കണ്ണൂർ:കണ്ണൂരിനെ ആശങ്കയിലാഴ്ത്തി വീണ്ടും ടാങ്കർ അപകടം.പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് സമീപം തിരുവോണനാളിൽ പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.മംഗളൂരുവിൽ നിന്നും മലപ്പുറം ജില്ലയിലെ ചേളാരിയിലെ ഡിപ്പോയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്.പള്ളിക്കുന്ന് കുന്നിറങ്ങിവരികയായിരുന്ന ടാങ്കറിന് മുന്നിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു.18 ടൺ പാചകവാതകമായിരുന്നു ടാങ്കറിൽ ഉണ്ടായിരുന്നത്.അപകടത്തിൽ നിന്നും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ട ലോറി ഡ്രൈവറും ക്‌ളീനറും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസും അഗ്നിശമന സേനയും ചേർന്ന് വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട പ്രദേശത്തെ വൈദ്യുത ബന്ധം ഉടൻ തന്നെ വിച്ഛേദിച്ചു.അതിനിടെ വാതകചോർച്ച ഉണ്ടെന്ന അഭ്യൂഹം ആശങ്ക പരത്തി.സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാതകചോർച്ച ഇല്ലെന്ന് സ്ഥിതീകരിച്ചതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.അപകടത്തെ തുടർന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടു.അപകട വിവരമറിഞ്ഞ് മംഗളൂരുവിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥരും കോഴിക്കോട്,ചേളാരി എന്നിവിടങ്ങളിൽ നിന്നും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ടാങ്കർ ഉയർത്താനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.വളപട്ടണത്തു നിന്നും എത്തിയ ഖലാസികളുടെ സഹായത്തോടെ ടാങ്കർ ഉയർത്തി.പിന്നീട് ഇത് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലേക്ക് മാറ്റി.പിന്നീട് മൂന്നു ടാങ്കറുകൾ കൊണ്ടുവന്ന് രാത്രി പതിനൊന്നു മണിയോടെ വാതകം പൂർണ്ണമായും ഇതിലേക്ക് മാറ്റി. ഈ സമയത്തൊക്കെ എന്തെങ്കിലും അപകടം ഉണ്ടായാൽ ഉടൻ തന്നെ പരിഹരിക്കുന്നതിനുള്ള സംവിധാനം ജില്ലാ ഭരണകൂടവും പോലീസും ഫയർഫോഴ്സും ചേർന്ന് നഗരത്തിലും ജവഹർ സ്റ്റേഡിയത്തിലും ഒരുക്കിയിരുന്നു.ജില്ലാ കലക്റ്റർ മിർ മുഹമ്മദലി,ഡിവൈഎസ്പി പി.പി സദാനന്ദൻ,സിഐ ടി.കെ രത്‌നകുമാർ,എസ്‌ഐ ശ്രീജിത്ത് കോടേരി,കണ്ണൂർ ഫയർ സ്റ്റേഷൻ ഇൻചാർജ് കെ.വി ലക്ഷ്മണൻ,ലീഡിങ് ഫയർമാൻ വിനോദ് കുമാർ,ഫയർമാന്മാരായ സൂരജ്,നിജിൽ,ധനേഷ്,സുബൈർ എന്നിവരാണ് രക്ഷ പ്രവർത്തനങ്ങൾക്കും സുരക്ഷയൊരുക്കുന്നതിനും നേതൃത്വം നൽകിയത്.
സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല; ഇന്ന് സംസ്ക്കരിക്കുമെന്ന് പോലീസ്

ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 29 നു തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തൃശൂർ:ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 29 നു തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്.ഓണപരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 31 നുള്ളില്‍ അവരവരുടെ സ്കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അടുത്ത ദിവസങ്ങളില്‍ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
എൻഡിടിവി ആറു മണിക്കൂർ കൊണ്ട് കേരളത്തിനായി സമ്പാദിച്ചത് പത്തുകോടി രൂപ
മുംബൈ: പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കൈത്താങ്ങായി ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വിയും. ഇന്ത്യ ഫോര്‍ കേരള എന്ന ആറര മണിക്കൂര്‍ നീളുന്ന പരിപാടിയിലൂടെ ചാനല്‍ സ്വരൂപിച്ചത് പത്ത് കോടിയിലേറെ രൂപയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംഭാവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.കേരളം ഒരു പുനര്‍ നിര്‍മാണത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് എന്‍.ഡി.ടി.വി ധനശേഖരണാര്‍ത്ഥം പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ചാനലിന്റെ ഔദ്യോഗിക പ്രസ്ഥാവനയില്‍ വ്യക്തമാക്കി. രാഷ്ട്രീയ- സംസ്‌കാരിക- സാമൂഹിക രംഗത്തെ നിരവധി പേരാണ് കേരളത്തിന് വേണ്ടി സംഭവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പരിപാടി വഴിയെത്തുന്ന എല്ലാ സംഭാവനകളും പ്ലാന്‍ ഇന്ത്യ എന്ന എന്‍.ഡി.ടി.വിയുടെ സന്നദ്ധ സംഘടനയിലേക്കായിരിക്കും എത്തുക. ആ തുക കേരളത്തിലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഗ്രാമങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്ന് ചാനല്‍ വെളിപ്പെടുത്തി. അതേസമയം, കേരളത്തെ സഹായിക്കാന്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച എന്‍.ഡി.ടി.വിക്ക് നന്ദിയും അഭിനന്ദനവും അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഭക്ഷ്യവസ്തുക്കൾ സഹകരണ സംഘങ്ങളിലേക്ക് കടത്താൻ ശ്രമിച്ചതായി പരാതി
തൃശൂർ:ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഭക്ഷ്യവസ്തുക്കൾ സഹകരണ സംഘങ്ങളിലേക്ക് കടത്താൻ ശ്രമിച്ചതായി പരാതി.തൃശ്ശൂര്‍ കേച്ചേരിയിലാണ് സംഭവം.കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘത്തിലേക്ക് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് തമിഴ്നാട്ടില്‍ നിന്നും ആറുലോഡ് സാധനങ്ങളുമായി വണ്ടികള്‍ എത്തിയത്.പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെ വീട്ടുസാധനങ്ങളെല്ലാം ഇതിലുണ്ടായിരുന്നു. എന്നാല്‍ നാലു ലോഡുകള്‍ മാത്രമാണ് കളക്ടറേറ്റില്‍ എത്തിയത്. മറ്റ് രണ്ട് ലോഡുകള്‍ നടത്തറയിലെ പഴം പച്ചക്കറി മാര്‍ക്കറ്റിലേക്ക് കൊണ്ടുപോയി എന്നാണ് നാട്ടുകാരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ സിഐ എത്തി പരിശോധിക്കുകയും സാധനങ്ങള്‍ സീല്‍ ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തമിഴ്നാട്;മുഴുവൻ സർക്കാർ ജീവനക്കാരുടെ ഒരുദിവസത്തെ വേതനം കേരളത്തിന് നൽകും
ചെന്നൈ:പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തമിഴ്നാട്.മുഴുവൻ സർക്കാർ ജീവനക്കാരുടെ ഒരുദിവസത്തെ വേതനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഏകദേശം 200 കോടി രൂപയോളം വരുന്ന തുകയാകും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജുകുമാറാണ് ഈ വിവരം അറിയിച്ചത്. ഈ മാസത്തെ ശമ്പളത്തിൽ നിന്നും ഇതു നല്‍കാനാണു തീരുമാനം.കേരളത്തിന് നേരത്തെ നല്‍കി വന്നിരുന്ന സഹായങ്ങള്‍ക്ക് പുറമെയാണിത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ ബ്രാന്‍ഡ് കുടിവെള്ളം തമിഴ്‌നാട് കേരളത്തില്‍ എത്തിച്ചിരുന്നു. ഇത് കൂടാതെ 4000 കിലോ അരി, ആവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നിവ തമിഴ്‌നാട് ജീവനക്കാര്‍ തിരുവനന്തപുരത്തും ഇടുക്കിയിലും എത്തിച്ചിരുന്നു.തമിഴ് സിനിമാ അഭിനേതാക്കളും പ്രവര്‍ത്തകരും സിനിമാ സംഘടനകളും നിരവധി സഹായങ്ങള്‍ കേരളത്തിനായി എത്തിച്ചിരുന്നു.
പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയിലായിരുന്നു സൗമ്യയെ നിയോഗിച്ചിരുന്നത്. രാവിലെ പശുകള്‍ക്കായി ജയില്‍ വളപ്പില്‍ തന്നെ പുല്ലു ചെത്താന്‍ സൗമ്യ പോയിരുന്നു. പിന്നാലെയാണ് വളപ്പിലെ കശുമാവില്‍ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.പിന്നീട് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.മക്കളെയും മാതാപിതാക്കളേയും ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (ഒന്‍പത്) എന്നിവരാണു നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.മരിച്ചവരുടെ ശരീരത്തില്‍ എലി വിഷത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു സംഭവത്തിന്‍റെ ചുരുളുകള്‍ അഴിഞ്ഞത്.തന്‍റെ അവിഹിത ബന്ധങ്ങള്‍ക്കു സൗകര്യമൊരുക്കുന്നതിനായാണു സൗമ്യ ഇവരെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.ആസൂത്രിതമായി മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഛര്‍ദി അഭിനയിച്ചു തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സൗമ്യയെ വിദഗ്ദമായ നീക്കത്തിലൂടെയാണ് പോലീസ് കൂടുക്കിയത്.
ഇന്നുമുതല്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി;എടിഎമ്മുകളില്‍ പണം തീരാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. ഇന്ന് ഉത്രാടം,നാളെ തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്.തുടർച്ചയായി അവധി വരുന്നതോടെ സംസ്ഥാനത്തെ എടിഎമ്മുകൾ കാലിയാകാൻ സാധ്യതയുണ്ട്.പ്രളയക്കെടുതിക്ക് പിന്നാലെ, എടിഎമ്മുകളില്‍ പണം തീരുന്നതും ഏറെ ബുദ്ധിമുട്ടിലാക്കിയേക്കുമെന്ന ആശങ്കയിലാണ് ജനം.അതേസമയം ആശങ്ക വേണ്ടെന്നും, എടിഎമ്മുകളില്‍ ആവശ്യാനുസരണം പണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിര്‍ദേശം നല്‍കിയതായി സമിതി കണ്‍വീനര്‍ ജി.കെ. മായ അറിയിച്ചു. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പലയിടത്തും റോഡുകള്‍ തകര്‍ന്നതും, വെള്ളം കയറിക്കിടക്കുന്ന ഉള്‍പ്രദേശങ്ങളിലും പണം ലഭ്യമാക്കുക പ്രയാസകരമാണ്. പ്രളയത്തില്‍ 423 എ.ടി.എമ്മുകളാണ് പ്രവര്‍ത്തനരഹിതമായത്.എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളില്‍ പണം തീരുന്ന സാഹചര്യം ഉണ്ടായാല്‍ പണമെടുക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പെട്രോള്‍ പമ്ബുകളിലും കടകളിലും എസ്.ബി.ഐ.യുടെ പി.ഒ.എസ്. മെഷീന്‍ ഉണ്ടെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് സ്വൈപ്പ് ചെയ്ത് ദിവസം 2000 രൂപവരെ പിന്‍വലിക്കാം. ഈ പണം കടയുടമകള്‍ അവര്‍ക്ക് നല്‍കും. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. എ.ടി.എമ്മുകളില്‍ പണം ഉറപ്പാക്കുന്നതിനുവേണ്ടി 45 കാഷ് ചെസ്റ്റുകളും 600 ശാഖകളും അവധി ദിവസങ്ങളായ ഇന്നും ഞായറാഴ്ചയും പ്രവര്‍ത്തിക്കാനും എസ്.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. ഈ ശാഖകളില്‍ മറ്റ് ഇടപാടുകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ നിന്നും സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് സർക്കാർ ജീവനക്കാർ അറസ്റ്റിൽ
വയനാട്: പനമരത്തിമാനന്തവാടിനടുത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് സർക്കാർ ജീവനക്കാർ അറസ്റ്റിൽ.പനമരം വില്ലജ് ഓഫീസിൽ ജീവനക്കാരായ സിനീഷ് തോമസ്,ദിനേശ് എം.പി എന്നിവരാണ് അറസ്റ്റിലായത്. തഹസില്‍ദാറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.പനമരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നാണ് ഇവര്‍ സാധനങ്ങള്‍ കടത്താൻ ശ്രമിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് സാധനങ്ങളുമായി പോകുമ്പോൾ അന്തേവാസികള്‍ തടഞ്ഞ് വെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.
കേരളത്തിന് 700 കോടി രൂപയുടെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ
തിരുവനന്തപുരം:പ്രളയക്കെടുതിയിൽ ഉഴലുന്ന കേരളത്തിന് 700 കോടി രൂപയുടെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. യുഎഇ അംബാസിഡര്‍ അഹമ്മദ് ആൽബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിന് എത്ര ധനസഹായം നല്‍കാമെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം യുഎ ഇ 700 കോടി ധനസഹായം പ്രഖ്യാപിച്ചിരുന്നു എന്നത് വളരെയധികം വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രളയക്കെടുതിയില്‍ വിദേശ രാജ്യങ്ങളുടെ ധന സഹായം സ്വീകരിക്കില്ലെന്നും 15 കൊല്ലമായുള്ള നയം മാറ്റേണ്ടെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി ഒട്ടുമിക്ക വിദേശരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും.