിടിച്ച് മരിച്ചു.കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്(43) ആണ് മരണപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാഗമ്പടം എയ്ഡ് പോസ്റ്റിനു സമീപം നിയന്ത്രണംവിട്ട് പാഞ്ഞു വന്ന ആഡംബര ബൈക്ക് അജേഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.അജേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബസ്റ്റാന്റിലും പരിസരത്തും പരിശോധന നടത്താനാണ് അജേഷും സിവിൽ പോലീസ് ഓഫീസറായ ബിനോയിയും സ്കൂട്ടറിൽ നാഗമ്പടത്ത് എത്തിയത്.പുലർച്ചെ റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നും അമിത വേഗതയിൽ വരികയായിരുന്ന ബൈക്കിനു പരിശോധനയുടെ ഭാഗമായി അജേഷ് കൈകാണിച്ചു.എന്നാൽ നിർത്താതെ പാഞ്ഞെത്തിയ ബൈക്ക് അജേഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അജേഷിന്റെ തല സമീപത്തെ എയ്ഡ് പോസ്റ്റിൽ ഇടിച്ചു. ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ആഡംബര ബൈക്ക് നൂറുമീറ്റർ മാറി റോഡിൽ മറിഞ്ഞു.ഓടിയെത്തിയ യാത്രക്കാർ ബൈക്ക് ഓടിച്ച പുത്തൻ പറമ്പിൽ സിനിൽ ബിജുവിനെ(21) പിടിക്കൂടി.പരിക്കേറ്റ അജേഷിനെ പോലീസ് സംഘം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബൈക്ക് ഓടിച്ചിരുന്ന സിനിൽ മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കടത്തുരുത്തി പോലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.
അജേഷിന്റെ മരണത്തോടെ കൃത്യനിർവഹണത്തിനിടെ കർമനിരതനായ ഒരു പോലീസ് ഓഫീസറെ കൂടിയാണ് കേരളാപോലീസിനു നഷ്ടമായിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കർമ്മമണ്ഡലം വെല്ലുവിളി നിറഞ്ഞതും അപകടസാധ്യതയേറിയതും ആണെന്ന് ഈ ദുരന്തം വീണ്ടും ഓർമിപ്പിക്കുകയാണ്.കോട്ടയം പാമ്പാടി സ്വദേശിയായ അജേഷ് 2000 ഇൽ കേരളാ ആംഡ് പോലീസ് അഞ്ചാം ബറ്റാലിയനിലൂടെയാണ് സേനയിൽ പ്രവേശിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും വീട്ടിലും പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ ജില്ലാ പോലീസ് മേധാവി ആർ.ഹരിശങ്കർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,അജേഷിന്റെ സഹപ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.മൃതദേഹം പാമ്പാടി എസ്എൻഡിപി പൊതുശ്മശാനത്തിൽ സംസ്‌ക്കരിച്ചു.ഭാര്യ:സിനി.
ജി.വി രാജ സ്പോർട്സ് സ്കൂളിലെ ഭക്ഷ്യ വിഷബാധ ആസൂത്രിതമാണെന്ന് റിപ്പോർട്ട്
തിരുവനന്തപുരം:ജി.വി രാജ സ്പോർട്സ് സ്കൂളിലെ ഭക്ഷ്യ വിഷബാധ ആസൂത്രിതമാണെന്ന് റിപ്പോർട്ട്.വിഷബാധയ്ക്ക് പിന്നില്‍ പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിന് പങ്കുണ്ടെന്ന സംശയം പ്രകടിപ്പിച്ച് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രിന്‍സിപ്പാള്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതായി സംശയമുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച പ്രിന്‍സിപ്പല്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല.ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്ന കുട്ടികളും പ്രിന്‍സിപ്പാളും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ 2011ല്‍ സി.എസ് പ്രദീപ് ചുമതയേറ്റത് മുതല്‍ എല്ലാവര്‍ഷവും സംഭവിക്കുന്ന ഭക്ഷ്യവിഷബാധ വിരല്‍ ചൂണ്ടുന്നത് പ്രിന്‍സിപ്പലിന് നേരെയാണ്.പ്രദീപിനെതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനും കായികതാരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. പ്രിന്‍സിപ്പലിനെതിരെ സ്‌കൂളില്‍ നിന്നും സ്ഥലംമാറി പോയ പല ജീവനക്കാരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. പലരും രാജിവച്ച് പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഇരുപത്തിയഞ്ചോളം ജീവനക്കാരാണ് പ്രിന്‍സിപ്പലിന്റെ ഉപദ്രവം സഹിക്കാനാവാതെ സ്ഥലംമാറ്റം വാങ്ങി പോയത്. മറ്റു പലരും സ്ഥലംമാറ്റത്തിനായി ശ്രമിക്കുന്നുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഖി ദുരന്തത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. ചുഴലിക്കാറ്റില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. 318 മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ആവശ്യമായി വരുന്ന തുക അതാത് അവസരങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കളക്ടര്‍മാര്‍ മുഖേന വിതരണം ചെയ്യാനാണ് തീരുമാനം.
കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇനി മുതൽ ഇരിക്കാം;നിയമ ഭേദഗതിക്ക് സർക്കാർ അംഗീകാരം
തിരുവനന്തപുരം:വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇരിക്കാൻ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ടെന്നു തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.തൊഴിലാളികൾക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കി.ഏതു ദിവസം എന്നത് കടയുടമയ്ക്ക് തീരുമാനിയ്ക്കാം.ദീര്‍ഘ കാലമായി ഈ മേഖലയില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ നിയമ ഭേദഗതിയിലൂടെ അംഗീകാരം ലഭിച്ചത്. കേരള ഷോപ്സ് ആന്‍ഡ് എസ്ടാബ്ലിഷ്മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ധിപ്പിച്ചു. നിലവില്‍ അയ്യായിരം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും പതിനായിരം രൂപ പിഴ രണ്ടു ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്.