തിരുവനന്തപുരം:പ്രളയക്കെടുതിയിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ ഓണപരീക്ഷ ഉണ്ടാകില്ല.അതേസമയം സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍ തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ ഒഴിവാക്കിയ ഓണപരീക്ഷ മറ്റേതെങ്കിലും രീതിയില്‍ മാറ്റാനാണ് ആലോചിക്കുന്നത്. ക്ലാസ് പരീക്ഷയായോ ക്രിസ്മസ് പരീക്ഷയുമായി സംയോജിപ്പിച്ചോ ആയിരിക്കും ഇത് നടത്തുക. ക്ലാസ് പരീക്ഷയാണ് നടത്തുന്നതെങ്കില്‍ ഒക്‌റ്റോബര്‍ മധ്യത്തോടെയായിരിക്കും നടത്തുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റ് അധികൃതര്‍ പറഞ്ഞു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളില്‍ പലതിലും പരീക്ഷകള്‍ നേരത്തെ ആരംഭിച്ചിരുന്നു. അതിനിടെയാണ് പ്രളയമുണ്ടായത്. തുടര്‍ന്ന് നിര്‍ത്തിവെച്ച പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ പത്ത് മുതല്‍ പരീക്ഷ നടത്താവൂ എന്ന് ഉത്തരവിറക്കിയത്.
പ്രളയം;ധനസമാഹരണത്തിനായി വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം:പ്രളയത്തിൽ തകർന്ന കേരളത്തെ പുനര്നിര്മ്മിക്കാനുള്ള ധനസമാഹരണത്തിനായി വിപുലമായ പദ്ധതികളുമായി സംസ്ഥാന സർക്കാർ.പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധന സമാഹരണമാണ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെല്ലുവിളിയെന്നും എന്നാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന താത്പര്യം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.രാജ്യത്തിന് അകത്തും പുറത്തും നിന്ന് ധനസമാഹരണം നടത്തും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഇതിനായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനം നടത്തും. മലയാളി സംഘടനകളുടെ സഹകരണവും ഇതില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണത്തിന് ലോക കേരള സഭ വഴി വിഭവ സമാഹരണം നടത്തും. എല്ലാ ജില്ലകളിലും ദുരിതാശ്വാസ നിധി നേരിട്ടു സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കും. മന്ത്രിമാര്‍ നേരിട്ടെത്തിയാവും ഫണ്ട് സ്വീകരിക്കുക. ഇതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്കു ചുമതല നല്‍കി.സംസ്ഥാനത്തെ എല്ലാ വിദ്യാലങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. സെപ്റ്റംബര്‍ 11 നാണ് ഇതു നടക്കുക. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്ഥാപനങ്ങളെയും പങ്കാളികളാക്കും. ഓഗസ്റ്റ് 30 വരെ 1026 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത്. പ്രളയത്തിനിരയായ ചെറുകിട കച്ചവടക്കാരൂടെ നാശനഷ്ടം കണക്കാക്കും. ഇവര്‍ക്കു പത്തു ലക്ഷം രൂപ വരെ വായ്പാ സഹായം ലഭ്യമാക്കാന്‍ നടപടിയെടുക്കും. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വരെ കുടുംബശ്രീ വഴി വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും.കുടുംബശ്രീ അംഗമല്ലാത്തവര്‍ക്കു ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമാക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാറുണ്ടാക്കും. നാശനഷ്ടം സംഭവിച്ച വീടുകളുടെയും കടകളുടെയും വിവര ശേഖരണം ഡിജിറ്റല്‍ ആയി നടത്തും.പുനര്‍നിര്‍മാണത്തിന് കണ്‍സള്‍ട്ടന്റ് പാര്‍ട്ട്ണര്‍ ആയി രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കെപിഎംജിയെ നിയോഗിക്കും. അവര്‍ സൗജന്യമായാണ് സേവനം വാഗ്ദാനം ചെയ്തിട്ടുള്ളത്. കാര്‍ഷിക കടങ്ങള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ജില്ലയിൽ ശുചീകരണ യജ്ഞത്തിന് തുടക്കമായി
വയനാട്:പ്രളയക്കെടുതിയിൽ തകർന്ന വയനാടിനെ പുനർനിർമിക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന് തുടക്കമായി.കളക്‌ട്രേറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍, സ്ഥലം എംപി എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേര്‍ പങ്കാളികളായി.ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള കാൽലക്ഷത്തോളം പേരാണ് യജ്ഞത്തില്‍ പങ്കെടുക്കുന്നത്. ഒരോ പ്രദേശങ്ങളിലും യജ്ഞത്തില്‍ പങ്കാളികളാവേണ്ടവരാരെന്ന് ജില്ലാ ഭരണകൂടം കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലാണ് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. ഇ-വേസ്റ്റ്, പ്ലാസ്റ്റിക്ക് കുപ്പികള്‍, മറ്റ് പ്ലാസ്റ്റിക്കുകള്‍, ജൈവ മാലിന്യങ്ങള്‍ എന്നിവ വെവ്വേറെയാണ് ശേഖരിക്കുന്നത്. ശുചീകരണ യജ്ഞം വിവിധഘട്ടങ്ങളിലായി രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
പ്രളയത്തിന് പിന്നാലെ എലിപ്പനിയും;കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം
കോഴിക്കോട്:പ്രളയത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ എലിപ്പനി പടർന്നു പിടിക്കുന്നു.28 പേർക്കാണ് എലിപ്പനി ബാധിച്ചതായി റിപ്പോർട്ടുള്ളത്.ഇതിൽ മൂന്നുപേർ മരിച്ചു.66 പേർ നിരീക്ഷണത്തിലാണ്.എലിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചതായും ഡിഎംഒ ഡോ.വി.ജയശ്രീ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. പ്രളയത്തെ തുടര്‍ന്നുളള പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 16 താത്കാലിക ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആശുപത്രി ഒരുക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറഞ്ഞതും പകര്‍ച്ചവ്യാധികള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലാവും ഇവയുടെ പ്രവര്‍ത്തനമെന്നും ഡോ. ജയശ്രീ പറഞ്ഞു.പ്രളയ ബാധിത പ്രദേശങ്ങളില്‍ കടുത്ത പനിയുമായി ചികില്‍സ തേടുന്ന എല്ലാവരെയും എലിപ്പനി കരുതി ചികില്‍സിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൃത്യമായ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണ് എലിപ്പനി. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ പ്രതിരോധമരുന്ന് ഉപയോഗിക്കണമെന്നും സ്വയം ചികില്‍സ അരുതെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.
മുഴപ്പിലങ്ങാട് പള്ളി മഖാം കത്തി നശിച്ച നിലയില്‍
കണ്ണൂര്‍: മുഴപ്പിലങ്ങാട് സീതിന്റെ പള്ളിയോട് ചേര്‍ന്നുള്ള മഖാമിന്റെ അകത്തളം കത്തിയ നിലയില്‍. ബുധനാഴ്ച രാവിലെ മദ്രസയിലെത്തിയ കുട്ടികളാണ് മഖാമിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.50 വര്‍ഷത്തിലധികം പഴക്കമുള്ള മഖാമിനകത്ത് ഒരുമീറ്റര്‍ ഉയരത്തില്‍ രണ്ട് മഖ്ബറകളും അതിനിരുവശങ്ങളിലായി തറയില്‍ ഒരോ മഖ്ബറയുമാണുള്ളത്. ഇവയില്‍ ഉയരത്തിലുള്ള രണ്ട് മഖ്ബറകളാണ് കത്തിനശിച്ചത്. ഇതിന് മുകളിലണിയിച്ച പച്ചപ്പട്ടുകളും കത്തിനശിച്ചിട്ടുണ്ട്.സന്ദര്‍കര്‍ മഖാമിന് പുറത്താണ് പ്രാര്‍ത്ഥന നടത്താറുള്ളത്. സംഭവത്തെത്തുടര്‍ന്ന് ഫിംഗര്‍പ്രിന്റ്, ഫോറന്‍സിക് സയന്‍സ് വിഭാഗങ്ങളും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
പയ്യന്നൂരിൽ ബാങ്കിലും ജ്വല്ലറിയിലും കവർച്ചാ ശ്രമം
കണ്ണൂർ:പയ്യന്നൂരിൽ ബാങ്കിലും ജ്വല്ലറിയിലും കവർച്ച ശ്രമം.പയ്യന്നൂര്‍ നഗരത്തിലെ നഗരത്തിലെ ശ്രീലക്ഷ്മി ജ്വല്ലറിയിലും റൂറല്‍ ബാങ്കിലുമാണ് കവര്‍ച്ചശ്രമം നടന്നത്. ബാങ്കിന് സമീപമുള്ള ഹോട്ടലിലും മോഷണം നടന്നിട്ടുണ്ട്.സമീപത്തെ സിസിടിവികളെല്ലാം തകര്‍ത്ത ശേഷമാണ് മോഷണ ശ്രമം നടന്നത്.മോഷ്ടാക്കള്‍ ജ്വല്ലറിയുടെ അകത്ത് കടന്നെങ്കിലും സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിനുള്ളിൽ കടക്കാന്‍ സാധിക്കാത്തതിനാല്‍ ആഭരണങ്ങള്‍ മോഷ്ടിക്കാനായില്ല. എന്നാല്‍ ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ പിന്‍ഭാഗത്തെ രണ്ടു വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണശ്രമം. സമീപത്തെ റൂറല്‍ ബാങ്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഷട്ടറിന്റെ പൂട്ട് തകര്‍ക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് സ്ഥാപനങ്ങളിലെ മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്.വിവരമറിഞ്ഞ് പയ്യന്നൂർ സി ഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
സൗമ്യയുടെ ആത്മഹത്യ;ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ
കണ്ണൂർ:പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ചപറ്റിയതായി ജയിൽ ഡിഐജി യുടെ അന്വേഷണത്തിൽ കണ്ടെത്തൽ. ഓഗസ്റ്റ് ഇരുപത്തിനാലാം തീയതി സൗമ്യയെ ജയിൽ വളപ്പിലെ കശുമാവിൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിവാദമായ കൊലക്കേസ് പ്രതിയായതിനാൽ അതിജാഗ്രതയോടെ നിരീക്ഷിക്കേണ്ട റിമാൻഡ് തടവുകാരിയായ സൗമ്യ ജയിൽ വളപ്പിൽ തൂങ്ങിമരിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണമുണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ജയിൽ ഡിഐജി എസ്.സന്തോഷ് ബുധനാഴ്ച ജയിലിൽ തെളിവെടുപ്പിനെത്തിയത്.ജയിൽ സൂപ്രണ്ട് പി.ശകുന്തള, ഡെപ്യുട്ടി സൂപ്രണ്ട് കെ.തുളസി,അസി.സൂപ്രണ്ട് സി.സി രമ,കെ.ചന്ദ്രി, അസി.പ്രിസൺ ഓഫീസർമാർ,തടവുകാർ,ഡ്രൈവർ എന്നിവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ജയിലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.9.30 നാണു സൗമ്യ മരിക്കുന്നത്.അതിനു മുൻപ് 9.10 നു അവർ സഹതടവുകാരുമായി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.പിന്നീട് ടോയ്‌ലെറ്റിൽ പോയ സൗമ്യയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സഹതടവുകാരി ഉണക്കാനിട്ട സാരിയിലാണ് സൗമ്യ തൂങ്ങിയത്.സൗമ്യയുടെ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത് ഇവർക്ക് പ്രത്യേക നിരീക്ഷണം വേണമെന്ന് പോലീസ് ജയിലധികൃതർ നേരത്തെ അറിയിച്ചുരുന്നു.ഇക്കാര്യം ജയിലധികൃതർ ഗൗരവത്തിലെടുത്തില്ലെന്നും പറയുന്നു. അതേസമയം സംഭവ ദിവസം ജയിൽ സൂപ്രണ്ടും ഡെപ്യുട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സംഭവം നടന്നത് ജീവനക്കാർ അറിയിച്ച ശേഷമാണ് ഇവർ സ്ഥലത്തെത്തിയത്.ഇതും വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ മെഡിക്കൽ കോളേജിന് പ്രവേശനാനുമതി ലഭിക്കണമെങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നൽകണമെന്ന് സുപ്രീം കോടതി
കണ്ണൂർ:ഈ വർഷം എംബിബിഎസ് പ്രവേശനം അനുവദിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകണമെന്ന് കണ്ണൂർ മെഡിക്കൽ കോളേജിനോട് സുപ്രീം കോടതി.സെപ്റ്റംബർ 20 നകം തുകനൽകണമെന്നും കൂടാതെ സുപ്രീം കോടതി അഭിഭാഷക സമിതികൾക്ക് 20 ലക്ഷവും നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.2016-17 വർഷത്തിൽ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും വാങ്ങിയ തുക സെപ്റ്റംബർ മൂന്നിനകം തിരികെ നൽകണമെന്നും പ്രവേശന മേൽനോട്ട സമിതി നിശ്ചയിച്ച ഫീസായ 5.6 ലക്ഷം രൂപ മാത്രമേ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കാൻ പാടുള്ളൂ എന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.ഈ വർഷം മെഡിക്കൽ പ്രവേശനത്തിന് അനുമതി ആവശ്യപ്പെട്ട് കോളേജ് അധികൃതർ നൽകിയ ഹർജിയിലാണ് നടപടി.സുപ്രീം കോടതി മുന്നോട്ടിവെച്ച വ്യവസ്ഥകൾ അംഗീകരിച്ചാൽ മെഡിക്കൽ പ്രവേശനത്തിന് കമ്മീഷണർക്ക് നടപടി തുടങ്ങാമെന്നും ബെഞ്ച് വ്യക്തമാക്കി.
പുനർനിർമാണത്തിനായി കണ്ണൂർ വയനാട് പാൽചുരം റോഡ് അടച്ചു
കൊട്ടിയൂർ:തകർന്ന കണ്ണൂർ വയനാട് പാൽചുരം റോഡ് പുനർനിർമിക്കുന്നതിനായി അടച്ചു.പാൽച്ചുരം, ബോയ്സ് ടൗൺ വഴി വയനാട്ടിലേക്ക് പോകുന്ന റോഡാണ് കലക്ടറുടെ നിർദേശപ്രകാരം അടച്ചത്. കലക്ടർ നേരിട്ടെത്തി പാൽച്ചുരം റോഡിന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നു. അമ്പായത്തോടുനിന്ന‌് ബോയ്സ് ടൗൺവരെയുള്ള ആറു കിലോമീറ്റർ റോഡിൽ കനത്ത മഴയിൽ 14 ഇടങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട‌്. ഏഴ് സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞ് താഴ്ചയിലേക്ക് വീണിട്ടുമുണ്ട്. രണ്ടിടങ്ങളിലായി നൂറുമീറ്ററിലേറെ ദൂരത്തിൽ റോഡിന് വിള്ളലുണ്ടായി.പി.ഡബ്ല്യൂ.ഡി ചുരം ഡിവിഷന്റെ കീഴിൽ പാൽച്ചുരം റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച് അപകട ഭീഷണിയില്ലെന്ന് ഉറപ്പ് വരുത്തിയശേഷംമാത്രം റോഡ് തുറന്നുകൊടുക്കാനാണ് തീരുമാനം.മഴ കുറഞ്ഞതോടെ ചെറുവാഹനങ്ങൾക്ക് ഇതിലൂടെ പോകാൻ സൗകര്യമൊരുക്കിയിരുന്നു.സ്കൂൾ കുട്ടികൾക്ക് പോകുന്നതിനും വരുന്നതിനും അവർ വരുന്ന സമയത്ത് റോഡ് തുറന്നുകൊടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അറിയിച്ചു.
ഇരിട്ടിയിൽ ലീഗ് ഓഫീസ് കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനം;പോലീസ് അന്വേഷണം ഊർജിതമാക്കി
ഇരിട്ടി:ഇരിട്ടിയിൽ ലീഗ് ഓഫീസിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.മുസ്ലിം ലീഗ് ഓഫീസിൽ കെട്ടിടമായ സി എച്ച് സൗധത്തിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവിടെ നിന്നും ബോംബുകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു.ഇതേ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.ഇതിനായി ഇരിട്ടി സി ഐ രാജീവൻ വലിയവളപ്പ്, എസ്‌ഐ പി.സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.ലീഗ് ഓഫീസ് ഭാവവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.സ്ഫോടനത്തിന്റെ സ്വഭാവവും സ്ഫോടനം നടന്ന സ്ഥലം കൃത്യമായി ഉറപ്പാക്കുന്നതിനുമായി പോലീസ് സയന്റിഫിക് ഓഫീസർ ശ്രുതിലേഖയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.അത്യുഗ്ര ശേഷിയുള്ള ഒന്നിലധികം ഐസ്ക്രീം ബോംബുകളാണ് പൊട്ടിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ഇതുസംബന്ധിച്ചുള്ള കൃത്യമായ പരിശോധന റിപ്പോർട്ട് വിദഗ്ദ്ധസംഘം അടുത്ത ദിവസം അന്വേഷണ സംഘത്തിന് കൈമാറും. സ്ഫോടനത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ലീഗ് ഓഫീസിന്റെ കോൺഫെറൻസ് ഹാളിന്റെ സമീപത്തു നിന്നും ഉഗ്രശേഷിയുള്ള മൂന്നു നാടൻ ബോംബുകളും മൂന്നു വടിവാളും ആറ് ഇരുമ്പ് ദണ്ഡുകളും രണ്ട് മരദണ്ഡുകളും പിടികൂടിയിരുന്നു.സ്ഫോടനം നടന്നത് ലീഗ് ഓഫീസിൽ കെട്ടിടമായ സി എച്ച് സൗധത്തിൽ നിന്നാണെന്ന് പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.ഇക്കാര്യം സയന്റിഫിക് ഓഫീസറും സ്ഥിതീകരിച്ചു. സംഭവത്തിൽ ലീഗ് ഓഫീസ് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.അതേസമയം സ്ഫോടനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ലീഗ് നേതാക്കൾ ആരോപിച്ചു.സ്ഫോടനം നടന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം നൂറിലധികംപേരെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി നടത്തിയിരുന്നു.അതുകൊണ്ടു തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.