എറണാകുളം കിഴക്കമ്പലത്ത് അക്രമം അഴിച്ചുവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ;പോലീസ് ജീപ്പിന് തീയിട്ടു;അഞ്ച് പോലീസുകാർക്ക് പരിക്ക്

keralanews other state workers violance in ernakulam kizhakkamalam police jeep burned five police injured

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അക്രമം അഴിച്ചുവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്.കിറ്റക്സിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്. ക്രിസ്മസ് കരോൾ നടത്തിയത് സംബന്ധിച്ച തർക്കമാണ് തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച്, തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു പൊലീസ്. ഇതോടെ തൊഴിലാളികള്‍ പൊലീസിനു നേരെ തിരിഞ്ഞു. കല്ലേറിൽ കുന്നത്തുനാട് സിഐ വി.ടി ഷാജനുൾപ്പടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടു പൊലീസ് വാഹനങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കു നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി തൊഴിലാളികളുടെ ക്യാമ്പിനുള്ളില്‍ കയറി പ്രതികളെ അറസ്റ്റ് ചെയ്തു. പുലർച്ചെ നാലു മണിയോടെയാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനവ്;കേരളമുൾപ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി കേന്ദ്രസംഘം

keralanews rise in omicron cases central team ready to visit 10 states including kerala

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാപനം വര്‍ധിച്ച കേരളം അടക്കമുള്ള പത്ത് സംസ്ഥാനങ്ങളില്‍ സന്ദർശനം നടത്താനൊരുങ്ങി കേന്ദ്രസംഘം.രാജ്യത്ത് നിലവില്‍ 17 സംസ്ഥാനങ്ങളിലായി 415 ഒമിക്രോണ്‍ രോഗികളുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ചികിത്സയിലുള്ളത്. 79 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണ് പിന്നില്‍. കേരളത്തില്‍ 37 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചാം സ്ഥാനത്താണ് കേരളം.സർവെയ്‌ലൻസ് ഉൾപ്പടെയുള്ള കോൺടാക്ട് ട്രേസിങ് നോക്കുക, ജിനോം സീക്വൻസിങ്ങിനായി സാമ്പിളുകൾ ശേഖരിച്ച് കൊറോണ പരിശോധന നടത്തുക, ആശുപത്രി കിടക്കകളുടെ ലഭ്യതയും ആംബുലൻസ്, വെന്റിലേറ്റർ, മെഡിക്കൽ ഓക്‌സിജൻ തുടങ്ങിയവയുടെ ലഭ്യതയും പരിശോധിക്കുക, വാക്‌സിനേഷന്റെ പുരോഗതി വിലയിരുത്തുക എന്നീ പ്രവർത്തനങ്ങളാണ് പ്രധാനമായും കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിരവധി സംസ്ഥാനങ്ങളിൽ രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒമിക്രോൺ സാഹചര്യത്തിൽ കർശനമാക്കിയിട്ടുണ്ട്. ജനങ്ങൾ ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്.

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ധ​ര്‍​മ​ശാ​ല ബി.​എ​ഡ് സെ​ന്‍റ​ര്‍ കമ്പ്യൂട്ടർ ലാ​ബി​ല്‍ തീ​പി​ടി​ത്തം

keralanews fire broke out in kannur university dharmasala b ed center computer lab

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാലയുടെ ധര്‍മശാല ബി.എഡ് സെന്‍റര്‍ കമ്പ്യൂട്ടർ ലാബില്‍ തീപിടിത്തം.വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് തീപിടുത്തമുണ്ടായത്.പൂട്ടിയിട്ട ലാബില്‍നിന്ന് പുക ഉയര്‍ന്നതോടെയാണ് തീപിടിച്ചത് ബി.എഡ് സെന്‍ററിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കോളജ് അധികൃതര്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് തളിപ്പറമ്പിൽ നിന്ന് അഗ്നിശമനസേനയെത്തി കമ്പ്യൂട്ടർ ലാബിന്റെ പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. ശക്തമായ പുക കാരണവും വെള്ളം ഉപയോഗിക്കാന്‍ പാടില്ലാത്ത സ്ഥലമായതിനാലും ഫയര്‍ എക്സ്റ്റിങ്ഗ്യുഷര്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.ലാബിലെ വൈദ്യുതി വയറിങ് സംവിധാനം പൂര്‍ണമായും കത്തിനശിച്ചു. 14ഓളം കംപ്യൂട്ടറുകളും ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളും കരിപുരണ്ട അവസ്ഥയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ക്രിസ്മസ് അവധി ആയതിനാല്‍ ലാബില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. എല്ലാ കംപ്യൂട്ടറുകളുടെയും വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. അതിനാല്‍ കമ്പ്യൂട്ടറുകൾക്ക് കാര്യമായ തകരാറു സംഭവിച്ചിട്ടില്ലെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ നഷ്ടം കണക്കാക്കാന്‍ സാധ്യമാകൂവെന്ന് സര്‍വകാല അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചു

keralanews eight more omicron cases confirmed in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം(1), കൊല്ലം(1), എറണാകുളം(2), തൃശ്ശൂർ(2), ആലപ്പുഴ(2) എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 37ആയി. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. തൃശ്ശൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.യുകെയിൽ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയ മൂന്ന് വയസുള്ള പെൺകുട്ടിക്കുൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.എയർപോർട്ടിലെ കൊറോണ പരിശോധനയിൽ മാതാപിതാക്കൾ നെഗറ്റിവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവർ. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.റഷ്യയിൽ നിന്നും ഡിസംബർ 22ന് തിരുവനന്തപുരത്തെത്തിയ ആൾക്കും, ഡിസംബർ 16ന് നമീബിയയിൽ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഡിസംബർ 17ന് ഖത്തറിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനിക്കും, 11ന് ഖത്തറിൽ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിക്കും ഒമിക്രോൺ ആണെന്ന് പരിശോധനയിൽ കണ്ടെത്തി.കെനിയയിൽ നിന്നും 13ന് എറണാകുളത്തെത്തിയ തൃശ്ശൂർ സ്വദേശി, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശ്ശൂർ സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ സ്ഥീരികരിച്ച വ്യക്തി രോഗമുക്തി നേടി.യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയായ 39 കാരനാണ് രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇയാൾക്ക് ഒമിക്രോൺ നെഗറ്റീവായെന്ന് കണ്ടെത്തിയിരുന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്.

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാനത്ത് ഈ മാസം 30 ന് മോട്ടോർവാഹന തൊഴിലാളികളുടെ പണിമുടക്ക്

keralanews motor vehicle workers on strike in the state on the 30th of this month

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാനത്ത് ഈ മാസം 30 ന് മോട്ടോർവാഹന തൊഴിലാളികളുടെ പണിമുടക്ക്.ഭാരതീയ മസ്ദൂര്‍ സംഘ് നേതൃത്വം നല്‍കുന്ന മോട്ടോര്‍ ഫെഡറേഷനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുക, , മോട്ടോര്‍ തൊഴിലാല്‍കള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കുക, സിഎന്‍ജി വാഹനങ്ങളുടെ കാലിബ്രേഷന്‍ പരിശോധന കേരളത്തില്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.കേരളാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഘുരാജ്, കേരളാ ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് ആര്‍ തമ്ബി, കേരളാ പ്രദേശ് ഓട്ടോറിക്ഷാ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎന്‍ മോഹനന്‍ എന്നിവരാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

മകള്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ നല്‍കി; മാതാപിതാക്കള്‍ അറസ്റ്റിൽ

keralanews quotation filed against daughter and son in law for love marriage parents arrested

കോഴിക്കോട്: മകള്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തിൽ മാതാപിതാക്കള്‍ അറസ്റ്റിൽ.കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവ് അജിത, പിതാവ് അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയതിന് ഇവരുടെ സുഹൃത്ത് റിനീഷ് നേരത്തേ അക്രമത്തിന് ഇരയായിരുന്നു.ഡിസംബര്‍ 12 നാണ് ക്വട്ടേഷന്‍ സംഘം റിനീഷിനെ ആക്രമിച്ചത്. തലക്ക് സാരമായി പരിക്കേറ്റ റിനീഷിനെ നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.അക്രമ സമയത്ത് കാരണം വ്യക്തമായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാരണം പുറത്തുവന്നത്.

കണ്ണൂരിൽ 45 ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതായി പരാതി; ആശുപത്രിക്കെതിരെ കേസെടുത്തു

keralanews complaint that a 45 day old baby was injected with expired medicine in kannur case registered against hospital

കണ്ണൂർ:45 ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതായി പരാതി.സംഭവത്തിൽ ആശുപത്രിക്കെതിരെ കേസെടുത്തു.മട്ടന്നൂരിലെ ആശ്രയ ആശുപത്രിക്കെതിരെയാണ് കേസ്.ഡിസംബർ പതിനെട്ടിനാണ് മട്ടന്നൂർ സ്വദേശിയായ യുവാവ് കുഞ്ഞിന് കുത്തിവയ്പ്പ് എടുക്കാൻ ആശുപത്രിയിൽ എത്തിയത്. നവംബറിൽ കാലാവധി കഴിഞ്ഞ പോളിയോ മരുന്നാണ് കുഞ്ഞിന് ആശുപത്രിയിൽ നിന്നും നൽകിയത്. കുഞ്ഞിന് ആശുപത്രിയിൽ നിന്ന് നൽകുന്ന കാർഡിലെ സ്റ്റിക്കറിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടില്‍ എത്തി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് വീട്ടുകാരും അറിയുന്നത്. സംഭവത്തിൽ ഡിഎംഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഇവർ പരാതി നൽകിയിരുന്നു. ആശുപത്രി അധികൃതരോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അവർ മോശമായാണ് സംസാരിച്ചതെന്നും, അതിന് ശേഷമാണ് പരാതി നൽകിയതെന്നും കുട്ടിയുടെ രക്ഷിതാവ് വ്യക്തമാക്കി.പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് പോലീസ് കേസെടുത്തത്.

രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച; വാഹന വ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി; പ്രോട്ടോകോൾ ലംഘനം

keralanews security breach during presidents convoy mayors vehicle entered into convoy protocol violation

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യാ രാജേന്ദ്രന്റെ കാർ കയറ്റിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിമർശനം. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.വിമാനത്താവളത്തിൽ നിന്നും വരുന്നതിനിടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിനും ജനറൽ ആശുപത്രിയ്‌ക്കും ഇടിയിൽവെച്ചായിരുന്നു മേയറുടെ വാഹനം മുന്നറിയിപ്പ് ഇല്ലാതെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കടന്നത്.രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്‍റ് സേവ്യേര്‍സ് മുതല്‍ മേയറുടെ വാഹനം സഞ്ചരിച്ചിരുന്നു.വാഹന വ്യൂഹത്തിലെ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് ആയിരുന്നു മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ഉടനെ പുറകിൽ വന്നിരുന്ന പൈലറ്റ് വാഹനങ്ങൾ ബ്രേക്കിട്ടു. ഇതോടെ വൻ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല. ഇതോടെ, മേയറുടെ വാഹനം കയറ്റിയ പ്രവൃത്തി വിവാദമായി മാറിയിരിക്കുകയാണ്. അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിക്ക് മടങ്ങി.

ആലുവയിൽ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

keralanews missing student from aluva found drowned in periyar

കൊച്ചി:ആലുവയിൽ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ പെരിയാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകള്‍ നന്ദനയാണ് മരിച്ചത്.കോട്ടപ്പുറം കെഇഎംഎച്ച്‌ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന. ബുധനാഴ്ച ആലുവ യുസി കോളജിനു സമീപം തടിക്കടവിനു സമീപത്തുനിന്നാണ് വിദ്യാര്‍ഥിനിയെ കാണാതായത്. അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് തടിക്ക കടവിനു സമീപം പെരിയാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച സ്‌കൂളില്‍ പോയ നന്ദനയെ വൈകിട്ട് മൂന്നു മണിയോടെയാണു കാണാതായത്. കുട്ടിയുടെ സ്‌കൂള്‍ ബാഗ് പെരിയാര്‍ തീരത്തു നിന്നു കണ്ടെത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും കുട്ടി പെരിയാര്‍ തീരത്തേക്കു പോകുന്നതു കണ്ടെത്തിയിരുന്നു.പെരിയാറിന്റെ തീരത്ത് ഉച്ചയ്ക്ക് കുട്ടിയെ കണ്ടതായി ചില പ്രദേശവാസികളും മൊഴി നല്‍കിയിരുന്നു.നന്ദനയുടേത് ആത്മഹത്യ തന്നെയാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ അന്തരിച്ചു

keralanews famous director k s sethumadhavan passes away

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ. എസ് സേതുമാധവൻ(94) അന്തരിച്ചു.ചെന്നൈയിലെ വസതിയിൽ അർദ്ധരാത്രിയോടെയായിരുന്നു മരണം. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, ഓടയിൽ നിന്ന്, പണി തീരാത്ത വീട്, മിണ്ടാപ്പെണ്ണ് എന്നിവയാണ് പ്രധാന മലയാള സിനിമകൾ.മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സിനിമ മേഖലയ്‌ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് 2009 ൽ ജെ.സി ഡാനിയേൽ പുരസ്‌കാരം നൽകിയാണ് സേതുമാധവനെ ആദരിച്ചത്.നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.1931 ൽ സുബ്രഹ്മണ്യം- ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട് ജില്ലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വിക്ടോറിയ കോളേജിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സിനിമയെന്ന മോഹവുമായി ചെന്നൈയിലേക്ക് തിരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ കെ രാമനാഥിന്റെ അസിസ്റ്റന്റ് ആയായിരുന്നു തുടക്കം. പിന്നീട് എൽ എസ് പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു തുടങ്ങിയവരുടെ അസിസ്റ്റന്റായും പ്രവർത്തിച്ചു.1960 ലാണ് സ്വന്തമായി ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്നത്. ജ്‌ഞാനസുന്ദരിയാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.ഭാര്യ: വല്‍സല സേതുമാധവന്‍. മക്കള്‍: സന്തോഷ്, ഉമ, സോനുകുമാര്‍.