കാസർകോഡ് ഉപ്പളയിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു

keralanews five died in an accident inpkasarkode uppala

കാസർകോഡ്:കാസര്‍കോട് ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു. ബീഫാത്തിമ(65), നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ പാലക്കാട്ടുള്ള മകളുടെ വീടുകേറിത്താമസത്തില്‍ പങ്കെടുത്ത ശേഷം തിരികെ വരുമ്ബോള്‍ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.അപകടത്തില്‍ ജീപ്പ്‌ പാടെ തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന ഏഴ്‌പേര്‍ക്ക്‌ പരിക്കുണ്ട്‌. ഇവരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍കോട്‌ നിന്ന്‌ മംഗലാപുരത്തേക്ക്‌ പോവുകയായിരുന്ന കാസർകോഡ് സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ്‌ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.

കണ്ണൂർ ശ്രീകണ്ഠപുരത്ത് വെള്ളക്കെട്ടിൽ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

 

keralanews tamilnadu native died in sreekandapuram after fell in water

ശ്രീകണ്ഠപുരം:കണ്ണൂർ ശ്രീകണ്ഠപുരത്ത് വെള്ളക്കെട്ടിൽ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു.തഞ്ചാവൂര്‍ സ്വദേശിനി സുന്ദരാമാള്‍ (69) ആണ് മരിച്ചത്. ശ്രീകണ്ഠപുരത്ത് പുഴകര കവിഞ്ഞ ഒഴുകി വീടിനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാത്രി അബദ്ധത്തില്‍ ഈ വെള്ളക്കെട്ടില്‍ വീണാകാം മരണം സംഭവിച്ചതെന്നാണ് നിഗമനം.രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകണ്ഠപുരം പോലീസ് എത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയിലെ പുഴകള്‍ കര കവിഞ്ഞൊഴുകി മലയോര മേഖലയില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും നേരിടുന്നുണ്ട്.

സംവിധായകൻ മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സീരിയൽ നടിയുടെ വെളിപ്പെടുത്തൽ

keralanews serial artist reveals that the director misbehaved and mentally tortured

തിരുവനന്തപുരം:സംവിധായകൻ മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സീരിയൽ നടിയുടെ വെളിപ്പെടുത്തൽ.ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’എന്ന സീരിയലിൽ ‘നീലു’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ കുറേ കാലങ്ങളായി സീരിയലിന്റെ സംവിധായകനിൽ  നിന്ന് വളരെ മോശം അനുഭവങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് നിഷ പറഞ്ഞു.തന്നോട് മോശമായി പെരുമാറാന്‍ വന്നപ്പോള്‍ വിലക്കിയിരുന്നു. ഇതോടെ തന്നോട് വിരോധം ആയെന്നും പിന്നീട് സെറ്റില്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും നിഷ അഭിമുഖത്തില്‍ പറഞ്ഞു. സീരിയലിലെ നായകന്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും സംവിധായകന്റെ സ്വഭാവത്തിന് മാറ്റം ഉണ്ടായില്ലെന്നും നിഷ പറഞ്ഞു. സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. അതേസമയം, തന്നെ വ്യക്തി പരമായും അധിക്ഷേപിച്ചതായി നിഷ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ പറയുന്നു. സംഭവം വിവാദമായതോടെ നിഷയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരാണെത്തിയത്. ചാനലിന് ഏറ്റവും റേറ്റിങുള്ള സീരിയലില്‍ നിന്ന് നിഷ പോയാല്‍ പിന്നെയത് കാണില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കി. ഇപ്പോള്‍ നിഷയ്ക്ക് പിന്തുണയുമായി ‘അമ്മ, ആത്മ സംഘടന, ഫ്‌ളവേഴ്‌സ് ചാനല്‍’ എന്നിവര്‍ രംഗത്തെത്തി. അമ്മയുടെ പിന്തുണയറിയിച്ച്‌ മമ്മുട്ടിയാണ് നിഷയെ വിളിച്ചത്. നടി മാലാ പാര്‍വ്വതിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായി ചാനലും, പിന്തുണയറിയിച്ച്‌ മമ്മൂട്ടിയും വിളിച്ചെന്ന് അറിയിച്ചത്. ഇതിനിടെ ആര്‍ ഉണ്ണികൃഷ്ണനെതിരെ നടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്വമേധയ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങൾ ഗൗരവകരമായ വിഷയമാണെന്നും ഈ വിഷയത്തില്‍ പോലീസും ശക്തമായി ഇടപെടണമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻറെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച മട്ടന്നൂർ സ്വദേശി അറസ്റ്റിൽ

keralanews mattannur native who sperad the morphed image of chief minister were arrested

തലശ്ശേരി: പോലീസ് സ്റ്റേഷന്‍ ഉദ്ഘാടന ദിവസം സ്റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പിടുന്ന ചിത്രം മോര്‍ഫ് ചെയ്ത് മാറ്റി മേശമേല്‍ ഇലയിട്ട് ഭക്ഷണം കഴിക്കുന്നതും അത് പോലിസ് മേധാവികള്‍ നോക്കി നിൽക്കുന്ന ചിത്രമാക്കി മാറ്റി നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വാട്‌സ് അപ് ഗ്രൂപ് അഡ്മിന്‍ കസ്റ്റഡിയിലായി. മട്ടന്നൂര്‍ ചാവശ്ശേരി സ്വദേശിയായ ഇയാളെ പിണറായി പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് പിണറായി പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുറിയില്‍ ഇരിക്കുകയും, സ്റ്റേഷന്‍ രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്തിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ഉത്തരമേഖലാ ഐ ജി അനില്‍ കാന്ത്, ജില്ലാ പോലീസ് മേധാവി ശിവവിക്രം എന്നിവരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോലീസ് സ്റ്റേഷന്‍ രജിസ്റ്ററില്‍ മുഖ്യമന്ത്രി ഒപ്പ് രേഖപ്പെടുത്തിയിരുന്നത്.ഈ ചിത്രമാണ് മോര്‍ഫ് ചെയ്ത് അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിച്ചത്. ഈ ചിത്രത്തിൽ പോലീസ് രെജിസ്റ്ററിന്റെ സ്ഥാനത്ത് വിഭവങ്ങളടങ്ങിയ ഇലയാണ് ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് വച്ചിരുന്നത്.ഐ പി സി 469 ഉം കേരള പോലിസ് ആക്‌ട് 120 ബി വകുപ്പിലുമാണ് പ്രമുഖ വ്യക്തികള്‍ക്ക് നേരെ അപവാദം പ്രചരിപ്പിച്ചുവെന്നതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു

keralanews senior congress leader m m jacob passed away

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന എംഎം ജേക്കബ് അന്തരിച്ചു. 92 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ രോഗങ്ങളെതുടര്‍ന്ന് അവശതയിലായിരുന്ന അദ്ദേഹത്തെ ഇന്നു രാവിലെ സ്ഥിതി മോശമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അദ്ദേഹം രണ്ട് തവണ മേഘാലയ ഗവര്‍ണറായും ചുമതല വഹിച്ചിട്ടുണ്ട്.ഇടക്കാലത്ത് അരുണാചല്‍ പ്രദേശിന്റെയും ചുമതല വഹിച്ചിരുന്നു.ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും കേരള സേവാ ദള്‍ ബോര്‍ഡിന്റെ ചെയര്‍മാനായും കോണ്‍ഗ്രസിന്റെ താത്വിക സെല്ലിന്റെ കണ്‍‌വീനറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ലും 1988ലും രാജ്യസഭാംഗമായ ജേക്കബ് രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ്.പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു. രാജ്യസഭയില്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര അസംബ്ലിയില്‍ 1985-ലും 1993-ലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഈ നമ്പറുകളിൽ നിന്നും വരുന്ന ഫോൺ കോളുകൾ എടുക്കരുതെന്ന് പോലീസ്

keralanews police alert that do not attend calls from this numbers

തിരുവനന്തപുരം: ഈ നമ്പറുകളിൽ നിന്നും വരുന്ന കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി കേരളപോലീസ്. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്ബറുകളില്‍ നിന്നുവന്ന മിസ്ഡ് കോള്‍ കണ്ടു തിരികെ വിളിച്ചവരുടെ ഫോണില്‍ നിന്നു പണം നഷ്ട്ടപ്പെട്ടതായി പോലീസ് അറിയിച്ചു.കോള്‍ അറ്റന്‍ഡു ചെയ്തവര്‍ക്കാകട്ടെ ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു.സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.വിദേശത്തു നിന്ന് വ്യാജ കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പറിൽ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്ബറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്നും, ഈ വ്യാജ നമ്പറുകളിലേക്ക് തിരികെ വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഈ സന്ദേശം പരമാവധി എല്ലാവരിലേക്കും എത്തിക്കണമെന്നും ഏതെങ്കിലും കാരണവശാല്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടല്‍ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് ആരോഗ്യ സര്‍വകലാശാല നീക്കി

keralanews the health university removed ban of four self financing medical colleges

തിരുവനന്തപുരം:മെഡിക്കൽ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകൾക്ക് ആരോഗ്യ സർവകലാശാല ഏർപ്പെടുത്തിയ വിലക്ക് നീക്കി. കണ്ണൂര്‍, അസീസിയ, കാരക്കോണം, എസ്.യു.ടി എന്നീ മെഡിക്കല്‍ കോളേജുകളുടെ വിലക്കാണ് ആരോഗ്യ സര്‍വകലാശാല നീക്കിയത്. നാല് കോളേജുകളിലും ഈ വര്‍ഷം തന്നെ പ്രവേശനം നടത്താം.

അഭിമന്യുവിന്റെ കൊലപാതകം;ഒരാൾ കൂടി അറസ്റ്റിൽ; കൊലപ്പെടുത്താനായി വിളിച്ചുവരുത്തിയത് ഒന്നാം പ്രതി മുഹമ്മദെന്ന് സൂചന

keralanews murder of abhimanyu one more arrested the main accused called abhimanyu to kill

കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.എസ്ഡിപിഐ നേതാവ് നവാസാണ് അറസ്റ്റിലായത്.അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇതിനിടെ അഭിമന്യുവിന്റെ കൊലപാതകം അക്രമിസംഘം വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് മുന്‍പ് നാട്ടിലായിരുന്ന അഭിമന്യുവിന് നിരന്തരം ഫോണ്‍ കോളുകള്‍ വന്നിരുന്നെന്ന് അഭിമന്യുവിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതു കേസില്‍ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നു സൂചന.മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷം അറബിക് വിദ്യാര്‍ഥിയാണു മുഹമ്മദ്. ഇയാളും കുടുംബവും കൊലപാതകത്തിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്. സഹോദരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഭിമന്യുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കൊലയാളി സംഘത്തിലെ പ്രതികള്‍ വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നു രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ തിരച്ചില്‍ നോട്ടിസ് കൈമാറി.

ഈ വർഷത്തെ ഓണപരീക്ഷ ഓണത്തിന് ശേഷം നടത്തും

keralanews onam exam of this academic year will be after onam
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ് ഓണാവധി നിശ്ചയിച്ചിരിക്കുന്നത്. അവധിക്ക് ശേഷം ഓഗസ്റ്റ് 30 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പ്രൈമറി ക്ലാസുകളിലെ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറിനും ഹൈസ്‌കൂള്‍ വിഭാഗത്തിലെ പരീക്ഷകള്‍ ഏഴിനും അവസാനിക്കും.ഓണം നേരത്തെയായതും നിപ്പ വൈറസ് ബാധയെത്തുടര്‍ന്നു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂള്‍ തുറക്കല്‍ വൈകിയതും പരിഗണിച്ചാണ് പരീക്ഷ ഓണത്തിനുശേഷം മതിയെന്നു പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിട്ടറിങ് കമ്മിറ്റി സര്‍ക്കാരിനു ശുപാർശ നല്‍കിയത്.

ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

keralanews there is beaten mark on the dead body of couples who committed suicide in changanasseri

കോട്ടയം:ചങ്ങനാശ്ശേരിയിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും മര്‍ദ്ദനത്തിന്‍റെ പാടുകളൊന്നും ശരീരത്തില്‍ ഇല്ലെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ട്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.ബുധനാഴ്ചയാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചെന്ന പരാതിയിൽ പോലീസ് സുനിലിനെയും രേഷ്മയേയും ചോദ്യം ചെയ്തു വിട്ടയച്ചത്.വീട്ടിലെത്തിയ ദമ്പതികൾ ഉച്ചയോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യ്യുകയായിരുന്നു.മരിച്ച സുനിലും ഭാര്യയും എഴുതിയ ആത്മഹത്യ കുറിപ്പിൽ പോലീസ് തങ്ങളെ ക്രൂരമായി മർദിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.മരിച്ച സുനിലിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത രാജേഷും പൊലീസിന് അനുകൂലമായ മൊഴിയാണ് നൽകിയിരിക്കുന്നത്. രാജേഷിന്റെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും ആത്മഹത്യാ കുറിപ്പും ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിക്കുമെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്.