കണ്ണൂർ:കാറിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി രാജസ്ഥാനിൽ മരിച്ചു.രാജസ്ഥാനിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനായ കരിക്കോട്ടക്കരി കുടുക്കാംതടത്തിൽ ആന്റണി-ലിസി ദമ്പതിമാരുടെ മകൻ ജിൻസ്(28) ആണ് മരിച്ചത്.ജിൻസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിക്കുകയും തുടർന്ന് കാറിനു മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേൽക്കുകയുമായിരുന്നു.മൃതദേഹം പരിശോധയ്ക്ക് ശേഷം നാട്ടിലെത്തിച്ച് കരിക്കോട്ടക്കരി സെന്റ് തോമസ് ദേവാലയത്തിൽ സംസ്‌കരിക്കും.
ചാലക്കുടിയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം
തൃശൂർ:ചാലക്കുടിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിലും ചുഴലികാറ്റിലും വ്യാപക നാശനഷ്ടം.ചുഴലിക്കാറ്റിനു പുറമേ ശക്തമായ മഴയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി. തൃശൂര്‍ നഗരത്തിലുള്‍പ്പടെ ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.കാറ്റില്‍ കെട്ടിടങ്ങള്‍ക്കൊപ്പം നിരവധി വീടുകളും തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണു വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി. രൂക്ഷമായ വെള്ളക്കെട്ടില്‍ നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നഗരത്തിലെ സുരഭി സിനിമാ തീയറ്ററിന്റെ മേല്‍ക്കൂരയും കാറ്റില്‍ പറന്നു. സിനിമ നടക്കുന്നതിനിടയില്‍ മേല്‍ക്കൂര പറന്നുപോയതോടെ പരിഭ്രാന്തരായ കാണികള്‍ എഴുന്നേറ്റോടി.പല പ്രധാനറോഡുകളിലും മരം വീണും ഗതാഗതതടസ്സമുണ്ടായി. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഏറെ നേരം ട്രാഫിക് ബ്ലോക്കുമുണ്ടായി.
റോഹിഗ്യൻ അഭയാർത്ഥികൾ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ;ഐബി അന്വേഷണം തുടങ്ങി
തിരുവനന്തപുരം:റോഹിഗ്യൻ അഭയാർഥികളായി അഞ്ചംഗ കുടുംബം വിഴിഞ്ഞത്ത് പോലീസ് പിടിയിൽ.ഹൈദരാബാദില്‍ നിന്നും ട്രെയിൻ മാർഗമാണ് ഇവര്‍ വിഴിഞ്ഞത്തെത്തിയത്. മ്യാന്മറില്‍ നിന്നും വനമാര്‍ഗ്ഗമാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇവർ തൊഴിൽ തേടി എത്തിയതാണെന്നാണ് റിപ്പോർട്ട്.ഇവരെ ഉടൻ തന്നെ ഡൽഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന.അതേസമയം റോഹിഗ്യകളുടെ വരവിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ സംസ്ഥാന പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥികളുടെ കടന്നു കയറ്റം തടയാന്‍ കേന്ദ്രം ശക്തമായി ഇടപെട്ടിരുന്നു.ഇന്ത്യന്‍ അതിര്‍ത്തികളെ സംരക്ഷിക്കാനും പരിശോധന ശക്തമാക്കാനും കേന്ദ്രം നടപടികള്‍ സ്വീകരിക്കും,ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ബാലഭാസ്‌ക്കറിന്റെ മൃതദേഹം പൊതുദർശനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ചു;സംസ്ക്കാരം ബുധനാഴ്ച
തിരുവനന്തപുരം:അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ മൃതദേഹം പൊതുദർശനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ചു.സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചേർന്ന് വിലാപയാത്രയായാണ് മൃതദേഹം ഇവിടെയെത്തിച്ചത്.ഇവിടെ അന്തിമോപചാരമർപ്പിക്കാൻ നിരവധിപേർ എത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.മുരളീധരന്‍ എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവര്‍ യൂണിവേഴ്‌സിറ്റി കോളജില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. സംഗീത സിനിമാ ലോകത്തെ നിരവധി സുഹൃത്തുക്കള്‍ മരണവിവരം അറിഞ്ഞ് രാവിലെ മുതല്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ പൊതുദർശനത്തിനു ശേഷം വൈകുന്നേരം നാലുമണിയോട് കൂടി മൃതദേഹം കലാഭവനിലേക്ക് മാറ്റും.പിന്നീട് അവിടെയായിരിക്കും പൊതുദർശനം നടക്കുക. ഇന്ന് പുലർച്ചെയാണ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കർ മരണത്തിനു കീഴടങ്ങിയത്.സെപ്റ്റംബർ 25 ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംഗ്ഷന് മുന്നിൽ വെച്ചാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വി മരിച്ചിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി,ഡ്രൈവർ അർജുൻ എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
ജെസ്‌നയുടെ തിരോധാനം;അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
കോട്ടയം:മുക്കൂട്ടുതറയിൽ നിന്നും മാസങ്ങൾക്കു മുൻപ് കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌നയുടെ തിരോധാനം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പോലീസ് മാസങ്ങളോളം കേസിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും ഒരു തുമ്പു പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.ജെസ്‌നയെ കണ്ടെത്തുന്നതിനായി ഇറത്തറ സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ചിന് നിർദേശം നൽകിയിരിക്കുന്നത്.കഴിഞ്ഞ മാർച്ച് 22 നാണ് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നും ജെസ്‌നയെ കാണാതായത്.എരുമേലി വഴി ജെസ്‌ന മുണ്ടക്കയത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും സ്ഥിതീകരിച്ചിരുന്നു. എന്നാൽ പിന്നീട് അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.
പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു
കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം(65) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു.കൂടാതെ 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ ‘അട്ടിമറി’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്ബി കണ്ണന്താനം ജനിച്ചത്.സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘രാജാവിന്റെ മകന്‍’ ആണ് പ്രശസ്തനാക്കിയത്. ചിത്രം നിര്‍മ്മിച്ചതും തമ്പിയായിരുന്നു.ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.
കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിനായി ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമെത്തും
കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പരീക്ഷണപറക്കലിനായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് വീണ്ടും എത്തും.രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന ബോയിങ് 737-800 വിമാനം 7.45 ഓടെ കണ്ണൂർ വിമാനത്താവള സിഗ്നൽ പരിധിക്കുള്ളിലെത്തും. ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റത്തിന്റെ പരിശോധനയ്ക്കായാണ് വിമാനമെത്തുന്നത്.റൺവേകൾക്ക് മുകളിലൂടെ ചുറ്റിപ്പറക്കുന്ന വിമാനം റൺവേയോട് ചേർന്ന് താഴ്ന്നിറങ്ങിയും(ടച്ച് ആൻഡ് ഗോ) പരിശോധന നടത്തും.നേരത്തെ ഇതേ വിമാനം ഡി വി ഒ ആർ പരിശോധനയ്ക്കായി എത്തിയിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി കമാൻഡൻറ് ധൻരാജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സിഐഎസ്എഫ് സംഘം എത്തി.50 അംഗ സംഘമാണ് തിങ്കളാഴ്ച വിമാനത്താവളത്തിലെത്തിയത്.അടുത്ത ദിവസം മുതൽ ഇവരെ വിവിധയിടങ്ങളിലായി സുരക്ഷയ്ക്ക് നിയോഗിക്കും.കൂത്തുപറമ്പ് വലിയവെളിച്ചതാണ് ഇവർക്കുള്ള താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കർ അന്തരിച്ചു
തിരുവനന്തപുരം:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കർ അന്തരിച്ചു.ഇന്നലെ രാത്രി ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ മൂന്നരമണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അദ്ദേഹത്തിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌ക്കറും മകളും മുൻസീറ്റിലായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസ് നിഗമനം.
കൂത്തുപറമ്പ് മൈലുള്ളിമെട്ടയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കണ്ണൂർ:കൂത്തുപറമ്പ് മമ്പറം മൈലുള്ളിമെട്ടയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു.മാനന്തവാടിക്കടുത്ത കൊളത്തടയിലെ എ.വി.അനിൽകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെ മൈലുള്ളിമെട്ട ജംഗ്ഷനടുത്ത് വച്ചാണ് അപകടം നടന്നത്.ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന മിനിലോറി അനിൽകുമാർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.ചക്കരക്കല്ലിൽ ഫർണിച്ചർ കടയിലെ തൊഴിലാളിയായിരുന്ന അനിൽകുമാർ കാലത്ത് മാനന്തവാടിയിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.പിണറായി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്.
കണ്ണൂരിൽ കഞ്ചാവുമായി രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
കണ്ണൂർ:എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 1.25 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.ശിവപുരം മൊട്ടമ്മൽ സ്വദേശി മുസമ്മൽ വീട്ടിൽ മജീദ് മകൻ അബ്ദുൾ സലാം (29) ആമ്പിലാട് സ്വദേശി പൊന്നം ഹൗസിൽ അഷ്റഫ് മകൻ ഷാനവാസ് പി (33) എന്നിവരെയാണ് ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെടകർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മട്ടന്നൂർ, ശിവപുരം ,ഉരുവച്ചാൽ ,കൂത്തുപറമ്പ് , ഇരിട്ടി മേഖലകളിൽ കഞ്ചാവ് വിതരണം നടത്തുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് ഇവർ . മീൻ വണ്ടിയിലും പച്ചക്കറിക്കച്ചവടത്തിന്റെ മറവിലുമാണ് ഇവർ ഇത്രയുംകാലം കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്.വിരാജ്പേട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോബിയിൽ നിന്നും കിലോ കണക്കിന് കഞ്ചാവ് വാങ്ങി ഇത്തരം വാഹനങ്ങളിൽ കടത്തിയാണ് ഇവർ ശിവപുരത്ത് എത്തിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ മട്ടന്നൂർ ,ഇരിട്ടി, കൂത്തുപറമ്പ് മേഖലകളിൽ ഇവർ കഞ്ചാവ് കച്ചവടം നടത്തിയവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉത്തരമേഖലാ ജോയന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ്,പി പി രജിരാഗ്, സി എച്ച് റിഷാദ്, എക്സൈസ് റേഞ്ച് ഓഫീസ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ പി.വി ശ്രീനിവാസൻ, കെ ഉമേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.