തലശ്ശേരി:ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചു കടത്തുന്ന കാസര്‍കോട് സ്വദേശിയുള്‍പെട്ട രണ്ടംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി. കാസര്‍കോട് അണങ്കൂര്‍ സ്വദേശി പി. ദാമോദര്‍ ഭട്ട് (48), പാപ്പിനിശ്ശേരി സ്വദേശി ടി.പി രാജേഷ്(24) എന്നിവരെയാണ് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, മിഷന്‍ ആശുപത്രി, ജോസ്ഗിരി ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ വ്യാപകമായി മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇന്ദിരാഗാന്ധി ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സിലിണ്ടറുകള്‍ കടത്താന്‍ ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ വിവിധ ദിവസങ്ങളില്‍ മോഷണം നടത്തിയ ഏഴോളം ഓക്സിജന്‍ സിലിണ്ടറുകള്‍ പോലീസ് കണ്ടെടുത്തു. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന മധു മേനോന്‍ എന്നയാളുടെ ഏജന്‍സിയില്‍ രാജേഷ് നേരത്തെ ജോലി ചെയ്തിരുന്നു. ജോലിയില്‍ കൃത്യനിഷ്ട പാലിക്കാത്തതിനാല്‍ രാജേഷിനെ ജോലിയില്‍നിന്നു ഒഴിവാക്കുകയായിരുന്നു. ഇതിന്റെ വിരോധം തീര്‍ക്കുന്നതിനാണ് ആശുപത്രികളില്‍നിന്നു കാലിയായ ഓക്സിജന്‍ സിലിണ്ടറിനൊപ്പം പൂര്‍ണമായി നിറച്ച സിലിണ്ടറുകളും തന്ത്രപരമായി ഇവര്‍ മോഷ്ടിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് വ്യക്തമാക്കിയത്.
മൊബൈലിൽ സംസാരിച്ചു കൊണ്ട് ബസ്സോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.കോഴിക്കോട്ടുനിന്ന് ഗുരുവായൂര്‍ വഴി നെടുമ്ബാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ലോ ഫ്ളോര്‍ ബസിന്റെ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) ആണ് പിടിയിലായത്. തിരക്കുള്ള റോഡിലൂടെ ഇയാൾ മൊബൈലില്‍ സംസാരിച്ച് ബസ് ഓടിക്കുന്നതും മുന്നിലെ വാഹനങ്ങളെ മറികടക്കുന്നതും യാത്രക്കാരന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ആര്‍.ടി.ഒ.യ്ക്ക് അയച്ചുകൊടുത്തതിനെത്തുടര്‍ന്നാണ് നടപടി.കഴിഞ്ഞ ദിവസം കൂനംമൂച്ചിയില്‍ വെച്ചായിരുന്നു സംഭവം.ഗുരുവായൂരിലെ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് യാത്രക്കാരന്‍ സംഭവം വാട്‌സ് ആപ്പ് ചെയ്തുകൊടുത്തത്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണസംഘം ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനിലെത്തി ഡ്രൈവറെ വിളിച്ചുവരുത്തി. താന്‍ മൊബൈലില്‍ സംസാരിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും വീഡിയോ തെളിവായിരുന്നു. ഗുരുവായൂര്‍ ആര്‍.ടി.ഒ. ഷാജിയാണ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. റോഡിലെ നിയമങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നത് ചിത്രമെടുത്ത് പൊതുജനങ്ങള്‍ക്ക് വാട്‌സ് ആപ്പ് അയയ്ക്കാമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. വാട്‌സ് ആപ്പ് നമ്പർ: 8547639185
വയനാട് മേപ്പാടി എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നു തൊഴിലാളികളും രക്ഷപ്പെട്ടു
കൽപ്പറ്റ:വയനാട് മേപ്പാടി എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ മൂന്നു തൊഴിലാളികളും രക്ഷപ്പെട്ടു.ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നുപേരെയാണ് സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. മറ്റൊരാള്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെ രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അലാവുദ്ദീന്‍ അര്‍ധരാത്രിക്ക് ശേഷമാണ് രക്ഷപ്പെട്ട് എത്തിയത്.അലാവുദ്ദീന്‍ ഫോണില്‍ എസ്റ്റേറ്റ് അധികൃതരെ വിളിച്ച് മാവോവാദികള്‍ പണം ആവശ്യപ്പെടുന്നതായി അറിയിച്ചു. പിന്നീട് മാനേജ്മെന്റ് പ്രതിനിധികളോട് സംഭവസ്ഥലത്തെത്താനും ആവശ്യപ്പെട്ടു. നാലുപേരാണ് ആദ്യം തടഞ്ഞുവെച്ചതെന്നും പിന്നീട് മാവോവാദികള്‍ കൂടുതലായെത്തിയതായും അലാവുദ്ദീന്‍ പറഞ്ഞു.നിലമ്പൂർ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡി.വൈ. എസ്‌പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കള്ളാടിയും പരിസര പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.
യുവമോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം,ആറുപേർക്ക് പരിക്ക്
തിരുവനന്തപുരം:എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് അമല്‍ എന്ന പ്രവര്‍ത്തകനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവര്‍ത്തകരായ അമല്‍, ശ്രീലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗ്രനേഡ് പൊട്ടിത്തെറിച്ച് വിമേഷിന് കണ്ണിന് പരുക്കേറ്റു. . പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബുവിന് പരിക്കേറ്റത്.എ ബി വി പി പ്രവര്‍ത്തകരായ സച്ചിന്റെയും വിശാലിന്റെയും ശ്യാമപ്രസാദിന്റെയും കൊലപാതകവും എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവും എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരുന്നു സംഘര്‍ഷം.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതെങ്ങനെയെന്ന് അറിയാം
ഒരു വാഹനം ഓടിക്കണമെങ്കിൽ നിർബന്ധമായും നമുക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.എന്നാല്‍ പലപ്പോഴും കാലാവധി കഴിഞ്ഞാണ് ലൈസൻസ് പുതുക്കുന്ന കാര്യത്തെപ്പറ്റി പലരും ഓർക്കുക. ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയാനുമിടയില്ല. ലൈസന്‍സുകള്‍ ഏതൊക്കെയെന്നും അവയുടെ കാലാവധി എത്രയെന്നും പുതുക്കുന്നതെങ്ങനെയെന്നുമൊക്കെ നോക്കാം.നോൺ ട്രാൻസ്പോർട്ട്, ട്രാൻസ്പോർട്ട് എന്നിങ്ങനെ രണ്ട് വിധത്തിലാണ് സാധാരണ ഡ്രൈവിംഗ് ലൈസന്‍സ്. ഈ രണ്ടുതരം വാഹനങ്ങളുടെയും ലൈസൻസ് കാലാവധി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ തീർച്ചയായും ഇത് പുതുക്കണം.നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക് 5 വർഷവും അല്ലാത്തവർക്ക് 20 വർഷം അല്ലെങ്കിൽ 50 വയസുവരെ ആണ്.അപേക്ഷ നല്കുന്നതിനാവശ്യമായ ഫോം RTO വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുകയോ RTO ഓഫീസിൽ നിന്നും വാങ്ങുകയോ ചെയ്യാം.ഇത് പൂരിപ്പിച്ച് ആവശ്യമായ രേഖകളോടൊപ്പം RTO ഓഫീസിൽ നൽകണം.മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോറം-1-A), നേത്രരോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ്, ലൈസൻസ്,പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം,തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അപേക്ഷയുടെ ഒപ്പം നല്‍കുക.
500 രൂപയാണ് ഫീസ്. ലൈസൻസിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപുതന്നെ പുതുക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധുത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും.30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക.കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.
ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകൾ തിരിച്ചെത്തിച്ചാൽ കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ തിരിച്ചെടുക്കും
കണ്ണൂർ:ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകൾ തിരികെയെത്തിച്ചാൽ കിലോക്ക് അഞ്ചുരൂപ നിരക്കിൽ തിരിച്ചെടുക്കുമെന്ന് ഫ്ലെക്സ് പ്രിന്റുചെയ്യുന്നവർ അറിയിച്ചു.റീസൈക്ലിങ് ചെയ്ത ഫ്ളക്സുകൾ റോഡുകളുടെ നിർമാണത്തിന് ഉപയോഗിക്കാവുന്ന ഗ്രാനൂളുകളാക്കി മാറ്റാനാകുമെന്ന് സൈൻ പ്രിന്റേഴ്‌സ് ഇൻഡസ്ട്രിയൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ഫ്ലെക്സുകൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഇവ മാലിന്യങ്ങളായി മണ്ണിലിടുന്ന സ്ഥിതി ഉണ്ടാകില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.മൈസൂരുവിലെ മാണ്ട്യയിൽ ഫ്ലെക്സ് സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.നിറവ് വേങ്ങേരി എന്ന സംഘടനയുമായി സഹകരിച്ച് ശേഖരിച്ച ഫ്ളക്സുകൾ കഴുകി വൃത്തിയാക്കി ഇവിടെ എത്തിക്കും.കണ്ണൂർ കോർപറേഷന്റെ സീറോ വേസ്റ്റ് പദ്ധതിക്ക് പിന്തുണയുമായാണ് സൈൻ പ്രിന്റേഴ്‌സ് അസോസിയേഷനും റീസൈക്ലിങ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഇതിനായി പ്രത്യേക സ്ക്വാർഡുകളെയും രൂപീകരിക്കും.ഇവർ മാസത്തിലൊരിക്കൽ എല്ലാ ഫ്ലെക്സ് മാലിന്യങ്ങളും തിരിച്ചെടുക്കും. ഇത്തരത്തിൽ ഫ്ലെക്സ് ഏറ്റെടുക്കാൻ വിളിക്കേണ്ട നമ്പർ:9447020921,9847284537,9349108995.
രാമന്തളിയിൽ സ്റ്റീൽ ബോംബ് കണ്ടെടുത്തു
പയ്യന്നൂർ:രാമന്തളിയിൽ സ്റ്റീൽ ബോംബ് കണ്ടെടുത്തു.കക്കംപാറയിലും ചിറ്റടിയിലും പോലീസ് നടത്തിയ പരിശോധനയിലാണ് ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാർഡും ഡോഗ് സ്ക്വാർഡും പയ്യന്നൂരിൽ നിന്നെത്തിയ പോലീസ് ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെടുത്തത്.ചിറ്റടിയിലെ പൂട്ടിക്കിടക്കുന്ന കടയ്ക്ക് സമീപത്തുള്ള ചെങ്കൽ പണയിൽ നിന്നുമാണ് ആദ്യത്തെ ബോംബും ബോംബ് നിർമാണ സാമഗ്രികളും കണ്ടെടുത്തത്.കക്കാമ്പാറ ജംഗ്ഷന് സമീപം ടോപ് റോഡ് ആരംഭിക്കുന്ന വളവിൽ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് രണ്ടാമത്തെ ബോംബ് കണ്ടെടുത്തത്.ഈ ഭാഗങ്ങളിൽ ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും സ്ഫോടനങ്ങൾ നടക്കാറുണ്ടെന്നും ലഭിച്ച വിവരത്തെ തുടർന്ന് പലതവണ ഈ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.എസ്.എച്ച് ഓ.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശികുമാർ, സ്‌ക്വാഡ് അംഗങ്ങളായ ശിവദാസ്,വിനീഷ്,വിനേഷ്,പയ്യന്നൂർ എസ്‌ഐ നിജേഷ്,കെ.എ.പി സേനാംഗങ്ങൾ എന്നിവരാണ് തിരച്ചിൽ നടത്തിയത്.
ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു;സംസ്ഥാനത്ത് ജൂലൈ 24 വരെ ശക്തമായ മഴ തുടരും
തിരുവനന്തപുരം:ബംഗാൾ തീരത്ത് രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദവും കേരളാ തീരത്ത് നിലവിലുള്ള ന്യൂനമർദ പാത്തിയും കാരണം ജൂലൈ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.കാറ്റ് വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കാമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഉച്ചവരെ ഈ മുന്നറിയിപ്പ് ബാധകമാണ്. വ്യാഴാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറില്‍ കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരാണ് -10.3 സെന്‍റീ മീറ്റര്‍. വരുംദിവസങ്ങളില്‍ ഏഴു മുതല്‍ 20 സെ.മീ. വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. നാശനഷ്ടം വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം വരും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമുണ്ടായ ന്യൂനമര്‍ദങ്ങളാണു മണ്‍സൂണിനു രൗദ്രഭാവം നല്‍കിയത്. മൂന്നുദിനം കൂടി ഇതു തുടരാനാണു സാധ്യത. ഞായറാഴ്ച വരെ എറണാകുളം മുതല്‍ വടക്കോട്ട് മഴയുടെ ശക്തി കൂടുമെന്നും തെക്കന്‍ ജില്ലകളില്‍ കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥാ ഗവേഷണകേന്ദ്രം കണക്കുകൂട്ടുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഇത് മണിക്കൂറില്‍ 60 കി.മീ. വരെയായേക്കാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
പരിയാരത്തെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം;തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ
പരിയാരം:പരിയാരം നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ.ശ്രീലയയെ പ്രണയത്തിൽകുരുക്കി ആത്മഹത്യയിലേക്കെത്തിച്ചത് തിരുവനന്തപുരം വെള്ളറട പൊന്നമ്ബി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇയാളുടെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളത്ത് കണ്ടെയ്‌നര്‍ കമ്പനിയിൽ ജീവനക്കാരനാണ് കിരണ്‍.ജൂണ്‍ രണ്ടിനാണ് പരിയാരം നഴ്സിംഗ് സ്കൂളിലെ ഒന്നാംവര്‍ഷ ബി.എസ്സി. നഴ്‌സിങ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജന്‍-ലീന ദമ്ബതിമാരുടെ മകള്‍ പി.ശ്രീലയ(19)യെ ഹോസ്റ്റൽ മുറിയിലെ ഫാനില്‍ ചുരിദാര്‍ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും കാണിച്ചുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ കത്തിലെ കൈയക്ഷരം തന്റെ മകളുടേതല്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് രംഗത്ത് വന്നു.മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട കാര്യമില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ശ്രീലയ സ്വന്തം താത്പര്യപ്രകാരമാണ് നഴ്‌സിങ് തിരഞ്ഞെടുത്തത്. പഠനത്തില്‍ ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ല. വീട്ടില്‍ വരുമ്ബോഴെല്ലാം സന്തോഷത്തിലായിരുന്നുവെന്നും ജയരാജ് പൊലീസിനെ അറിയിച്ചിരുന്നു.കോഴിക്കോട് ഗവ. നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവറായ പി.ജയരാജന്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കി.ശ്രീലയ പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ട് മൊബൈല്‍ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നും ഈ രണ്ട് നമ്പറുകളിലേക്കും വന്ന കോളുകള്‍ പരിശോധിച്ചതിലൂടെ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് വിവരം ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ ബെന്നി കുടുങ്ങിയത്.ഫോണിലൂടെ പരിചയപ്പെട്ട ശ്രീലയും ബെന്നിയും പ്രണയത്തിലായി. തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച ബെന്നി ശ്രീലയെ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രണയവിവരം വീട്ടിലിറിയിക്കുമെന്ന് കിരണ്‍ ശ്രീലയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
തൃശ്ശൂരിൽ വീട് തകർന്നു വീണ് അച്ഛനും മകനും മരിച്ചു
തൃശൂർ:കനത്ത മഴയിൽ വീട് തകർന്നു വീണ് തൃശൂർ വണ്ടൂരിൽ അച്ഛനും മകനും മരിച്ചു.ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77). മകന്‍ ബാബു(40) എന്നിവരാണ് മരിച്ചത്. രാത്രി വീട് തകര്‍ന്നെങ്കിലും രാവിലെയാണ് അയല്‍വാസികള്‍ സംഭവമറിഞ്ഞത്. മണ്ണുകൊണ്ടുള്ള വീട് കനത്തമഴയില്‍ അപകടാവസ്‌ഥയിലായിരുന്നു.