ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

keralanews young man died when bike collided with autorikshaw

കാസർകോഡ്:ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഡൂര്‍ ബളക്കിലയില്‍ തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. മന്നൂരിലെ മധു ജോഗിമൂല (38)യാണ് മരിച്ചത്.സെന്‍ട്രിംഗ് തൊഴിലാളിയാണ്.തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടെ മധു സഞ്ചരിച്ച ബൈക്ക് എതിരെ നിന്നും വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ശരീരത്തിൽ കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ മധു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.കൃഷ്ണന്‍ – നാരായണി ദമ്പതികളുടെ മകനാണ് മധു. ഭാര്യ: നിരോശ. ഏക മകള്‍ അമേയ(4).പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ജെസ്‌നയുടെ തിരോധാനം;അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ചെന്ന് സൂചന

keralanews disappearance of jesna enquiry will focus on six young men

കോട്ടയം:കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌നയെ കുറിച്ചുള്ള അന്വേഷണം ആറ്‌ യുവാക്കളെ കേന്ദ്രീകരിച്ചെന്ന് സൂചന.ജസ്‌നയുടെ ഫോണ്‍കോളുകളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് അന്വേഷണം മുണ്ടക്കയത്തുള്ള ആറ് യുവാക്കളിലേക്ക് തിരിയാന്‍ കാരണം.ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്.അതേസമയം കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മില്‍ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്ന വിവരത്തെ തുടർന്ന് ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ജസ്‌നയുടെ ദ്രശ്യങ്ങള്‍ കണ്ട അധ്യാപകരും സഹപാഠികളും ജെസ്നയാണെന്ന് ഉറപ്പു പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്‌നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്നു രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്.ആറുമിനിറ്റിനു ശേഷം ആണ്‍ സുഹൃത്തിനേയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അതിനിടെ ഇടുക്കി വെള്ളത്തൂവലിൽ കഴിഞ്ഞയാഴ്ച  പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. അന്വേഷണം പൂര്‍ത്തിയാകാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധന നടത്തും. അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിടൂ.

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു

keralanews tree fell on the top of moving train in alappuzha

ആലപ്പുഴ: ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിലേക്ക് മരം വീണു. ഇന്ന് രാവിലെ 6.45 ഓടെ മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. ട്രെയിനിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലേക്കാണ് മരം വീണത്.ഇതേ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. സംഭവത്തില്‍ ആളപായമില്ല.

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം;നാലുപേർ മരിച്ചു;ട്രെയിൻ ഗതാഗതം താറുമാറായി

keralanews heavy rain in kerala four died train traffic interupted

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാസവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കാന്‍ കാരണമായത്. കേരളത്തെ കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മഴയും കാറ്റും ശക്തമായിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ നാല് പേര്‍ മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണു മഴ ജീവനെടുത്തത്.കല്‍പ്പറ്റയില്‍ ഈമാസം പതിമൂന്നാം തീയതി തോട്ടില്‍ വീണു കാണാതായ ആറു വയസുകാരനെ കണ്ടെത്താനായില്ല. പേര്യ സ്വദേശി അജ്മലിനെയാണു കാണാതായത്. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണ് ആര്യറമ്ബ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താര (20) മരിച്ചു.സംസ്ഥാനത്ത് വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നദികളും പുഴകളും കരകവിഞ്ഞു.പല അണക്കെട്ടുകളുടെയും ഷട്ടർ തുറന്നുവിട്ടു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി സിഗ്നല്‍ സംവിധാനം തകരാറിലായി.പലയിടത്തും  വൈദ്യുതത്തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്ന് വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശത്തില്‍ അറിയിച്ചു.കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട് മുങ്ങി. മണപ്പള്ളി പാടശേഖരത്തു മടവീണു.കൂടുതല്‍ പാടങ്ങള്‍ മട വീഴ്ച ഭീഷണിയിലാണ്.കോഴിക്കോട് പുതിയങ്ങാടിയില്‍ കാറുകൾക്ക് മുകളിലേക്ക് മരം കടപുഴകിവീണ് അഞ്ചുപേർക്ക് പരിക്കേറ്റു.പയ്യോളി, ബേപ്പുര്‍ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമാണ്.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.കോട്ടയം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കല്കട്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ;എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

keralanews heavy rain leave for educational institutions in eight districts

തിരുവനന്തപുരം:കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട,കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം പൊതുപരീക്ഷകള്‍, സര്‍വകലാശാല പരീക്ഷകള്‍ മുതലായവ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.എന്നാല്‍ കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 21 ലേക്ക് മാറ്റിവച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളത്തെ അവധിക്ക് പകരം ഈ മാസം 21 ന് പ്രവൃത്തി ദിനമായിരിക്കും.എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുസാറ്റിന് അവധി ബാധകമല്ല.

പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു

keralanews student died when a tree fell on the top of an autorikshaw in peravoor

കണ്ണൂർ:പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയക്ക് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു.പേരാവൂര്‍ കോളയാട് ആര്യപ്പറമ്ബിലെ കാഞ്ഞിരക്കാട്ട് സിറിയക്കിന്റെയും സെലിയുടെയും മകള്‍ സിത്താര സിറിയക്കാണ് (20) മരിച്ചത്.പരിക്കേറ്റ സിത്താരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിന്‍ (48) എന്നിവരെയും ഓട്ടോ ഡ്രൈവര്‍ ആര്യപ്പറമ്ബ് എടക്കോട്ടയിലെ വിനോദിനെയും(42) തലശ്ശേരി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പേരാവൂര്‍ – ഇരിട്ടി റോഡില്‍ കല്ലേരിമല ഇറക്കത്തില്‍ ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടം. കനത്ത കാറ്റില്‍ റോഡരികിലെ കൂറ്റന്‍ മരം ഓട്ടോക്ക് മുകളില്‍ വീഴുകയായിരുന്നു. അപകടത്തില്‍പെട്ടവരെ ഇതുവഴി വന്ന സണ്ണി ജോസഫ് എംഎ‍ല്‍എയുടെ വാഹനത്തിലാണ് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.സിത്താരയുടെ ഏക സഹോദരന്‍ സിജൊ സിറിയക്ക് മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. പേരാവൂര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കാറ്റില്‍ കനത്ത നാശമുണ്ടായിട്ടുണ്ട്.

അഭിമന്യു വധക്കേസ്;കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ;പിടിയിലായത് കണ്ണൂരിൽ നിന്നെന്ന് സൂചന

keralanews one more person arrested in abhimanyu murder case hint that he is arrested from kannur

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ.കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലുവ സ്വദേശിയാണ് പിടിയിലായത്. ക്യാമ്ബസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍. കണ്ണൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. ഇയാളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.കൊലപാതകത്തെ കുറിച്ച്‌ നേരിട്ട് അറിവുണ്ടായിരുന്ന മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി സംഘത്തിലെ ശേഷിക്കുന്ന 12 പേരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതികള്‍ക്കായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. സംസ്ഥാന വ്യാപകമായി നടന്ന തിരച്ചിലില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ നിന്നും മാരകായുധങ്ങളുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകത്തില്‍ എസ്ഡിപിഐയുടെയും ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരുടെയും പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്.

കണ്ണൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ പ്രവേശനത്തിന് അനുമതി ലഭിച്ചു

keralanews permission for m b b s admission in kannur medical college

കണ്ണൂർ:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ പ്രവേശനത്തിന് അനുമതി.150 സീറ്റുകളിലേക്കാണ് പ്രവേശനം നൽകുക.ഒന്നാം വർഷ എംബിബിഎസ്‌ കോഴ്‌സിന് അഫിലിയേഷൻ നൽകണമെന്ന് ആരോഗ്യ സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദേശം നൽകി.ബയോ കെമിസ്ട്രി, ഫിസിയോളജി വിഭാഗങ്ങളിൽ ആവശ്യത്തിന് യോഗ്യതയുള്ള വകുപ്പ് തലവന്മാർ ഇല്ല എന്ന കാരണത്താലാണ് ആരോഗ്യ സർവകലാശാല ഈ വർഷം കണ്ണൂർ മെഡിക്കൽ കോളേജിന് അഫിലിയേഷൻ നൽകാനാവില്ലെന്ന് സർക്കാരിനെ അറിയിച്ചത്.ഇതേ തുടർന്ന് പ്രവേശന പരീക്ഷ കമ്മീഷണർ എംബിബിഎസ്‌ സീറ്റ് അലോട്മെന്റിൽ നിന്നും കണ്ണൂർ മെഡിക്കൽ കോളേജിനെ ഒഴിവാക്കുകയായിരുന്നു.എന്നാൽ എല്ലാ വിഭാഗത്തിലും നിശ്ചിത യോഗ്യതയുള്ള അധ്യാപകർ ഉണ്ടെന്ന കോളേജിന്റെ വാദം കണക്കിലെടുത്താണ് അഫിലിയേഷൻ നല്കാൻ കോടതി നിർദേശിച്ചത്.കോളേജിൽ നിന്നും വിശദവിവരങ്ങൾ അടങ്ങിയ പത്രിക എഴുതിവാങ്ങിയ ശേഷം രണ്ടാഴ്ചയ്ക്കകം അഫിലിയേഷൻ നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച വെളിച്ചെണ്ണ മറ്റു പേരുകളിൽ വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്

keralanews the banned coconut oil returned in market in other names

കണ്ണൂർ:മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച വെളിച്ചെണ്ണ മറ്റു പേരുകളിൽ വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്.വെളിച്ചെണ്ണ വിപണനത്തിനായി പുതിയ മാർഗങ്ങളാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.മറ്റ് ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളുടെ മറവിൽ വെളിച്ചെണ്ണ എത്തിച്ചു കൊടുക്കുന്നതാണ് പുതിയ തന്ത്രം.കതിരൂരിൽ നിന്നും കഴിഞ്ഞ ദിവസം ഇത്തരത്തിൽ 1500 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തത് കോള ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം എന്ന രീതിയിൽ പ്രവർത്തിച്ച സ്ഥാപനത്തിൽ നിന്നുമാണ്.ചെറുകിട കച്ചവടക്കാരെയും ഹോട്ടലുകാരെയുമാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിഗമനം.നാട്ടിൻപുറങ്ങളിലാണ് ഇത്തരത്തിൽ മായം ചേർന്ന വെളിച്ചെണ്ണ കൂടുതലായും വിറ്റഴിക്കുന്നത്.അതുകൊണ്ടുതന്നെ ചിപ്സുകളും മറ്റും ഉണ്ടാക്കുന്ന കടകളിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ പരിശോധിക്കാനും ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.വ്യാജ വെളിച്ചെണ്ണ വിൽപ്പന തടയുന്നതിനായി വെളിച്ചെണ്ണ ബ്രാൻഡുകൾ രെജിസ്റ്റർ ചെയ്യാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.ഇതനുസരിക്കാത്ത വ്യപാരികളുടെ കച്ചവടം അനുവദിക്കുകയില്ല. മായം ചേർത്ത വെളിച്ചെണ്ണ വിൽക്കുന്നവരിൽ നിന്നും അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള വകുപ്പുണ്ട്.

അഭിമന്യുവിന്റെ കൊലപാതകം;20 എസ്‌ഡിപിഐ പ്രവർത്തകർ കൂടി ആലപ്പുഴയിൽ നിന്നും പിടിയിൽ

keralanews murder of abhimanyu 20 s d p i workers caught from alapuzha

എറണാകുളം:മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എസ്ഡിപിഐ കേന്ദ്രങ്ങളിൽ പോലീസ് നടത്തുന്ന റെയ്‌ഡിൽ ആലപ്പുഴയിൽ നിന്നും 20 എസ്ഡിപിഐ പ്രവർത്തകർ പിടിയിലായി.കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടന്ന തിരച്ചിലില്‍ എസ്ഡിപിഐയുടെ കേന്ദ്രങ്ങളില്‍ നിന്നും മാരകായുധങ്ങളുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നും കൊലപാതകത്തില്‍ എസ്ഡിപിഐയുടെയും ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരുടെയും പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കിയത്.