തിരുവനന്തപുരം:വൈദ്യുതി ലഭ്യതക്കുറവിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത.വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെയുള്ള സമയങ്ങളിൽ ചെറിയ തോതിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ താൽച്ചറിൽ നിന്നുള്ള 200 മെഗാവാട്ടിന്റെയും കൂടംകുളത്ത് നിന്നുള്ള 266 മെഗാവാട്ടിന്റെയും കുറവുണ്ട്.വെള്ളപ്പൊക്കം കാരണം വൈദ്യുതി നിലയങ്ങളിൽ ചിലത് തകരാറിലുമാണ്.വൈദ്യുതി ലഭ്യതയിലുള്ള കുറവ് കമ്ബോളത്തിൽ നിന്നും വാങ്ങി പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകന്റെ വീട്ടിലെ കവർച്ച; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
കണ്ണൂർ:മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട്ടിൽ കവർച്ച നടത്തിയ സംഘത്തെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കവർച്ചയ്ക്ക് പിന്നിൽ മറുനാട്ടുകാരായ വൻ സംഘമാണെന്നാണ് സൂചന.ഡിവൈഎസ്പി സദാന്ദന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.കണ്ണൂർ ടൌൺ,സിറ്റി സിഐ മാറും മൂന്നു എസ്‌ഐമാരും സംഘത്തിലുണ്ട്.ഇവർ ചെറുഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക.മറുനാടൻ തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ പ്രത്യേക പരിശോധന നടത്തും.ജില്ലയിലെ ലോഡ്ജുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ താമസിച്ചവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കും.കവർച്ച നടന്ന വീടിനു 100 മീറ്റർ അകലെ റോഡിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഒരു ഇൻഡിക്ക കാർ പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.മോഷ്ട്ടാക്കൾ രക്ഷപെടാൻ ഉപയോഗിച്ച കാറാണിതെന്നാണ് പ്രാഥമിക നിഗമനം.
വിനോദ് ചന്ദ്രൻ താമസിക്കുന്ന വീടിന്റെ വാതിൽ വലിയ മരക്കഷ്ണം ഉപയോഗിച്ച് അടിച്ചു തകർത്താണ് മോഷ്ട്ടാക്കൾ അകത്തുകടന്നത്.കവർച്ചയ്ക്ക് മുൻപേ ഇവർ വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു.ആയുധങ്ങളുമായാണ് ഇവരെത്തിയത്.കണ്ണൂരിൽ അധികം പരിചയമില്ലാത്ത കവർച്ചാരീതിയാണിത്.ഇതാണ് മോഷണത്തിന് പിന്നിൽ മറുനാടൻ സംഘമാണെന്ന് സംശയിക്കാൻ കാരണം.മോഷ്ട്ടാക്കൾ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് വിനോദ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.വീട്ടിലെ അലമാരകളെല്ലാം തകർത്ത് കവർച്ച നടത്തിയ സംഘം പേഴ്സിലും ബാഗിലുമുണ്ടായിരുന്ന പണവും മൂന്നു മൊബൈൽ ഫോണുകൾ, എടിഎം കാർഡുകൾ എന്നിവയും കൊണ്ടുപോയി.രണ്ടുമണിക്കൂറോളം നേരം ഇവർ വീട്ടിലുണ്ടായിരുന്നു. ഭാര്യയെ കൊല്ലാതെ വിടണമെങ്കിൽ പത്തുലക്ഷം രൂപ നൽകണമെന്ന് മോഷ്ട്ടാക്കൾ ആവശ്യപ്പെട്ടിരുന്നതായി വിനോദ് ചന്ദ്രൻ പറഞ്ഞു.മോഷണത്തിന് ശേഷം കാർ വിളിച്ചുവരുത്തി അതിലാണ് ഇവർ രക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ പുറത്തും ഇവരുടെ സംഘം ഉണ്ടായിരുന്നതായാണ് സംശയം.മോഷ്ട്ടാക്കൾ പോയതിനു ശേഷം ഏറെപണിപ്പെട്ട് തന്റെ കയ്യിലെ കെട്ടഴിക്കാൻ വിനോദിന് സാധിച്ചത് കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്.കയ്യിലെ കെട്ടഴിച്ച വിനോദ് മോഷണ വിവരം പോലീസിലും മാതൃഭൂമി ഓഫീസിലും അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ വിനോദിനെയും ഭാര്യയെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ
കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ.തലശ്ശേരി തിരുവങ്ങാട് സ്വദേശി ആർ.വിനോദ് കുമാർ(45) ആണ് അറസ്റ്റിലായത്.കണ്ണൂർ ഡിടിപിസി കെട്ടിടത്തിന് മുന്നിൽ വെച്ച് പരാതിക്കാരനായ അനീഷ് താമരശ്ശേരി എന്നയാളിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. താമരശ്ശേരിൽ നിന്നും ജില്ലിപ്പൊടിയുമായി വന്ന ലോറിയുടെ ഡ്രൈവറാണ് അനീഷ്.ഈ മാസം ഒന്നാം തീയതിയാണ് അനീഷ് ജില്ലിപ്പൊടിയുമായി കണ്ണൂരിലെത്തിയത്. കേസെടുക്കാതിരിക്കാൻ 10000 രൂപയാണ് കൈക്കൂലിയായി വിനോദ് അനീഷിനോട് ആവശ്യപ്പെട്ടത്.അല്ലാത്ത പക്ഷം 25000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്നും അറിയിച്ചു.ഒടുവിൽ 5000 രൂപ മതിയെന്ന് വിനോദ് സമ്മതിച്ചു.ഇതനുസരിച്ച് ഒന്നാം തീയതി അനീഷ് 4000 രൂപ വിനോദിന് നൽകി.അനീഷ് വിവരം നല്കിയതനുസരിച്ച് ബുധനാഴ്ച ബാക്കി തുകയായ 1000 രൂപ കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം വിനോദിനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഡിവൈഎസ്പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ കളവുകേസ് പ്രതി 21 വർഷത്തിന് ശേഷം പിടിയിൽ
കണ്ണൂർ:ജാമ്യത്തിലിറങ്ങി മുങ്ങിയ കളവുകേസ് പ്രതി 21 വർഷത്തിന് ശേഷം പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി സാജിദാണ് അറസ്റ്റിലായത്.1997 ഇൽ വളപ്പട്ടണം പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കളവുകേസിലെ പ്രതിയാണിയാൾ.കേസിൽ ജാമ്യത്തിലിറങ്ങിയ സാജിദ് പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നും തിരികെയെത്തിയ ശേഷം എറണാകുളത്തും മറ്റും ഒളിവിൽ കഴിഞ്ഞു.കഴിഞ്ഞ ദിവസം ഇയാൾ പാപ്പിനിശ്ശേരിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇല്ലിപ്പുറത്തുവെച്ച് ഇയാൾ അറസ്റ്റിലാകുന്നത്.വളപട്ടണം സിഐ എം.കൃഷ്ണന്റെ നിർദേശപ്രകാരം എസ്‌ഐ സി.സി ലതീഷ്,എഎസ്ഐ പ്രസാദ്,സിവിൽ പോലീസ് ഓഫീസർമാരായ മനേഷ്,വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തീവണ്ടിയിലെത്തിയ യാത്രക്കാരനെ വഴിയിലൂടെ നടന്നുപോകുമ്പോൾ ആക്രമിച്ച് സ്വർണ്ണമാല തട്ടിയ സംഘം അറസ്റ്റിൽ
കണ്ണൂർ:തീവണ്ടിയിറങ്ങി നഗരത്തിലൂടെ നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച് സ്വർണ്ണമാല തട്ടിയ നാലംഗ സംഘത്തെ കണ്ണൂർ ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.ഏച്ചൂർ ദാവത്ത് ഹൗസിൽ ദിൽഷാദ്(23),കാഞ്ഞിരോട് കാരക്കാട് ആനിയത്ത് ഹൗസിൽ ജുനൈസ്(29),കാഞ്ഞിരോട് ഹാജിമെട്ട ക്വാർട്ടേഴ്സിൽ കെ.ഇർഷാദ്(25),കാഞ്ഞിരോട് സ്വദേശി ഇ.കെ അബ്ദുൽ നസീർ(34) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ഓമ്നി വാനും പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം നടന്നത്. മെഡിക്കൽ റെപ്രെസെന്ററ്റീവ് ചാലോട് ജയന്തി നിവാസിൽ മഹേഷ് എം നായരാണ് കവർച്ചയ്ക്കിരയായത്. രാത്രിയിൽ തീവണ്ടി ഇറങ്ങി നടന്നുപോവുകയായിരുന്ന മഹേഷ് തളിക്കാവിനു സമീപം ഒരു സുഹൃത്തുമായി സംസാരിച്ചു നിൽക്കവേ വാനിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ മഹേഷിന്റെ മാലയുമായി സംഘം കടന്നുകളഞ്ഞു. സംഭവത്തിന് ശേഷം പോലീസ് പിടിച്ചേക്കുമെന്ന ഭീതിയിൽ നാലുപേരും കുറച്ചു ദിവസം കണ്ണൂരിലുണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം കണ്ണൂരിൽ ഇവരെ കണ്ട മഹേഷ് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.ടൌൺ സിഐ രത്നകുമാറിന്റെ നിർദേശപ്രകാരം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവുമെത്തി നാലുപേരെയും പിടികൂടുകയായിരുന്നു.
എലിപ്പനി പ്രതിരോധം;ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കി
കണ്ണൂർ:ജില്ലയിൽ ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇന്നലെ 1177 പേർക്കുകൂടി എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നൽകി. പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നവർ,തൊഴിലുറപ്പ് പദ്ധതിക്കാർ,കർഷകർ എന്നിവർക്കാണ് പ്രധാനമായും പ്രതിരോധ ഗുളികകൾ നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ ഗുളികയായ 200 mg ഡോക്സിസൈക്ലിൻ ലഭ്യമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും സന്നദ്ധപ്രവർത്തകരും വീട് വൃത്തിയാക്കാൻ പോയവരും നിർബന്ധമായും ആഴ്ചയിൽ ഒരുക്കാൻ പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ഡിഎംഒ അറിയിച്ചു.പ്രളയബാധിത പ്രദേശങ്ങളിൽ സേവന പ്രവർത്തനം നടത്തിയശേഷം ഡോക്റ്ററെ കാണാൻ കഴിയാത്തരും എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
കണ്ണൂർ:പ്രമുഖ പത്രങ്ങളിലൂടെ പരസ്യം നൽകി കണ്ണൂർ എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ.കൊല്ലം തലക്കോട് വിള സ്വദേശി സായ്നിവാസിൽ വിശാഖ് ചന്ദ്രൻ (25)നെയാണ് ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ പന്നേൻപാറ റോഡിലെ ഒരു കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇക്കുമ്പൂസ് (IKKUMBOOS) എജുക്കേഷൻ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ഇയാൾ.പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയാണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.പരസ്യം കണ്ട് എത്തുന്നവരോട് തങ്ങൾക്ക് നാലോളം സ്വകാര്യ വിമാന കമ്പനിയുമായി കരാർ ഉണ്ടെന്നും തങ്ങളുടെ സ്ഥാപനത്തിൽ പരിശീലനം നേടിയാൽ ഉറപ്പായും ജോലി ലഭിക്കുമെന്നും വിശ്വസിപ്പിക്കും.തുടർന്ന് 3500 രൂപ ഈടാക്കി ഒരു ദിവസത്തെ പരിശീലനം നൽകും.ഇത്തരത്തിൽ നൂറുകണക്കിന് പേരെയാണ് വിശാഖും സംഘവും പറ്റിച്ചിട്ടുള്ളത്.ഇത്തരത്തിൽ തട്ടിപ്പിനിരയായ വടകര സ്വദേശിനി സോണിയ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച
കണ്ണൂർ:കണ്ണൂരിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച.മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ കണ്ണൂര്‍ താഴെ ചൊവ്വയിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. 25 പവന്‍ സ്വര്‍ണ്ണവും പണവും എ.ടി.എമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു.മോഷണ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.നിസ്സാര പരിക്കുകളോടെ ഇവരെ രണ്ടുപേരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ നാല് സ്വാശ്രയ മെഡി.കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. വയനാട് ഡി.എം. എഡ്യൂക്കേഷണല്‍ ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ മെഡിക്കല്‍ കോളേജ്, വര്‍ക്കല എസ്.ആര്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ മെഡിക്കല്‍ കോളേജ്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ.ദാസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് സ്റ്റേ ചെയ്തത്. നാല് കോളേജുകളിലും മതിയായ അടിസ്ഥാനസൗകര്യം ഇല്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍ മതിയായ അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്ചൂണ്ടിക്കാട്ടി കോളേജുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രവേശനം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കോഴിക്കോട് മുക്കത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
കോഴിക്കോട്: കോഴിക്കോട് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുക്കം കല്ലുരുട്ടിയിലാണ് ഭാര്യയുടെ മേല്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി ഏഴരമണിയോട് കൂടിയായിരുന്നു സംഭവം. കല്ലുരുട്ടി സ്വദേശി സ്നേഹയുടെ മുഖത്താണ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ സ്വദേശി ജൈസണ്‍ ആസിഡ് ഒഴിച്ചത്.സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.