ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 19 ന് അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് അയച്ചു

keralanews sent notice to bishop franco mulaikkal to appear before the investigation team on 19th

കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19നു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് അയച്ചു.ഇന്നലെ ചേർന്ന അന്വേഷണ അവലോകന യോഗത്തിനു ശേഷമാണ് നടപടി. പരാതിക്കാരിയുടെയും  ആരോപണ വിധേയന്റെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും വളരെ മുൻപ് നടന്നതായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ കുറവാണെന്നും അന്വേഷണ അവലോകന യോഗത്തിനു ശേഷം കൊച്ചി റേഞ്ച് ഐജി വിജയ്‌സാക്കറെ പറഞ്ഞു.കോട്ടയം എസ്പി ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച്‌ ഇന്നു സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബിഷപ്പിനെ കോട്ടയത്തു ചോദ്യം ചെയ്യാനാണു സാധ്യത. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നാണു പോലീസിന്റെ നിലപാട്.അതേസമയം പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ചയ്ക്ക് മുന്‍പായി കേരളത്തിലെത്തുമെന്നും ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നും ബിഷപ്പ് അറിയിച്ചു.

എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

keralanews the young man who was undergoing treatment at kottayam medical college died of leptospirosis

കോട്ടയം:എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.നീണ്ടൂര്‍ സ്വദേശി പേമനപറമ്ബില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

കണ്ണൂർ നടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews c p m worker injured in kannur naduvil

കണ്ണൂർ:കണ്ണൂർ നടുവിലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.മത്സ്യത്തൊഴിലാളിയായ പ്രജീഷിനാണ് വെട്ടേറ്റത്.ബുധനാഴ്ച രാത്രി നടുവിൽ ടൌണിലാണ് സംഭവം ഉണ്ടായത്.ടൗണിൽ മീന്‍ വില്‍ക്കുകയായിരുന്ന പ്രജീഷിനെ ഒരു സംഘം ആളുകള്‍ ഇരുമ്പു ദണ്ഡും വടിവാളുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍നിന്നും രക്ഷപ്പെടാനായി പ്രജീഷ് സ്ഥലത്തു നിന്നും ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും സംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. തലക്കും പുറത്തും വെട്ടേറ്റ പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍ എന്ന് സി പി എം ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ടൂർ പാക്കേജിന്റെ മറവിൽ ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി

keralanews main accused in the tour package fraud case surrendered

പയ്യന്നൂർ:ടൂർ പാക്കേജിന്റെ മറവിൽ ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി.ചെറുപുഴ അരിയിത്തുരുത്തിലെ അളവേലിൽ ഷമീർ മുഹമ്മദ്(32) ആണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.കേസിലെ കൂട്ടുപ്രതിയും ഇയാളുടെ സഹോദരനുമായ ഷമീം മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.2017 നവംബർ  മുതൽ 2018 ജൂലൈ വരെ ഇന്ത്യയിലേക്കും ഖത്തറിലേക്കും ടൂർ പാക്കേജിൽ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്.നിരവധി ആളുകളിൽ നിന്നായി ഒന്നരക്കോടിയിലേറെ രൂപയാണ് ഇവർ തട്ടിയെടുത്തത്.സ്കൂളുകൾ അടയ്ക്കുന്ന സമയത്താണ് ഇവർ കൂടുതലായും ടിക്കറ്റുകൾ നല്കിയിരുന്നത്എന്നാൽ ഇവർ നൽകിയ ടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയപ്പോൾ യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർക്കെതിരെ പരാതികളുണ്ട്.

കാസർഗോഡ് എയർ സ്ട്രിപ്പ് നിർമാണം;സാധ്യത പഠനത്തിന് സമിതിയെ നിയോഗിച്ചു

keralanews construction of air strip in kasargod committee appointed for feasibility study

കാസർഗോഡ്:കണ്ണൂർ വിമാനത്താവളത്തിന് പിന്നാലെ കാസർകോഡ് എയർ സ്ട്രിപ്പ് നിർമിക്കാനും ആലോചന.വലിയ റൺവെ ഇല്ലാതെ തന്നെ ഇറങ്ങാവുന്ന ചെറിയ വിമാനങ്ങൾക്ക് സർവീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയിൽ ഉള്ളത്.പദ്ധതിയെ കുറിച്ച് സാധ്യത പഠനം നടത്താൻ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിൻസിപ്പൽ സെക്രെട്ടറി കെ.ആർ ജ്യോതിലാലിന്റെ നേതൃത്വത്തിൽ സമിതി രൂപവൽക്കരിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. കാസർഗോഡ് ജില്ലാ കലക്റ്റർ,ബേക്കൽ റിസോർട് വികസന കോർപറേഷൻ എംഡി,ധനവകുപ്പിന്റെയും കൊച്ചിൻ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് സമിതി.ബേക്കൽ ടൂറിസം വികസനത്തിന്റെ സാദ്ധ്യതകൾ കൂടി പരിഗണിച്ചാണ് എയർ സ്ട്രിപ്പ് നിർമാണത്തിന് നടപടികൾ ആരംഭിക്കുന്നത്.ഏതാനും വർഷങ്ങൾ മുൻപ് തന്നെ ബേക്കലിൽ എയർ സ്ട്രിപ്പ് നിർമിക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും പദ്ധതി എങ്ങുമെത്തിയിരുന്നില്ല.എന്നാൽ കണ്ണൂർ വിമാനത്താവളം വരുന്നതോടെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് കാസർകോഡ് എയർ സ്ട്രിപ്പ് പദ്ധതിക്ക് വീണ്ടും തുടക്കമാകുന്നത്.കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്ന പെരിയയിൽ എയർ സ്ട്രിപ്പ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിനു ഏകദേശം 80 ഏക്കർ സ്ഥലം ആവശ്യമായി വരും. 25 മുതൽ 40 വരെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമുള്ള എയർ സ്ട്രിപ്പിൽ റൺവേയും ചെറിയ ഒരു ഓഫീസും മാത്രമാണ് ഉണ്ടാവുക.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

keralanews the supreme court has canceled the kannur and karuna medical college ordinance

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്നും ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുവാനാണ് ഓര്‍ഡിനന്‍സെന്നും കോടതി വിമര്‍ശിച്ചു.ഇത് സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.കോടതികളുടെ അധികാരത്തില്‍ ഇടപെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോടതി ആരോപിച്ചു.കോടതി ഉത്തരവ് അംഗീകരിക്കാതെ 2016, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.ഈ പിഴ നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കൂവെന്നായിരുന്നു കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദുരിതാശ്വാസ നിധി;വിദ്യാർത്ഥികളിൽ നിന്നുള്ള സംഭാവനകൾ ബുധനാഴ്ച വരെ സ്വീകരിക്കും

keralanews flood relief fund donation from students will collect till wednesday

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രളയ  ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളിൽ നിന്നുള്ള സംഭാവനകൾ ബുധനാഴ്ച്ച വരെ നടത്താമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറി എ.ഷാജഹാൻ അറിയിച്ചു.നേരത്തെ ഇത് ഇന്ന് പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ലഭിച്ച തുകയുടെ വിശദാംശങ്ങൾ എല്ലാ സ്കൂളുകളും www.education.kerala.gov.in എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

തലശ്ശേരിൽ ആയിരത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

keralanews hundreds of packets banned tobacco products seized from thalasseri

തലശ്ശേരി:തലശ്ശേരിയിൽ നിന്നും ആയിരത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി അക്തർ ജമാൽ പ്രാമാണിക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.തലശ്ശേരി എസ്.ഐ സി.എം സുരേഷ്ബാബുവിന്‍രെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് പുതിയ ബസ്റ്റാന്റിലെ പാസഞ്ചര്‍ ലോബിക്ക് സമീപം വെച്ച് ലഹരി വസ്തുക്കളുമായി ഇയാളെ പിടികൂടിയത്.ഹന്‍സ്, കൂള്‍ലിപ്, ചൈനി കൈനി ഫില്‍ട്ടര്‍ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടികൂടിയത്.. തലശ്ശേരിയിലെ കടകളിലും മറ്റും വിൽപ്പനയ്ക്കായി മംഗലാപുരത്ത് നിന്ന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. തലശ്ശേരി നഗരത്തില്‍ വ്യാപകമായ തോതില്‍ ലഹരി  വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പരാതിയുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്ന് 75 ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളാണ് തലശ്ശേരി നഗരത്തില്‍ വ്യാപകമായ തോതില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നതെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരം ശക്തമാക്കുന്നു

keralanews nuns strengthen the strike demanding the arrestt of jalandhar bishop

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച്‌ സമരം ചെയ്ത കന്യാസ്ത്രീകള്‍. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ജനപിന്തുണയും ലഭിച്ചു.അതിനിടെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കി. ബിഷപ്പിനെ അറസ്റ്റ് ചെയ്താലും സമരം അവസാനിപ്പിക്കില്ലെന്നും സമരത്തിനിറങ്ങിയ ആറ് കന്യാസ്ത്രീകളുടേയും മുന്നോട്ടുള്ള ജീവിതത്തിന് സന്യാസസഭ പൂര്‍ണമായ സുരക്ഷ ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.യുവാക്കളേയും സാഹിത്യകാരന്മാരേയും അമ്മമാരേയും ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള സന്ന്യാസിവര്യന്മാരേയും പങ്കെടുപ്പിച്ച്‌ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു.

മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി; അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു;പശുവിനെ കുത്തിക്കൊന്നു

keralanews wild elepthant in muzhakkunnu one injured in the attack and killed a cow

ഇരിട്ടി:ഭീതിപരത്തി ജനവാസ കേന്ദ്രത്തിൽ കാട്ടാനയുടെ വിളയാട്ടം.മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയുടെ അക്രമത്തിൽ പരിക്കേറ്റ ചാക്കാട് സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ നടക്കാനിറങ്ങിയ വലിയ പറമ്പിൽ പുരുഷോത്തമനാണ് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റത്. ഇയാൾ നിത്യേനയുള്ള വ്യായാമത്തിന്റെ ഭാഗമായി ചാക്കാടുനിന്നും ഹാജിറോഡിലേക്ക് നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനം വകുപ്പിന്റെ ജീപ്പ് ആക്രമിക്കുകയും ചെയ്തു.ജീപ്പ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ആനയുടെ അക്രമത്തിൽ നിന്നും രണ്ട് ഫോറസ്റ്റ് വാച്ചർമാർ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെവി 6 മണിയോടെയാണ് മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡിന് സമീപം കാട്ടാനയെ നാട്ടുകാർ കാണുന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബുജോസഫും മുഴക്കുന്ന് എസ് ഐ വിജേസിന്റെ നേതൃത്വത്തിലുള്ള പോലീസും ആറളം വൈൽഡ് ലൈഫ് വാർഡൻ പി.കെ. അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും സ്ഥലത്തെത്തി.പ്രദേശത്തെ ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകുകയും വീടുകളിൽ നിന്നു പുറത്തിറങ്ങുന്നതിനെ വിലക്കുകയും ചെയ്തു. ഇതിനിടയിൽ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും റോഡിലേക്ക് പലപ്രാവശ്യം കയറുകയും വീണ്ടും മുൻപത്തെ സ്ഥാനത്തു തന്നെ നിലയുറപ്പിക്കുകയും ചെയ്തു. ഒരു തവണ റോഡിലുണ്ടായിരുന്ന പോലീസ് ജീപ്പ് അക്രമിക്കാനായി ഓടി അടുക്കുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തു.ഉച്ചയോടെ ഹാജിറോഡ് – അയ്യപ്പൻ കാവ് റോഡിൽ ഇറങ്ങിയ കാട്ടാന വനം വകുപ്പിലെ രണ്ട് വാച്ചർമാർക്ക് നേരെ ഓടിയടുത്തത് ആശങ്കക്ക് ഇടയാക്കി.ഇതേസമയം റോഡിൽ നിർത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പ് ആനയുടെ മുന്നിലേക്ക് എടുത്ത് ഡ്രൈവർ ഇവരെ രണ്ടുപേരെയും ആനയിൽ നിന്നും അകറ്റിയതുകാരണം വൻ ദുരന്തം ഒഴിവാക്കാനായി. എന്നാൽ വാച്ചർമാരെ കിട്ടാത്തതിലുള്ള അരിശം ആന ജീപ്പിനോട് തീർത്തു. കൊമ്പുകൊണ്ടു ജീപ്പിൽ ആഞ്ഞു കുത്തുകയും ജീപ്പ് തിരിച്ചിടുകയും ചെയ്തശേഷം ആന മാറിപ്പോകുകയായിരുന്നു. ചാക്കാട് ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ ആന അവിടെ മമ്മാലി റിജേഷ് എന്നയാളുടെ പശുവിനെ ആക്രമിച്ചു കൊല്ലുകയും ചെയ്തു. ആനയുടെ കുത്തേറ്റ് പശുവിന്റെ കുടൽ പിളരുകയും കുടൽമാല പുറത്താവുകയും ചെയ്തു.ഇതിനു മുൻപും നിരവധി തവണ മുഴക്കുന്നിന്റെ ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. രണ്ടു മാസം മുൻപ് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനടുത്തുവരെ ആന എത്തുകയും ഒരു ബൈക്ക് യാത്രികനെ ആക്രമിക്കുകയും ചെയ്തിരുന്നു. ആറളം വനത്തിൽ നിന്നും ആറളം ഫാമിലൂടെയാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം ഫാമിൽ നിന്നും തുരത്തിയ കാട്ടാനക്കൂട്ടത്തിൽ നിന്നും കൂട്ടം തെറ്റി എത്തിയ കാട്ടാനയാണ് ഇതെന്നാണ് സംശയിക്കുന്നത്.തിങ്കളാഴ്ച രാത്രിയോടെ തന്നെ ആനയെ വനത്തിലേക്ക് കയറ്റിവിടാനാണ് വനം വകുപ്പിന്റെ തീരുമാനം.