വെഞ്ഞാറമൂട്ടില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ പാലോട് വനമേഖലയില്‍ കണ്ടെത്തി

keralanews missing children from venjarammoodu found from palod forest area

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ നിന്നും കാണാതായ മൂന്ന് കുട്ടികളെ പാലോട് വനമേഖലയില്‍ കണ്ടെത്തി.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.11, 13, 14 വയസുള്ള ആൺകുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെ ഇവരുടെ ബാഗുകള്‍ പാലോട് വനമേഖലക്ക് സമീപമുള്ള ഒരു ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന കുട്ടികള്‍ വനത്തിലുണ്ടാകുമെന്ന നിഗമനത്തില്‍ നടത്തിയ തെരച്ചിലിൽ ഇവരെ കണ്ടെത്തുകയായിരുന്നു.അടുത്ത വീടുകളില്‍ താമസിക്കുന്ന കുട്ടികളില്‍ രണ്ടുപേര്‍ ബന്ധുക്കളാണ്. കാണാതായ ഒരു കുട്ടിയുടെ വീട്ടിലെ കുടുക്ക പൊട്ടിച്ച്‌ അതിലുണ്ടായിരുന്ന പണം എടുത്തിരുന്നു. വസ്ത്രങ്ങളും കൊണ്ടുപോയിരുന്നു. കുട്ടികളിലൊരാള്‍ നേരത്തെയും ഇത്തരത്തില്‍ വീടുവിട്ട സംഭവമുണ്ടായിരുന്നു.

കിഴക്കമ്പലം അക്രമസംഭവം;164 പേര്‍ റിമാൻഡിൽ

keralanews kizhakkambalam violance case 164 remanded

കൊച്ചി:കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായ അക്രമസംഭവത്തിൽ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് സംഘത്തെ തടഞ്ഞുവെച്ച്‌ മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും പ്രതികള്‍ക്കുമേൽ ചുമത്തിയിരിക്കുന്നത്.സംഭവത്തില്‍ പിടിയിലായ പ്രതികളെ കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍. ഉഷയ്ക്കു മുൻപാകെ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് എത്തിച്ചത്. പ്രതികളുടെ എണ്ണം കൂടുതലായതിനാല്‍ കേസ് പ്രത്യേകമായാണ് പരിഗണിച്ചത്. രണ്ട് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷം അറിഞ്ഞത്തിയ കുന്നത്തുനാട് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. വി.ടി. ഷാജന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ തടഞ്ഞുവച്ച്‌ മര്‍ദ്ദിച്ച്‌ വധിക്കാന്‍ ശ്രമിച്ചതിനാണ് ആദ്യത്തെ കേസ്. രണ്ടാമതായി പോലീസ് വാഹനം കത്തിച്ച്‌ പൊതുമുതല്‍ നശിപ്പിച്ചതിനും.ആദ്യത്തെ കേസില്‍ 51പേരാണ് പ്രതികള്‍. ഇവരെയാണ് ആദ്യം കോടതിയില്‍ ഹാജരാക്കിയത്. കല്ല്, മരവടി എന്നിവ ഉപയോഗിച്ച്‌ പോലീസിനെ ആക്രമിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാവിലെ കോടതിക്കു മുന്നില്‍ പ്രതികളെ കൊണ്ടുവന്ന പോലീസ് വാഹനമെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി സംഘര്‍ഷാവസ്ഥയുണ്ടാക്കി. പിന്നീട് പോലീസ് നയപരമായി നാട്ടുകാരെ കൂടുതല്‍ ബഹളമുണ്ടാക്കാതെ നിയന്ത്രിച്ചു മാറ്റിയ ശേഷമാണ് ശക്തമായ കാവലില്‍ പ്രതികളെ കോടതിക്ക് അകത്തക്ക് പ്രവേശിപ്പിച്ചത്.ആകെ 164 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ പോലീസുകാരെ ആക്രമിച്ചതുള്‍പ്പെടെയുള്ള അതിക്രമങ്ങളില്‍ തിരിച്ചറിഞ്ഞ പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്.തിങ്കളാഴ്ച 25 പ്രതികളെ രാവിലെയും, 25 പേരെ ഉച്ചയ്ക്കും, വൈകിട്ട് അഞ്ചരയോടെ 26 പേരെയും, രാത്രിയില്‍ മജിസ്ട്രേട്ടിന്റെ വസതിയില്‍ 88 പേരെയും, ഇന്ന് പുലര്‍ച്ചെ അഞ്ചു പേരെയും ഹാജരാക്കി. സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള നിയമസഹായ വേദിയുടെ (കൈല്‍സ) വക്കീലായ അഡ്വ: ഇ.എന്‍. ജയകുമാറാണ് പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. പ്രതികളുടെ എണ്ണം കൂടുതലുള്ളതിനാല്‍ വിയ്യൂര്‍ സ്പെഷ്യല്‍ ജയിലിലാണ് പ്രതികളെ പാര്‍പ്പിക്കുന്നത്.

കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വന്‍ തീപിടിത്തം

keralanews huge fire in shoe company in kozhikkode

കോഴിക്കോട്:കൊളത്തറ മോഡേണ്‍ ബസാറിലെ ചെരുപ്പ് കമ്പനിയിൽ വന്‍ തീപിടിത്തം. പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം.കോഴിക്കോട്, തിരൂർ ഫയർ സ്റ്റേഷനുകളില്‍ നിന്നായി 8 ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കുന്നത് തുടരുകയാണ്. കെട്ടിടത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മാര്‍ക് എന്ന ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്.ആദ്യം ഒരു പൊട്ടിത്തെറി ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പിന്നാല തീപിടിത്തമുണ്ടായി. അന്‍പതോളം അതിഥി തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്ക് തീപിടിത്തമുണ്ടായപ്പോള്‍ തന്നെ പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.കെട്ടിടം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സ്ഥാപനത്തിന്റെ മേല്‍ക്കൂര തകര്‍ന്നടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കൊല്ലത്ത് വാഹനാപകടം; നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു

keralanews four fishermen died in accident in kollam

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.ഇടപ്പള്ളി കോട്ടയ്‌ക്ക് സമീപം പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ 35 മത്സ്യത്തൊഴിലാളികളാണ് ബസിൽ ഉണ്ടായിരുന്നത്. അപകടകാരണം വ്യക്തമല്ല. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം(56),ബർക്കുമൻസ്(45), ജസ്റ്റിൻ(56), തമിഴ്നാട് സ്വദേശി ബിജു(35), എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം സ്വദേശി റോയി (26) മാർത്താണ്ടം സ്വദേശി വർഗ്ഗീസ് (40) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഈ മാസം 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം;കടകൾ രാത്രി 10 വരെ മാത്രം;അനാവശ്യ യാത്രകൾ അനുവദിക്കില്ല

keralanews night control in the state from 30th of this month to 2nd of january shops only till 10pm no unnecessary travel will be allowed

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം.രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിയ്‌ക്ക് അടയ്‌ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10 ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് പുതിയ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. നിലവിലെ നിയന്ത്രണങ്ങൾ പ്രാപ്തമാണെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തൽ. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും. കൊവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്‌ൻമെൻറ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തേണ്ടതുമാണ്.ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം. കേന്ദ്രസർക്കാർ കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാമെന്നും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവർക്കും ബൂസ്റ്റർ ഡോസ് നൽകാമെന്നും തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലെ അർഹരായവർക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുവത്സരാഘോഷം;സംസ്ഥാനത്ത് ഡി ജെ പാർട്ടികൾക്ക് നിയന്ത്രണം;ഹോട്ടലുകൾക്ക് മാർഗനിർദേശങ്ങൾ നൽകി

keralanews new year celebrations regulation of dj parties in the state guidance given to hotels

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുവത്സാരാഘോഷത്തോടനുബന്ധിച്ചുള്ള ഡിജെ പാർട്ടികൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.ലഹരി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹോട്ടലുകളിൽ വ്യാപകമായി പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി.തിരുവനന്തപുരം,കൊച്ചി, ഉൾപ്പെടെയുള്ള പ്രധാന ഹോട്ടലുകൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.ഡിസംബര്‍ 31ന് രാത്രി പത്തുമണിക്ക് ശേഷം ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. പുതുവത്സരാഘോഷം കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് വ്യാപകമായി ലഹരിമരുന്നുകൾ എത്തിയെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.പല ഹോട്ടലുകളിലും ഡിജെ പാർട്ടികളുടെ മറവിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.ഇത് കണക്കിലെടുത്താണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകിയത്.ഡിജെ പാര്‍ട്ടിയെ പറ്റി ഹോട്ടലുകള്‍ പരസ്യം നല്‍കിയിട്ടുണ്ട്. ഈ ഹോട്ടലുകളില്‍ പാര്‍ട്ടി നടത്തിപ്പിനെപ്പറ്റിയുള്ള പൊലീസ് മാര്‍ഗനിര്‍ദേശമടങ്ങിയ നോട്ടീസുകള്‍ നല്‍കുകയാണ്. പാര്‍ട്ടി എത്ര മണിക്ക് തുടങ്ങിയാലും പത്തു മണിക്ക് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിവക്കും. പാര്‍ട്ടി നടക്കുന്ന വേദിയില്‍ സിസി ടിവി പ്രവര്‍ത്തനം ഉറപ്പാക്കണം. ദൃശ്യങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കണം. പൊലീസ് ഏതുസമയത്ത് ആവശ്യപ്പെട്ടാലും ദൃശ്യങ്ങള്‍ കൈമാറണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.അതോടൊപ്പം വരും ദിവസങ്ങളിൽ വാഹനപരിശോധനയും സംസ്ഥാനത്ത് കർശനമാക്കാനാണ് നിർദേശം.

സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി കൃഷിവകുപ്പ്;10 ടണ്‍ തക്കാളി എത്തിച്ചു

keralanews agriculture department intervened to control the price of vegetables in the state 10 tonnes of tomatoes have been delivered

തിരുവനന്തപുരം:സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി കൃഷിവകുപ്പ്.ഹോര്‍ട്ടികോര്‍പ്പ് മുഖാന്തരം സംഭരിച്ച 10 ടണ്‍ തക്കാളി തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ എത്തിച്ചു. ആന്ധ്രയിലെ മുളകാച്ചെരുവില്‍ നിന്നാണ് തക്കാളി എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ വഴി 48 രൂപാ നിരക്കിലാകും വിപണനം നടത്തുക. വരും ദിവസങ്ങളില്‍ കൂടുതല്‍ പച്ചക്കറി സംസ്ഥാനത്ത് എത്തിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

ഡിസംബര്‍ 30ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്

keralanews auto taxi strike in the state on december 30th

തിരുവനന്തപുരം: ഡിസംബര്‍ 30ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പ്രഖ്യാപിച്ചു.ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അവസാനമായി സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടിയത് 2018 ഡിസംബറിലാണ്.അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിന്‍റെയും ഇന്ധനവില വര്‍ധനയുടേയും സാഹചര്യത്തില്‍ നാളുകളായി ഓട്ടോ-ടാക്സി മേഖല പ്രതിസന്ധിയിലാണ്. മൂന്ന് വര്‍ഷത്തിന് മുകളിലായി ഓട്ടോ ടാക്സി നിരക്ക് ഉയര്‍ത്തിയിട്ടെന്നും ഇനിയും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ പറയുന്നു.ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് മുന്നില്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനം ആകാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

15 വയസിന്‌ മുകളിലുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍

keralanews covid vaccine registration for children over 15 years of age from 1 january

ന്യൂഡൽഹി: 15 വയസിന്‌ മുകളിലുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും.കോവിൻ രജിസ്ട്രേഷൻ പോർട്ടൽ മേധാവിയായ ഡോ ആർ എസ് ശർമയാണ് ഇക്കാര്യം അറിയിച്ചത്.വിദ്യാര്‍ഥികളില്‍ ചിലർക്ക് ആധാർ കാർഡ് ഇല്ലാത്ത പശ്ചാത്തലത്തില്‍ വിദ്യാർത്ഥി തിരിച്ചയൽ കാർഡ് ഉപയോഗിച്ചു രജിസ്ട്രേഷന്‍ നടത്താം.കോവിൻ പ്ലാറ്റ് ഫോമിൽ ആ സൗകര്യവും കൂട്ടിചേര്‍ത്തിട്ടുണ്ട്.15-നും 18- നും ഇടയിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി മോദി ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.കൗമാരക്കാര്‍ക്ക് നല്‍കാവുന്ന രണ്ടു വാക്സീനുകള്‍ക്ക് രാജ്യത്ത് അനുമതി ഉണ്ടെങ്കിലും ഭാരത് ബയോട്ടെക്കിന്‍റെ കോവാക്സീന്‍ മാത്രമാകും തുടക്കത്തില്‍ നല്‍കുക. നാലാഴ്ച്ച ഇടവേളയില്‍ രണ്ട് ഡോസ് നല്‍കും. നല്‍കുന്ന വാക്സീന്‍റെ അളവില്‍ വ്യത്യാസം ഉണ്ടാകില്ല. ജനുവരി 10 മുതൽ കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗികൾക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നല്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റർ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സീന്‍ തന്നെ നല്‍കിയാല്‍ മതിയെന്നും തീരുമാനമായി. രണ്ടാം ഡോസ് കിട്ടി ഒന്‍പത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റർ ഡോസ് നല്‍കുക. ഐസിഎംആര്‍ ഉള്‍പ്പടെ വിദഗ്ധ സമിതികള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള. ഏപ്രില്‍ ആദ്യ വാരത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്കാകും ബൂസ്റ്റർ ഡോസ് ആദ്യം ലഭിക്കുക. ബൂസ്റ്റർ ഡോസായി വ്യത്യസ്ത വാക്സീന്‍ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സീന്‍ തന്നെ നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

കിഴക്കമ്പലം ആക്രമണക്കേസ്; 50 അതിഥി തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി

keralanews kizhakkamalam violance case arrest of 50 otherstate workers recorded

എറണാകുളം: കിഴക്കമ്പലം ആക്രമണക്കേസിൽ 50 അതിഥി തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കസ്റ്റഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകുമെന്നാണ് റിപ്പോര്‍ട്ട്. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകൾ കൂടി ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ സിഐയുടേയും എസ്‌ഐയുടേയും പരാതിയിലാണ് എഫ്‌ഐആർ. വിവിധ ഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പോലീസ് ജീപ്പുകൾ തകർക്കുകയും ഒരെണ്ണം കത്തിയ്‌ക്കുകയുമാണ് ചെയ്തത്. കിറ്റെക്‌സ് കമ്പനി തൊഴിലാളികൾക്കായി നിർമ്മിച്ച് നൽകിയ ക്യാമ്പിലാണ് ആക്രമണം നടന്നത്.മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്ക് നേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തിരുന്നു. ആലുവ റൂറൽ എസ്പി കാർത്തിന്റെ നേതൃത്വത്തിൽ 500ഓളം പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.അതേസമയം അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു. ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് കേസ്. പൊലിസ് വാഹനങ്ങള്‍ തീകത്തിച്ചതടക്കം പ്രതികള്‍ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലിസ് പറയുന്നു. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.