മലപ്പുറം: ദേശീയ പാതയില്‍ മലപ്പുറം പാണമ്ബ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.ഇതേ തുടർന്ന് സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചോര്‍ച്ചയടയ്ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ തീ കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വാതകം ചോരുന്നതിനാല്‍ ദേശീയപാതയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്ബ്ര എന്നിവടങ്ങളില്‍ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്.വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്ബ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.അപകടം നടന്ന സ്ഥലത്തിന് സമീപത്തു തന്നെ ഐഒസി പ്ലാന്റ് ഉള്ളതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ സംഘത്തിനു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി.
ബിഷപ്പ് ഫ്രാങ്കോയെ ചുമതലകളിൽ നിന്നും മാറ്റി വത്തിക്കാൻ ഉത്തരവ്;ചോദ്യം ചെയ്യൽ തുടരുന്നു; അറസ്റ്റിനു സാധ്യത
കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്‍റെ ചുമതലകളില്‍ നിന്നും നീക്കി വത്തിക്കാൻ ഉത്തരവ്.പകരം ചുമതല ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി.മുംബൈ രൂപതയുടെ മുന്‍ സഹായ മെത്രാനാണ് ഇദ്ദേഹം. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്.അതേസമയം കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ തുടരുകയാണ്.അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ് പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.എന്നാൽ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ബിഷപ് നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പല ചോദ്യങ്ങള്‍ക്കും ബിഷപ്പ് മറുപടി നല്‍കാതെ കൈക്കൂപ്പി നില്‍ക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, മറുപടികളില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ഇത് അറസ്റ്റിന്റെ സാധ്യതയാണ് കാണുന്നത്.
അഭിമന്യു വധം;മുഖ്യപ്രതി കീഴടങ്ങി
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ സെക്രെട്ടറിയും പെരുമ്പാവൂർ സ്വദേശിയുമായ ആരിഫ് ബിൻ സലാം ആണ് കീഴടങ്ങിയത്.കൊലപാതകശേഷം ഒളിവിൽ പോയ ആരിഫ് അടക്കം കേസിലെ എട്ടുപ്രതികൾക്കായി പോലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരിഫ് കീഴടങ്ങിയിരിക്കുന്നത്. അഭിമന്യു കൊല്ലപ്പെടുന്ന സമയത്ത് ആരിഫ് കോളേജ് പരിസരത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്താൻ ആളുകളെ ഏർപ്പെടുത്തി എന്നതാണ് ആരിഫിനെതിരെയുള്ള കുറ്റം.ആരിഫിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിലെ പതിനാറു പ്രതികളിൽ ഒൻപതുപേർ പോലീസ് പിടിയിലായി.
കണ്ണൂരിൽ ആദ്യ യാത്രാവിമാനം റൺവെയിലിറങ്ങി
മട്ടന്നൂർ:കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യ യാത്രാവിമാനം റൺവെയിലിറങ്ങി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് മട്ടന്നൂരിൽ എത്തിയത്. ഇത് ആദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനം ഇറങ്ങിയത്.ഇന്ന് രാവിലെ 9.57ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 10.25ഓടെ കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി.അഞ്ച് തവണ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നു. ആറാമത്തെ തവണ റണ്‍വേയിലിറങ്ങി. ഇതോടെ പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയായി.ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന തിയ്യതി തീരുമാനിക്കും. നവംബറില്‍ വിമാന സര്‍വ്വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിന്റെ മൊഴിയെടുക്കൽ തുടരുന്നു;അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. തൃപ്പുണിത്തുറയില്‍ ഹൈടെക്ക് സെല്ലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയിരുന്നു.ഇത് ദൂരീകരിക്കാനാണ് ഇന്നും ചോദ്യം ചെയ്യൽ തുടരുന്നത്.കോട്ടയം എസ്പി പിഎസ് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പുണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയത്.ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നത്തെ ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് വഴിവെയ്ക്കാൻ സാധ്യത ഉണ്ട്. കന്യാസ്ത്രീയുടെ രഹസ്യ മൊഴി തെളിവായി സ്വീകരിച്ച് ബിഷപ്പിന് അറസ്റ്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യങ്ങളും തിരച്ചടിയായിട്ടുണ്ട്.ഇന്നലത്തെ ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. കന്യാസ്ത്രീക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചത് രേഖാമൂലമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ആ വിരോധം തീര്‍ക്കാനാണ് പീഡന പരാതി നല്‍കിയത്. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട് മഠത്തില്‍ പോകുകയോ കന്യാസ്ത്രീയെ കാണുകയോ ചെയ്തിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
സംസ്ഥാനത്തുടനീളം കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ധാന്യ ശേഖരം പിടികൂടി
തിരുവനന്തപുരം:കൺസ്യൂമർഫെഡ് വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കുറവാണെന്ന പരാതിയെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.വിജിലൻസ് ഡയറക്റ്റർ ബി.എസ് മുഹമ്മദ് യാസിന്റെ നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ 11 മണിമുതൽ കൺസ്യൂമർ ഫെഡിന്റെ 36 ഗോഡൗണുകളിലും തിരഞ്ഞെടുത്ത ഔട്‍ലെറ്റുകളിലും ഒരേസമയത്തായിരുന്നു പരിശോധന.ഇതിൽ പലയിടങ്ങളിൽ നിന്നും നിലവാരം കുറഞ്ഞ ധാന്യങ്ങൾ പിടിച്ചെടുത്തു.ഓണത്തിന് ഉപഭോക്താക്കൾക്ക് സബ്സിഡിയിനത്തിൽ സാധനങ്ങൾ നൽകിയതിൽ വ്യപകമായ ക്രമക്കേട് നടന്നതായി നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. വെളിച്ചെണ്ണ,പരിപ്പ്,പയർ,മുളകുപൊടി എന്നിവയിലാണ് പ്രധാനമായും പരാതിയുള്ളത്.കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനത്തെ ഒഴിവാക്കി കോഴിക്കോട്ടെ ഒരു കമ്പനി വഴിയാണ് പയറും മുളകുമെല്ലാം വാങ്ങിയത്.ഗുണനിലവാരമില്ലാത്തതിന്റെ പേരിൽ ഒഴിവാക്കിയ ഏജൻസി അംഗങ്ങൾ അടങ്ങുന്നതാണ് ഈ കമ്പനിയെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.പാലക്കാട് ജില്ലയിലെ നൂറണി,കോഴിക്കോട് ജില്ലയിലെ തടമ്പാട്ടുതാഴം,മീനങ്ങാടി,വടകര,കോഴിക്കോട് സിറ്റി,കാസർഗോഡ് മതിയാനി, കോട്ടയത്തെ പുത്തനങ്ങാടി,മലപ്പുറത്തെ പെരിന്തൽമണ്ണ എന്നീ ഗോഡൗണുകളിൽ നിന്നും ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.ചിലയിടങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത ഉൽപ്പന്നങ്ങളും കണ്ടെത്തി.ഒട്ടുമിക്ക ഗോഡൗണുകളിലും ഔട്‍ലെറ്റുകളിലും സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ തന്നെ നടത്തും
തിരുവനന്തപുരം:ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് നടത്താൻ തീരുമാനം.ദിവസം കുറച്ച് ചിലവ് ചുരുക്കിയായിരിക്കും കലോത്സവം നടത്തപ്പെടുക.ഗ്രേസ് മാർക്കിന്റെ പ്രയോജനം ലഭിക്കുന്ന ഹൈ സ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗക്കാർക്ക് മാത്രമേ സംസ്ഥാന തലത്തിൽ മത്സരം ഉണ്ടാവുകയുള്ളൂ.എൽ.പി,യു.പി തല മത്സരം സ്കൂൾ തലത്തിൽ അവസാനിപ്പിക്കും.പ്രളയബാധിത മേഖലയായ ആലപ്പുഴയിൽ കലോത്സവം നടത്തുന്നത് ജില്ലയ്ക്കും ദുരിതബാധിതർക്കും ആത്മവിശ്വാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.കായിക,ശാസ്ത്രമേളകളും മുൻനിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനും വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കലോത്സവ മാനുവൽ പരിഷ്‌ക്കരണ സമിതി തീരുമാനിച്ചു.മത്സരയിനങ്ങൾ കുറയ്ക്കാതെ ദിവസം കഴിയുന്നത്ര ചുരുക്കി ചിലവുകുറച്ചായിരിക്കും കലോത്സവം നടത്തുക.ഉൽഘാടന,സമാപന സമ്മേളനങ്ങൾ,പന്തൽ,ഘോഷയാത്ര എന്നിവ ഉണ്ടാകില്ല.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ മാത്രമേ നൽകുകയുള്ളൂ.വിഭവസമൃദ്ധമായ സദ്യയും ഒഴിവാക്കും.കുടുംബശ്രീക്കായിരിക്കും ഭക്ഷണത്തിന്റെ ചുമതല.കായികമേള ഒക്ടോബർ അവസാനവാരം തിരുവനന്തപുരത്തും ശാസ്ത്രമേള നവംബറിൽ കണ്ണൂരിലും സ്പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബറിൽ കൊല്ലത്തും നടത്തും.ഇന്ന് ചേരുന്ന ഗുണനിലവാര സമിതിയോഗത്തിൽ കലോത്സവത്തിന്റെ തീയതി,സമയക്രമം എന്നിവ സംബന്ധിച്ച തീരുമാനമുണ്ടാകും.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
കൊച്ചി:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.ഇന്നുതന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നില്‍ ആവശ്യപ്പെട്ടു.ബുധനാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞതെങ്കിലും ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടതുണ്ടെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.45 ന് തന്നെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ വാക്കാല്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ജാമ്യഹര്‍ജി പ്രത്യേകാനുമതിയോടെ ഫയല്‍ ചെയ്തു. തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ പറയുന്നത്. മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ബിഷപ്പ് ഹര്‍ജിയില്‍ പറയുന്നു. പരാതിയില്‍ പറയുന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്നാണ് ബിഷപ്പിന്റെ വാദം.
ബാർ കോഴക്കേസ്;മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളി
തിരുവനന്തപുരം:ബാർ കോഴക്കേസിൽ കെ.എം മാണിക്ക് തിരിച്ചടി.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.കേസിന്റെ അന്വേഷണം പൂര്‍ണമല്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കോടതി വ്യക്തമാക്കി. കേസില്‍ സര്‍ക്കാരിന്റെ അനുമതിയോടെ തുടരന്വേഷണം നടത്താനും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കക്ഷികള്‍ കൊടുത്ത തടസവാദത്തിന്‍ മേല്‍ വാദം പൂര്‍ത്തിയായ ശേഷമാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിധി പറഞ്ഞത്. നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയെന്നാണ് കേസിൽ പരാതിക്കാരനായ ബിജു രമേശിന്‍റെ ആരോപണം. കെഎം മാണി നിയമകാര്യ മന്ത്രിയായിരിക്കെ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് ഘട്ടം ഘട്ടമായി ഒരു കോടി രൂപ മന്ത്രി മന്ദിരമായ പ്രശാന്തിലും, പാലയിലെ സ്വന്തം വസതിയിലും വെച്ച് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.ഇതേ തുടര്‍ന്ന് 2015ല്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കെഎം മാണിയെ പ്രതിയാക്കി എഫ് ഐആര്‍ രജിസ്ട്രര്‍ ചെയ്തത്.യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നുവെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം;സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശനം;സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി.ഫീസ് വിവരങ്ങള്‍ അടങ്ങിയ ഫയല്‍ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രവേശന മേൽനോട്ട സമിതിക്കാണ് കോടതി ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്.അതേസമയം കോടതി ഉത്തരവ് അംഗീകരിക്കാതെ 2016, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.ഇത് നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കൂവെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.