കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഇലക്ട്രോണിക്സ് കടയിൽ നിന്നും രണ്ടരലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു.കോട്ടച്ചേരിയിലെ നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് കമ്പനിയുടെ ഷോറൂമിലാണ് കവർച്ച നടന്നത്.ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് ഷോറൂമിന്റെ ഷട്ടര്‍ പകുതി തുറന്നുകിടക്കുന്നതായി കണ്ടത്. ഇവര്‍ ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി കട ഉടമകളെ വിവരമറിയിച്ച ശേഷം ഷോറൂമിനകത്ത് കടന്നപ്പോഴാണ് രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഷോറൂമിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ കവര്‍ച്ചാ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.കടയുടെ ഉടമ ഷാജിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഷോറൂമിനകത്ത് വിലപിടിപ്പുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മൊബൈല്‍ ഫോണുകള്‍ മാത്രമാണ് മോഷണം പോയത്.കാസര്‍കോട്ടു നിന്നും വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ആശങ്കയുണർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
തൊടുപുഴ:ആശങ്കയുണർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.ഞായറാഴ്ച രാവിലെ ജലനിരപ്പ് 2393.78 അടി രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയില്‍ പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടര്‍ന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത് . മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താല്‍ ഒരാഴ്ചയ്ക്കകം ഡാം തുറക്കാന്‍ സാധ്യതയുണ്ട്.ശനിയാഴ്ച വൈകുന്നേരം വരെ 2,393.32 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാന്‍ കാക്കാതെ 2,397 അടിയിലെത്തുമ്പോൾ നിയന്ത്രിത അളവില്‍ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറക്കാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.ഡാം തുറക്കേണ്ടി വന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച അറിയിച്ചിരുന്നു.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍, സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ചെറുതോണി ഡാമിന്‍റെ താഴെ മുതല്‍ കരിമണല്‍ വരെയുള്ള 30 കിലോ മീറ്ററോളം റവന്യൂ സംഘം സര്‍വ്വെ നടത്തി. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.
താരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് താരസംഘടനയായ ‘അമ്മ’ വിലക്കേർപ്പെടുത്തി
കൊച്ചി:ദിലീപ് വിഷയം അടക്കമുള്ള കാര്യങ്ങളിൽ താരങ്ങൾ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് താരസംഘടനയായ ‘അമ്മ’ സർക്കുലർ പുറത്തിറക്കി. സംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്ളവര്‍ക്ക് ‘അമ്മ’യുടെ യോഗത്തില്‍ അത് ഉന്നയിക്കാം. പൊതുവേദിയില്‍ പറഞ്ഞ് സംഘടനയെ ഇകഴ്‌ത്തിക്കാട്ടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം പ്രസ്താവനകൾ സംഘടനയ്ക്കും അതിലുള്ളവര്‍ക്കുമാണ് ദോഷം ചെയ്യുക എന്നത് മറക്കരുതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.രാജിവച്ച നടിമാരുടെ രാജിക്കത്ത് കിട്ടിയതായും അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. രമ്യ നമ്പീശൻ,ഗീതുമോഹന്‍ദാസ്,റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു രാജിവച്ചത്. എന്നാല്‍, ഭാവനയുടെ രാജിക്കത്ത് മാത്രമാണ് കിട്ടിയതെന്നായിരുന്നു നേരത്തെ അമ്മ പ്രസിഡന്റ് കൂടിയായ നടന്‍ മോഹന്‍ലാല്‍ പറഞ്ഞത്.അതേസമയം തിലകനെതിരായ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മകനും നടനുമായ ഷമ്മി തിലകനേയും ദിലീപിനെ തിരിച്ചെടുത്തതിനെതിരെ അമ്മയ്ക്ക് കത്ത് നല്‍കിയ സംവിധായകനും നടനുമായ ജോയ് മാത്യുവിനേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അടുത്ത മാസം ഏഴിന നടിമാരായ പദ്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ക്കൊപ്പമുള്ള ചര്‍ച്ചയിലേക്കാണ് ഇരുവരേയും ക്ഷണിച്ചത്.
പോലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം:പോലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തവനൂര്‍ അതളൂര്‍ സ്വദേശി പുളിക്കല്‍ മന്‍സൂറി(20)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിലാണ് സംഭവം. രാവിലെ മണലുമായി പോയ വാഹനം തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞിരുന്നു. പരിശോധന നടത്തുന്നതിനിടെ യുവാക്കള്‍ ചമ്രവട്ടത്തെ പുഴയിലേക്ക് ചാടുകയായിരുന്നു.പുഴയില്‍ ചാടിയ രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ശക്തമായ ഒഴുക്കുള്ള നിലയിലാണ് പൊന്നാനി പുഴ. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്തെ എല്ലാ ബീവറേജ്‌സ് ഔട്‍ലെറ്റുകൾക്കും ഒരേ നിറം നല്കാൻ സർക്കാർ നിർദേശം
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ബീവറേജ്‌സ് ഔട്‍ലെറ്റുകൾക്കും ഒരേ നിറം നല്കാൻ സർക്കാർ നിർദേശം.ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ എന്നാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ എവിടെ നിന്നാലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തിരിച്ചറിയാനാകും. ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബിവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച് കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം.രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഇതിനായി ചെലവഴിക്കുക.
തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി പരിക്കേറ്റയാൾ മരിച്ചു
തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി പരിക്കേറ്റയാൾ മരിച്ചു.കേരളാദിത്യപുരം മുക്കോലയ്ക്കൽ ശിവശക്തിയിൽ സുകുമാരൻ നായർ(50) ആണ് മരിച്ചത്.തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്.നാലാഞ്ചിറ സെന്റ് ജോണ്‍സ് സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാഹനം ആണ് അപകടത്തില്‍പ്പെട്ടത്.സ്‌കൂട്ടര്‍ യാത്രക്കാരായ സുകുമാരന്‍ നായരെയും മകള്‍ രേവതിയേയും ഇടിച്ച് തെറിപ്പിച്ച ശേഷം ജംഗ്ഷനിലെ കടയിലേക്ക് ബസ്സ് ഇടിച്ച് കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കട തകര്‍ന്നു. കടയ്ക്ക് മുന്നില്‍ നിന്നിരുന്ന തോമസ്, കടയുടമ ഋഷികേശന്‍ നായര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടു പോകുന്ന സര്‍വ്വോദയ വിദ്യാലയത്തിന്റെ പതിനേഴാം നമ്പർ ബസ് ബ്രേക്ക് തകറായതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു.
ഡോക്റ്റർമാർ ഇന്ന് ഒപി ബഹിഷ്‌ക്കരിക്കും
തിരുവനന്തപുരം:ഐ.എം.എ യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. ദേശീയ മെഡിക്കല്‍ ബില്‍ (എന്‍.എം.സി) നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ചാണ് ഒ.പി ബഹിഷ്‌കരണം. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, തീവ്രപരിചരണ വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവയെ ബഹിഷ്ക്കരണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ – സ്വകാര്യ ഡോക്ടര്‍മാര്‍ ബഹിഷ്‌കരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ‘നോ എന്‍.എം.സി ഡേ’ ആചരണമായി ഒപി ബഹിഷ്‌കരണം നടത്തുന്നത്.കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. എന്നാല്‍ ബിൽ വീണ്ടും ലോക്സഭയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ രണ്ടാംഘട്ട സമരവുമായി രംഗത്തുവന്നത്.
കണ്ണൂർ വിമാനത്താവള ജോലിക്കിടയിൽ റൺവേയിൽ നിന്നും കുഴിയിലേക്ക് തെന്നി വീണ് തൊഴിലാളി മരിച്ചു
മട്ടന്നൂർ:കണ്ണൂർ വിമാനത്താവള ജോലിക്കിടയിൽ റൺവേയിൽ നിന്നും കുഴിയിലേക്ക് തെന്നി വീണ് തൊഴിലാളി മരിച്ചു.യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രെട്ടറി പരിയാരം പെരുവയൽക്കരിയിലെ വെള്ളുവവീട്ടിൽ രാജേഷ്(37) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോട് കൂടിയാണ് അപകടം നടന്നത്.ആറുമാസമായി വിമാനത്താവള പദ്ധതി പ്രദേശത്ത് പുൽത്തകിടി നിർമാണവുമായി ബന്ധപ്പെട്ട കരാർ ജോലി ചെയ്തുവരികയായിരുന്നു രാജേഷ്.റൺവെ അനുബന്ധസ്ഥലത്തു നിന്നും കാൽ വഴുതി താഴെ കുഴിയിൽ വീണാണ് അപകടം സംഭവച്ചതെന്ന് അധികൃതർ പറഞ്ഞു.പരിക്കേറ്റ രാജേഷിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ വെള്ളുവ ബാലൻ നമ്പ്യാർ-കാർത്യായനി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും നവീകരിച്ച വാർഡിൽ പ്രവേശനം തുടങ്ങി
കണ്ണൂർ:ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും നവീകരിച്ച വാർഡിൽ പ്രവേശനം തുടങ്ങി.ഗർഭിണികൾക്കും പ്രസവാനന്തര ചികിത്സയ്‌ക്കെത്തുന്നവർക്കുമാണ് ഇവിടെ പ്രവേശനം.മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ത്രീരോഗ വിഭാഗം, ശിശുരോഗവിഭാഗം ഓ.പി,അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികിത്സ യുണിറ്റ്, കുടുംബാസൂത്രണ ചികിത്സ യുണിറ്റ് എന്നിവയും ഒന്നാം നിലയിൽ പ്രസവാനന്തര ചികിത്സയ്ക്കുള്ള യൂണിറ്റ്,രണ്ടാം നിലയിൽ നവജാത ശിശുക്കളുടെ യൂണിറ്റ് എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.ഇതിൽ സ്ത്രീ രോഗ-ശിശുരോഗ വിഭാഗം ഒപികൾ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു.എന്നാൽ ആവശ്യത്തിന് ഫർണിച്ചറുകൾ എത്താത്തതിനാൽ ഉൽഘാടനം കഴിഞ്ഞിട്ടും വാർഡിന്റെ പ്രവർത്തനം തുടങ്ങിയിരുന്നില്ല.സ്ത്രീകളുടെ വാർഡിൽ 50 കട്ടിലുകളും കുട്ടികളുടെ വാർഡിൽ 30 കട്ടിലുകളുമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്. കട്ടിലിനു സമീപത്തായി ഭക്ഷണം കഴിക്കുന്നതിനുള്ള സജ്ജീകരണം,വസ്ത്രങ്ങളും പണവും സൂക്ഷിക്കാൻ കട്ടിലിനോട് ചേർന്ന് അലമാര എന്നിവയും ഒരുക്കിയിട്ടുണ്ട്. ചക്രം ഘടിപ്പിച്ച കട്ടിലുകളായതിനാൽ മുറി ശുചീകരിക്കുന്നതിന് എളുപ്പമായിരിക്കും.ജില്ലാ പഞ്ചായത്തിന്റെ 2.4 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
പത്തുവയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂര്‍ പയ്യന്നൂര്‍ മാതമംഗലത്ത് പത്തുവയസുകാരനെ ചട്ടുകം പഴുപ്പിച്ചു ദേഹത്ത് മാരകമായ പൊള്ളലേല്‍പ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു.മകന്‍ പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അമ്മയുടെ ആക്രമണം.അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയുടെ കൈയ്യിലും കാലിലും പുറത്തുമാണ് പൊള്ളലേറ്റത്. അമ്മ ചട്ടുകം പഴുപ്പിച്ചുവച്ച് പൊള്ളിക്കുകയായിരുന്നെന്ന് കുട്ടി തന്നെയാണ് പോലീസിന് മൊഴി നല്‍കിയത്.സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് കാര്യങ്ങള്‍ പുറത്തുവന്നത്. പൊള്ളലേറ്റ കുട്ടിയെ അമ്മൂമ്മ തന്റെ വീട്ടിലേക്ക് കുട്ടിയെ കൂട്ടികൊണ്ടുപോകുകയും പച്ചമരുന്ന് ചികിത്സ നല്‍കുകയുമായിരുന്നു. നാട്ടുകരാണ് പോലീസിലും ചൈല്‍ഡ്‌ലൈനിലും വിവരമറിയിച്ചത്. അച്ഛന്‍ മരിച്ച കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.