തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ചർച്ച ചെയ്യുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചുചേർക്കുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.പന്തളം കൊട്ടാരം പ്രതിനിധി, തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, യോഗക്ഷേമസഭ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് രാവിലെ 10നാണ് ചര്‍ച്ച. ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിക്കുമെന്നും അവ അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ടു പോകുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയ തന്ത്രി കുടുംബവും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രശ്നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ചര്‍ച്ച മുന്‍ വിധിയോടെ അല്ല. നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.അതേസമയം, സര്‍ക്കാരിനും ദേവസ്വത്തിനും വിശ്വാസികളുടെ വികാരം മനസിലാകുന്നുണ്ടെന്നു കരുതുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു.നാമജപയാത്ര തുടരുമെന്നും ഇന്ന് പന്തളത്തുനിന്ന് ആയിരം ഇരുചക്ര വാഹനങ്ങളില്‍ നാമജപയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു.യുവതികളായ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി ആചാരം ലംഘിക്കരുതെന്നാണ് നിലപാടെന്ന് അയ്യപ്പ സേവാ സംഘം വ്യക്തമാക്കി.
തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ മിന്നൽ സമരം
തിരുവനന്തപുരം:തലസ്ഥാനത്ത് കെഎസ്ആർടിസിയുടെ മിന്നൽ സമരം.കെഎസ്ആർടിസി റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനവും മുടങ്ങി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി കൗണ്ടറുകള്‍ക്ക് മുന്നിലായിരുന്നു ഉപരോധ സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.സമരത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കൗണ്ടറുകള്‍ക്ക് മുന്നില്‍ സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് മാറ്റാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ നേരിയതോതിൽ സംഘർഷവുമുണ്ടായി.പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും മറ്റു ഡിപ്പോകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമല ക്ഷേത്രത്തോട് ആത്മാർത്ഥമായ വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിലെ യുവതി മലചവിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ
പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ട്ടാനങ്ങളോട് പൂർണ്ണമായും വിശ്വാസമുണ്ടെങ്കിൽ കണ്ണൂരിലെ യുവതി ശബരിമലയിലേക്ക് വരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ.കണ്ണൂര്‍ സ്വദേശിനി വ്രതമെടുത്ത് ശബരിമലയിലേക്കു വരാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ യുവതി വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാം’ എന്ന് പത്മകുമാര്‍ പറഞ്ഞു.ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍, താന്‍ ദര്‍ശനത്തിനെത്തുമെന്നും അതിനായി 41 ദിവസത്തെ വ്രതത്തിലാണെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.തുടര്‍ന്ന് രേഷ്മയ്‌ക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡബ്ല്യു സി സി യും അമ്മയും തമ്മിലുള്ള ഭിന്നത രൂക്ഷം;രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ലെന്ന് നടൻ സിദ്ധിക്ക്
കൊച്ചി:സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു സി സി യും താരസംഘടനയായ അമ്മയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.സംഘടനയില്‍ നിന്നും രാജി വെച്ചു പോയ നടിമാരെ തിരിച്ചെടുക്കില്ലെന്നും അതാണ് അമ്മയുടെ തീരുമാനമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അമ്മ സെക്രട്ടറി സിദ്ധിഖ് വ്യക്തമാക്കി. തിരിച്ചെടുക്കണമെങ്കില്‍ അവര്‍ സ്വയം തെറ്റി തിരുത്തി തിരിച്ചുവരണം സംഘനയിലേക്ക് തിരിച്ചെടുക്കണമെന്ന് അപേക്ഷിക്കണമെന്നും സിദ്ദിഖ് വ്യക്തമാക്കി.ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് സിദ്ദിഖ് പ്രതികരിച്ചത്. സംഘടനയ്ക്കും പ്രസിഡന്റിന് നേരേയും നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണെന്നും നടപടികള്‍ നേരിടേണ്ടി വരുമെന്നും സിദ്ദിഖ് പറഞ്ഞു.കെപിഎസി ലളിതയും സിദ്ദിഖിന്റെ അഭിപ്രായത്തിനു പൂര്‍ണ്ണ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു.എല്ലാ സംഘടനയിലും അതിന്റേതായ ചട്ടവും നിലപാടുകളുണ്ട്. അതിനാല്‍ തന്നെ രാജിവെച്ച് പുറത്തുപോയ നടിമാര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ അമ്മയിലേയ്ക്ക് തിരികെ വരാന്‍ സാധിക്കുകയുളളുവെന്നും ഇവര്‍ വ്യക്തമാക്കി. കൂടാതെ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിലുളള ഒരുകുട്ടി തെറ്റ് ചെയ്താല്‍ അമ്മയ്ക്ക് മുന്നില്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ തിരികെ വീട്ടില്‍ കയറ്റുകയുള്ളൂവെന്നാണ് ഈ വിഷയത്തില്‍ കെപിഎസി ലളിത പ്രതികരിച്ചത്.അതേസമയം നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് നല്‍കിയതായി സിദ്ധിഖ് പറഞ്ഞു. രാജി സ്വീകരിക്കണമോയെന്ന കാര്യം ജനറല്‍ ബോഡി ആലോചിച്ച് തീരുമാനിക്കുമെന്നും സിദ്ധിഖും കെ.പി.എ.സി ലളിതയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വർണ്ണാഭരണങ്ങളുമായി കടന്ന ഹോം നേഴ്സ് പിടിയിൽ
കണ്ണൂർ:പയ്യന്നൂരിൽ സ്വർണ്ണാഭരണങ്ങളുമായി കടന്ന ഹോം നേഴ്സ് പിടിയിൽ.കാസർകോഡ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനി രാധ എന്ന ജാനകിയെ(48) ആണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.കൊളച്ചേരി കമ്പിൽ സ്വദേശിനിയായ പ്രിയ എന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പയ്യന്നൂർ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രിയയുടെ അമ്മയെ നോക്കാനായി തളിപ്പറമ്പിലെ ഹോം നേഴ്സ് സെന്റർ വഴിയാണ് ജാനകിയെ നിയമിച്ചത്.എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബർ പന്ത്രണ്ടാം തീയതി വീട്ടിലെത്തിയപ്പോൾ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി കണ്ടെത്തിയതായി പ്രിയയുടെ പരാതിയിൽ പറയുന്നു.തുർന്ന് അന്വേഷണം നടത്തിയ പയ്യന്നൂർ എസ്‌ഐ ഷൈനും സംഘവും തളിപ്പറമ്പിലുള്ള ഹോം നേഴ്സ് സെന്ററുമായി ബന്ധപ്പെട്ട് ജാനകിയെ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മോഷ്ടിച്ച ആറരപവന്റെ മാലയും ഒന്നര പവൻ വീതം വരുന്ന രണ്ട് വളകളും പയ്യന്നൂരിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ച് രണ്ടരലക്ഷത്തോളം രൂപ കൈപ്പറ്റിയതായി ജാനകി പോലീസിനോട് സമ്മതിച്ചു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിൽ കഴിയുകയായിരുന്ന മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.ബിഷപ്പിനെതിരായ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.പാസ്സ്‌പോർട്ട് കെട്ടിവെയ്ക്കണം,കേരളത്തിൽ പ്രവേശിക്കരുത്,ആഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ റിമാന്റ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഫ്രാങ്കോ ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞിരുന്നു.ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയായെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ഹര്‍ജിയിലെ ആവശ്യം.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ വ്യാപാര ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ പിടിയിൽ
കാസർഗോഡ്:ഓൺലൈൻ വ്യാപാര ഏജന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശികളായ പി.വി ആദർശ്(21),സൽമാൻ ഫാരിസ്(21),എന്നിവരെയാണ് കാസർഗോഡ് ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്.ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഓൺലൈൻ വിലപ്പനയുടെ ഇടനിലക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിരുന്നു. തട്ടിപ്പിനിരയായ കാസർഗോഡ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.തട്ടിപ്പ് നടത്തുന്നതിനായി ആദ്യം ഓൺലൈനിൽ നിന്നും ഇലക്ട്രോണിക്സ് ഉൽപ്പന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിക്കും.പിന്നീട് ചില ആപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽപ്പന നടത്തുന്നവരുടെയും വിവരങ്ങൾ ശേഖരിക്കും.ശേഷം ഇവരുടെ ഇടനിലക്കാരെന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പണം തട്ടും.ഇത്തരത്തിൽ പലരിൽ നിന്നായി ലക്ഷങ്ങൾ ഇവർ തട്ടിയെടുത്തതായി പറയപ്പെടുന്നു. സൈബർ സെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ടൌൺ എസ്‌ഐ പി.അജിത്കുമാർ,എഎസ്ഐ ഉണ്ണികൃഷ്ണൻ,സിവിൽ പോലീസ് ഓഫീസർമാരായ തോമസ്,ഓസ്റ്റിൻ തമ്പി,ചെറിയാൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മണ്ഡലകാലത്ത് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുമെന്ന് ഫേസ്ബുക് പോസ്റ്റിട്ടു;കണ്ണൂർ സ്വദേശിനിയായ യുവതിക്കുനേരെ ഭീഷണി
കണ്ണൂർ:മണ്ഡലകാലത്ത് മാലയിട്ട് വ്രതമെടുത്ത് മലചവിട്ടുമെന്ന് ഫേസ്ബുക് പോസ്റ്റിട്ട കണ്ണൂർ സ്വദേശിനിയായ യുവതിക്കുനേരെ ഭീഷണി.കണ്ണൂർ ചെറുകുന്ന് സ്വദേശിനിയായ രേഷ്മ നിഷാന്ത് എന്ന യുവതിക്കുനേരെയാണ് ഭീഷണി.ഫേസ്ബുക് പോസ്റ്റിട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് രേഷ്മയ്ക്ക് നേരെ ഭീഷണി ഉയർന്നിരിക്കുന്നത്.സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടുമെന്ന് രേഷ്മയുടെ ഭർത്താവ് നിഷാന്ത് പറഞ്ഞു.രേഷ്മയുടെ കണ്ണപുരം അയ്യോത്തുള്ള വീട്ടിലെത്തി ചിലർ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നു ഇവിടെയെത്തിയ പ്രതിഷേധക്കാര്‍ പറഞ്ഞതായി രേശ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു.’എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു’; രേഷ്മ പറഞ്ഞു.രേഷ്മ ഒറ്റയ്ക്കല്ലെന്നും ഒപ്പം വിശ്വാസികളായ കുറച്ചു സ്ത്രീകളും ശബരിമലയിലേക്ക് പോകുന്നുണ്ടെന്നും എന്നാൽ ഈ സാഹചര്യത്തിൽ ഭീഷണി ഭയന്നാണ് ഇവരുടെ പേരുവിവരം വെളിപ്പെടുത്താത്തതെന്നും നിഷാന്ത് വിശദീകരിച്ചു.
കണ്ണൂരിലെ ഒരു സെൽഫ് ഫൈനാൻസിംഗ് കോളേജിൽ താൽക്കാലിക അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച് വരികയാണ് രേഷ്മ.കഴിഞ്ഞ ദിവസമാണ് തനിക്ക് ശബരിമലയിലേക്ക് പോകാൻ താത്പര്യമുണ്ടെന്ന് കാണിച്ച് രേഷ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.താൻ ഒരു വിശ്വാസിയാണെന്നും എല്ലാ മണ്ഡലകാലത്തും മലചവിട്ടാനാകില്ലെന്ന ഉറപ്പോടെ വ്രതമെടുക്കാറുണ്ടെന്നും രേഷ്മ പറഞ്ഞു.എന്നാൽ കോടതി വിധി അനുകൂലമായതോടെ ഇത്തവണ മാലയിട്ട് വ്രതമെടുത്ത് അയ്യപ്പനെ കാണാൻ പോകണമെന്ന് ആഗ്രഹമുണ്ട്.ആർത്തവം എന്നത് ശരീരത്തിന് ആവശ്യമില്ലാത്തതിനെ പുറന്തള്ളുന്നത് മാത്രമായാണ് താൻ കാണുന്നത്. അതിനാൽ പൂർണ്ണ ശുദ്ധിയോടുകൂടി വ്രതം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും രേഷ്‌മ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു.പകരം ക്ലാസ് നടത്തുന്നത് പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രെട്ടറി വ്യക്തമാക്കി.നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പ് ചടങ്ങ് ബുധനാഴ്ച ആരംഭിക്കുന്നത് കണക്കിലെടുത്താണ് അവധി നൽകിയിരിക്കുന്നത്.
ദീർഘനാളായി അവധിയിൽ പ്രവേശിച്ച 134 ജീവനക്കാരെ കൂടി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു
എറണാകുളം:ദീർഘനാളായി അവധിയിൽ പ്രവേശിച്ച 134 ജീവനക്കാരെ കൂടി കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു.69 ഡ്രൈവര്‍ മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്.കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയാണ് ജീവനക്കാരെ പിരിച്ചു വിട്ടതായി ഉത്തരവിറക്കിയത്.അവധിയെടുത്ത് നിന്നിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മെയില്‍ ജോലിക്ക് കയറണമെന്നും ,അവധി എടുത്തതിന്റെ മറുപടി അയക്കണം എന്നും കാട്ടി കത്തയച്ചിരുന്നു .എന്നാല്‍ ഇതിനൊന്നും മറുപടി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ജീവനെക്കാരെ പിരിച്ചുവിട്ടത് എന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് വിശദീകരണം .