മട്ടന്നൂർ:എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.സിപിഎം പ്രവർത്തകരായ മട്ടന്നൂർ മെറ്റടിയിലെ പി.കെ അവിനാശ്(23),പാലയോട്ടെ പി.നിജിൽ(27)എന്നിവരാണ് അറസ്റ്റിലായത്.സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന,കൊലയാളികൾക്ക് സഹായം ചെയ്തു കൊടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അവിനാശ് പന്ത്രണ്ടാം പ്രതിയും നിജിൽ പതിമൂന്നാം പ്രതിയുമാണ്.കേസിൽ പതിനൊന്നു വരെയുള്ള പ്രതികൾ നേരത്തെ പിടിയിലായിരുന്നു.സിപിഎം മുൻ ലോക്കൽ സെക്രെട്ടറി ഉൾപ്പെടെ നാലുപേർ കൂടി ഇനി അറസ്റ്റിലാകാനുണ്ട്.കഴിഞ്ഞ ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രെട്ടറി ഷുഹൈബിനെ കാറിലെത്തിയ അഞ്ചംഗസംഘം തെരൂരിലെ തട്ടുകടയിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
കെഎസ്‌യു പ്രവർത്തകനെ മർദിച്ച സംഭവത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
കൂത്തുപറമ്പ്:കെഎസ്‌യു പ്രവർത്തകനെ മർദിച്ച സംഭവത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.നിർമ്മലഗിരി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയും കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റനുമായ തിരഞ്ഞെടുക്കപ്പെട്ട ജ്യോതിസ് തോമസിനാണ് മർദനമേറ്റത്.തൊക്കിലങ്ങാടിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയ ജ്യോതിസിനെ പത്തുപേരടങ്ങുന്ന എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിപ്രകാരം കൂത്തുപറമ്പ് പൊലീസാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മർദനത്തിൽ തലയ്ക്കും ചെവിക്കും ഗരുതരമായി പരിക്കേറ്റ ജ്യോതിസിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടികളെ അപമാനിച്ചതിനാണ് തന്നെ മർദിച്ചതെന്ന് പറയാൻ നിർബന്ധിച്ച് മാപ്പുപറയിക്കുന്ന വീഡിയോ ചിത്രീകരിച്ചതായും ജ്യോതിസിന്റെ പരാതിയിൽ പറയുന്നുണ്ട്.
കാത്തിരിപ്പിനൊടുവിൽ താവം റെയിൽവേ മേൽപ്പാലം ഇന്ന് തുറന്നുകൊടുക്കും
കണ്ണൂർ:വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ താവം മേൽപ്പാലം ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കും.എന്നാൽ ഔദ്യോദീഗമായ ഉദ്ഘാടനം ഒക്ടോബറിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.പിലാത്തറ പാപ്പിനിശ്ശേരി കെ എസ്.ടി.പി അന്താരാഷ്ട്ര റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് പഴയങ്ങാടി താവത്ത് റെയിൽവെ മേൽപ്പാലം നിർമ്മിച്ചത്.പാലത്തിന്റെ ടാറിംംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കി. പാലത്തിന് മുകളിൽ മുപ്പതോളംസോളാർ ലൈറ്റുകളും സ്ഥാപിക്കും. കൈവരികളുടെ പെയിന്റിംഗും സിഗ്‌നൽ സംവിധാനങ്ങൾ ഘടിപ്പിക്കുന്ന പ്രവൃത്തിയും ഉടൻ പൂർത്തിയാക്കും.പാലം തുറക്കുന്നതോടെ പയ്യന്നൂർ -കണ്ണൂർ ദേശീയപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് ഏഴു കിലോമീറ്റർ ദൂരക്കുറവിൽ ഇതു വഴി സഞ്ചരിക്കാം .
കണ്ണൂർ വിമാനത്താവളത്തിൽ കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു.ഐഎംഡി ഉദ്യോഗസ്ഥരാണ് ഇതിനായി എത്തുന്നത്.അന്തരീക്ഷ ഊഷ്മാവ്,മഴ,ആർദ്രത എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുക.ഇതിനു രണ്ടുദിവസമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.ഉപകരണങ്ങൾ സ്ഥാപിച്ചതിനു ശേഷം ഇവയുടെ പ്രവർത്തനവും സംഘം വിലയിരുത്തും.വിമാനത്താവളത്തിന് ലൈസൻസ് ലഭിക്കുന്നതിനുള്ള അന്തിമ പരിശോധനയ്ക്കായി വിവിധ കേന്ദ്ര ഏജൻസികൾ അടുത്തയാഴ്ച കണ്ണൂരിലെത്തുന്നുണ്ട്.ലൈസൻസിനുള്ള നടപടിക്രമങ്ങൾ ഈ മാസം പകുതിയോടെ പൂർത്തിയാക്കും.നവംബർ ആദ്യത്തോടെ കണ്ണൂരിൽ നിന്നും വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും വ്യോമയാന സെക്രെട്ടറി അറിയിച്ചു. വിമാനത്താവളത്തിലെ ഐഎൽഎസ് സംവിധാനത്തിന്റെ കാലിബ്രേഷൻ പരിശോധന കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചേക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ
തിരുവനന്തപുരം:ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഉപേക്ഷിച്ചേക്കുമെന്ന് വാർത്ത അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ. പ്രളയക്കെടുതികളെ അതിജീവിച്ചുകൊണ്ടു തന്നെ ‘മികവിന്റെ വര്‍ഷം’ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കും വിധം പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു പൊതു വിദ്യാഭ്യാസ വകുപ്പ് പുനരാവിഷ്‌കരിച്ചു വരുന്നത്. സമയക്രമങ്ങളില്‍ മാറ്റം വരുത്തിയേക്കാം. ഇത് സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്.ഈ മാസം ഏഴിനു അധ്യാപക സംഘടനകള്‍ ഉള്‍പ്പെടുന്ന ക്യുഐപി മോണിറ്ററിംഗ് സമിതി യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച് അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും. അതുവരെയും മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങള്‍ പരത്തുന്നത് ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്ന ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒട്ടേറെ സ്കൂളുകളില്‍ വെള്ളം കയറുകയും കുട്ടികള്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന വേളയില്‍ കലോത്സവം നടത്തണോ എന്നതാണ് ഉയര്‍ന്നിരിക്കുന്ന ആശയക്കുഴപ്പം.ഡിസംബര്‍ അഞ്ച് മുതല്‍ ഒൻപതു വരെ ആലപ്പുഴയില്‍ സംസ്ഥാന സ്കൂള്‍ കലാമേളയും ഒക്ടോബര്‍ അവസാനം കണ്ണൂരില്‍ പ്രവൃത്തിപരിചയ മേളയും നടത്താനായിരുന്നു തീരുമാനം. കലോത്സവത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെങ്കിലും സംസ്ഥാന സ്കൂള്‍ കായികമേള നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.
സ്ട്രൈറ്റനിങ് ചെയ്ത ശേഷം കനത്ത മുടികൊഴിച്ചിൽ; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; ബ്യുട്ടീഷനെതിരെ കേസ്
ബെംഗളൂരു:സ്ട്രൈറ്റനിങ് ചെയ്ത ശേഷം കനത്ത മുടികൊഴിച്ചിൽ ഉണ്ടായതിനെ തുടർന്ന് മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.കുടകിലെ മടിക്കേരിയിലാണ് സംഭവം.മൈസൂരുവില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായ നേഹ ഗംഗമ്മയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 21ന് മൈസൂരുവിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ വെച്ചാണ് നേഹ മുടി സ്ട്രൈറ്റൺ ചെയ്തത്.അതിനു ശേഷം മുടി ധാരാളമായി കൊഴിയാൻ തുടങ്ങി.ഇതോടെ സൗന്ദര്യകാര്യത്തില്‍ ഏറെ ശ്രദ്ധയുണ്ടായിരുന്ന നേഹയ്ക്ക് കോളേജില്‍ പോകാന്‍ തന്നെ ബുദ്ധിമുട്ടായി. അലര്‍ജിയെത്തുടര്‍ന്ന് ദേഹത്ത് പാടുകളും വന്നു.ബന്ധുക്കളോടും അടുത്ത സുഹൃത്തുകളോടും ഇക്കാര്യം നേഹ പറഞ്ഞിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് മടിക്കേരിയിലെ വീട്ടില്‍ നിന്ന് ഒരാഴ്ച മുൻപ് പെണ്‍കുട്ടി കോളേജിലേക്ക് പോയി. ബുധനാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.ബല്ലേലയിലെ പുഴക്കരയില്‍ നിന്നാണ് നേഹയുടെ മൃതദേഹം കണ്ടെടുത്തത്. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പാര്‍ലര്‍ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.സ്‌ട്രൈറ്റനിഗിന് രാസപദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിച്ചതിലും തല ചൂടാക്കിയതിലും പറ്റിയ അബദ്ധമാണ് മുടി ധാരാളമായി കൊഴിയാന്‍ ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
മെഡിക്കൽ പ്രവേശനം;സ്പോട് അഡ്മിഷൻ ഇന്ന് നാളെയും നടക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ഒഴിവുള്ള മെഡിക്കൽ,ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ ഇന്നുംനാളെയും നടത്തും.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് അഡ്മിഷന്‍ നടക്കുക.എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌പോട്ട് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംബിബിഎസില്‍ 715 ഒഴിവുകളും ബിഡിഎസിന് 599 സീറ്റുകളുമാണ് ഇനിയും ഒഴിഞ്ഞു കിടക്കുന്നത്. പ്രളയക്കെടുതിയെ തുടര്‍ന്ന് സ്‌പോട്ട് അഡ്മിഷന്‍ മാറ്റി വയ്ക്കാന്‍ നേരത്തെ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നു.
നവകേരളം പണിയാൻ ധനസമാഹരണം;കണ്ണൂരിലെ മുഴുവൻ സർക്കാർ ഡോക്റ്റർമാരും ഒരു മാസത്തെ ശമ്പളം നൽകും
കണ്ണൂർ:നവകേരളം പണിയാൻ ഒരു മാസത്തെ ശമ്പളം നൽകുക എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ തങ്ങളുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ച് കണ്ണൂർ ജില്ലയിലെ സർക്കാർ ഡോക്റ്റർമാർ.സര്‍ക്കാര്‍ മേഖലയില്‍ ആകെ 430ലേറെ ഡോക്ടര്‍മാരാണ് ജില്ലയിലുള്ളത്.ഇവരെല്ലാം ഒരു മാസത്തെ ശമ്ബളം സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചതായി ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന േയാഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും ഓഡിറ്റ് വിഭാഗത്തിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ആകെ 68 പേരാണ് ഈ ഓഫീസുകളിലായി ഉള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെയും മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇവര്‍ ആദ്യ ഗഡു ആഗസ്റ്റ് മാസത്തെ ശമ്ബളത്തോടൊപ്പം നല്‍കി.ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ് ശമ്ബളം സംഭാവന നല്‍കുന്നതിനുളള്ള സമ്മതപത്രം കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനെ ഏല്‍പ്പിച്ചിരുന്നു. ജില്ലയിലെ പെരിങ്ങോം-വയക്കര, മുഴക്കുന്ന്, മുണ്ടേരി, എരുവേശ്ശി, കാങ്കോല്‍-ആലപ്പടമ്ബ്, അഴീക്കോട്, കണ്ണപുരം, കരിവെള്ളൂര്‍-പെരളം, കുഞ്ഞിമംഗലം എന്നീ ഒൻപതു ഗ്രാമ പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തില്‍ പരമാവധി പിന്തുണ ജീവനക്കാര്‍ നല്‍കണം. ഓരോ ഉദ്യോഗസ്ഥനും കഴിയാവുന്നവരെ സംഭാവന ചെയ്യിക്കുന്നതിന് പ്രേരിപ്പിക്കണം. ഈ സംഭാവനക്ക് 100 ശതമാനം ആദായ നികുതിയിളവ് ലഭിക്കുന്നതാണ്. ജില്ലകളില്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് മന്ത്രിമാര്‍ സംഭാവന ഏറ്റുവാങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ജീവനക്കാരും അവരുടെ കടമ നിറവേറ്റാന്‍ മുന്നോട്ടുവരണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
ഇതോടൊപ്പം പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തണമെന്നാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവര്‍ക്കാണ് ജില്ലയുടെ ചുമതല. കണ്ണൂര്‍ ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ ‘എന്റെ ഒരു മാസം കേരളത്തിന്’ എന്ന പേരില്‍ ഒരു മാസത്തെ ശമ്പളം കേരളത്തെ പ്രളയക്കെടുതിയിൽ നിന്ന് കരകയറ്റാനായി സംഭാവന നല്‍കാനുള്ള ക്യാമ്പയിൻ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉദ്യോഗസ്ഥര്‍ ആഗസ്ത് മാസത്തെ ശമ്പളം പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ നൽകിയിട്ടുണ്ട്.
എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം;ആരോഗ്യമന്ത്രി ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം:സംസ്ഥാനത്ത് എലിപ്പനി വ്യാപകമായി പടരുന്നതിനിടെ പ്രതിരോധമരുന്നിനെതിരെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് പരാതി നല്‍കി.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് മന്ത്രി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രളയത്തിന് പിന്നാലെയാണ് കേരളത്തിലെ ചില മേഖലകളില്‍ എലിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്നത്. തുടര്‍ന്നാണ് പ്രതിരോധ മരുന്ന് കഴിക്കാന്‍ ആരോഗ്യവകുപ്പ് പ്രചരണം ആരംഭിച്ചത്. വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ബോധവത്കരണം ജനങ്ങളില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതിരോധ മരുന്നിനെതിരെ നവമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവുമായി ജേക്കബ് വടക്കുംചേരി രംഗത്തെത്തിയത്.
ഹനാന് വാഹനാപകടത്തിൽ പരിക്ക്; ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി:പഠനത്തിനിടെ മീൻ വില്‍പ്പന നടത്തി സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ പരിക്ക്.കൊടുങ്ങല്ലൂരിന് അടുത്ത് വച്ച് ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഹനാനെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാന് ഉടൻതന്നെ സത്രക്രിയ വേണമെന്ന് ഡോക്റ്റർമാർ അറിയിച്ചു. മുന്‍ സീറ്റിലിരിക്കുകയായിരുന്ന ഹനാന്റെ കാലിനും നട്ടെല്ലിനും ക്ഷതമേറ്റു. പരിശോധനയില്‍ നട്ടെല്ലിന് ഒടിവുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. സ്‌പൈനല്‍ കോഡിന് പരിക്കേറ്റുവെന്നാണ് സൂചന. ഇത് മൂലം ഹനാന്റെ ഒരു വശത്തിന് ചെറിയ തളര്‍ച്ചയുമുണ്ട്. എന്നാല്‍ ബോധം നഷ്ടമായിട്ടില്ല. മെഡിക്കല്‍ ട്രസ്റ്റിലെ ന്യൂറോ സര്‍ജനായ ഡോ ഹാരൂണിന്റെ നേതൃത്വത്തിലാണ് ഹനാനെ ചികില്‍സിക്കുന്നത്. കോഴിക്കോട് ഒരു പരിപാടിക്ക് ശേഷം എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഹനാനും സുഹൃത്തുക്കളും. ഇതിനിടെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചപ്പോള്‍ ഇവരുടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു.