കണ്ണൂർ:ബാംഗ്ലൂർ സ്ഫോടനക്കേസ് പ്രതി സലിം കണ്ണൂരിൽ പിടിയിലായി.ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്പിന് സമീപം വച്ച് പിടികൂടിയത്.ബംഗളൂരു സ്‌ഫോടനക്കേസിലെ 21ആം പ്രതിയാണ് സലീം. ഒന്നാം പ്രതി തടിയന്‍റവിട നസീറിന്‍റെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലിം.വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പത്ത് വര്‍ഷത്തിന് ശേഷമാണ് പിടികൂടുന്നത്. 2008 ജൂലൈ 25 നാണ് ബംഗളുരുവില്‍ സ്ഫോടന പരമ്പര ഉണ്ടായത്.സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. കേസിലെ മറ്റു പ്രതികള്‍ എല്ലാം പിടിയിലായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്.
തിത്തലി കൊടുങ്കാറ്റ് ഒഡിഷ തീരത്ത് എത്തി;കനത്ത ജാഗ്രത നിർദേശം
ഭുവനേശ്വർ:തിത്തലി കൊടുങ്കാറ്റ് ഒഡിഷ തീരത്ത് എത്തി.മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്.ഇതേ തുടർന്ന് ഒഡിഷ,ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.ഗഞ്ചാം,പുരി,ഖുര, ജഗത്‌സിംഗ്പൂർ,കേന്ദ്രപ്പാറ എന്നീ അഞ്ചു ജില്ലകളിൽ നിന്നും മൂന്നു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.ആന്ധ്രയിലെ കലിംഗപട്ടണത്തില്‍ മണിക്കൂറില്‍ 56 കിലോമീറ്ററാണ് കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിട്ടുള്ളത്. ഒഡീഷയിലെ ഗോപാല്‍പൂരില്‍ ചുഴലിക്കാറ്റ് ദുരന്തമുണ്ടാക്കിയിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണിരിക്കുകയാണ്. ഗോപാല്‍പുരിലും ബെര്‍ഹാംപൂരിലും റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.പ്രദേശത്ത് കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരപ്രദേശത്തുള്ളവരെയൊക്കെ മാറ്റിപാര്‍പ്പിച്ചുകഴിഞ്ഞു. അഞ്ചുജില്ലകളിലെ അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ഒഡിഷ,ആന്ധ്രാ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് 1000 എൻടിആർഎഫ് അംഗങ്ങളെ കേന്ദ്രം അയച്ചിട്ടുണ്ട്.കരസേന,നാവികസേന,കോസ്റ്റ്ഗാർഡ് എന്നിവർ ഏതു സാഹചര്യം നേരിടാനും സന്നദ്ധരായി ഒരുങ്ങിക്കഴിഞ്ഞു.
കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കണ്ണൂർ:കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ മാസം ഇരുപത്തിയേഴാം തീയതി കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലാണ് ക്യാമ്പ് നടത്തുക.പരിപാടിയുടെ ഔദ്യോഗികമായ ഉൽഘാടനം ബഹു.കണ്ണൂർ ഡിവൈഎസ്പി പി.പി സദാനന്ദൻ നിർവഹിക്കും. കണ്ണൂർ ഗവ.ആശുപത്രിയിലേക്ക് നൽകുന്നതിനായാണ് രക്തം ശേഖരിക്കുന്നത്.പൊതുജനങ്ങൾക്കും ഇതിൽ പങ്കാളികളാകാം. രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർ ഇരുപത്തിയേഴാം തീയതി രാവിലെ പത്തുമണിക്ക് കണ്ണൂർ സിറ്റി ജനമൈത്രി പോലീസ് സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.
ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ല;സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കുകയില്ലെന്നും ദേവസ്വം ബോർഡ്
പത്തനംതിട്ട:ശബരിമലയിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ.സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് ചെയ്യും എന്നും പദ്മകമാര്‍ പറഞ്ഞു.നേരത്തെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മണ്ഡലപൂജയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയില്‍ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് പമ്ബ വരെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന.
‘മീ ടൂ’ ക്യാമ്പെയിനിൽ കുടുങ്ങി നടനും എംഎൽഎയുമായ മുകേഷും

ഈ മാസം 17ന് കണ്ണൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു
കണ്ണൂർ:വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ഈ മാസം പതിനേഴാം തീയതി കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാംസഭ സ്കൂളിൽ വെച്ച് ലഹരിവിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വളർന്നു വരുന്ന ലഹരിമാഫിയക്കെതിരെ പോരാടുക എന്നലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ലഹരിയുടെ പിടിയിലേക്ക് അറിഞ്ഞും അറിയാതെയും തെന്നിനീങ്ങുന്ന വിദ്യാർത്ഥികളെ ഇതിൽ നിന്നും രക്ഷപ്പെടുത്തി ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള ഒരു പുതുതലമുറയെ സൃഷ്ടിച്ചെടുക്കുക എന്നതാണ് പരിപാടിയുടെ ലക്‌ഷ്യം.ലഹരി അടങ്ങിയ മിട്ടായികൾ സ്കൂൾ പരിസരത്തെ കടകളിലൂടെ വില്പനനടത്തിയാണ് ലഹരി മാഫിയ വിദ്യാർത്ഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്.ഇത് പിന്നീട് കഞ്ചാവിലേക്കും ലഹരി ഗുളികകളിലേക്കും വഴിമാറുന്നു.ഇത്തരത്തിൽ ലഹരിക്ക് അടിമപ്പെട്ട വിദ്യാർത്ഥികളെ ഉപയോഗിച്ച് കൂടുതൽ പേരെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുകയാണ് ലഹരിമാഫിയ ചെയ്യുന്നത്.ഇത്തരത്തിൽ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സജീവമാകുന്ന സാഹചര്യത്തിലാണ് ലഹരിവിരുദ്ധ ക്യാമ്പയിൻ പോലുള്ള പരിപാടിക്ക് പ്രസക്തിയേറുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പേരിൽ കേന്ദ്ര സർവകലാശാലയിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാസർകോഡ്:ഫേസ്ബുക് പോസ്റ്റിന്റെ പേരിൽ കേന്ദ്ര സർവകലാശാലയിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.രണ്ടാം വർഷ പിജി ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയും തൃശൂർ ആമ്പല്ലൂർ സ്വദേശിയുമായ അഖിൽ താഴത്താണ്(22) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.രക്തം കൊണ്ട് വിരലടയാളം പതിച്ച കടലാസിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ചൊവ്വാഴ്ച രാവിലെ പെരിയയിലെ ക്യാമ്പസ്സിൽ കളിക്കാനെത്തിയ സഹപാഠികൾ ഹെലിപ്പാഡിൽ അഖിലിനെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ഇവർ അഖിലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കേന്ദ്ര സർവകലാശാലയ്‌ക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ ഇക്കഴിഞ്ഞ ജൂൺ മാസം അഖിലിനെ സസ്‌പെൻഡ് ചെയ്യുകയും സെപ്റ്റംബർ ആറിന് ക്യാമ്പസ്സിൽ നിന്നും പുറത്താക്കുകയും ചെയ്തു.സെപ്റ്റംബർ പതിനെട്ടാം തീയതി പി.കരുണാകരൻ എംപിയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അഖിലിനെ അടുത്ത എക്സിക്യൂട്ടീവ് കൗൺസിലിൽ തിരിച്ചെടുക്കാൻ അഭ്യർത്ഥിക്കാമെന്ന് സർവകലാശാല വൈസ് ചാൻസിലർ ഡോ.ജി.ഗോപകുമാർ ഉറപ്പ് നൽകി.എന്നാൽ അതിനു ശേഷവും അഖിൽ ക്യാമ്പസ്സിൽ പ്രവേശിക്കുന്നത് തടഞ്ഞ് സർവകലാശാല അധികൃതർ ഉത്തരവിറക്കി.ഈ ഉത്തരവ് കാണിച്ച് സെക്യൂരിറ്റി ജീവനക്കാരൻ അഖിൽ ക്യാമ്പസ്സിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തു.ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്യാമ്പസ്സിൽ പ്രതിഷേധ പ്രകടനം നടത്തി.വൈസ് ചാൻസിലർ,പ്രൊ.വൈസ് ചാൻസിലർ,അധ്യാപകർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ എന്നിവരെ പ്രതിഷേധക്കാർ രാത്രി ഏഴുമണി വരെ ക്യാമ്പസ്സിൽ തടഞ്ഞു വെച്ചു.വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു.
ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ
കണ്ണൂർ:ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ.തൃശൂർ കൊടകര കനകമലയിൽ പള്ളത്തിൽ വീട്ടിൽ പി.ഡി ദീപു(33),കൊടകരയിലെ പണപ്ലാവിൽ വീട്ടിൽ ആർ.ബിനു(36),മലപ്പുറം വെള്ളുവമ്പുറം വേലിക്കൊത്ത് വീട്ടിൽ ലത്തീഫ്(42),തലശ്ശേരി പാലയാട് ചിറക്കുനിയിലെ ഗുൽഷാൻ വീട്ടിൽ നൗഫൽ(36) എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഒൻപതുപ്രതികൾ ഉള്ളതായി പോലീസ് അറിയിച്ചു.സെപ്റ്റംബർ ഇരുപതാം തീയതി പുലർച്ചെ മൂന്നുമണിക്കാണ് കേസിനാസ്പദമായ സംഭവം.തലശ്ശേരിയിലെ മൽസ്യ മൊത്തവ്യാപാരിയായ മജീദിന്റെ വീട്ടിൽ എത്തിയ സംഘം ആദായനികുതി വകുപ്പ് ഓഫീസർ,മൂന്നു ഉദ്യോഗസ്ഥർ,പോലീസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ പരിചയപ്പെടുത്തുകയായിരുന്നു.ശേഷം പുലർച്ചെ മൂന്നുമണി മുതൽ ഒന്നര മണിക്കൂർ ഇവർ വീട്ടിൽ പരിശോധന നടത്തി.സംഘം പോയ ശേഷം നടത്തിയ പരിശോധനയിലാണ് മജീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പഴ്സിൽ നിന്നും 25000 രൂപ നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയത്.കുഴൽപ്പണ കേസുകളിൽ പ്രതിയായ ലത്തീഫ് കള്ളപ്പണം ഉള്ളവരെ കാണിച്ചു തന്നാൽ 30 ശതമാനം കമ്മീഷൻ നൽകാമെന്ന് പറഞ്ഞ് നൗഫലിനെ കൂടെക്കൂട്ടുകയായിരുന്നു.തുടർന്നാണ് നൗഫൽ സൈദാർപള്ളിയിലെ മജീദിന്റെ വീട് കാണിച്ചുകൊടുത്തത്. മജീദിന്റെ സ്ഥാപനത്തിലെ ജോലിക്കാരനാണ് നൗഫൽ.ശേഷം ലത്തീഫ് ദീപുവുമായി ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തു.തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കെട്ടിയിട്ട് കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് ദീപു.ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള ചിലരെയും കൂട്ടി ദീപു സെപ്റ്റംബർ പതിനെട്ടാം തീയതി തലശ്ശേരിയിലെത്തി മജീദിന്റെ വീട് കണ്ടുപിടിച്ചു.അന്ന് പറശ്ശിനിക്കടവിൽ താമസമാക്കി.പിന്നീട് ഇരുപതാം തീയതി പുലർച്ചെ തലശ്ശേരിയിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു.ഗവ.ഓഫ് ഇന്ത്യ എന്ന ബോർഡ് മുന്നിലും പിന്നിലും സ്ഥാപിച്ച രണ്ടു കാറുകളിലായാണ് ഇവർ എത്തിയത്.വ്യാജ തിരിച്ചറിയൽ കാർഡും കൈവശം ഉണ്ടായിരുന്നു.കഴിഞ്ഞ ഒരുമാസം മുൻപ് തമിഴ്‌നാട്ടിലെ മധുരയിൽ നടന്ന സമാനമായ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ദീപുവിലേക്കെത്തിയത്.പിന്നീട് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു.ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന ഇവരെ പാലക്കാട് പോലീസിന്റെ സഹായത്തോടെ തലശ്ശേരി തീരദേശ പോലീസ് എസ്‌ഐ എം.വി ബിജുവും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തലശ്ശേരി സ്വദേശികളായ നൗഫലിനും ലത്തീഫിനും കേസിൽ പങ്കുള്ളതായി കണ്ടെത്തിയത്.
തീവണ്ടിയാത്രയ്ക്കിടെ ചായയിൽ മയക്കുമരുന്ന് ചേർത്ത് നൽകി യാത്രക്കാരന്റെ പണം കവർന്നു; കവർച്ചയ്ക്കിരയായത് ഇരിട്ടി ആറളം സ്വദേശി
തലശ്ശേരി:തീവണ്ടിയാത്രയ്ക്കിടെ ചായയിൽ മയക്കുമരുന്ന് ചേർത്ത് നൽകി യാത്രക്കാരന്റെ പണം കവർന്നു.ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവര്‍ച്ചയ്ക്കിരയായത്.തൃശൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വെച്ച് പരിചയപ്പെട്ട ഒരു യുവാവാണ് ചായയില്‍ മയക്കു മരുന്നു നല്‍കി മയക്കിയ ശേഷം പണം കവര്‍ന്നത്.മൊയ്തീന്‍ ഏറനാട് എക്സ്‌പ്രസ്സില്‍ കയറാനായി രാവിലെ 10.30ന് തൃശ്ശൂര്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്ബോള്‍ ഒരു യുവാവ് പരിചയപ്പെട്ടു. അയാള്‍ നല്‍കിയ ചായ കുടിച്ചശേഷം ബോധം മറയുന്നതായി തോന്നി. അപ്പോള്‍ യുവാവ് തന്നെ വണ്ടിയിലേക്ക് കയറ്റിയിരുത്തിയതായി മൊയ്തീന് ഓര്‍മയുണ്ട്. എന്നാല്‍ പിന്നീട് ബോധം പോയി.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെയും കൊണ്ട് മടങ്ങിയ പൊലീസുകാരായ കെ.ശര്‍മനും പി.ഷിജിലുമാണ് പയ്യോളിയെത്തിയപ്പോള്‍ ട്രെയിനില്‍ മയങ്ങിക്കിടക്കുന്ന മൊയ്തീനെ കണ്ടത്.ഇവര്‍ കുലുക്കി വിളിച്ചിട്ടും ഉണര്‍ന്നില്ല. അതോടെ പൊലീസുകാര്‍ സീറ്റില്‍ താങ്ങിയിരുത്തി. അപ്പോള്‍ പാതി കണ്ണുതുറന്ന മൊയ്തീന്‍, ഒരു യുവാവ് ചായയില്‍ മയക്കുമരുന്ന് നല്‍കി തന്റെ കൈയിലെ പണം കവര്‍ന്നതായി പറഞ്ഞു.വീണ്ടും മൊയ്തീന്‍ അബോധാവസ്ഥയിലായി. പൊലീസുകാര്‍ ഉടന്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു. തലശ്ശേരിയില്‍ ഇറക്കിയ മൊയ്തീനെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പൂര്‍ണമായി ബോധം വീണ്ടെടുത്തശേഷമേ എത്ര പണമാണ് നഷ്ടപ്പെട്ടതെന്ന് അറിയാനാവുകയുള്ളൂവെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
കണ്ണൂർ എയർപോർട്ടിൽ സന്ദർശക പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ;നാളെയും മറ്റന്നാളും കീഴല്ലൂര്‍ പഞ്ചായത്തിലേയും മട്ടന്നൂര്‍ നഗരസഭയിലേയും ആളുകള്‍ക്ക് മാത്രം പ്രവേശനം;പന്ത്രണ്ടാം തീയതി സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രം
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം കാണാൻ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.വിമാനത്താവളം കാണാന്‍ ആളുകള്‍ തിക്കിത്തിരക്കി എത്തിയതോടെ നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി നല്‍കുന്നത്. നാളെയും മറ്റന്നാളും കീഴല്ലൂര്‍ പഞ്ചായത്തിലേയും മട്ടന്നൂര്‍ നഗരസഭയിലേയും ആളുകള്‍ക്കാണ് പ്രവേശനാനുമതി. 12-ന് വിമാനത്താവളം കാണാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റർ അറിയിച്ചു.ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിനെത്തിയത്. ആളുകൾ ഇരച്ചുകയറിയതിനെ തുടർന്ന് വിമാനത്താവളത്തിലെ അലങ്കാരപ്പണികള്‍ അലങ്കോലമായി. വിമാനത്താവളത്തിനകത്തെ വാതില്‍ ഗ്ലാസും പുറത്തെ പൂച്ചട്ടികളും തിരക്കിനിടെ തകര്‍ന്നു.ആള്‍ക്കാര്‍ തിക്കി തിരക്കിയതോടെ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വിമാനത്താവളത്തിനകത്തെ ജീവനക്കാര്‍ ദുരിതത്തിലായിരുന്നു. സന്ദര്‍ശനം അനുവദിച്ച അഞ്ചുമുതല്‍ നിയന്ത്രണാതീതമായ ജനത്തിരക്കാണ് വിമാനത്താവളത്തിലുണ്ടായത്. ഇതേ തുടര്‍ന്ന് വിമാനത്താവളം കാണാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കിയാല്‍ തീരുമാനിക്കുക ആയിരുന്നു. പാസില്ലാതെ ഇനി ആരെയും വിമാനത്താവളം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാല്‍ എട്ട്, ഒന്‍പത് തീയതികളില്‍ വിമാനത്താവളത്തില്‍ പ്രവേശനം നിര്‍ത്തിവെച്ചിരുന്നു.വിമാനത്താവളത്തില്‍ ചൊവ്വാഴ്ച കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് പരിശോധന. വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി ചൊവ്വാഴ്ച കിയാല്‍ എം.ഡി. വി.തുളസീദാസ് ചര്‍ച്ച നടത്തും. സര്‍വീസ് തുടങ്ങാന്‍ ധാരണയായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളോടൊപ്പം സര്‍വീസിന് താത്പര്യമറിയിച്ച മറ്റു കമ്പനികളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വിമാനത്താവളത്തില്‍നിന്ന് ആദ്യം സര്‍വീസ് നടത്തുന്ന റൂട്ടുകളെക്കുറിച്ചും ചര്‍ച്ചയില്‍ ധാരണയാകും.ഡിസംബര്‍ 11നാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.