കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ വൈക്കം ഡിവൈഎസ്പി കെ.സുഭാഷാണ് അറസ്റ്റ് വിവരം ബിഷപ്പിനെ അറിയിച്ചത്. തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തതിനു ശേഷമാണ് ബിഷപ്പിന്റെ അറസ്റ്റ്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് പഞ്ചാബ് പൊലീസിനെയും പഞ്ചാബിലുള്ള അഭിഭാഷകനെയും പൊലീസ് അറിയിച്ചു.എട്ട് മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്‌ക്കലിന് പല ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. സംഭവം നടന്നതായി കന്യാസ്‌ത്രീ പരാതിപ്പെട്ട 2014 മെയ് അഞ്ചിന് താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയില്ലെന്നും തൊടുപുഴ മുതലക്കോടത്തായിരുന്നുവെന്നും ഫ്രാങ്കോ മുളയ്‌ക്കല്‍ ആവര്‍ത്തിച്ചു. എന്നാല്‍, കുറവിലങ്ങാട്ട് എത്തിയതായി തെളിയിക്കുന്ന സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളും തൊടുപുഴയില്‍ എത്തിയില്ലെന്ന് വ്യക്തമാക്കുന്ന ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ചു.പല ചോദ്യങ്ങള്‍ക്കും മുമ്ബില്‍ കൃത്യമായ മറുപടിയില്ലാതെ ബിഷപ് നിസ്സഹായനായി. സ്വകാര്യചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും പങ്കെടുക്കുന്ന വീഡിയോ ബിഷപ്പ് അന്വേഷണസംഘത്തിന് കൈമാറി. ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതും ബിഷപ്പിനെ കുഴപ്പിച്ചു.കോട്ടയം എസ്പിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞ് നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഒന്നാംഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് തയ്യാറാക്കിയിരുന്നത്. നാലു ക്യാമറകളിലൂടെ ഇത് പകര്‍ത്തുകയും ചെയ്തു. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും സൗകര്യം ഉണ്ടായിരുന്നു.
കണ്ണൂർ പരിയാരം കക്കറയിൽ വീട് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം;നാലുപേർക്ക് പരിക്കേറ്റു
കണ്ണൂർ:പരിയാരം കാക്കരയിൽ വീട് വൃത്തിയാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് പരിക്ക്.വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ഒഴിഞ്ഞു പോയ ശേഷം വീട് വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുടമയായ സ്ത്രീ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റത്. വീട്ടുടമസ്ഥ എറണാകുളം സ്വദേശിനി ഗ്രേസി മാത്യുവിന് മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാലുപേരെയും പരിയാരം മെഡിക്കൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ആറുമാസം മുൻപുവരെ ഇവിടെ വാടകക്കാർ താമസിച്ചിരുന്നു.ഇവർ ഒഴിഞ്ഞു പോയതിനെ തുടർന്ന് വീട് വൃത്തിയാക്കാനും മറ്റുമായാണ് ഗ്രേസി ഇവിടെയെത്തിയത്.അയൽപക്കത്തുള്ള മൂന്നുപേരെയും കൂട്ടി വീട്ടിനുള്ളിലെ പാഴ്‌വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി സൂചന

കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനങ്ങളുടെ പരീക്ഷണപ്പറക്കൽ ഇന്നും തുടരും
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ യാത്രാവിമാനങ്ങളുടെ പരീക്ഷണപ്പറക്കൽ ഇന്നും തുടരും.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്ര വിമാനമാണ് വെള്ളിയാഴ്ച്ച കണ്ണൂരില്‍ എത്തുക.74 സീറ്റുകളുള്ള എ ടി ആര്‍ 72 വിമാനമാണ് കണ്ണൂരില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ബോയിങ് 737 വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധന പൂര്‍ണ വിജയം ആയിരുന്നു.രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കണ്ണൂരിലേക്ക് വിമാനം പുറപ്പെടുക. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതിന് ഇൻഡിഗോയ്ക്ക് അനുമതി ലഭിച്ചതിനെ തുടർന്നാണ് പരിശോധനക്കായി കണ്ണൂരിലേക്കെത്തുന്നത്.
കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറും
തിരുവനന്തപുരം:കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറും.ഒക്ടോബർ മുതൽ കൗണ്ടറുകൾ കുടുംബശ്രീ ഏറ്റെടുക്കും.സ്ഥലം,വൈദ്യുതി എന്നിവ കെഎസ്ആർടിസി നൽകും.ഫർണിച്ചറുകൾ,കമ്പ്യൂട്ടർ,പ്രിൻറർ,നെറ്റ്‌വർക്ക് എന്നിവ കുടുംബശ്രീ സജ്ജീകരിക്കണം.സീറ്റ് റിസർവേഷൻ കൂപ്പണുകളുടെയും കൗണ്ടറുകളിലൂടെ വിൽക്കുന്ന ടിക്കറ്റുകളുടെയും നാലുശതമാനം വിഹിതം കുടുംബശ്രീക്ക് ലഭിക്കും.ഒൻപതു ഡിപ്പോയിലെ കൗണ്ടറുകൾ രാവിലെ ആറുമണി മുതൽ പത്തുമണിവരെയും പതിനൊന്നു ഡിപ്പോയിലെ കൗണ്ടറുകൾ രാവിലെ ഒൻപതുമണിമുതൽ അഞ്ചുമണിവരെയും മൂന്നു ഡിപ്പോകളിലെ കൗണ്ടറുകൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കും. 69 കുടുംബശ്രീ പ്രവർത്തകർക്ക് ഇവിടെ ജോലി ലഭിക്കും.നിലവിൽ കൗണ്ടറുകളിലുള്ള കെഎസ്ആർടിസി ജീവനക്കാരെ മറ്റു വിഭാഗങ്ങളിൽ നിയോഗിക്കും.തിരുവനന്തപുരം സെൻട്രൽ,എറണാകുളം, വൈറ്റില,മൈസൂരു,ബെംഗളൂരു എന്നീ ഡിപ്പോകളിലെ കൗണ്ടറുകളും കൈമാറിയവയിൽ ഉൾപ്പെടുന്നു.
ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് വെട്ടേറ്റു
ഇരിട്ടി:ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് വെട്ടേറ്റു.യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറിയായ പായം വട്ട്യറ കരിയാലിലെ ജിജോ പുളിയാനിക്കാട്ടിനാണ്(35) വെട്ടേറ്റത്.ബുധനാഴ്ച രാത്രി ഒൻപതരയോടുകൂടി കരിയാൽ ടൗണിലെ കടയിൽ കോൺക്രീറ്റ് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ജിജോയെ കാറിലെത്തിയ അക്രമിസംഘം ആയുധമുപയോഗിച്ച് വെട്ടുകയായിരുന്നു.അക്രമത്തിൽ ജിജോയുടെ വലതുകാലിനു ആഴത്തിൽ വെട്ടേൽക്കുകയും ഇടതു കാലിന്റെ എല്ല് പൊട്ടുകയും ചെയ്തു.ജിജോയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.ജിജോയെ അടിച്ചു നിലത്തിട്ടു ശേഷം ആറംഗ സംഘത്തിലെ രണ്ടുപേർ നിലത്തിരുന്ന് വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ വ്യക്തി നിന്നെ കൊല്ലരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിനാൽ നിന്നെ ജീവനോടെ വിടുകയാണെന്നും അക്രമികളിലൊരാൾ പറഞ്ഞതായി ജിജോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.ഇരിട്ടി സിഐ രാജീവൻ വലിയവളപ്പിൽ,എസ്.ഐ പി.എം സുനിൽകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.ജിജോയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സ്വർണ്ണവുമായി കടന്ന വീട്ടുവേലക്കാരിയെ അറസ്റ്റ് ചെയ്തു
കണ്ണൂർ:ജോലിക്കായി എത്തിയ വീട്ടിൽ നിന്നും സ്വർണ്ണം കവർന്നശേഷം രക്ഷപ്പെട്ട വീട്ടുവേലക്കാരിയെ പിടികൂടി.കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ആയിഷ ക്വാർട്ടേഴ്സിൽ ആതിരയാണ്(18) അറസ്റ്റിലായത്.ഈ മാസം നാലാം തീയതി തുളിച്ചേരിയിലെ ഒരു വീട്ടിൽ നിന്നാണ് ആതിര ആറുപവന്റെ ആഭരണങ്ങളുമായി കടന്നത്. ഒരുമാസമായി ഈ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു ആതിര.വീട്ടുകാർ പുറത്തുപോയ സമയത്ത് ആഭരങ്ങളുമായി കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ കണ്ണൂരിലെ രണ്ട് ജ്വല്ലറികളിലായി വിറ്റ ശേഷം ഭർത്താവുമൊത്ത് കോയമ്പത്തൂരിലേക്ക് പോയി.നാട്ടിൽ കേസ് നടക്കുന്ന കാര്യം അറിയാതെ ഞായറാഴ്ച ആതിര കണ്ണൂരിലെത്തി.വിവരമറിഞ്ഞ കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ആതിരയെ കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിൽ മോഷണക്കുറ്റം സമ്മതിച്ച ആതിര സ്വർണ്ണം വിറ്റ ജ്വല്ലറികൾ ഏതാണെന്നും പോലീസിനോട് പറഞ്ഞു.പോലീസ് ഈ ജ്വല്ലറികളിൽ നിന്നും ആതിര വിറ്റ സ്വർണ്ണവും കണ്ടെടുത്തു.
കണ്ണൂരിൽ എട്ടുകിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ:എട്ടുകിലോ കഞ്ചാവുമായി കണ്ണൂരിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടുകൂടിയാണ് കണ്ണൂർ സിറ്റി സ്വദേശി അബ്ദുൽ റൗഫ്(28),മരക്കാർകണ്ടിയിലെ മുഹമ്മദ് ഷഫീക്ക്(28) എന്നിവർ പോലീസ് പിടിയിലായത്.ബെംഗളൂരുവിൽ നിന്നും പുലർച്ചെ കണ്ണൂരിൽ ബസ്സിറങ്ങിയതാണ് ഇരുവരും.രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലാകുന്നത്.പോലീസിനെ കണ്ടതോടെ ഇവർ മറഞ്ഞുനിന്നെങ്കിലും കൃത്യമായ വിവരം ലഭിച്ചതിനാൽ ഇവരെ പിടികൂടുകയായിരുന്നു.രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് ഇവരിൽ നിന്നും കഞ്ചാവ് പിടികൂടിയത്.ഒന്നരവർഷം മുൻപ് കണ്ണൂർ സിറ്റിയിൽ ഒരു യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിയാണ് അറസ്റ്റിലായ അബ്ദുൽ റൗഫ്. ഈ കേസിൽ ജാമ്യത്തിനിറങ്ങിയാണ് ഇയാൾ കഞ്ചാവ് കച്ചവടം തുടങ്ങിയത്.കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കണ്ണൂർ ടൌൺ സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ലഹരിസംഘങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നത്.കഴിഞ്ഞ ദിവസം തലശ്ശേരി നഗരമധ്യത്തിൽ കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നയാളെ എക്‌സൈസ് സംഘം നഗരത്തിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.തലശ്ശേരി ചാക്കേരി വീട്ടിൽ കെ.എൻ അക്ബർ ആണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നും 24 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.എക്‌സൈസ് സംഘത്തെ കണ്ട് നഗരത്തിലൂടെ ഓടിയ പ്രതിയെ മട്ടാമ്പ്രം പള്ളിക്ക് സമീപത്തുവെച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇന്ധന വിലവർധന;സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്;മിനിമം ചാർജ് പത്തുരൂപയാക്കണമെന്ന് ആവശ്യം
കൊച്ചി: ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്.ഇത് സംബന്ധിച്ച് ഈ മാസം 30നകം തീരുമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്. തൊട്ടുമുന്‍പ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80 രൂപയിലെത്താറായി. വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനിൽക്കാനാകില്ലെന്നും സ്വകാര്യ ബസ്സുടമകൾ വ്യക്തമാക്കി.പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ നീട്ടി നല്‍കിയ സമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ യോഗം ചെരുന്നത്. നികുതി ബഹിഷ്‌ക്കരണവും ബസ് ഉടമകള്‍ ആലോചിക്കുന്നു. മിനിമം ചാര്‍ജ്ജ് ദൂരപരിധി 5 കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. പ്രളയക്കെടുതിയും ഇന്ധനവിലവര്‍ധനവും ചേര്‍ന്ന് പൊതുജനങ്ങള്‍ വലഞ്ഞു നില്‍ക്കെ ബസ് ചാര്‍ജ്ജ് വര്‍ധനയെന്ന ആവശ്യം കൂടി മുന്നിലെത്തുന്നതോടെ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകമാണ്.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്:കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച ശേഷം ബന്ധുക്കൾ ഉപേക്ഷിച്ചു പോവുകയായിരുന്നു.മൂന്നു സ്ത്രീകൾ ഉൾപ്പെടെ അൻപതുവയസ്സിലേറെ പ്രായമുള്ളവരാണ് ഇവരെല്ലാം.മലയാളത്തിന് പുറമെ കന്നഡ,തമിഴ്,ഹിന്ദി,തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരും ഇവരോടൊപ്പമുണ്ട്.ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന തെരുവിന്റെ മക്കൾ എന്ന സന്നദ്ധ സംഘടനാ പ്രവർത്തകരാണ് ഇവരുടെ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.രണ്ടുമാസമായി ഈ പ്രവർത്തകരാണ് ഇവർക്കുള്ള ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്.സംഭവമറിഞ്ഞ് ലീഗൽ അതോറിറ്റി സെക്രെട്ടറി എ.പി ജയരാജ് ആശുപത്രിയിൽ എത്തി ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.ഇവരെ സംരക്ഷിക്കാതെ ഉപേക്ഷിച്ച ബന്ധുക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.