കണ്ണൂർ: കണ്ണവത്തെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ പോലീസ് പിടിയിൽ.പോപ്പുലർ ഫ്രണ്ട് ഉരുവച്ചാൽ ഡിവിഷൻ പ്രസിഡന്റ് വി.എം.സലീമാണ് പിടിയിലായത്.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സലീം കർണാടക മഹാരാഷ്ട്ര അതിർത്തിയിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് പേരാവൂർ പൊലീസ് സലീമിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി പത്തൊൻപതിനാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കണ്ണവത്തുവച്ച് കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ എണ്ണം ആറായി.ആർഎസ്എസ് കണ്ണവം പതിനേഴാംമൈൽ ശാഖ മുഖ്യശിക്ഷകും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാർഥിയുമായിരുന്നു കൊല്ലപ്പെട്ട ശ്യാമപ്രസാദ്. കൊലനടത്തിയവരെന്നു കരുതുന്ന നാലംഗ സംഘത്തെ കൊല നടന്ന അന്നു തന്നെ വയനാട് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ലോക്കോപൈലറ്റുമാരില്ല;പത്തു ട്രെയിനുകൾ ഇന്ന് റദ്ദാക്കും
തിരുവനന്തപുരം: ലോക്കോ പൈലറ്റുമാരില്ലാത്തതിനാല്‍ റെയില്‍വേ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് പാസഞ്ചറുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, പുനലൂര്‍-കൊല്ലം, കൊല്ലം-പുനലൂര്‍,ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍, എറണാകുളം-കായംകുളം (കോട്ടയം വഴി), കായംകുളം- എറണാകുളം (കോട്ടയം വഴി) എന്നീ പാസഞ്ചറുകളാണ് പൂര്‍ണമായി റദ്ദാക്കിയത്. തൃശൂര്‍-കോഴിക്കോട് പാസഞ്ചറും കോഴിക്കോട്- തൃശൂര്‍ പാസഞ്ചറും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മാസങ്ങളായി പാളങ്ങളുടെ അറ്റകുറ്റപണികൾക്കു വേണ്ടി ട്രെയിനുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു.എന്നാൽ അപ്പോഴൊന്നും ജീവനക്കാരുടെ കുറവുണ്ടെന്ന വസ്തുത റെയിൽവേ അംഗീകരിച്ചിരുന്നില്ല.എന്നാൽ അറ്റകുറ്റപ്പണി നടക്കാത്ത മേഖലയിലെ തീവണ്ടികളും റദ്ദാക്കേണ്ടി വന്നതോടെയാണ് ജീവനക്കാർ കുറവുണ്ടെന്ന വസ്തുത റെയിൽവേ അംഗീകരിച്ചത്.തിരുവനന്തപുരം ഡിവിഷനിൽ 525 ലോക്കോപൈലറ്റുമാരുടെ തസ്തികയാണുള്ളത്.എന്നാൽ ഇതിൽ 420 പേർ മാത്രമാണുള്ളത്. പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ഇരുപതോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.ആൾക്ഷാമത്തിനിടെ പ്രളയത്തെ തുടർന്ന് ജീവനക്കാർ അവധിയിൽ പോവുകയും ചെയ്തത് ട്രെയിനുകൾ റദ്ദാക്കാൻ അധികൃതരെ നിർബന്ധിതരാക്കുകയായിരുന്നു.
ആറളം വന്യജീവി സങ്കേതത്തിൽ ഉരുൾപൊട്ടൽ
കേളകം: ആറളം വന്യ ജീവി സങ്കേതത്തിന്‍റെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടല്‍. ഇതോടെ ചീങ്കണ്ണിപ്പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടു കൂടിയാണ് ചീങ്കണ്ണിപുഴയില്‍ പൊടുന്നനെ മലവെള്ളപാച്ചിലുണ്ടായത്. ഈ സമയത്ത് കേളകം, കണിച്ചാര്‍ പഞ്ചായത്തുകളിലായി ഈ പുഴയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് പുഴക്കരയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. കേളകം പോലിസ് നദീതീരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ അപകടം ഒഴിവായി.
സംസ്ഥാനത്ത് ഭീതി പടർത്തി എലിപ്പനി പടരുന്നു; ഞായറാഴ്ച മാത്രം മരിച്ചത് 10 പേർ
കോഴിക്കോട്:സംസ്ഥാനത്ത് ഭീതിപടർത്തി എലിപ്പനി പടരുന്നു,എലിബാധിച്ചെന്ന് സംശയിച്ച് ഇന്നലെ മാത്രം സംസ്ഥാനത്ത് പത്തുപേർ മരിച്ചു.ഇതിൽ ഒരാളുടെ മരണം എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് 43 പേർ മരിച്ചു.കോഴിക്കോട് മൂന്ന് പേരും, തൃശ്ശൂരില്‍ ഒരാളും, എറണാകുളത്ത് രണ്ടുപേരും, പാലക്കാട്ടും മലപ്പുറത്തും രണ്ടുപേരും എലിപ്പനി ബാധിച്ച് മരിച്ചു. സംസ്ഥാനത്താകെ 33 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 68 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു.എല്ലാ ജില്ലകളിലും അതിജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. എലിപ്പനി പടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽകൂടി ആരോഗ്യവകുപ്പിന്‍റെ അതിജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നേരത്തേ തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.എലിപ്പനികൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കൻപോക്‌സ് തുടങ്ങിയവയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് എച്ച്1 എൻ1 മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യ എച്ച്1 എൻ1 മരണമാണ് കോഴിക്കോട്ടേത്.വെള്ളപ്പൊക്കത്തെത്തുടർന്ന് മലിനജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കമുണ്ടായവർ എലിപ്പനിസാധ്യത കണക്കിലെടുത്ത് എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്സി സൈക്ലിൻ’ ഗുളികകൾ ആഴ്ചയിൽ രണ്ടെണ്ണം നിർബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
വീണ്ടും കണ്ണില്ലാത്ത ക്രൂരത;മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു
മലപ്പുറം:കോഴിക്കോട് ബാലുശ്ശേരിയിൽ അമ്മ നവജാത ശിശുവിന്റെ കഴുത്തറുത്ത് കൊന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിനു മുൻപേ മലപ്പുറത്ത് നിന്നും ക്രൂരതയുടെ മറ്റൊരു വാർത്ത കൂടി.മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേരുര്‍ സ്വദേശി നബീലയേയും സഹോദരന്‍ ശിഹാബിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി ഏതാനും വര്‍ഷമായി അകന്നു കഴിയുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെയാണ് കഴുത്തറുത്ത് കൊന്നത്. അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാണെന്ന സഹോദരന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിനെ പിന്നാലെയാണ് നബീല കുഞ്ഞിനെ കൊലപ്പെടുത്തിയത്. രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സമാനമായ സംഭവം കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ നടന്നിരുന്നു.രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നിര്‍മലൂര്‍ സ്വദേശി റിന്‍ഷയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഭര്‍ത്താവുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു റിന്‍ഷ.മാനഹാനി ഭയന്നാണ് റിന്‍ഷ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ കാലിബ്രേഷൻ വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധന വിജയകരം
കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ ക്ഷമതാ പരിശോധന വിജയകരം. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. ഗ്ലൈഡ് പാത്ത്, വിവിധ സിഗ്നല്‍ ലൈറ്റുകള്‍, ലോക്കലൈസര്‍ തുടങ്ങിയ ഉപകരണങ്ങളുടെ ക്ഷമതയും സംഘം പരിശോധിച്ചു. രണ്ടുദിവസങ്ങളിലായി വിവിധ ഉയരത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും അഞ്ചുമണിക്കൂറോളമാണ് ഇവര്‍ വിമാനം പറത്തിയത്. സാങ്കേതിക മികവില്‍ മാത്രമല്ല, ആകാശത്തുനിന്നുള്ള കാഴ്ചയിലും കണ്ണൂര്‍ വിമാനത്താവളം അതിമനോഹരമാണെന്നു സംഘം പറഞ്ഞു. ഡല്‍ഹിയിലെത്തിയശേഷം എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് അന്തിമ പരിശോധനയ്ക്കായി ഡിജിസിഎ സംഘം കണ്ണൂരിലെത്തും. ഇതോടെ കണ്ണൂരിന് ഉടൻതന്നെ ചിറകുവിരിച്ച പറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രളയത്തില്‍ പാഠപുസ്തം നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ പാഠപുസ്തകം വിതരണം ചെയ്യും
തിരുവനന്തപുരം:പ്രളയത്തില്‍ പാഠപുസ്തം നഷ്ടപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ വീണ്ടും പാഠപുസ്തകം വിതരണം ചെയ്യും.ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടെ ആദ്യ ടെം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ വര്‍ഷത്തെ സെക്കന്റ് ടെം പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികല്‍ക്ക് നോട്ടുബുക്കും ബാഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
മൂന്നാഴ്ചത്തെ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം:മൂന്നാഴ്ചത്തെ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു.ഇന്ന് പുലര്‍ച്ചെ 4.40 ന് വിമാന മാര്‍ഗമാണ് മുഖ്യമന്ത്രി യാത്രപുറപ്പെട്ടത്.തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രിയുടെ യാത്ര. തിങ്കളാഴ്ച പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റി ഇന്ന് പുറപ്പെടുകയായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ ചികിത്സക്കായാണ് മുഖ്യമന്ത്രി പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി തന്റെ യാത്രയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി ഇ.പി ജയരാജന്‍ മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.
കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണിയ്ക്കിടെ ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു
കൊച്ചി:കൊച്ചി എണ്ണ ശുദ്ധീകരണശാലയിലെ അറ്റകുറ്റപ്പണിയ്ക്കിടെ ഉണ്ടായ അപകടത്തില്‍ ഒരു കരാർ തൊഴിലാളി മരിച്ചു.വൈക്കം സ്വദേശി അജേഷ് എന്നയാളാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം.സ്ഥാപനത്തിലെ ചൂട് നിയന്ത്രണ സംവിധാനം താഴേയ്ക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു
കോഴിക്കോട്:നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശ്ശേരി നിര്‍മ്മലൂരിലാണ് രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ അമ്മ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്തുകൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ അമ്മ റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാല് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് റിന്‍ഷ.ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി പ്രസവിച്ചെന്ന് നാട്ടുകാരറിയുമ്ബോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.വീട്ടില്‍ തന്നെയാണ് ഇവര്‍ പ്രസവിച്ചത്. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം തന്നെ കുഞ്ഞിനെ കൊന്നിട്ടുണ്ടെന്നാണ് കരുതുന്നത്. മെഡിക്കല്‍ പരിശോധനക്കായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.