കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ.കൊച്ചി സെന്‍ട്രല്‍ പോലീസാണ് പള്ളുരുത്തി സ്വദേശിയായ സനീഷ് എന്നയാളെ പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നയാളാണ് സനീഷ് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ചോദ്യംചെയ്തു വരികയാണ്.
കണ്ണൂർ ചക്കരക്കല്ലിൽ മദ്രസ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:കണ്ണൂർ ചക്കരക്കല്ലിൽ മദ്രസ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്യോട് പള്ളിയോട് ചേർന്ന മദ്രസയിൽ താമസിച്ച് പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥി പാതിരിയാട് സ്വദേശി സാജിദിന്‍റെ മകൻ മുഹമ്മദി(11)ന്‍റെ മൃതദേഹമാണ് പള്ളിയുടെ ചേർന്നുള്ള കുളത്തിൽ കണ്ടെത്തിയത്.മുഹമ്മദ് പതിവായി മദ്രസ്സയില്‍ എത്തുന്ന സമയത്ത് കാണാത്തതിനെ തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ഇവിടത്തെ കുളത്തിൽ കുട്ടി നീന്തൽ അഭ്യസിച്ച് വരുന്നതായും ഉമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നതായും സൂചനയുണ്ട്. ഇതേ തുടർന്ന് രാത്രി കൗതുകത്തിന് കുളത്തിൽ ഇറങ്ങിയതായാണ് സംശയിക്കുന്നത്.ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സൗദ-സിറാജ് ദമ്പതികളുടെ മകനാണ് മുഹമ്മദ്. സഹല, സംഹ എന്നിവര്‍ സഹോദരങ്ങളാണ്.
ഇരിട്ടി കീഴൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു;നിരവധിപേർക്ക് പരിക്ക്
ഇരിട്ടി:ഇരിട്ടി കീഴൂരിൽ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.തില്ലങ്കേരി കാവുമ്പാടിയിലെ മുംതാസ് മൻസിലിൽ കെ.അബ്ദുല്ല -പാത്തുമ്മ ദമ്പതികളുടെ മകൻ എൻ.എൻ മുനീർ(27)ആണ് മരിച്ചത്.കാർ യാത്രക്കാരായ തില്ലങ്കേരി കാവുമ്പടി സ്വദേശികളായ മുഹസിൻ,മുനീർ,ഫായിസ് എന്നിവർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ മൂവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക്2.30യോടെ കൂളിചെമ്പ്ര പെട്രോൾ പമ്പിന് മുൻവശത്തായിരുന്നുഅപകടം.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ഇന്നോവ പൂർണ്ണമായും ബസിന്റെ മുൻഭാഗവും തകർന്നു.ബസ് റോഡിന് കുറുകെ ആണ് ഉള്ളത്. ഇതിനെ തുടർന്ന് ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ആഷിക്ക് ബസും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
ഇരിട്ടി:കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ.ഇരിട്ടി എക്സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പേരട്ടയിലെ ഷംസീറി (35)നെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ചെറിയ പൊതികളാക്കി വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു.കൂട്ടുപുഴ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ണാടകത്തിലെ വീരാജ്‌പേട്ടയില്‍ നിന്നാണ് കഞ്ചാവ് ഇവിടേക്ക് എത്തിക്കുന്നതെന്ന് പ്രതി മൊഴി നല്‍കി.റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി പി ദിനേശന്‍,പ്രിവന്റീവ് ഓഫീസര്‍ ടി കെ വിനോദന്‍, അബ്ദുള്‍ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബു ഫ്രാന്‍സിസ്, വി കെ അനില്‍കുമാര്‍, പി കെ സജേഷ്, കെ എന്‍ രവി, കെ കെബിജു, ശ്രീനിവാസന്‍, അന്‍വര്‍ സാദത്ത് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനം;ഈ മാസം മുപ്പതിന് ഹിന്ദു സംഘടനകളുടെ ഹർത്താൽ
തൃശൂര്‍: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകള്‍.ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.ശബരിമല ആചാര അനുഷ്ടാനം അട്ടിമറിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ തിരുത്തുക. ശബരിമല ആചാര അനുഷ്ടാന സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരിക. ശബരിമല ദേവത അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.യുവതികള്‍ക്ക് ശബരിമലയില്‍ കോടതി പ്രവേശനം അനുവദിച്ചാല്‍ പമ്ബയില്‍ അവരെ തടയുമെന്നും സംഘടനകള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണു പത്രസമ്മേളനം നടത്തിയത്.
കെഎസ്ആർടിസി ജീവനക്കാർ ഓഗസ്റ്റ് 6 ന് പണിമുടക്കും
കൊച്ചി: കെഎസ്ആര്‍ടിസി ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ ജീവനക്കാര്‍ ഓഗസ്റ്റ് 6 ന് പണിമുടക്കും.24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കെഎസ്‌ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍, വാടകവണ്ടി ഓടിക്കാനുള്ള തീരുമാനം,മൂന്ന് കമ്പനിയാക്കാനുള്ള നീക്കം, ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്ബള പരിഷ്‌കരണം നടപ്പിലാക്കല്‍ എന്നിവയ്‌ക്കെതിരെയാണ് സമരം.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും.ഓഗസ്റ്റ് എട്ടിന് നടക്കുന്ന ചടങ്ങിലേക്ക് മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.ഇത് സംബന്ധിച്ചുള്ള ഒദ്യോഗിക ക്ഷണം മന്ത്രി മോഹൻലാലിന് കൈമാറി.ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളായിരുന്നു ഉടലെടുത്തിരുന്നത്.മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാര്‍ക്കുമൊപ്പം മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് പറഞ്ഞതിനെതിരെയായിരുന്നു പ്രശ്‌നങ്ങള്‍. സിനിമയില്‍ നിന്നും ഒരാള്‍ മുഖ്യാതിഥിയായി എത്തുന്നതിനോട് വിയോജിപ്പ് പ്രകടപ്പിച്ച് ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ മേഖലകളിലുള്ള നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അങ്ങനെ ഒരാളെ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞ് 108 ഓളം വരുന്ന ആളുകള്‍ ചേര്‍ന്ന് ഒപ്പിട്ടൊരു മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു.എന്നാൽ അതിൽ മോഹൻലാൽ പങ്കെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും നേരത്തെയും നടൻമാർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.2005 ഇൽ മോഹൻലാൽ തന്നെ ഇത്തരത്തിൽ മുഖ്യാതിഥിയായിരുന്നു.അദ്ദേഹം പങ്കെടുക്കുന്നത് ചടങ്ങിന്റെ ശോഭ കൂട്ടുമെന്ന് മികച്ച നടനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങുന്ന നടൻ ഇന്ദ്രൻസും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉദയകുമാർ ഉരുട്ടിക്കൊല കേസ്;രണ്ടു പോലീസുകാർക്ക് വധശിക്ഷ;മൂന്നുപേർക്ക് മൂന്നുവർഷം തടവ്
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പൊലീസുകാര്‍ക്കു വധശിക്ഷ. പ്രതികളായ മറ്റു മൂന്നു പൊലീസുകാര്‍ക്കു മൂന്നു വര്‍ഷം തടവ് ശിക്ഷയും പ്രത്യേക സിബിഐ കോടതി വിധിച്ചു.ഒന്നാം പ്രതി എഎസ്‌ഐ ജിതകുമാറിനും രണ്ടാം പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീകുമാറിനുമാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വധശിക്ഷ വിധിച്ചത്. ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ടി.അജിത് കുമാര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ. ഇവര്‍ അയ്യായിരം രൂപ പിഴയും അടയ്ക്കണം.കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്. കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. മൂന്നാം പ്രതിയായ പൊലീസുകാരന്‍ എസ് വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചു. അതിനാല്‍ അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവർക്കെതിരെ ഗൂഢാലോചനയില്‍ പങ്കെടുക്കൽ, തെളിവു നശിപ്പിക്കൽ,വ്യാജ രേഖകള്‍ നിർമിക്കാൻ തുടങ്ങിയ കുറ്റങ്ങളും കോടതി കണ്ടെത്തി. 2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമായ മർദനത്തിന് ഇരയായത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ വെച്ച് മരിച്ചു. കേസ് ഇല്ലാതാക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
കണ്ണൂരിൽ നിന്നും അബുദാബി,ദമാം എന്നിവിടങ്ങളിലേക്ക് വിമാന സർവീസിന് അനുമതി
കണ്ണൂർ:കണ്ണൂരിൽ നിന്നും അബുദാബി,ദമാം എന്നീ ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസിന് അനുമതി നൽകി.കേന്ദ്ര വ്യാമയാന മന്ത്രി സുരേഷ് പ്രഭു അൽഫോൻസ് കണ്ണന്താനത്തെയാണ് ഇക്കാര്യം അറിയിച്ചത്.ജെറ്റ് എയർവേയ്‌സ്,ഗോ എയർ വിമാന സർവീസുകൾക്കാണ് അനുമതി. കണ്ണൂർ-ദോഹ റൂട്ടിൽ സർവീസ് നടത്താൻ ഇൻഡിഗോയും കണ്ണൂർ-അബുദാബി, കണ്ണൂർ-മസ്‌ക്കറ്റ്,കണ്ണൂർ-റിയാദ് എന്നീ റൂട്ടുകളിൽ സർവീസ് നടത്താൻ എയർ ഇന്ത്യ എക്സ്പ്രസ്സും അപേക്ഷിച്ചിട്ടുണ്ടെന്നും ഇവർക്ക് അനുമതി നൽകുമെന്നും സുരേഷ് പ്രഭു പറഞ്ഞു. വി.മുരളീധരൻ എം പി ക്കൊപ്പമാണ് കണ്ണന്താനം സുരേഷ് പ്രഭുവിനെ കണ്ടത്.
മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
വൈക്കം:മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് വെള്ളപ്പൊക്ക ദുരന്തം റിപ്പോർട്ട് ചെയ്യുന്നതിനായി പോയ മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം അപകടത്തിൽപ്പെട്ടത്. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകൻ കടത്തുരുത്തി പൂഴിക്കോൽ പട്ടശ്ശേരിൽ കെ.കെ സജി(46),ചാനൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ ബിബിൻ ബാബു(27) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്ത്.സജിയുടെ മൃതദേഹം ഇന്നലെ രാവിലെ ഒന്പതരയോട് കൂടി കണ്ടെടുത്തിരുന്നു.രാത്രി ഏഴുമണിയോട് കൂടി ബിബിന്റെ മൃതദേഹവും അഗ്നിരക്ഷാ സേന കണ്ടെടുത്തു.