പാലക്കാട്: അട്ടപ്പാടിയിലെ വനമേഖലയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ ആറംഗ വനപാലക സംഘത്തെ കാണാതായി. തിങ്കളാഴ്ചയാണ് ഗലസി-തുടുക്കി വനമേഖലയിലേക്ക് മുക്കാലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം യാത്ര തിരിച്ചത്. മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ വരകാര്‍ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതേതുടര്‍ന്ന് ഇവര്‍ വനത്തില്‍ കുടുങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതര്‍. കാണാതായ ആറംഗ സംഘത്തിന് വേണ്ടി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വയര്‍ലെസ് സംവിധാനങ്ങളും മൊബൈല്‍ ഫോണുകളും ഉള്‍പ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ആറംഗ സംഘത്തിന്‍റെ കൈവശമുണ്ടെങ്കിലും ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അഗളിയിലെ പോലീസ് സംഘം തിങ്കളാഴ്ച ആറംഗ സംഘത്തെ കണ്ടിരുന്നുവെന്ന് മനസിലായിട്ടുണ്ട്. ഇതാണ് സംഘത്തെ കുറിച്ചുള്ള അവസാന വിവരവും. മേഖലയില്‍ കഞ്ചാവ് കൃഷി വ്യാപകമായതോടെ പോലീസും എക്സൈസും പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വനംവകുപ്പ് ഉള്‍ക്കാടുകളില്‍ തെരച്ചിലിന് പോകാന്‍ തുടങ്ങിയത്.
നാലുദിവസം തുടർച്ചയായി ഗാർഡ് ഡ്യൂട്ടി; പോലീസുകാരൻ കുഴഞ്ഞു വീണു
കണ്ണൂർ:നാലുദിവസം തുടർച്ചയായി എ ആർ ക്യാമ്പിൽ ഗാർഡ് ഡ്യൂട്ടി ചെയ്ത പോലീസുകാരൻ കുഴഞ്ഞു വീണു.ഇരിട്ടി സ്വദേശി ഷെഫീറാണ് കുഴഞ്ഞു വീണത്.സാധാരണ ഗതിയിൽ 24 മണിക്കൂറാണ് ഗാർഡ് ഡ്യൂട്ടി ഉണ്ടാകുന്നതു.എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിന് ഷഫ്‌റിനു ശിക്ഷയായാണ് ഷഫീറിനു അധിക ഡ്യൂട്ടി നൽകിയത്.നാലാം ദിവസം ബുധനാഴ്ചയോടെയാണ് പൂർത്തിയാക്കുക.എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ ഇദ്ദേഹത്തിന് തളർച്ച അനുഭവപ്പെടുകയായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സാ നൽകി. ഇവിടെ നടത്തിയ പരിശോധനയിൽ രക്തസമ്മർദ്ദം കൂടിയതായി കണ്ടെത്തി.നേരിയ നെഞ്ചുവേദന ഉള്ളതായും ഷെഫീർ ഡോക്റ്ററോട് പറഞ്ഞു.കുറച്ചു നേരത്തെ നിരീക്ഷണത്തിനു ശേഷം ഡോക്റ്റർ വിശ്രമം നിർദേശിച്ചതിനാൽ രാത്രി പതിനൊന്നു മണിയോടെ അദ്ദേഹം ആശുപത്രി വിട്ടു.സാധാര ശിക്ഷയായി രണ്ടു ദിവസത്തേക്കാണ് ഗാർഡ് ഡ്യൂട്ടി നൽകാറുള്ളത്. എന്നാൽ ഷെഫീറിന് നാല് ദിവസമാണ് നൽകിയത്.രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡ്യൂട്ടി മാറ്റണമെന്ന് ഇദ്ദേഹം അപേക്ഷിച്ചിരുന്നതായി കൂടെയുള്ള പോലീസുകാർ പറഞ്ഞു.ജില്ലാ പോലീസ് മേധാവി സ്ഥലത്തില്ലാത്തതിനാൽ പരാതി അറിയിക്കാനും കഴിഞ്ഞില്ല.ഇതിനു ശേഷവും ഡ്യൂട്ടി തുടർന്നതിനാലാണ് തളർന്നു വീണത്.അതെ സമയം ഡ്യൂട്ടി ഭാരം കൊണ്ടല്ല തളർന്നു വീണതെന്ന് എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡ് അറിയിച്ചു.ഗാർഡ് ഡ്യൂട്ടി എടുക്കുന്നത് വലിയ പ്രശ്നമുള്ളകാര്യമല്ല.അഞ്ചു ദിവസം തുടർച്ചയായി ഇതേ ജോലി ചെയ്യുന്നവരുണ്ട്.പകൽ കൃത്യമായി ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് ഷെഫീർ തളർന്നുവീണത്.ഷെഫീറിനു രണ്ടു ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് കമാൻഡ് പറഞ്ഞു.
കണ്ണിപ്പൊയിൽ ബാബു വധം;രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ
മാഹി:പള്ളൂരിലെ സിപിഎം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ.പള്ളൂർ നാലുതറ പെർമെന്റവിടെ എം.ശ്രീജിത്ത്(38),ഈസ്റ്റ് പള്ളൂരിലെ കുന്നത്ത് വീട്ടിൽ പ്രണവ്(22) എന്നിവരാണ് അറസ്റ്റിലായത്.മാഹി സർക്കിൾ ഇൻസ്പക്റ്റർ ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.ഇതോടെ കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകരുടെ എണ്ണം പത്തായി.ബാബുവിനെ കൊല്ലാൻ തയ്യാറായി നിൽക്കുന്നവർക്ക് അദ്ദേഹം വരുന്ന വിവരവും സമയവും ഫോണിലൂടെ കൈമാറിയതും കൊലയ്ക്ക് ശേഷം ആയുധങ്ങൾ ഒളിപ്പിച്ചതും ഇവരാണെന്ന് പോലീസ് പറഞ്ഞു.കേസിൽ ആദ്യം അറസ്റ്റിലായ നിജേഷ് കുറ്റസമ്മതം നടത്തിയതോടെയാണ് കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. മുൻ കൗൺസിലർ കൂടിയായ ബാബുവിനെ മെയ് ഏഴിന് രാത്രിയാണ് ഇരട്ട പിലാക്കൂൽ-നടവയൽ റോഡിൽ ബാബുവിന്റെ വീടിനു സമീപത്തുവെച്ചു തന്നെ വെട്ടിക്കൊലപ്പെടുത്തിയത്.
ജില്ലയിൽ വാഹനപണിമുടക്ക് പൂർണ്ണം
കണ്ണൂർ:മോട്ടോർവാഹന നിയമ ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യ തലത്തിൽ ഇന്നലെ നടന്ന മോട്ടോർ വാഹന പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണ്ണം.സ്വകാര്യ വാഹങ്ങളും ചില ചരക്കുലോറികളും മാത്രമാണ് സർവീസ് നടത്തിയത്.കെഎസ്ആർടിസി ബസ്സുകളും സർവീസ് നടത്തിയില്ല.ഇതിനിടെ പണിമുടക്ക് ദിനത്തിൽ ഓടിയ ലോറികൾ പിലാത്തറയിൽ സമരാനുകൂലികൾ തടഞ്ഞു.തുടർന്ന് പരിയാരം പോലീസ് സ്ഥലത്തെത്തി.കണ്ണൂരിലും സർവീസ് നടത്തിയ ഗുഡ്സ് ഓട്ടോ സമരാനുകൂലികൾ തടഞ്ഞു.മിക്ക പെട്രോൾ പമ്പുകളും അടഞ്ഞു കിടന്നു. ഹോട്ടലുകളും അടഞ്ഞു കിടന്നു.രാവിലെ തുറന്ന വ്യാപാര സ്ഥാപനങ്ങൾ പലതുൽ ആളില്ലാത്തതിനാൽ ഉച്ചയോടെ അടച്ചു.സ്കൂൾ ബസ്സുകളും അർവീസ് നടത്താത്തതിനാൽ വിദ്യാർത്ഥികൾക്കും സ്കൂളിലെത്താനായില്ല.മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി.
കനത്ത മഴയിൽ കണ്ണൂരിൽ അഞ്ചിടത്ത് ഉരുൾപൊട്ടി
കണ്ണൂർ:കനത്ത മഴയിൽ കണ്ണൂരിൽ അഞ്ചിടത്ത് ഉരുൾപൊട്ടി.വഞ്ചിയം മൂന്നാം പാലം, കാഞ്ഞിരക്കൊല്ലി,ആറളം,പേരട്ട,മുടിക്കയം,മാട്ടറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടൽ ഉണ്ടായത്.വഞ്ചിയം ആടാംപാറ റോഡ് തകര്‍ന്നു. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകള്‍ കര കവിഞ്ഞു. ഹൈവേയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി.ഉളിക്കല്‍ അറബിക്കുളത്ത് ഉരുള്‍പൊട്ടി കനത്ത നാശം വിതച്ചിട്ടുണ്ട്. കൃഷിഭൂമി നെടുകെ പിളര്‍ന്നാണ് ഉരുള്‍പൊട്ടി വലിയ ഒഴുക്ക് രൂപപ്പെട്ടത്. കനത്ത നിലയില്‍ രൂപപ്പെട്ട തോട് പറമ്പുകളിലൂടെ കുത്തിയൊലിച്ച് ഒഴുകുകയാണ്.മാട്ടറ,വട്യാംതോട്,മണിക്കടവ് പാലങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. വയത്തൂര്‍ പാലവും വെള്ളത്തിനടിയിലായി. സമീപപ്രദേശങ്ങളിലെ നിരവധി വീടുകളും കടകളും സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി. മാക്കൂട്ടം പെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം കടപുഴകി വീണ് അന്തര്‍സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടുദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.
കൊച്ചി മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ച് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
കൊച്ചി:മുനമ്പത്തു നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ടിൽ കപ്പലിടിച്ചതിനെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും.9 പേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടും. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ രാത്രി മുഴുവന്‍ നടത്തിയ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ കടലിലേയ്ക്ക് പുറപ്പെട്ട മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.കാണാതായവരുടെ ബന്ധുക്കളെ ഒപ്പം ചേര്‍ത്താണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തുന്നത്. കടലിലെ നീരൊഴുക്കിനനുസരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.അതേ സമയം അപകടത്തില്‍ മരിച്ച മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ഇന്നലെ പുലര്‍ച്ചെയാണ് മുനമ്പത്തു നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിനു പോയ ഓഷ്യാനിക്ക് എന്ന ബോട്ടില്‍ ദേശ ശക്തി എന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഇടിച്ചത്.അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ 3 പേര്‍ മരിച്ചു. ബോട്ടിന്റെ ഡ്രൈവര്‍ എഡ്വിന്‍ ഉള്‍പ്പടെ 2 പേരെ ഇന്നലെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ഇവര്‍ സുഖം പ്രാപിച്ച് വരികയാണ്.
ഇടുക്കി കൂട്ടക്കൊല;മുഖ്യപ്രതി പിടിയിൽ
ഇടുക്കി:വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മുഖ്യപ്രതി പോലീസ് പിടിയിലായി. നേര്യമംഗലത്തു നിന്നാണ് കൃഷ്ണന്റെ ശിഷ്യൻ കൂടിയായ അനീഷിനെ അറസ്റ്റ് ചെയ്തത് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ കൂട്ടുപ്രതി ലിബീഷില്‍ നിന്ന് ഇന്ന് തെളിവെടുക്കും. കൊല്ലപ്പെട്ട കൃഷ്‌ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ്.ഇത് തിരിച്ചെടുക്കുന്നതിനൊപ്പം ലീബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്‌ണന്റെ കമ്പക്കാനത്തെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന് കാണിച്ച് കൊടുത്തിരുന്നു. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.മന്ത്രവാദത്തിന്‍റെ പേരില്‍ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച് മന്ത്രവിദ്യകള്‍ സ്വായത്തമാക്കിയിരുന്ന അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പണവും സ്വര്‍ണവും അപഹരിക്കുന്ന ലക്ഷ്യവും പ്രതികള്‍ക്കുണ്ടായിരുന്നു.തൊടുപുഴ വണ്ണപ്പുറം കമ്പകാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്.
മുനമ്പത്ത് ബോട്ടിലിടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയത് ഇന്ത്യൻ കപ്പലെന്ന് സൂചന
കൊച്ചി:മുനമ്പത്ത് ബോട്ടിലിടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയത് ഇന്ത്യൻ കപ്പലെന്ന് സൂചന.ഇക്കാര്യം നേവിയുടെ ഡ്രോണിയര്‍ വിമാനം പരിശോധിച്ചു വരികയാണ്. അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും നേവിയും തെരച്ചില്‍ തുടരുകയാണ്. തെരച്ചിലിനായി നേവിയുടെ മൂന്ന് ഹെലികോപ്റ്ററും എത്തിയിട്ടുണ്ട്.പുലര്‍ച്ചെ നാലോടെയാണ് സംഭവമുണ്ടായതെന്നാണ് അപകടത്തില്‍ പെട്ട മത്സ്യബന്ധന ബോട്ടിന്‍റെ സ്രാങ്ക് എഡ്‌വിന്‍ പറയുന്നത്. ബോട്ടിലിടിച്ചതിന് പിന്നാലെ കപ്പല്‍ നിര്‍ത്തിയെന്നും പിന്നീട് കുറച്ചു സമയത്തിനകം മുന്നോട്ടു നീങ്ങുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇടിയുടെ ശക്തിയില്‍ ബോട്ട് രണ്ടായി പിളര്‍ന്നു പോയെന്നും അപകടം നടക്കുന്ന സമയം താനൊഴികെ ബാക്കിയുള്ളവരെല്ലാം ഉറങ്ങുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച മുനമ്പത്തു നിന്നും പോയ മീന്‍പിടിത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഒന്‍പതു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. ആകെ 14 പേരാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായവരില്‍ മുനമ്പം മാല്യങ്കര സ്വദേശി ഷിജുവും ഉള്‍പ്പെടുന്നു.
തളിപ്പറമ്പിൽ ആംബുലൻസ് ഓട്ടോയുമായി കൂട്ടിയിടിച്ച് രോഗിയായ സ്ത്രീ മരിച്ചു
തളിപ്പറമ്പ്:അത്യാസന്ന നിലയിലുള്ള വയോധികയുമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ഓട്ടോറിക്ഷയുമായി കുട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗിയായ സ്ത്രീ മരിച്ചു.ആലക്കോട് ചന്ദ്ര വിലാസം ഹൗസില്‍ കാര്‍ത്യായനി (90) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടി തളിപ്പറമ്പ്-ആലക്കോട് റോഡില്‍ കാഞ്ഞിരങ്ങാട് കള്ള് ഷാപ്പിന് സമീപത്തായിരുന്നു അപകടം.ആലക്കോട് പി.ആര്‍.രാമവര്‍മ്മ രാജ സഹകരണ ആശുപത്രിയില്‍ നിന്നും രോഗിയുമായി വന്ന ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചു.നിയന്ത്രണംവിട്ട ആംബുലൻസ് തൊട്ടടുത്ത പറമ്പിന്റെ മതിലിടിച്ച് തകര്‍ത്ത ശേഷം റോഡരികിലെ താഴ്ച്ചയിലേക്കിറങ്ങി നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയും സേനയുടെ ആംബുലൻസിൽ കാർത്യായനിയെയും മക്കളായ ഉഷ, ഷീല എന്നിവരേയും പരിയാരം മെഡിക്കല്‍ കോളേജിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ അപ്പോഴേക്കും അവശനിലയിലായ കാര്‍ത്യായനി മരിച്ചിരുന്നു.
വയനാട്ടിൽ ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു
വയനാട്:ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. മീനങ്ങാടി സ്വദേശികളായ രാഹുല്‍ (22), അനസ് (18) എന്നിവരാണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഷാഹിലിനാണ് പരിക്കേറ്റത്.പരിക്കേറ്റയാളെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറ്റ-ബത്തേരി റോഡില്‍ താഴെമുട്ടിലിലാണ് അപകടം നടന്നത്.മഴയിൽ നനഞ്ഞ റോഡിൽ ബൈക്ക് തെന്നിവീണാണ് അപകടമുണ്ടായത്.