മൂവാറ്റുപുഴ:എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം.തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയ ബൈക്കിനെയും യാത്രക്കാരനെയും അരക്കിലോമീറ്ററോളം റോഡിലൂടെ ബസ് നിരക്കിക്കൊണ്ടു പോയതിനിടെയാണ് തീപിടിത്തമുണ്ടായത്. ബൈക്കിന്‍റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീപിടിത്തം സംഭവിച്ചതെന്നാണ് കരുതുന്നത്.ബസില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെങ്കിലും യാത്രക്കാരെ വളരെ വേഗം പുറത്തിറക്കാന്‍ കഴിഞ്ഞതിനാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത തടസമുണ്ടായി.
ആലപ്പുഴയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പത്തൊൻപതുകാരൻ അറസ്റ്റിൽ
ആലപ്പുഴ:ആലപ്പുഴയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.കണ്ണനാകുഴിയില്‍ മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യാണു കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് തുളസിയുടെ അയൽവാസിയായ പത്തൊൻപതുകാരൻ മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറിന്‍ രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു തുളസിയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതി ജെറിന്‍ രാജു തുളസിയുടെ മകന്റെ കൂട്ടുകാരനും അയല്‍വാസിയുമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന്‍ രക്ഷപ്പെട്ടത്. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് അയാളെ റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു.പോലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.ആരോഗ്യ സ്ഥിതി മോശമാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു. അതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യഹര്‍ജികള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തെ സ്വതന്ത്ര്യമായി അന്വേഷിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പർ മുറിയില്‍ പ്രതിയെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന് ഫാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്തു. നിര്‍ണായകമായ കൂടുതല്‍ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.അതേസമയം കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കണ്ണൂർ ആനക്കുളത്തിൽ ബിഎസ്എൻഎൽ ജീവനക്കാരനായ യുവാവ് മുങ്ങിമരിച്ചു
കണ്ണൂർ:കണ്ണൂര്‍ നഗരപരിധിയിലെ ആനക്കുളത്തില്‍ കുളിക്കുന്നതിനിടെ ബിഎസ്എൻഎൽ ജീവനക്കാരനായ യുവാവ് മുങ്ങിമരിച്ചു.കണ്ണൂര്‍ താണ ബി.എസ്.എന്‍.എല്‍ ഓഫിസില്‍ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു എറണാകുളം ഇടപ്പള്ളി സ്വദേശി അജയനാണ് (27) മരിച്ചത്.സൗത്ത്ബസാര്‍ മക്കാനി മഖാമിന് സമീപത്തെ ആനക്കുളത്തില്‍ ഇന്നലെ വൈകിട്ട് ആറോടെ കുളിക്കാനിറങ്ങിയതായിരുന്നു അജയന്‍. കുളത്തിന്റെ നടുഭാഗത്തേക്ക് നീന്തവെ ദേഹാസ്വാസ്ഥം വന്ന് മുങ്ങിപ്പോവുകയായിരുന്നു.നീന്തൽ നന്നായി അറിയുന്നയാളായിരുന്നു അജയനെന്ന് സഹപ്രവർത്തകർ പറഞ്ഞു.ഒപ്പമുണ്ടായിരുന്നവർ നീന്തി മറുകരയെത്തിയെങ്കിലും കരയിൽ നിന്നും ഇരുപതു മീറ്ററോളം അകലെവെച്ച് അജയൻ കുഴഞ്ഞു പോവുകയും കുളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. അഗ്നിശമനസേന ഒന്നര മണിക്കൂറിലധികം നേരം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.അജയന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തിങ്കളാഴ്ച്ച ബന്ധുക്കൾ എത്തിയശേഷം മൃതദേഹം സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടുപോകും.
അഭിമന്യു കൊലക്കേസ്;16 പേരെ പ്രതിചേർത്ത് കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും
കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പതിനാറുപേരെ പ്രതിചേർത്ത് കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.കേസില്‍ നേരിട്ട‌് പങ്കാളികളായ ക്യാമ്ബസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട‌് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെയാണ‌് ആദ്യഘട്ടത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ‌്റ്റ‌് ക്ലാസ‌് രണ്ടാം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത‌്.പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന 15 പേരും ഇവരെ സഹായിച്ച പതിനൊന്നുപേരും ഉള്‍പ്പെടെ 26 പേരാണ് പ്രതികള്‍.ഒന്നാം പ്രതി J I മുഹമ്മദ് രണ്ടാംപ്രതി ആരിഫ് ബിന്‍ സലീം എന്നിവര്‍ ഉള്‍പ്പെടെ 16 പേര്‍ ആദ്യ കുറ്റപത്രത്തില്‍ പ്രതികളാണ്.ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവര്‍ പിടിയിലാകുന്നതോടെ ഇവരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലപാതകം നടന്ന് 84 ദിവസം പൂർത്തിയാകുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും;ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. അതിനിടെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായുള്ള അപേക്ഷയെ ഫ്രാങ്കോ മുളയ്ക്കല്‍ എതിര്‍ത്താല്‍ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണ് പൊലീസിന്‍റെ ആലോചന. കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.സുഭാഷിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 20 മത്തെ നമ്പര്‍ മുറിയില്‍ മാത്രമായിരുന്നു തെളിവെടുപ്പ്. 50 മിനിറ്റ് നീണ്ട തെളിവെടുപ്പില്‍ മഠത്തില്‍ താമസിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിഷപ്പ് വ്യക്തമായ മറുപടി നല്‍കിയില്ല.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.ഇതേ തുടർന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 64 മുതല്‍ 125 വരെ സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട്, ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളില്‍ ആവശ്യമായ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇരിട്ടി കുന്നോത്ത് കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു;മൂന്നുപേർക്ക് പരിക്കേറ്റു
ഇരിട്ടി:കുന്നോത്ത് കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.മാടത്തിൽ പാട്ടാരത്തെ തുണ്ടത്തിൽ ജോര്‍ജ് കുട്ടി – ലൂസി ദമ്പതികളുടെ മകൻ ജിത്തു(28) വാണ് മരിച്ചത്.വാരം സ്വദേശികളായ മുസഫര്‍, റഹിയാനത്ത്, മിന്‍ഹിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ ഇരിട്ടി–കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു സമീപത്തായിരുന്നു അപകടം. കണ്ണൂർ വാരത്ത് നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും മാടത്തിൽ ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തി
തിരുവനന്തപുരം:അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി.പുലര്‍ച്ചെ 3.30ന് ആണ് പിണറായി തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനായിരുന്നു മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ചികിത്സയ്ക്ക് ശേഷം അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രളയത്തില്‍ കേരളത്തിന് കൈതാങ്ങാകണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്നും ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.
ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കുന്നു
കോട്ടയം:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കുന്നു.കോട്ടയം പോലീസ് ക്ലബ്ബില്‍നിന്നാണ് ബിഷപ്പിനെ കേസിന് ആസ്പദമായ സംഭവം നടന്നന്നെന്നു പറയുന്ന കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാന്‍സീസ് മിഷന്‍ ഹോമിലേക്ക് കൊണ്ടുപോയത്. മഠത്തിലെ ഇരുപതാം നമ്പർ ഗസ്റ്റ് റൂമില്‍ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. അതേ മുറിയിലെത്തിച്ചാണ് തെളിവെടുക്കുക.തെളിവെടുപ്പിന്റെ സമയത്ത് ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടര്‍ന്നാണു നീക്കം. നുണപരിശോധനയ്ക്ക് അനുമതി തേടി പോലീസ് കോടതിയെ സമീപിക്കും. ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഡോ. ഫ്രാങ്കോയ്ക്കുവേണ്ടി ജാമ്യ ഹര്‍ജി നല്‍കുമെന്ന് ഇദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കെ. ജയചന്ദ്രന്‍ പറഞ്ഞു.