പത്തനംതിട്ട:നിലയ്ക്കലിൽ വനിതാമാധ്യമ പ്രവർത്തകയ്ക്കും ക്യമറാമാനും നേരെ കയ്യേറ്റം.നിലയ്ക്കലില്‍ നിന്നും പമ്ബയിലേക്ക് പോകാനെത്തിയ റിപ്പബ്ലിക് ചാനലിന്റെ മാധ്യമ പ്രവർത്തകരായ പൂജ പ്രസന്നയ്ക്കും ക്യാമറാമാനും നേരെയാണ് കയ്യേറ്റം നടന്നത്. വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ്. ബാലനെ കെഎസ്‌ആര്‍ടിസി ബസില്‍നിന്നും സമരക്കാര്‍ ഇറക്കിവിട്ടു. ഇരുപതോളം വരുന്ന ആര്‍എസ്‌എസുകാരാണ് സരിതയെ ബസില്‍നിന്നും പിടിച്ചിറക്കിയത്. യുവതിയെ സംഘം മര്‍ദിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലയ്ക്കലില്‍ എത്തിയ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് നേരെയും അതിക്രമമുണ്ടായി.രാവിലെ ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെയും സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ ആര്‍എസ്‌എസുകാര്‍ തടഞ്ഞത്.സംഘർഷം ശക്തമായതിനെ തുടർന്ന് നിലയ്ക്കലിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.വാഹനങ്ങൾ തടയുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
ശബരിമല ദർശനത്തിനെത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകി
തിരുവനന്തപുരം:സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ തടയുന്ന പ്രതിഷേധക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകി.എല്ലാ ജില്ലാ എസ്പിമാര്‍ക്കും ഡിജിപി അടിയന്തര സന്ദേശം നല്‍കി. എല്ലാ ജില്ലകളിലും പ്രത്യേക പട്രോളിംഗ് നടത്തും. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ കേസ് എടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു
പത്തനംതിട്ട:ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ പ്രതിഷേധക്കാർ തടഞ്ഞു.ചേർത്തല സ്വദേശിനി ലിബി,ആന്ധ്രാ സ്വദേശിനിയായ മാധവി എന്നിവരെയാണ് പ്രതിഷേധക്കാർ മലചവിട്ടാൻ അനുവദിക്കാതെ തടഞ്ഞത്.ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാത്തതിലും ലിംഗനീതി അംഗീകരിക്കിക്കാത്തതിലും പ്രതിഷേധിച്ച് താനടക്കമുള്ള നാലംഗം സംഘം മല ചവിട്ടുമെന്ന് ഫേസ്‌ബുക്കില്‍ പ്രഖ്യാപിച്ചാണ് ലിബിയും സംഘവും പത്തനംതിട്ടയില്‍ എത്തിയത്. എന്നാല്‍ അവിടെ പൊലീസ് തടഞ്ഞപ്പോള്‍ താന്‍ വിശ്വാസിയാണ് എന്നാണ് ലിബി പറഞ്ഞത്. വ്രതം ഉണ്ടോ എന്ന ചോദ്യത്തിനും ഇല്ല എന്ന മറുപടിയാണ് അവര്‍ നല്‍കിയത്.ചേര്‍ത്തല സ്വദേശിയായ ഡോ. ഹരികുമാറിന്റെ ഭാര്യയായ ലിബി അദ്ധ്യാപികയും യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റുമാണ്.പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ലിബിയെ ശബരിമല പ്രക്ഷോഭകര്‍ തടഞ്ഞത്. ജനം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. ലിബിക്കൊപ്പം അഭിഭാഷക ദമ്ബതികളും ഒരു അദ്ധ്യാപികയും ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പിന്നീട് യാത്രയില്‍ നിന്നും പിന്മാറി.എന്നാൽ ക്ഷേത്രദർശനത്തിൽ നിന്നും പിന്മാറില്ലെന്ന് ലിബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.നിലവിൽ പോലീസ് സംരക്ഷണയിലാണ് ലിബി.അതേസമയം പ്രതിഷേധത്തെ മറികടന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനിയും കുടുംബവും പ്രതിഷേധം ശക്തമായതിനെ തുടർന്ന് തിരിച്ചിറങ്ങി.പൊലീസ് സുരക്ഷ നല്‍കിയെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ചിറങ്ങിയത്.
അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി
തിരുവനന്തപുരം:അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി.തൃശൂര്‍ മുതൽ കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്കറാണ് ഓടിച്ചത്. ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നത്. പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും അർജുൻ മൊഴി നൽകി. സെപ്റ്റംബർ ഇരുപത്തഞ്ചാം തീയതി പുലർച്ചെ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപത്തുവെച്ചാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ബാലഭാസ്‌ക്കറും മകളും മരിച്ചിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും ഇപ്പോഴും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്.
ശബരിമല സ്ത്രീപ്രവേശനം;24 മണിക്കൂർ ഹർത്താലിന് ശബരിമല സംരക്ഷണ സമിതി ആഹ്വാനം
പത്തനംതിട്ട:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ രാത്രി 12 വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം. ശബരിമല സംരക്ഷണസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.അതേസമയം ശബരിമല സ്‌ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് നിലക്കലില്‍ ഇന്ന് സമരം വീണ്ടും ശക്തമാക്കും. ഇന്നലെ നടന്ന പ്രതിഷേധ സമരം സംഘര്‍ഷാവസ്ഥ സൃഷിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് നിലക്കലില്‍ ഒരുക്കിയിട്ടുള്ളത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ ഇന്ന് നിരവധി പ്രതിഷേധ സമരങ്ങൾക്കാണ് വിവിധ സമിതികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.നിലക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിലക്കലിലോ പമ്ബയിലോ പ്രതിഷേധം നടത്തും. കെ പി ശശികലയും നിലക്കലില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് 9 മണിയോടെ പമ്ബയില്‍ തന്ത്രികുടുംബത്തിന്‍റെ പ്രാര്‍ത്ഥനാസമരം ആരംഭിക്കും. അതിനിടെ ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ട. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കര്‍ശനമാക്കിയത്. യുവതികളെന്നല്ല ആര് വന്നാലും പക്ക സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പയ്യന്നൂർ-വെള്ളൂർ ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞു;വാതകച്ചോർച്ചയില്ല
വെള്ളൂര്‍: പയ്യന്നൂര്‍-വെള്ളൂര്‍ ദേശീയ പാതയില്‍ ടാങ്കര്‍ലോറി മറിഞ്ഞു. വെള്ളൂര്‍ പോസ്റ്റോഫീസ് ബസ്റ്റോപ്പിനടുത്താണ് അപകടം ഉണ്ടായത്. മംഗലാപുരത്ത് നിന്ന് ഇന്ധനം നിറച്ച് വരുന്ന ടാങ്കര്‍ലോറിയാണ് മറിഞ്ഞത്.നിലവില്‍ ഗ്യാസ് ടാങ്കറിന് ലീക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ പമ്പ് താഴെ ആയതുകൊണ്ട് തന്നെ ലീക്ക് ഉണ്ടാകാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റി കയറ്റണമെങ്കില്‍ ഏഴ് മണിക്കൂര്‍ ആവശ്യമാണ്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.
കണ്ണൂർ പയ്യന്നൂരിൽ ടാങ്കർ ലോറി കാറിലിടിച്ച് മൂന്നുപേർ മരിച്ചു
കണ്ണൂർ:പയ്യന്നൂർ എടാട്ട് ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍ (55), മക്കളായ തരുണ്‍ (16), ദിയ (10) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. മൂകാംബികയിലേക്കു പോകുകയായിരുന്നു സംഘത്തിന്റെ കാര്‍ മംഗലാപുരത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.പത്മാവതി, അനിത, നിയ, ബിജിത, ഐശ്വര്യ എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.അതില്‍ മാറ്റമില്ല. നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ യോഗം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.ശബരിമലയില്‍ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. വിശ്വാസികളുടെ വാഹനം തടയരുത്. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളുടെ വാഹനം തടഞ്ഞ് പരിശോധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സ്ത്രീ പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. ആചാര സംരക്ഷണ സമിതി എന്ന പേരിലാണ് ഇവര്‍ നിലയ്ക്കലില്‍ തമ്പടിച്ചിരിക്കുന്നത്. അതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങള്‍ ഇവര്‍ പരിശോധിക്കുകയാണ്. സ്ത്രീകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കുന്നത്. വനിതകള്‍ തന്നെയാണ് വാഹനം തടയുന്നത്.ശബരിമലയിലേക്ക് വരുന്ന ഭക്തർക്ക് എല്ലാ സംരക്ഷണവും ഒരുക്കുക എന്നതാണ് സർക്കാരിന്റെ ചുമതല.വിശ്വാസികൾക്ക് തടസ്സമുണ്ടാകുന്ന ഒരു കാര്യവും സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയിലേക്ക് വിശ്വാസത്തോടെ വരുന്ന ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും അതിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രവർത്തനമുണ്ടായാലും അതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തലശ്ശേരിയിൽ സിപിഎം-ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്
തലശ്ശേരി:തലശ്ശേരിയിൽ സിപിഎം-ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്.ഞായറാഴ്ച രാത്രിയാണ് ബോംബേറുണ്ടായത്.നാലിടങ്ങളിലായി നടന്ന ബോംബേറിൽ ആറുപേർക്ക് പരിക്കേറ്റു.പരിക്കേറ്റ തലശ്ശേരി നഗരസഭാംഗം പി.പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.എരഞ്ഞോളിപ്പാലത്തിനു സമീപം വഴിയോര കച്ചവടക്കാരോട് ആപ്പിളിന് വിലചോദിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.കച്ചവടക്കാർ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് വിലചോദിച്ചയാൾ സുഹൃത്തുക്കളുമായെത്തി അക്രമം നടത്തി.അക്രമത്തിൽ സിപിഎം പ്രവർത്തകരായ കാവുംഭാഗം വാഴയിൽ ജുബിത്ത്,ഹാരിസ്,എന്നിവർക്ക് പരിക്കേറ്റു.ഇതിനെ തുടർന്ന് ആർഎസ്എസ് കതിരൂർ മണ്ഡലം മുൻ ശാരീരിക് പ്രമുഖ് വേറ്റുമ്മലിലെ പ്രശോഭിനെ ചോനടത്തുവെച്ച് ബൈക്ക് തടഞ്ഞു വെച്ച് ആക്രമിച്ചു.തലയ്ക്ക് പരിക്കേറ്റ പ്രശോഭ് ചികിത്സയിലാണ്.തുടർന്ന് സിപിഎം അനുഭാവി കാവുംഭാഗം ചെറിയാണ്ടിയിൽ വസന്തയുടെ വീടിനു നേരെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ബോംബേറുണ്ടായി.അക്രമം കണ്ട് ഭയന്ന് കുഴഞ്ഞുവീണ വസന്ത,സഹോദരിയുടെ മകൻ നിഖിലേഷ് എന്നിവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സതേടി.അക്രമത്തിന്റെ തുടർച്ചയെന്നോണം രാത്രി ഒരുമണിയോടുകൂടി ബിജെപി പ്രവർത്തകനും തലശ്ശേരി നഗരസഭാ മൂന്നാം വാർഡ് മണ്ണയാട് വാർഡ് കൗൺസിലറുമായ ഒലേശ്വരത്തെ പി.പ്രവീഷിന്റെ വീടിനുനേരെയും ബോംബേറുണ്ടായി.പ്രവീഷ് കിടക്കുന്ന മുറിയുടെ ജനാല ബോംബേറിൽ തകർന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കി.
വിദ്യാർത്ഥികളിൽ നിന്നും ഭീഷണിയെന്ന് കേന്ദ്ര സർവകലാശാല അധികൃതരുടെ പരാതി;ആറു വിദ്യാർത്ഥികൾക്ക് ഹൈക്കോടതി നോട്ടീസ്
കാസർകോഡ്:വിദ്യാർത്ഥികളിൽ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കേന്ദ്ര സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ ആറ് വിദ്യാർത്ഥികൾക്കും സംസ്ഥാനസർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു.സമരത്തിനിടെ പുറത്തുനിന്നും വന്നവർ അക്രമം നടത്തിയെന്നും അതിനാൽ ക്ലാസ് നടത്താൻ കഴിയുന്നില്ലെന്നും കാണിച്ച് സർവകലാശാലയ്ക്ക് വേണ്ടി രജിസ്ട്രാർ ഡോ.എ.രാധാകൃഷ്ണനാണ് പരാതി നൽകിയിരിക്കുന്നത്. സർവ്വകലാശാലയ്‌ക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടതിന്റെ പേരിൽ പുറത്താക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഖിൽ താഴത്ത്,എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം.വി രതീഷ്,സെക്രെട്ടറി ശ്രീജിത്ത് രവീന്ദ്രൻ,സർവകലാശാല യൂണിറ്റ് സെക്രെട്ടറിയായിരുന്ന അനഘ്,അംബേദ്‌കർ സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകൻ സുഹൈൽ,തുഫായിൽ,സോനു.എസ്.പാപ്പച്ചൻ എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.സമരം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം കല്കട്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പകരം സർവകലാശാല അധികാരികൾ വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയാണെന്നും ക്ലാസുകൾ പുനരാരംഭിക്കാൻ തയ്യാറായിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇതിനെതിരെ വിദ്യാത്ഥികൾ കുടിൽകെട്ടി സമരം അടക്കമുള്ളവ നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.