കൊച്ചി:അഭിമന്യു വധക്കേസിൽ അന്വേഷണ ഉദോഗസ്ഥനെ മാറ്റി.സെന്‍ട്രല്‍ സിഐ അനന്ത് ലാലിനെയാണ് മാറ്റിയത്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീക്ഷണര്‍ എസ്.ടി. സുരേഷ് കുമാറിനാണ് പുതുതായി അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്‍റെ അന്വേഷണം ശരിയായദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രതികളേക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സിറ്റിപോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് വ്യക്തമാക്കിയതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം;അധ്യാപികയെ പുറത്താക്കി
ഇടുക്കി:വണ്ടിപ്പെരിയാറിൽ ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനം.ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ ഒരുപാട് പാടുകള്‍ കണ്ടതോടെയാണ് മാതാപിതാക്കള്‍ വിവരം തിരക്കിയത്. വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ ശരീരത്ത് 12 പാടുകളുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാൻ അധ്യാപിക ശ്രമിച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനും പോലീസിനും പരാതി നല്‍കി. പോലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയെ ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ഒൻപതാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ലഹരിവസ്തുക്കളും ലഹരി വലിക്കാനുള്ള ഹുക്കയും പിടികൂടി
കാസർകോഡ്:ഒൻപതാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ലഹരിവസ്തുക്കളും ലഹരി വലിക്കാനുള്ള ഹുക്കയും പിടികൂടി.കുട്ടിയുടെ രക്ഷിതാവിന്റെ സഹകരണത്തോടെ ബേക്കൽ എസ്‌ഐ കെ.പി വിനോദ് കുമാറും സംഘവും ചേർന്നാണ് ഇവ പിടികൂടിയത്.പള്ളിക്കര പഞ്ചായത്തിലെ ഒരു സർക്കാർ സ്കൂളിലാണ് ഈ വിദ്യാർത്ഥി പഠിക്കുന്നത്.കുട്ടിക്കെതിരെ ജുവനൈൽ ആക്ട് അനുസരിച്ച് കേസെടുത്തതായി എസ്‌ഐ അറിയിച്ചു. പിടികൂടിയ വിദേശ നിർമിത ഹുക്ക ആര് നല്കിയതാണെന്ന് വിദ്യാർത്ഥി ഇനിയും പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ബേക്കൽ പോലീസ് കഞ്ചാവിനെതിരെ നടത്തുന്ന ശക്തമായ പരിശോധനയിൽ കഴിഞ്ഞ ദിവസം പള്ളിക്കര സ്കൂളിന് പിൻവശത്തു നിർമിക്കുന്ന ആശുപത്രികെട്ടിടത്തിന്റെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നും കഞ്ചാവും കഞ്ചാവ് നിറച്ച സിഗററ്റുമായി മുഹമ്മദ് ഹാരിസ് എന്നയാളെ പിടികൂടിയിരുന്നു.ഇവിടെ കഞ്ചാവുവലിക്കാരുടെ താവളമാണെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കണ്ണൂർ:കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയയാൾ കണ്ണൂർ പോലീസിന്റെ പിടിയിൽ.ചെറുകുന്ന് ആയിരം തെങ്ങിലെ മഠത്തിൽ ജിജേഷ്(37)ആണ് പിടിയിലായത്. ഇയാൾ കണ്ണൂർ എയർപോർട്ട് എഞ്ചിനീയറാണെന്ന് തെറ്റിദ്ധരിപ്പിച്ചു ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി വഞ്ചിച്ചു എന്ന മുഹമ്മദ് അനീസ് എന്നയാളുടെ പരാതി പ്രകാരമാണ് അറസ്റ്റ്.അനീസിനും ഭാര്യക്കും പിതാവിനും ജോലി നൽകാമെന്ന് പറഞ്ഞ് 90,000 രൂപ മുൻകൂറായി വാങ്ങി.ബാക്കി പണം പിന്നീട് നല്കണമെന്നും ആവശ്യപ്പെട്ടു.അനീസിന് സ്റ്റോർ കീപ്പറായും ഭാര്യയ്ക്ക് റിസപ്ഷനിസ്റ്റായും പിതാവിന് കഫ്റ്റീരിയയിലുമാണ് ജോലി വാഗ്ദാനം ചെയ്തത്.വിമാനത്താവളത്തിൽ എൻജിനീയറാണ് താനെന്നാണ് ജിജേഷ് എല്ലാവരോടും പറഞ്ഞിരിക്കുന്നത്. മൽസ്യവില്പനത്തൊഴിലാളിയായ അനീസിന്റെ പക്കൽ നിന്നും പതിവായി കാറിലെത്തി ജിജേഷ് മൽസ്യം വാങ്ങാറുണ്ടായിരുന്നു.ഇങ്ങനെയാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്.അനീസ് വഴിയാണ് മറ്റു പരാതിക്കാരുമായും ജിജേഷ് പരിചയപ്പെടുന്നത്. കണ്ണൂർ എസ്‌ഐ ശ്രീജിത്ത് കോടേരി അനീസിനെ കൊണ്ട് ജിജേഷിനെ വിളിപ്പിച്ച് താൻ എംകോം ബിരുദധാരിയാണെന്നും എയർപോർട്ടിൽ ജോലി ലഭിക്കാൻ എന്ത് വേണമെന്നും ചോദിപ്പിക്കുകയായിരുന്നു.അനീസ് പറഞ്ഞതനുസരിച്ച് ജിജേഷ് കണ്ണൂർ മാർക്കറ്റിലെ ചെമ്പന്തൊട്ടി ബസാറിലെത്തി.ഇയാളോട് എസ്‌ഐ ആവശ്യം ഉന്നയിച്ചു.തനിക്ക് അക്കൗണ്ടന്റ് ജോലിയാണ് വേണ്ടതെന്നു പറഞ്ഞു. എന്നാൽ എയർക്രാഫ്റ്റ് കമ്പനിയിൽ ജോലി തരപ്പെടുത്തി തരാമെന്ന് ജിജേഷ് സമ്മതിനു.അതിനായി ഒരുലക്ഷം രൂപയും ആവശ്യപ്പെട്ടു.അൻപതിനായിരം അഡ്വാൻസായി തരണമെന്നും പറഞ്ഞു.ഇതനുസരിച്ച് പണമെടുക്കാനെന്ന വ്യാജേന ഇയാളെയും കൂട്ടി മടങ്ങാനൊരുങ്ങി.സിവിൽ പോലീസ് ഓഫീസറായ ലിജേഷ്,സ്നേഹേഷ് എന്നിവരും മഫ്തിയിൽ കൂടെയുണ്ടായിരുന്നു.തട്ടിപ്പാണെന്ന് ഉറപ്പിച്ചതോടെ ഇയാളോട് തങ്ങൾ പോലീസാണെന്ന് വെളിപ്പെടുത്തി സ്റ്റേഷനിൽ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.വിവിധ സംഭവങ്ങളിലായി ഇയാൾക്കെതിരെ ആറു സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
ഓൺലൈൻ ലോട്ടറി തട്ടിപ്പ്;ഒരാൾ പിടിയിൽ
കണ്ണൂർ:ജില്ലാ കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ.തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി സജിത്താണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.ഇയാളുടെ പക്കൽ നിന്നും 89,400 രൂപയും പോലീസ് പിടിച്ചെടുത്തു. ഓൺലൈൻ ലോട്ടറി തട്ടിപ്പ് ജില്ലയിൽ വ്യാപകമാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.കേരള ലോട്ടറിയുടെ ഓരോ ദിവസവും സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്കം മുൻകൂട്ടി പ്രവചിക്കുന്നവർക്കാണ് സമ്മാനം നൽകുക.10 രൂപയാണ് ഒരു നമ്പർ എഴുതിനൽകാൻ ഈടാക്കുന്നത്. ഫോണിലെ പ്രത്യേക ആപ്പ് ഉപയോഗിച്ച ഓൺലൈനിലൂടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.ഒന്നാം സമ്മാനത്തിന്റെ അവസാനത്തെ മൂന്നക്കം എഴുതി നൽകുന്നവർക്ക് 25000 രൂപയും രണ്ടാം സമ്മാനത്തിന്റെ നമ്പർ എഴുതിനല്കുന്നവർക്ക് 2500 രൂപയും മൂന്നാം സമ്മാനം എഴുതി നൽകുന്നവർക്ക് 1000 രൂപയും നാലാം സമ്മാനത്തിന് 500 രൂപയും അഞ്ചാം സമ്മാനത്തിന് 100 രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്.ജില്ലയിലെ മിക്ക ടൗണുകൾ കേന്ദ്രീകരിച്ചും ഈ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ സൈബർ ക്രൈം പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു
തിരുവനന്തപുരം:കവടിയാർ സ്വദേശിനിയിൽ നിന്നും 25000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഡൽഹിയിൽ പിടിയിൽ.തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയും ഡൽഹിയിൽ സ്ഥിര താമസക്കാരനുമായ സുരേഷിനെയാണ് സൈബർ ക്രൈം പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.ബാങ്കിൽ നിന്നാണെന്നും ക്രെഡിറ്റ് കാർഡിന് 25000 രൂപ ബോണസ് പോയിന്റ് ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്നും ഒ ടി പി നമ്പർ കൈവശപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായ സൂചന ലഭിച്ച പോലീസ് ഡൽഹിയിലെത്തി.എന്നാൽ രണ്ടുലക്ഷത്തിലധികം പേർ താമസിക്കുന്ന കോളനിയിൽ നിന്നും പ്രതിയെ കണ്ടെത്തൽ ദുഷ്ക്കരമായിരുന്നു.പച്ചക്കറിക്കച്ചവടക്കാരായും സ്വകാര്യ ബാങ്കിന്റെ എടിഎം പ്രചാരകരായും വേഷംമാറിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥർ അവിടെ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.പിന്നീട് സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥർ ഡൽഹി പോലീസ് പോലും കയറിച്ചെല്ലാൻ മടിക്കുന്ന കോളനിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂർ എടക്കാട് വീട് തകർന്നു വീണ് ഒരാൾ മരിച്ചു;രണ്ടുപേർക്ക് പരിക്കേറ്റു
കണ്ണൂർ:കടമ്പൂർ കണ്ടോത്ത് എൽപി സ്കൂളിന് സമീപം വീടുതകർന്നു വീണ് വയോധിക മരിച്ചു.കടമ്പൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ദിനേശൻ നമ്പ്യാരുടെ വീടാണ് തകർന്നത്.അപകടത്തിൽ ദിനേഷ് നമ്പ്യാരുടെ അമ്മ എ.ലക്ഷ്മി(85) ആണ് മരിച്ചത്. അപകടസമയത്ത് ലക്ഷ്മിയമ്മയും ഇവരുടെ രണ്ടു മക്കളായ സതീശൻ,സുജാത എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്.ഇവരുടെ മേൽ ഇടിഞ്ഞവീടിന്റെ ഓടും ചുവരും വന്ന് പതിക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയമ്മയെ തലശ്ശേരി കോ- ഒപ്പററ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരിന്നു. പരിക്കേറ്റ സുജാതയും സതീശനും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വയനാട്ടിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്‌ക്ക് സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മക്കിയാട് 12 ആം മൈല്‍ മൊയ്തുവിന്‍റെ മകന്‍ ഉമ്മറിനെയും ഭാര്യയെയുമാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്മറിന്‍റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തലശ്ശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
തലശ്ശേരി:തലശ്ശേരി കുട്ടിമാക്കൂൽ പെരിങ്ങളത്ത് സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.സിപിഎം പ്രവർത്തകൻ ലിനീഷിന്റെ വീടിനു നേരെ ഇന്നലെ രാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ലിനേഷിന്റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്‌എസുകാരാണെന്ന് സിപിഎം ആരോപിച്ചു.
ജനപ്രിയ ബജറ്റുമായി കുമാരസ്വാമി സർക്കാർ;34000 കോടിയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി
ബംഗളൂരു: സംസ്ഥാനത്തെ കര്‍ഷകരുടെ 34,000 കോടി രൂപയുടെ വായ്‌പ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എഴുതിത്തള്ളി. 2017 ഡിസംബര്‍ 31 വരെയുള്ള കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്‌പകളാണ് എഴുതിത്തള്ളിയത്. അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച ബഡ്ജറ്റിലാണ് കുമാരസ്വാമിയുടെ സുപ്രധാന പ്രഖ്യാപനം.ജെ.ഡി.എസ് സഖ്യസര്‍ക്കാരും വായ്പാ ഇളവ് പ്രഖ്യാപിക്കുക. 22 ലക്ഷത്തോളം കര്‍ഷകര്‍ സഹകരണ ബാങ്കില്‍ നിന്നെടുത്തിട്ടുള്ള വായ്പയില്‍ 50,000 രൂപ വീതമാണ് കഴിഞ്ഞ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. 8165 കോടി രൂപയാണ് ഇതിനു വേണ്ടി സര്‍ക്കാര്‍ അന്ന് ചെലവിട്ടത്.നിശ്ചിത സമയം വായ്പ തിരിച്ചടച്ച കര്‍ഷകര്‍ക്ക് തിരിച്ചടച്ച തുകയോ 25,000 രൂപയോ ഏതാണോ കുറഞ്ഞത് അത് തിരിച്ചു നല്‍കുമെന്നും കുമാരസ്വാമി പറഞ്ഞു.