തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

keralanews higher secondary improvement exams postponed

തിരുവനന്തപുരം: സെപ്റ്റംബര്‍ മൂന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള ബോര്‍ഡ് ഓഫ് ഹയര്‍സെക്കണ്ടറി എക്സാമിനേഷന്‍ സെക്രട്ടറി അറിയിച്ചു.

ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ വ്യാജ പിരിവ് നടത്തി;കണ്ണൂരിൽ നാലുപേർ പിടിയിൽ

keralanews money collected on the name of relief fund four arrested in kannur

കണ്ണൂർ:മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ വ്യാജ ബക്കറ്റ് പിരിവ് നടത്തിയ നാലുപേർ കണ്ണൂരിൽ പിടിയിൽ.കണ്ണൂർ ടൌൺ പൊലീസാണ് ഇവരെ പിടികൂടിയത്. കക്കാട് സ്വദേശികളായ സഫ്‌വാന്‍, മുഹമ്മദ് ഇര്‍ഫാന്‍, പെരളശേരി സ്വദേശി റിഷഭ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അടിപിടി കേസുകളില്‍ പ്രതികളാണ്.ബുധനാഴ്ച വൈകിട്ടാണ് കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ പ്രതികള്‍ ബക്കറ്റുമായി പിരിവ് നടത്തിയത്. പെരുന്നാള്‍ദിനത്തില്‍ സായാഹ്‌നം ആസ്വദിക്കാനെത്തിയവരും സമീപത്ത് നടക്കുന്ന മേളകളില്‍ എത്തിയവരുമടക്കം നിരവധിപേർ ഇവർക്ക് സംഭാവന നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരുടെ പെരുമാറ്റരീതിയില്‍ സംശയം തോന്നിയ ചിലര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. ഇതോടെ ടൗണ്‍ എസ്‌ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലായിരത്തോളം രൂപയാണ് ഇവര്‍ക്ക് പിരിവായി കിട്ടിയത്.

ജില്ലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന പാലങ്ങൾ പുനർനിർമ്മിക്കാൻ കോടികളുടെ പദ്ധതികൾ വേണ്ടിവരും

keralanews plans of crores needed to rebuild broken bridges in the district

കണ്ണൂർ:ജില്ലയിലെ ഉരുൾപൊട്ടലിനെയും പ്രളയത്തെയും തുടർന്ന് തകർന്ന പാലങ്ങൾ ശരിയാക്കാൻ കോടികളുടെ പദ്ധതികൾ വേണ്ടിവരും.മലവെള്ളപ്പാച്ചിലിൽ പത്തോളം ചെറുപാലങ്ങളും മുപ്പതോളം കലുങ്കുകളുമാണ് നിലംപൊത്തിയത്.ഗ്രാമീണ റോഡുകൾക്ക് കുറുകെ നിർമിച്ച പാലങ്ങളും കലുങ്കുകളുമാണ് തകർന്നവയിൽ എല്ലാം.ഇതിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഇനിയും മാസങ്ങളെടുക്കും.മാക്കൂട്ടം-വീരാജ്പേട്ട അന്തഃസംസ്ഥാന പാതയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മാക്കൂട്ടം ചെറിയ പാലം അപകടാവസ്ഥയിലായതിന് ശേഷം ഇതിലൂടെ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മുഴക്കുന്ന്-ആറളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബാവലിപ്പുഴയ്ക്ക് കുറുകെയുള്ള പാലപ്പുഴ പാലം അപകട ഭീഷണിയിലാണ്.മലവെള്ളപിച്ചിലിൽ കൂറ്റൻ മരങ്ങൾ പാലത്തിന്റെ തൂണുകളിൽ വന്നിടിച്ചതാണ് പാലത്തിനു ബലക്ഷയമുണ്ടാകാൻ കാരണം.ആറളം-അയ്യങ്കുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം,വിയറ്റ്നാമിനെയും കീഴ്പ്പള്ളിയെയും ബന്ധിപ്പിക്കുന്ന വിയറ്റ്നാം പാലം,ആറളം ഫാമിനെ കീഴ്പ്പള്ളിയുമായി ബന്ധിപ്പിക്കുന്ന കാക്കുവാ പാലം,കൊട്ടിയൂർ പഞ്ചായത്തിലെ കണ്ടപ്പന-നെല്ലിയോടി ചെറിയ പാലം,പയ്യാവൂർ-പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാണിയക്കടവ് പാലം തുടങ്ങിയവയാണ് അപകടാവസ്ഥയിലായിരിക്കുന്നത്.കുടിയേറ്റ മേഖലയായ ഉളിക്കലിനെയും മണക്കടവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടയാംതോട് പാലവും തകർച്ച ഭീഷണിയിലാണ്.

നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം ഇരുപത്തൊൻപതിനേ തുറക്കുകയുള്ളൂ

keralanews nedumbasseri airport will open on 29th of this month

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി. വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 29ന് മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുകയൊള്ളു എന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. 29ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശനഷ്ടമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ  അവലോകന യോഗത്തിലാണ് വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടിയത്. പ്രളയക്കെടുതിയില്‍ നിന്ന് മോചിതരായിട്ടില്ലാത്ത സാഹചര്യമായതിനാല്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും

keralanews pinarayi vijayan will visit flood affected areas today

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും.ആലപ്പുഴ, ചാലക്കുടി, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ പ്രദേശങ്ങളാണ് അദ്ദേഹം ഇന്ന് സന്ദർശിക്കുക. ഇതിന്റെ ഭാഗമായി രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട അദ്ദേഹം ആദ്യം ചെങ്ങന്നൂര്‍ ആയിരിക്കും സന്ദർശിക്കുക.ഇവിടെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും.പിന്നീട് കോഴഞ്ചേരിക്ക് പുറപ്പെടും.അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും.ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാകും മുഖ്യമന്ത്രി എത്തുക.ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.

പ്രളയബാധിതർക്ക് ആശ്വാസമായി ബാങ്കുകളും; വായ്പ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

keralanews banks to support flood victims announced a one year moratorium on loans

തിരുവനന്തപുരം:പ്രളയബാധിതർക്ക് സഹായവുമായി സംസ്ഥാനത്തെ ബാങ്കുകളും. വിദ്യാഭ്യാസം ഒഴികെയുള്ള വായ്പകള്‍ക്ക് എല്ലാ ബാങ്കുകളും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയമായിരിക്കും നല്‍കുക.പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ വില്ലേജുകളിലെ ജനങ്ങള്‍ക്കും ഈ ഇളവുകള്‍ ലഭിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി.പ്രത്യേകമായി തയ്യാറാക്കിയ മാര്‍ഗരേഖ പ്രകാരമാണ് ദുരിശ്വാസ പ്രവര്‍ത്തനങ്ങളില്‍ ബാങ്കുകളുടെ ഇടപെടല്‍. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി മാര്‍ഗരേഖ ബാങ്കുകള്‍ക്ക് കൈമാറി.പ്രളയ ബാധിതമേഖലയിലെ മുഴുവന്‍ വായ്പകളും പുനക്രമീകരിച്ചു. ഇതിനനുസരിച്ച്‌ തിരിച്ചടവ് കാലാവധി പുനര്‍ നിശ്ചയിക്കും. വായ്പകള്‍ക്കുള്ള മൊറട്ടോറിയവും വായ്പകളുടെ പുനക്രമീകരണവും ജൂലൈ 31മുതല്‍ ഒരു വര്‍ഷത്തേക്കാണെന്ന് എസ്‌എല്‍ബിസി കണ്‍വീനര്‍ കെജി മായ പറഞ്ഞു.വെള്ളപ്പൊക്കത്തില്‍ സ്റ്റോക്ക് നഷ്ടമായ വ്യാപാരികള്‍ക്ക് പുതിയ വായ്പ നല്‍കും. അധിക വായ്പ ആവശ്യമുള്ളവര്‍ക്ക് ജാമ്യം ഒഴിവാക്കി അധിക തുക നല്‍കും. ആറുമാസത്തേക്ക് മിനിമം, ബാലന്‍സ്, സേവനങ്ങള്‍ക്കുള്ള ഫീസ് എന്നിവ ഒഴിവാക്കിയതായി സംസ്ഥാനതല ബാങ്കേഴ്‌സ സമിതി ചെയര്‍മാന്‍ ടിഎന്‍ നോഹരന്‍ പറഞ്ഞു.കാര്‍ഷികം, ഭവന,വ്യവസായ വായ്പകള്‍ക്ക് ഇളവുകള്‍ ലഭിക്കും. വാഹന വായ്പകളുടെ ഇന്‍ഷുറന്‍സ് ക്ലെയിം വേഗത്തിലാക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും

ഒരുലക്ഷം രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറുമായി കണ്ണൂരിൽ ഒരാൾ പിടിയിൽ

keralanews man arrested with brown sugar worth one lakh rupees in kannur

കണ്ണൂർ:ഒരുലക്ഷം രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറുമായി കണ്ണൂരിൽ ഒരാൾ പിടിയിൽ. കാട്ടംബ്ബള്ളി കോട്ടക്കുന്നിലെ അബ്ദുൽ റഹീമാണ്(48) കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിലായത്.പഴ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ പത്തുഗ്രാം ബ്രൗൺ ഷുഗറും ലഹരി കുത്തിവെയ്ക്കാനുപയോഗിക്കുന്ന സിറിഞ്ചും ഇയാളിൽ നിന്നും പിടിച്ചെടുത്തു.മുംബൈയിൽ നിന്നും ബ്രൗൺ ഷുഗർ അടക്കമുള്ള ലഹരിവസ്തുക്കൾ കണ്ണൂരിലെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ഉത്സവാഘോഷങ്ങളുടെ മറവിൽ കണ്ണൂരിലേക്ക് ലഹരി കടത്തിന് നീക്കമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.ഇതറിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു.

ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വടകരയിലെ ഇരുനൂറിലധികം സ്വകാര്യ ബസ്സുകൾ

keralanews more than 200 private buses from vadakara have contributed a days income to the chief ministers relief fund

വടകര:ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വടകരയിലെ ഇരുനൂറിലധികം സ്വകാര്യ ബസ്സുകൾ. ഇന്നലത്തെ യാത്രയിലൂടെ 15 ലക്ഷം രൂപയാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും സമാഹരിച്ചത്.കോഴിക്കോട് ജില്ലയിലെ മുക്കം റൂട്ടിലും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തി.കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി അടക്കമുള്ള പ്രധാന റൂട്ടിലോടുന്ന ബസ്സുടമകളെല്ലാം ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബസ് ജീവനക്കാരും അവരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട്.കെ.കെ.ഗോപാലന്‍ നമ്പ്യാർ പറഞ്ഞു.സ്റ്റാന്‍റുകളില്‍ ജോലി ചെയ്യുന്ന ബസ് പാസഞ്ചേഴ്സ് ഗൈഡുമാരും ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിക്കായി മാറ്റി വെച്ചു.

ത്യാഗസ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു

keralanews believers celebrating bakrid today

തിരുവനന്തപുരം:ത്യാഗസ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും. തുടര്‍ന്ന് ബലി അറുക്കലും ആണ് ചടങ്ങ്.പ്രളയ വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി ആണ് ഇത്തവണത്തെ ബലി പെരുന്നാള്‍.ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവാനും ദുരിത ബാധിതരെ സഹായിക്കാനും വിശ്വാസികൾക്ക് മത നേതാക്കള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പെരുനാൾ ആശംസയിൽ പറഞ്ഞു.ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാം. മത-ജാതി-രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്. പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും ലോകമെങ്ങുമുളള മലയാളികളുടെ പിന്തുണ തുടര്‍ന്നും ആവശ്യമാണ്. കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകുമെന്ന് ഭക്ഷ്യമന്ത്രി

keralanews the minister said new card would be given to those who lost their ration card in flood

തിരുവനന്തപുരം:പ്രളയക്കെടുതിക്കിടെ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്‍റെ നമ്പർ പറഞ്ഞാല്‍‌ റേഷന്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മാവേലി സ്റ്റോറില്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ അവരുടെ മൊബൈല്‍ ഫോണ്‍ നമ്പർ നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ള റേഷന്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാമെന്നു പറഞ്ഞ മന്ത്രി ക്യാമ്ബുകളില്‍ നിന്നും വീടുകളിലെത്തുന്നവര്‍ക്കും, മഴക്കെടുതിയില്‍ ഇതുവരെ റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കും ഇന്നു കട തുറക്കുന്നത് ഒരു സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.