വയനാട്:സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചില താലൂക്കുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഫ്രൊഫണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍, പുളിങ്കുന്ന്, കൈനകരി എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി, ഉടുമ്ബന്‍ചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി നല്‍കിയിരിക്കുകയാണ്. എറണാകുളം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
ഇ.പി ജയരാജൻ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമനായി ഇപി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.വ്യവസായ മന്ത്രിയായാണ് ഇപി ജയരാജന്‍ ചുമതലയേല്‍ക്കുന്നത്. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലാണ് ചടങ്ങ് നടക്കുക.രാവിലെ 10 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം 11 മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കും.ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹത്തിന്‌റെ വകുപ്പുകള്‍ പകരം ചുമതലയേറ്റ എസി മൊയ്തീനാണ് കൈകാര്യം ചെയ്തിരുന്നത്. കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമ്പോൾ പഴയ വകുപ്പുകള്‍ എല്ലാം ജയരാജന് തിരികെ നല്‍കും. എസി മൊയ്തീന് തദ്ദേശഭരണവകുപ്പ് മാത്രമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. ന്യൂനപക്ഷം, വഖഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടങ്ങി വലിയ ചുമതലകള്‍ കെടി ജലീലിനെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊല്ലം: കൊല്ലം കൊട്ടിയത്ത് ഇത്തിക്കര പാലത്തില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് കണ്ടക്ടര്‍ താമരശേരി സ്വദേശി ടി.പി.സുഭാഷും ബസ് ഡ്രൈവറുമാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവറെ ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്കും കൊണ്ടുപോയി.മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മോഷണം
പയ്യന്നൂർ:കുഞ്ഞിമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മോഷണം.ഇന്നലെ രാവിലെ പത്തരയോടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഓഫീസിന്റെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ട്ടാവ് അലമാരയിലെ ഫയലുകളും മറ്റും വലിച്ചുവാരിയിട്ട നിലയിലാണ്.കുട്ടികളുടെ ഫീസിനത്തിൽ ലഭിച്ച തുക അലമാരയിൽ സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ടിട്ടുണ്ട്.കമ്പ്യൂട്ടർ ലാബിന്റെ പൂട്ടും തകർത്ത നിലയിലാണ്.പയ്യന്നൂർ എസ്‌ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാർഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അധ്യാപകന്റെ മാനസിക പീഡനം;നിഫ്റ്റിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തളിപ്പറമ്പ്:അധ്യാപകൻ മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ധര്മശാല നിഫ്റ്റിൽ(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി)വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.മൂന്നാം വർഷ വിദ്യാർത്ഥിനിയെയാണ് അമിതമായി ഗുളിക കഴിച്ച നിലയിൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.താമസസ്ഥലത്തുവെച്ച് ഗുളിക കഴിച്ച വിദ്യാർത്ഥിനി വിവരം സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ സുഹൃത്തുക്കൾ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു. റാന്‍ടെക് എന്ന ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്ന് പോലീസ് പറഞ്ഞു.അപകടനില തരണം ചെയ്തിട്ടുണ്ട്. നിഫ്റ്റിലെ അധ്യാപകനായ ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലം എന്ന അധ്യാപകന്റെ പീഡനം സഹിക്കാനാവാതെയാണ് അത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഈ അധ്യാപകനെ പറ്റി എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പരാതിയുണ്ടെങ്കിലും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭയന്ന് പരസ്യമായി പ്രതികരിച്ചിരുന്നില്ലത്രേ.
അതേസമയം ശനിയാഴ്ച വൈകുന്നേരം ഒരുസംഘം ആളുകളെത്തി നിഫ്റ്റ് ക്യാമ്പസ്സിന് നേരെ ആക്രമണം നടത്തി.പ്രകടനമായെത്തിയ ഇവർ ക്യാമ്പസ്സിൽ കയറി ഗ്ലാസുകളും പൂച്ചെടികളും അടിച്ചു തകർത്തു.അഞ്ചുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.ആരോപണവിധേയനായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ അക്രമം നടത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.നിഫ്റ്റ് ഡയരക്ടര്‍ ഡോ. ഇളങ്കോവന്‍ തളിപ്പറമ്പ് പോലീസിന് നല്‍കിയ പരാതി പ്രകാരമാണ് കേസ്.
പ്രളയം;സംസ്ഥാനത്ത് 33 മരണം;6 പേരെ കാണാതായി
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും തുടർന്നുണ്ടായ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 33 ആയി. ആറുപേരെ കാണാതായിട്ടുണ്ട്. ആലപ്പുഴ തകഴിയില്‍ നെടുമുടി ജ്യോതി ജങ‌്ഷന് സമീപം ചെമ്മങ്ങാട് സി ജെ ചാക്കോയുടെ ഭാര്യ ജോളി ചാക്കോ (48), മകള്‍ സിജി മരിയാ ചാക്കോ (19) എന്നിവരും ചിറയിന്‍കീഴില്‍ മീന്‍പിടിക്കാനായി ബോട്ട‌് കടലിലിറക്കവെ ശക്തമായ തിരയില്‍പ്പെട്ട‌് ബോട്ട‌് മറിഞ്ഞ‌് മൽസ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് ചീലാന്തിമൂട്ടില്‍ സഹായരാജു (57), മുണ്ടുതുറവീട്ടില്‍ കാര്‍മല്‍ ലാസര്‍ (70) എന്നിവരുമാണ് ശനിയാഴ്ച മരിച്ചത്.തകര്‍ന്ന പാലങ്ങളും റോഡുകളും മറ്റും താല്‍ക്കാലികമായി പുനര്‍നിര്‍മിക്കാനുള്ള അടിയന്തര നടപടികള്‍ സേനയുടെ സഹായത്തോടെ തുടരുകയാണ‌്. വിവിധ ജില്ലകളിലെ 513 ക്യാബുകളിലായി 60622 പേരുണ്ട‌്. 1501 വീടുകള്‍ ഭാഗികമായും 101 വീട‌് പൂര്‍ണമായും നശിച്ചു.കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലുവ എന്നിവിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട‌്. വയനാട്, ആലുവ, കൊച്ചി എന്നിവിടങ്ങളില്‍ നാവികസേനയും രംഗത്തുണ്ട‌്.
കേരളം ഉൾപ്പെടെയുള്ള 16 സംസ്ഥാനങ്ങളിൽ അടുത്ത രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം:കേരളമുള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) മുന്നറിയിപ്പ് നൽകി.കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്. ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അറബിക്കടലിന്റെ പടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യഭാഗങ്ങളിലേക്കു പോകരുതെന്നും നിര്‍ദേശമുണ്ട്. ഏഴുസംസ്ഥാനങ്ങളിലെ മഴക്കെടുതികളില്‍ ഇതിനോടകം 718 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തില്‍ വയനാട്, ഇടുക്കി, ആലപ്പുഴ,കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയദുരന്തം;വീട് നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപ ധനസഹായം നൽകും;മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം
വയനാട്:മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വയനാട് ജില്ലയില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തി വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും.നിലവില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3,800 രൂപ വീതം നല്‍കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനായി ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിതായി മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും
മട്ടന്നൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കണ്ണൂര്‍: മട്ടന്നൂര്‍ വെളിയമ്പ്ര പെരിയത്തില്‍നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. രാവിലെ പെരിയം കമ്പിവേലിയിലെ ചെങ്കല്‍ ക്വാറിക്കു സമീപത്ത് അടുക്കിവച്ച ചെങ്കല്ലുകള്‍ക്കിടയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇവ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മാസങ്ങള്‍ക്കു മുൻപ് ഈ പ്രദേശങ്ങളില്‍നിന്നു വാളുകള്‍ പിടികൂടിയിരുന്നു.
ഇടുക്കി കമ്പക്കാനം കൂട്ടക്കൊലക്കേസിൽ രണ്ടുപേർ കൂടി പിടിയിൽ
ഇടുക്കി:ഇടുക്കി കമ്പക്കാനം കൂട്ടക്കൊലക്കേസിൽ രണ്ടുപേർ കൂടി പിടിയിൽ.കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതികളായ അനീഷ്,ലിബീഷ് എന്നിവരെ സഹായിച്ച തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മുഖ്യപ്രതികള്‍ അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ പിടിയിലായവര്‍ സഹായിച്ചെന്നാണ് വിവരം. കൊലപാതകത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തു സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്.മന്ത്രവാദത്തിന്‍റെ പേരില്‍ കൃഷ്ണനും അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച് മന്ത്രവിദ്യകള്‍ സ്വായത്തമാക്കിയിരുന്ന അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെനാണ് പോലീസിന്റെ കണ്ടെത്തല്‍.തൊടുപുഴ വണ്ണപ്പുറം കമ്പക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞാഴ്ചയാണ് കണ്ടെത്തിയത്.