കണ്ണൂർ:കണ്ണൂരിൽ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു.കക്കാട് കോര്‍ജാന്‍ യു പി സ്‌കൂളിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളില്‍ നിന്നുമാണ് നാടന്‍ ബോംബ്, കൈമഴു, വാള്‍, കത്തി തുടങ്ങിയവ കണ്ടെടുത്തത്.നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി. ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു.നാടന്‍ ബോംബ് നിര്‍വീര്യമാക്കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
ബസ്സുകളുടെ സഹായനിധി ശേഖരണം ഈ മാസം 30 ന്
കണ്ണൂർ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി കണ്ണൂർ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയിലെ മുഴുവൻ ബസ്സുകളും ഈ മാസം മുപ്പതിന് സർവീസ് നടത്താൻ തീരുമാനിച്ചു.
നെല്ലിയോട് മേഖലയിൽ ഭൂമിയിൽ വിള്ളൽ; ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കൊട്ടിയൂർ:നെല്ലിയോട് മേഖലയിൽ ഭൂമിയിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുപത്തഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.സ്ഥലം വാസയോഗ്യമല്ലെന്നും ഇടിയാൻ സാധ്യതയുള്ളതിനാൽ വീടുകളിലെ സാമഗ്രികൾ എടുത്തുമാറ്റാനും സ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് അധികൃതർ നിർദേശം നൽകി.ശനിയാഴ്ച മുതലാണ് ഈ പ്രദേശത്ത് ഭൂമി ഇടിഞ്ഞു താഴാൻ ആരംഭിച്ചത്.ഇതേ തുടർന്ന് പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.ഭൂമി ഇടിഞ്ഞു തെന്നിമാറുന്നതിനെ തുടർന്ന് ഇവിടുത്തെ വീടുകളും കൃഷികളും നശിച്ചു. അപൂർവമായ ഈ ഭൗമ പ്രതിഭാസത്തെ കുറിച്ച് വിദഗ്ദ്ധ പഠനം ആവശ്യമാണെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.അതിശക്തമായ മഴയും പ്രദേശത്തെ ഭൂമിയുടെ ചെരിവും മണ്ണിന്റെ ഘടനയുമാണ് വില്ലൻ വീഴാൻ കാരണമെന്ന് ജിയോളജിസ്റ്റ് കെ.ആർ ജഗദീശൻ അറിയിച്ചു.പ്രദേശത്തെ മണ്ണിനു പിടിച്ചു നിർത്താൻ സാധിക്കുന്നതിലും കൂടുതൽ മഴവെള്ളം ഇറങ്ങിയതാണ് വിള്ളലിന് മറ്റൊരു കാരണം.ഇതേകുറിച്ച് സെന്റർ ഫോർ എര്ത് സയന്സിന്റെ വിശദമായ പഠനത്തിനായി ശുപാർശ നൽകാനായി ജില്ലാ കല്കട്ടർക്ക് റിപ്പോർട്ട് നൽകും.300 മുതൽ 400 മീറ്റർ വരെ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.വിള്ളൽ വീണ വീടുകളിലൊന്നും ഇനി താമസിക്കാനാകില്ലെന്നും അവർ ഇവിടെ നിന്നും മാറേണ്ടി വരുമെന്നും ജിയോളജിസ്റ്റ് അറിയിച്ചു.
പേരാവൂർ തിരുവാണോപ്പുറത്ത് കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
പേരാവൂര്‍ :തിരുവോണപുറത്ത് കെ.എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ബസിനുള്ളില്‍ കുരുങ്ങി കിടന്ന ഡ്രൈവറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ് ആര്‍.ടിസി സൂപ്പര്‍ഫാസ്റ്റും മാനന്തവാടിയില്‍ നിന്നും വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ.സി.ആര്‍ ടി സി യുമാണ് കൂട്ടിയിടിച്ചത്. തിരുവോണപുറം വളവിനാണ് അപകടം. അപകടത്തെത്തുടര്‍ന്ന് നിടുപൊയില്‍ തലശേരി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു
കൊച്ചി:രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് മടങ്ങിയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു.പുതുവൈപ്പിനിലാണ് സംഭവം.ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധന്‍ (70) ആണ് മരിച്ചത്. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ആളുകളെ രക്ഷപ്പെടുത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. വേലായുധനും രക്ഷാപ്രവര്‍ത്തനത്തിനു മുന്‍നിരയിലുണ്ടായിരുന്നു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ അധ്യയന വർഷത്തെ ഓണപരീക്ഷ റദ്ദാക്കാൻ സാധ്യത
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഈ അധ്യയന വർഷത്തെ ഓണപരീക്ഷ റദ്ദാക്കാൻ സാധ്യത.നിരവധി അധ്യയന ദിനങ്ങള്‍ പ്രളയ കെടുത്തി കാരണം അവധി നല്‍കിയതിനാല്‍ ആണ് പരീക്ഷകള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നത്.അതുകൊണ്ട് തന്നെ ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ മാത്രമായി നടത്താനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത് . പ്രളയ കെടുതിയില്‍ നിന്ന് നിരവധി പേര്‍ രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആരും അതില്‍ നിന്ന് മുക്തരായിട്ടില്ല.നിരവധി വീടുകള്‍ ,കൃഷിയിടങ്ങള്‍ ,വളര്‍ത്തു മൃഗങ്ങള്‍ എല്ലാം നശിച്ചു.മാനസികമായി കുറെ പേര്‍ തളര്‍ന്നു . അതില്‍ നിരവധി വിദ്യാര്‍ത്ഥികളും അടങ്ങുന്നു .അവര്‍ക്ക് വേണ്ട ബോധവല്‍കരണ പരിപാടികള്‍ നല്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ ഉള്ള തീരുമാനത്തില്‍ ആണ് സർക്കാർ.
സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്; പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും
തിരുവനന്തപുരം:സംസ്ഥാനത്ത് രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടന്നു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.അവസാനത്തെ ആളെ രക്ഷിക്കുന്നതുവരെയും രക്ഷാദൗത്യം തുടരുമെന്നും ഇനി പുനര്‍നിര്‍മാണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധി തടയല്‍ ലക്ഷ്യമിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലാതല ശുചീകരണ യജ്ഞവും നടക്കും.പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് സര്‍വ്വകക്ഷിയോഗം ചേരും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസമായിരിക്കും സർവകക്ഷിയോഗം പ്രധാനമായും ചർച്ച ചെയ്യുക. മന്ത്രിസഭായോഗവും ഇന്നുണ്ടാകും.3214 ക്യാമ്പുകളിലായി 10 ലക്ഷത്തിലേറെ പേരാണ് ഇപ്പോഴുള്ളത്.അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് താറുമാറായ ഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി.ട്രെയിന്‍, ബസ് ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു.പ്രളയത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കും സബ്സിഡി നല്‍കുമെന്ന് സപ്ലൈക്കോ വ്യക്തമാക്കിയിട്ടുണ്ട്.
പൂന്തുറയിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു
തിരുവനന്തപുരം: പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. വാഴമുട്ടം സ്വദേശി മധു, ഭാര്യ രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.
ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞിരുന്ന രണ്ടര വയസ്സുകാരി മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് മരിച്ചു
ചെങ്ങന്നൂര്‍: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന സുനില്‍-അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്. ദുരിതാശ്വാസക്യാംപില്‍ കഴിയുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് അനവദ്യയ്ക്ക് പനി പിടിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ വിറയല്‍ ആരംഭിക്കുകയും സംസാരശേഷി നഷ്ടമാക്കുകയും ചെയ്തു. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനവദ്യയെ പിന്നീട് കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.പിന്നീട് കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.വിദഗ്ദ്ധ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനപുരം കിംസില്‍ പ്രവേശിപ്പിച്ചത്. തിരുവന്‍വണ്ടൂരിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന അനവദ്യ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി:കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം.പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലെവല്‍ മൂന്ന് ദുരന്തമായി കേരളത്തിലെ പ്രളയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.നേരത്തെ കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, സിപിഎം ദേശീയ അധ്യക്ഷന്‍ സീതാറാം യച്ചൂരി എന്നിവരും കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.