കാറിൽ കടത്തുകയായിരുന്ന ആറുലക്ഷം രൂപ വിലവരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി

keralanews banned pan products worth six lakhs seized from iritty

ഇരിട്ടി:ആഡംബര കാറിൽ കടത്തുകയായിരുന്ന ആറുലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി.കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.വീരാജ്പേട്ടയിൽ നിന്നും ചാക്കുകളിലാക്കിയാണ് ഇവ കടത്തിയത്.കാറിന്റെ ഡിക്കിയിലും പിറകുവശത്തെ സീറ്റ് അഴിച്ചുവെച്ച് അവിടെയുമായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ കെ.കെ ഫൈസൽ,സൈനൂൽ ആബിദ് എന്നിവരെയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.ഓണം,പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കൾ കേരളത്തിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് എക്‌സൈസും പോലീസും പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.സംസ്ഥാനത്ത് പാൻ ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ കർണാടകയിൽ നിന്നാണ് ഇവ വ്യാപകമായി കടത്തിക്കൊണ്ടുവരുന്നത്.എക്‌സൈസ് ഇൻസ്പെക്റ്റർ ഇ.ഐ ടൈറ്റസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പ്രിവന്റീവ് ഓഫീസർമാരായ ഇ.ജിമ്മി,എം.കെ സതീഷ്,വിപിൻ ഐസക്,പി.സുരേഷ്,വി.എൻ സതീഷ് തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

കൊച്ചി മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ച് മൂന്നു മൽസ്യത്തൊഴിലാളികൾ മരിച്ചു;12 പേരെ രക്ഷപ്പെടുത്തി

keralanews three died when a ship hits the fishing boat in kochi munambam

കൊച്ചി:മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു മൽസ്യത്തൊഴിലാളികൾ മരിച്ചു.12 പേരെ രക്ഷപ്പെടുത്തി.ഇന്ന് പുലര്‍ച്ചെയാണ് അപകടം.മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പതിനഞ്ച് മത്സ്യത്തൊഴിലാളികള്‍ അടങ്ങിയ   ഓഷ്യാനമിക് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. അപകട വിവരം അറിഞ്ഞ സമീപത്തുള്ള ബോട്ടിലെ മത്സ്യതൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകട വിവരമറിഞ്ഞെത്തിയ  നേവിയുടെ നേതൃത്വത്തിലും  രക്ഷാപ്രവര്‍ത്തനം നടന്നു.അപകടമുണ്ടാക്കിയ കപ്പൽ തിരിച്ചറിഞ്ഞിട്ടില്ല.

അഖിലേന്ത്യ മോട്ടോർ വാഹന പണിമുടക്ക് പുരോഗമിക്കുന്നു

keralanews motor vehicle strike is progressong in the country

തിരുവനന്തപുരം: മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അഖിലേന്ത്യാമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ വാഹനപണിമുടക്ക് പുരോഗമിക്കുന്നു. തൊഴിലാളികളും ഉടമകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്‌സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങി പൊതുഗതാഗത ചരക്കുകടത്തു വാഹനങ്ങള്‍ ഒന്നാകെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസിയിലെ സംയുക്ത തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമം പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. വാടകയ്ക്ക് ബസ് എടുത്ത് സര്‍വീസ് നടത്താനുള്ള തീരുമാനം, ഷെഡ്യൂള്‍ പരിഷ്‌കാരം, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ നടപടികള്‍ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

മോട്ടോർ വാഹന പണിമുടക്ക്;വിവിധ സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

keralanews motor vehicle strike universities postponded their exams

തിരുവനന്തപുരം:അഖിലേന്ത്യ തലത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്.ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും പരീക്ഷ ബോര്‍ഡ് മാറ്റിവച്ചിട്ടുണ്ട്.

കാസർകോട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകം;മുഖ്യപ്രതികൾ പോലീസ് പിടിയിൽ

keralanews murder of c p m worker in kasargode main accused under arrest

കാസർകോഡ്:മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനായ ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ സിദ്ദിഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍.ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിച്ചിരുന്ന മഞ്ചേശ്വരം സ്വദേശിയായ അശ്വിത്തും മറ്റൊരു പ്രതിയായ കാര്‍ത്തികുമാണ് പൊലീസ് പിടിയിലായത്. കൂടാതെ വെട്ടാനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തില്‍ അശ്വിത്തിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. അനധികൃത മദ്യവില്‍പ്പനയെ എതിര്‍ത്തതിന്റെ പേരിലാണ് സിദ്ധിക്ക് കൊല്ലപ്പെട്ടതെന്നാണ് സൂചന.ഇതിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് സിദ്ദിഖും ബിജെ.പി. അനുഭാവികളും തമ്മില്‍ വെല്ലുവിളിയും വാക് പോരും നടന്നിരുന്നു അതേ തുടര്‍ന്നുള്ള തര്‍ക്കം മൂത്താണ് സിദ്ധിക്ക് കൊലക്കത്തിക്കിരയായതെന്നാണ് പ്രാഥമിക വിവരം. ഉപ്പള സോങ്കാള്‍, പ്രതാപ് നഗര്‍ എന്നിവിടങ്ങളില്‍ കര്‍ണ്ണാടകത്തില്‍ നിന്നും മദ്യം കൊണ്ടു വന്ന് വില്‍പ്പന നടത്താറുണ്ട്. ഇതിനെയാണ് സിദ്ദിഖും കൂടെയുണ്ടായിരുന്ന ഫൈസലും ചോദ്യം ചെയ്യതത്. അതേ തുടര്‍ന്ന് സ്ഥലം വിട്ട സംഘം ഏതാനും ബൈക്കുകളിലായി തിരിച്ചെത്തുകയായിരുന്നു. ഈ സമയം അവിടെ തന്നെയുണ്ടായിരുന്ന സിദ്ദിഖിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ മംഗലൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്ന സിദ്ദിഖ് അടുത്ത ദിവസമാണ് നാട്ടിലെത്തിയത്. അതേസമയം മഞ്ചേശ്വരത്ത് നടന്നത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. മഞ്ചേശ്വരത്തെ കൊലപാതകം നിഷ്ഠൂരമാണ്. കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. സംഭവം പ്രാദേശിക വിഷയമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കാസർകോഡ് ഉപ്പളയിൽ മദ്രസ വിദ്യാർത്ഥി കുത്തേറ്റു മരിച്ചു;സഹപാഠി പിടിയിൽ

keralanews madrasa student stabbed to death in uppala classmate arrested

കാസർകോഡ്:കാസർകോഡ് ഉപ്പളയിൽ മദ്രസ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു.ബന്ദിയോട് അടുക്കത്ത് കോട്ട റോഡിലെ യൂസഫിന്റേയും ഹലീമയുടെയും മകൻ മുഹമ്മദ് മിത്‍ലാജ്(16) ആണ് മരിച്ചത്.സഹപാഠികൾ തമ്മിൽ കത്രികയെ ചൊല്ലി ഉണ്ടായ കലഹം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഞായറാഴ്ച രാവിലെയാണ് കുട്ടികൾ താമസിച്ച് മതപഠനം നടത്തുന്ന സ്ഥാപനമായ മുട്ടം മഖ്ദൂമിയയിൽ കൊലപാതകം നടന്നത്.മദ്രസയിലെ സാഹിത്യ സമാജവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി കടലാസ്സ് മുറിക്കുകയായിരുന്നു വിദ്യാർഥികൾ. ഇതിനിടെ മിത്‍ലാജ് സഹപാഠിയോട് കത്രിക ചോദിക്കുകയും കൊടുക്കാത്തതിനെ തുടർന്ന് രണ്ടുപേരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.ഇതിൽ പ്രകോപിതനായ സഹപാഠി കത്രിക കൊണ്ട് മിത്‍ലാജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.പരിക്കേറ്റ മിത്‍ലാജിനെ ഉടൻ ആശപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് അർധരാത്രി മുതൽ ദേശീയ വാഹന പണിമുടക്ക്

keralanews national vehicle strike from today midnight

തിരുവനന്തപുരം:വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃ‌ത്വത്തില്‍ മോട്ടോര്‍വാഹന തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്നു രാത്രി 12ന് തുടങ്ങും. ബസ് ചാര്‍ജ് വര്‍ധന സ്വകാര്യ കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുന്നതുള്‍പ്പെടെ കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതിക്കെതിരേയാണു സമരം. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സമരത്തിൽ പങ്കെടുക്കും.വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും.മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച്‌ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എന്‍.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്.ഓട്ടോറിക്ഷ, ടാക്‌സി,ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ്, ദേശസാത്കൃത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത് വാഹനങ്ങള്‍ സർവീസ് നടത്തില്ല.

ഇടുക്കി കൂട്ടക്കൊലപാതകം;നേരിട്ട് പങ്കെടുത്ത രണ്ടുപേർ അറസ്റ്റിൽ

keralanews idukki gang murder case two person who directly involved in the murder arrested

ഇടുക്കി:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.മുഖ്യപ്രതി ലിബീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവരാണ് അറസ്റ്റിലായത്.കൊല്ലപ്പെട്ട കൃഷ്ണന്‍റെ പ്രധാന സഹായിയാരുന്നു ലിബീഷ്. അതേസമയം, കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ചിലരെ പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.നേരത്തെ കേസില്‍ തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണസംഘം എത്തിയിരിക്കുന്നത്.

കണ്ണൂരിൽ റിസോർട്ട് ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

keralanews resort worker found shot dead in kannur

കണ്ണൂർ:കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് ജീവനക്കാരനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനായിരുന്ന ഭരതന്‍റെ മൃതദേഹം റിസോര്‍ട്ടിനോട് ചേര്‍ന്ന അഴക്കുചാലിലാണ് കണ്ടെത്തിയത്.മൃതദേഹത്തിനു സമീപത്തു നിന്നും തോക്ക് കണ്ടെത്തിയിട്ടുണ്ട്.

പരിയാരം ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് പരിക്കേറ്റു;ലോറി ഡ്രൈവറുടെ നില ഗുരുതരം

keralanews 18 persons injured when k s r t c bus and lorry hits in pariyaram

കണ്ണൂര്‍:പരിയാരം ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് പരിക്കേറ്റു.ഇതിൽ ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. ഇന്ന് രാവിലെ 6.15 ന് പരിയാരം കെകെഎന്‍ പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരിക്കുന്ന തമിഴ്നാട് രെജിസ്ട്രേഷൻ ലോറിയുമാണ് കൂട്ടിയിടിച്ചത്. അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ തേനി കണ്ണൈപുരത്തെ ഈശ്വരന്‍(30) നെയും പരിക്കേറ്റ മറ്റുള്ളവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തേതുടര്‍ന്ന് ഒരുമണിക്കൂറിലേറെ നേരം ദേശീയപാതയില്‍ വാഹനഗതാഗതം മുടങ്ങി.