നിങ്ങളുടെ വാഹനങ്ങൾ മോഡിഫൈ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെ നിയമവശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം.വാഹനത്തിന്റെ നിറത്തിലോ ഘടനയിലോ മാറ്റം വരുത്തുന്നത് നിയമപരമായി തെറ്റാണ്.വാഹനത്തിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റം അതിന്റെ ശക്തിയെ തന്നെ ബാധിക്കും.വാഹനം എപ്പോഴെങ്കിലും അപകടത്തിൽപെടുകയാണെങ്കിൽ വാഹനത്തിനും യാത്രക്കാർക്കും ഗുരുതരമായ പരിക്കേൽക്കാൻ സാധ്യതയുണ്ട്.നിയമപ്രകാരം വാഹനങ്ങൾ പരിഷ്‌ക്കരിക്കണമെങ്കിൽ അതിനായി ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങൾ ഓട്ടോമോട്ടീവ് റിസർച്ച് അതോറിറ്റി ഓഫ് ഇന്ത്യ(ARAI) അംഗീകരിച്ചവയായിരിക്കണം. മാത്രമല്ല മോഡിഫൈ ചെയ്ത ശേഷം ARAI അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നേടുകയും വേണം.കേരള, കർണാടക പോലീസ് ഇത്തരത്തിൽ ഇത്തരത്തിൽ നിയമപരമല്ലാത്ത രീതിയിൽ പരിഷ്‌ക്കരിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള കർശന പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു.അമിതമായ ശബ്ദമുണ്ടാക്കുന്ന ബൈക്കുകൾക്ക് സർട്ടിഫിക്കറ്റു നൽകുന്നത് പോലീസ് നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഇവ ഉടമസ്ഥരുടെ മുന്നിൽവെച്ചു തന്നെ എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.അതേസമയം വാഹനം നിയമപരമായി മോഡിഫൈ ചെയ്യുക എന്നത് വളരെ ദൈർഘ്യമേറിയ പ്രവൃത്തിയാണ്.മോഡിഫൈ ചെയ്യാനായി ARAI അംഗീകരിച്ച യന്ത്രഭാഗങ്ങൾ ഉപയോഗിക്കുകയും ശേഷം ARAI നൽകുന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും വേണം. വിനൈൽ റാപ്പിങ് മെത്തേഡ് ഉപയോഗിച്ച് വാഹനത്തിന്റെ നിറം മാറ്റം.എന്നാൽ വാഹനത്തിന്റെ നിറം പെയിന്റ് ചെയ്ത് മറ്റൊരു നിറമാക്കുന്നത് നിയമപരമായി തെറ്റാണ്.
വയനാട് ജില്ലയിൽ കനത്ത മഴ;താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ;വ്യാപക നാശനഷ്ടം
വയനാട്:കനത്ത മഴയിൽ വയനാട് ജില്ലയിൽ വ്യാപകമായ നാശനഷ്ടം.ശക്തമായി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. മണിയങ്കോട് കെ എസ് ഇ ബി സബ് സ്‌റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ കുടുങ്ങി. കുടുങ്ങിക്കിടന്ന മൂന്ന് ജീവനക്കാരെ പോലീസും അഗ്‌നിരക്ഷാ സേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.അതിനിടെ കനത്ത മഴയില്‍ മേപ്പാടിയില്‍ ലത്തീഫിന്റേയും മറ്റൊരാളുടേയും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനമരത്ത് പെട്രോള്‍ പമ്പിന് മുകളില്‍ മണ്ണിടിഞ്ഞ് വീണെങ്കിലും ആളപായമില്ല. മാനന്തവാടി വെള്ളിയൂര്‍ കാവും പരിസരങ്ങളും വെള്ളത്തില്‍ മുങ്ങി. വൈത്തിരി താലൂക്കിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്.ദുരിത ബാധിതരെ തിങ്കളാഴ്ച രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂറോളം കുടുംബങ്ങളാണ് വിവിധ ക്യാമ്ബുകളിലായി കഴിയുന്നത്. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒന്നരമണിക്കൂർ മണ്ണിനടിയിൽ കിടന്ന യുവതി രക്ഷപ്പെട്ടു
ഇടുക്കി:അടിമാലിയിലെ കുടുംബശ്രീ ഹോട്ടലിന്റെ മുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണു ജീവനക്കാരി ശ്വാസം കിട്ടാതെ കിടന്നത് ഒന്നരമണിക്കൂര്‍ മണ്ണിനടിയില്‍ കുടുങ്ങി.അടിമാലി വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത(30)യാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.മണ്ണ് വീണതോടെ ഭിത്തിക്കും സ്ലാബിനുമിടയിലായി പ്രമീത അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പ്രമീതയെ രക്ഷപ്പെടുത്തിയത്. ഹോട്ടലിനോട് ചേര്‍ന്നുണ്ടായിരുന്ന ശുചിമുറിയുടെ മുകളിലേക്കാണ് രാവിലെ 9.05-ന് കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞുവീണത്. പ്രമീതയുടെ കാലിലേക്ക് സ്‌ളാബ് വീണതോടെ ഇവര്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ശ്വാസം കിട്ടാതായതോടെ പ്രമീത അവശനിലയിലായിരുന്നു. മണ്ണുനീക്കിയ ഉടന്‍ പ്രമീതയ്ക്ക് പ്രാഥമിക ശിശ്രൂഷ നല്‍കി. പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ മാറ്റിയ പ്രമീത അപകടനില തരണം ചെയ്തതായി ഡോക്ടര്‍ അറിയിച്ചു.
ഡിവൈഎഫ്ഐ ആവിഷ്‌ക്കരിച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതി ‘ഹൃദയപൂർവ്വം’ നൂറു ദിനം പിന്നിട്ടു
കണ്ണൂർ:ഡിവൈഎഫ്ഐ ആവിഷ്‌ക്കരിച്ച സൗജന്യ ഭക്ഷണ വിതരണ പദ്ധതി ‘ഹൃദയപൂർവ്വം’ നൂറു ദിനം പിന്നിട്ടു.സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ദിവസം തോറും നടത്തി വരുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയാണ് ഇത്.പദ്ധതിയുടെ നൂറാം ദിവസമായിരുന്നു ഇന്നലെ ഡിവൈഎഫ്ഐ കക്കറ മേഖല കമ്മിറ്റിയാണ് ഭക്ഷണ വിതരണം നടത്തിയത്.ജില്ലയിലെ 262 മേഖലകമ്മിറ്റികളും ഉൾപ്പെട്ടതാണ് പദ്ധതി.ഒരു ദിവസവും ഓരോ കമ്മിറ്റികൾക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല.കണ്ണൂർ ജില്ലാ ആശുപത്രിക്ക് പുറമെ പേരാവൂർ ആശുപത്രിയിലും നൂറു ദിവസത്തെ ഭക്ഷണ വിതരണം പൂർത്തിയായി.മേഖലയിലെ വീടുകളിൽ ആദ്യം കത്തുനൽകുകയാണ് ചെയ്യുക.തങ്ങൾക്ക് സാധിക്കുന്ന അളവിൽ ഭക്ഷണപ്പൊതി നൽകാനാണ് വീട്ടുകാരോട് പറയുക.ചിലർ അഞ്ചുപൊതികൾ നൽകുമ്പോൾ മറ്റു ചിലർ ഇരുപത് പൊതി വരെയൊക്കെ നൽകും.ഇവയൊക്കെ ശേഖരിച്ച് ശരാശരി ആയിരം പൊതിച്ചോറുകൾ പ്രത്യേകം വാഹനത്തിൽ ഉച്ചയോടെ ആശുപത്രി പടിക്കൽ എത്തിക്കും.രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വരിയിൽ നിന്ന് പൊതിച്ചോറ് വാങ്ങാം.1300 വരെ പൊതിച്ചോറുകൾ വിതരണം ചെയ്ത ദിവസങ്ങളും ഉണ്ടെന്ന് പ്രവർത്തകർ പറയുന്നു.പദ്ധതി ജില്ലയിലെ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ഡിവൈഎഫ്ഐ ജില്ലാ സെക്രെട്ടറി വി.കെ സനോജ് പറഞ്ഞു.ദിനംതോറുമുള്ള രക്തദാന പദ്ധതിക്കും പേരാവൂരിൽ തിങ്കളാഴ്ച ഡിവൈഎഫ്ഐ തുടക്കം കുറിച്ചിട്ടുണ്ട്.ഭക്ഷണ വിതരണത്തിനെത്തുന്ന വോളന്റിയർമാർക്കൊപ്പം രക്തദാനം ചെയ്യാൻ സന്നദ്ധരായവരും ആശുപത്രിയിൽ എത്തും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരമായ അണുബാധ റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ ഗുരുതര അണുബാധ.കരള്‍,സന്ധികള്‍,വയര്‍ എന്നിവയെ ബാധിക്കുന്ന ബര്‍ക്കോള്‍ഡേറിയ എന്ന അണുബാധയാണ് സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് ഡയലാസിസ് യൂണിറ്റില്‍ അണുബാധ സ്ഥിരീകരിക്കുന്നത്.ഏപ്രിലിലും ജൂണിലുമായി നേരത്തെ ആറ് രോഗികളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.മണ്ണ്, വെള്ളം എന്നിവയില്‍ കൂടി പടരുന്ന ഈ ബാക്ടീരിയ ആശുപത്രിയിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് പടര്‍ന്നതെന്നാണ് കരുതുന്നത്.അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
മിസ്ഡ് കോൾ തട്ടിപ്പിന് പിന്നിൽ ബൊളീവിയൻ കമ്പനികൾ
തൃശ്ശൂര്‍: മിസ്ഡ് കോളിലൂടെ പണംതട്ടിയത് ബൊളീവിയന്‍ കമ്പനികൾ തന്നെയെന്ന് വ്യക്തമായി. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജിഎച്ച് യതീഷ് ചന്ദ്ര ഇ-മെയില്‍ വഴിയും മറ്റും ബൊളീവിയന്‍ പോലീസുമായും ബന്ധപ്പെട്ട കമ്പനികളുമായും ബന്ധപ്പെട്ടു. ബൊളീവിയോ യിയോ, നിയുവെറ്റല്‍ എന്നീ കമ്പനികളുടെ നമ്പറുകളിൽ നിന്നാണ് മിസ്ഡ് കോള്‍ വന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.കമ്ബനിയില്‍ റജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ നമ്ബറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ ഡയല്‍ ചെയ്യപ്പെടുന്നത്. ഒരു മിനിറ്റില്‍ ലഭിക്കുന്ന 16 രൂപയില്‍ പകുതി ടെലികോം കമ്പനിക്ക് ലഭിക്കും. ബാക്കി തട്ടിപ്പുകാരനും.അതിനാല്‍ തന്നെ കമ്പനി ഉപഭോക്താവിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.+59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്ബറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളിലേക്കു മിസ്ഡ് കോളുകള്‍ പ്രവഹിക്കുന്നത്. ഈ നമ്ബറിലേക്കു തിരിച്ചു വിളിച്ചവര്‍ക്കെല്ലാം മിനിറ്റിന് 16 രൂപ കണക്കില്‍ പണം നഷ്ടപ്പെട്ടു.മിസ്ഡ് കോള്‍ ഗൗനിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റന്‍ഡു ചെയ്തവര്‍ക്ക് ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു. ഇങ്ങോട്ടു വന്ന വിളി അറ്റന്‍ഡു ചെയ്തവര്‍ക്കും ഫോണില്‍ നിന്നു പണം നഷ്ടമായി.പണം പോയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുണ്ട്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിലും ജാഗ്രതാ നിര്‍ദേശമെത്തി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ ബൊളീവിയൻ കമ്പനി തന്നെയാണെന്ന് കണ്ടെത്തിയത്.
നടിയുടെ വെളിപ്പെടുത്തൽ;’ഉപ്പും മുളകും’ സീരിയൽ സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം:ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ ഉപ്പും മുളകിന്റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി.സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഒടുവില്‍ അകാരണമായി സീരിയലില്‍ നിന്ന് നീക്കം ചെയ്തുവെന്നും നിഷ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വനിതാ കമ്മിഷന്റെ നടപടി. സംഭവത്തില്‍ നിഷാ സാരംഗിന് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’യും പിന്തുണ പ്രഖ്യാപിച്ചിരുന്നു.സിനിമയിലെ വനിതാ അംഗങ്ങളുടെ കൂട്ടായ്മയായ വുമൺ ഇൻ കളക്ടീവും നിഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍, നിഷയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്നും നിഷ പരമ്പരയിൽ തുടര്‍ന്നും അഭിനയിക്കുമെന്നുമാണ് ചാനല്‍ അധികൃതര്‍ പറയുന്നത്. അതേസമയം സംവിധായകനെ മാറ്റാതെ പരമ്പരയിൽ അഭിനയിക്കില്ലെന്ന നിലപാടിലാണ് നിഷ.
കുറ്റക്കാരനല്ലെന്ന് തെളിയും വരെ ദിലീപ് അമ്മയിൽ നിന്നും പുറത്തു തന്നെ:മോഹൻലാൽ
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ അംഗത്വം അമ്മയുടെ പൊതുയോഗത്തില്‍ അജണ്ട വച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍.ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ പൊതുയോഗത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മിലെ അംഗങ്ങളാരും സംസാരിച്ചിട്ടില്ല. കുറ്റവിമുക്തനാകും വരെ ദിലീപ് അമ്മയിലുണ്ടാകില്ലെന്നും എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.ദിലീപ് വിഷയത്തിൽ പൊതുസഹോഹത്തിൽ നിന്നുയർന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കാൻ എറണാകുളം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ പുറത്താക്കണം, സസ്‌പെന്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഉയര്‍ന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് ദിലീപിന്റെ അംഗത്വ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. അടിയന്തര തീരുമാനമെടുത്തില്ലെങ്കില്‍ സംഘടന രണ്ടായി പിളരുന്ന തരത്തിലായിരുന്നു നീക്കങ്ങള്‍. പിന്നീടാണ് സസ്പെന്‍ഷന്‍ സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. തുടര്‍ന്ന് ചേര്‍ന്ന നിര്‍വാഹക സമിതി തീരുമാനം മരവിപ്പിക്കാനും അടുത്ത പൊതുയോഗത്തിന് വിടാനും തീരുമാനിച്ചു. അമ്മയുടെ യോഗത്തിൽ ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം ഉണ്ണായിത്തത്.ഇതിനെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളടക്കം ആരും എതിർത്തില്ല.എഴുന്നേറ്റ് നിന്ന് അഭിപ്രായം പറയാനും പ്രതിഷേധിക്കാനും അവര്‍ക്ക് കഴിയുമായിരുന്നു. ആരും എതിര്‍ക്കാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചത്. ‘അമ്മ’യിലേയ്ക്കില്ലെന്ന് ദിലീപ് പറയുന്നു. ആ സാഹചര്യത്തില്‍ ദിലീപ് സംഘടനയ്ക്ക് പുറത്തു തന്നെയാണ്. കുറ്റവികമുക്തനാകും വരെ ദിലീപ് പുറത്തു തന്നെയായിരിക്കും. ‘ അമ്മ’യില്‍ നിന്ന് രാജിവച്ച രണ്ടു പേരുടെ കത്തു മാത്രമാണ് ലഭിച്ചത്. ഭാവനയും രമ്യാ നമ്ബീശനും. മറ്റാരും രാജി തന്നിട്ടില്ല. രാജി പിന്‍വലിച്ച് തിരിച്ചുവന്നാല്‍ സ്വീകരിക്കുമോയെന്ന് പറയാനാവില്ല. രാജിയുടെ കാരണങ്ങള്‍ അവര്‍ പറയണം. അക്കാര്യം പൊതുയോഗത്തില്‍ അവതരിപ്പിക്കണം. അംഗങ്ങള്‍ അംഗീകരിച്ചാല്‍ തിരിച്ചുവരുന്നതിന് തടസമില്ല.’അമ്മ എന്ന സംഘടന ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ്.അവർക്ക് കഴിയാവുന്ന സഹായങ്ങളൊക്കെ സംഘടന ചെയ്തു കൊടുത്തിട്ടുണ്ട്.തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന് ഇരയായ നടി ഒരിക്കലും അമ്മയിൽ പരാതി പറഞ്ഞിട്ടില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.മഴവില്‍ ഷോയിലെ സ്‌കിറ്റ് ഒരു ബ്ലാക്ക് ഹ്യൂമര്‍ ആയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.ഈ സന്ദര്‍ഭം ഉണ്ടായില്ലെങ്കില്‍ സ്‌കിറ്റ് ഡബ്ല്യൂ.സി.സിക്കെതിരാണെന്ന് നമുക്ക് തോന്നില്ലായിരുന്നുവെന്നും എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. താരസംഘടന സംഘടിപ്പിച്ച ഷോയില്‍ മുതിര്‍ന്ന വനിതാ താരങ്ങള്‍ അവതരിപ്പിച്ച് സ്‌കിറ്റ് സ്ത്രീവിരുദ്ധമാണെന്നും ഡബ്ല്യൂ.സി.സിക്ക് എതിരാണെന്നുള്ള ആരോപണം ശക്തമായതിനെ കുറിച്ച് മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.സ്‌കിറ്റ് സ്ത്രീവിരുദ്ധമായില്ലേ എന്ന ചോദ്യത്തിന് നിങ്ങള്‍ സ്‌കിറ്റ് കണ്ടിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ മറുപടി പറയാന്‍ ആരംഭിച്ചത്. ഡബ്ല്യൂ.സി.സി അംഗംങ്ങള്‍ കൂടിയായ സ്ത്രീകള്‍ ചേര്‍ന്നാണ് സ്‌കിറ്റ് ഒരുക്കിയത്. അതില്‍ സ്ത്രീവിരുദ്ധനായ ഒരാളെ തല്ലിയോടിക്കുന്നതായാണ്് കാണിച്ചിരിക്കുന്നത്. സ്‌കിറ്റ് നല്ലതോ മോശമോ എന്നുള്ളത് വേറെ വിഷയമാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകം;പോപ്പുലർ ഫ്രന്റ് ലക്ഷ്യമിട്ടത് വൻ കലാപം
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിലൂടെ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നത് വന്‍ കലാപം എന്ന് പ്രതികളുടെ മൊഴി. എസ്ഡിപിഐക്കാരായ മൂന്നു പ്രതികളാണ് ചോദ്യംചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എസ്‌എഫ്‌ഐ വെള്ളയടിച്ച ചുവരില്‍ എഴുതണമെന്നും മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കണമെന്നുമായിരുന്നു ലഭിച്ച നിര്‍ദ്ദേശമെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. അഭിമന്യുവിനെ മാത്രമല്ല പരമാവധി എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുക എന്ന ലക്ഷ്യവുമായാണ് മാരകായുധങ്ങളുമായി കോളേജിലെത്തിയതെന്ന് പ്രതികൾ സമ്മതിച്ചു.അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ നമ്പറുകൾ പോലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞദിവസം പിടിയിലായ നവാസ്, ജെഫ്റി എന്നിവരെ റിമാന്‍ഡ് ചെയ്തു.ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ നല്‍കും.ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ബിലാല്‍ (19), ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പുതിയാണ്ടി റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഫറൂഖ് (19) എന്നിവരാണു കസ്റ്റഡിയിലുള്ളത്.
വിജ്ഞാപനം തിരുത്തി സിപിഎം എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനം നൽകിയതായി പരാതി
കണ്ണൂർ:വിജ്ഞാപനം തിരുത്തി സിപിഎം എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനം നൽകിയതായി പരാതി.റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനമാണ് സിപിഎം നേതാവിന്റെ ഭാര്യയ്ക്കുള്ളത്.എന്നാൽ ഒന്നാം സ്ഥാനക്കാരിയെ മറികടന്ന് രണ്ടാം സ്ഥാനക്കാരിക്ക് നിയമനം നൽകിയത് സംവരണാടിസ്ഥാനത്തിലാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം എഡ് വിഭാഗത്തിലാണ് എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം ലഭിച്ചത്. ജൂൺ 8നാണ് വിജ്ഞാപനം ഇറക്കിയത്. ജൂൺ 14 ന് അഭിമുഖവും നടന്നു. അഭിമുഖത്തിൽ ഇവർക്ക് രണ്ടാം റാങ്കായിരുന്നു. ഇതോടെ കരാർ നിയമനത്തിന് സംവരണം നടപ്പിലാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒ ഇ സി സംവരണത്തിൽപെടുത്തി ഇവർക്ക് നിയമനവും നൽകി.എന്നാൽ ഈ തസ്തികയിലേക്ക് ഇറക്കിയ വിജ്ഞാപനത്തിൽ സംവരണകാര്യം സൂചിപ്പിരുന്നില്ല. പൊതു നിയമനത്തിന് വേണ്ടിയാണ് സർവകലാശാല വിജ്ഞാപനം ഇറക്കിയത്. ഒരു വിഷയത്തിന് മാത്രമായി അധ്യാപകരെ നിയമിക്കുമ്പോൾ വിജ്ഞാപനത്തിൽ റൊട്ടേഷൻ സംവരണം ഉണ്ടാകാറില്ല. ഇതോടെ സംവരണം അടിസ്ഥാനപ്പെടുത്തിയാണ് നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്ന സർവകലാശാലയുടെ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടു.അധ്യാപന പരിചയം, ദേശീയ-അന്തർ ദേശീയ തലങ്ങളിലുള്ള സെമിനാറിലെ പങ്കാളിത്തം, തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.അഭിമുഖത്തിൽ ഒന്നാമതെത്തിയത് മറ്റൊരു ഉദ്യോഗാർത്ഥിയായിരുന്നു. ഇവരെ ഒഴിവാക്കിയാണ് എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒന്നാം റാങ്കുകാരി.ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരിയും തമ്മിൽ അഞ്ച് മാർക്കിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്.