പോലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ടു യുവതികൾക്ക് പ്രതിഷേധത്തെ തുടർന്ന് മടങ്ങാൻ നിർദേശം

keralanews the two women who went to the sannidhanam with police protection advise to return after the protest

പത്തനംതിട്ട :കനത്ത പോലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ടു യുവതികൾക്ക് പ്രതിഷേധത്തെ തുടർന്ന് തിരികെ പമ്പയിലേക്ക് മടങ്ങാൻ നിർദേശം.പമ്ബ മുതല്‍ നടപ്പന്തൽ വരെ ഐജിയുടെ നേത്രത്വത്തിലുള്ള പൊലീസ് വന്‍ സംരക്ഷണമാണ് യുവതികള്‍ക്ക് നല്‍കിയത്.സന്നിധാനത്തിന് മുന്നില്‍ നിന്ന് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഐജിയും കൂട്ടരും. ഭക്തരെ ഉപദ്രവിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടെന്ന് നിലപാടാണ് സര്‍ക്കാരിനുള്ളത്.വ്രതമെടുത്ത് ഭക്തിസാന്ദ്രമായി എത്തുന്ന വിശ്വാസികളായ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കും. എന്നാല്‍ ആക്ടിവിസ്റ്റുകളുടെ സമരത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ എത്തുന്ന പുണ്യഭൂമി ആക്ടിവിസ്റ്റുകളുടെ സമരത്തിനുള്ള വേദിയാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.പോലീസിനെയും മന്ത്രി വിമര്‍ശിച്ചു. മലകയറാനെത്തിയ യുവതികളുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നു. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ചയുണ്ടായതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.  വിശ്വാസം മാത്രമല്ല നിയമം കൂടി സംരക്ഷിക്കണം, ആരെയും ഉപദ്രവിച്ചുകൊണ്ട് മുന്നോട്ട് പോകില്ല. സമാധാനപരമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് ഐജി ആദ്യം അറിയിച്ചിരുന്നു. എന്നാല്‍, എന്ത് സംഭവിച്ചാലും യുവതികളെ മല ചവുട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു

keralanews yuvamorcha workers arrested who violate prohibitory orders in nilakkal

നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച്‌ നിലയ്ക്കലില്‍ പ്രതിഷേധം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡില്‍ കുത്തിയിരുന്ന് ശരണമന്ത്രങ്ങള്‍ വിളിച്ചത്. ഇതോടെ പോലീസ് എത്തി നിരോധനാജ്ഞ നിലവിലുള്ള കാര്യം പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ ഇവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതിന് മിനിറ്റുകള്‍ക്കുള്ളിലാണ് പ്രതിഷേധമുണ്ടായത്. ഒരു വനിതയെയും സന്നിധാനത്ത് കയറ്റില്ലെന്നും സന്നിധാനവും പരിസരവും മുഴുവന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുണ്ടെന്നും പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ ശവത്തില്‍ ചവിട്ടിയെ സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പൂ. നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു. അതേസമയം നിരോധനാജ്ഞ നാളെ രാത്രി 12 മണിവരെ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുളളത്. തീര്‍ത്ഥാടകരെയും പ്രതിഷേധക്കാരെയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിവാദമായ ഹാദിയ കേസ് അന്വേഷണം എൻഐഎ അവസാനിപ്പിച്ചു

keralanews n i a quits the controversial hadiya case

ന്യൂഡൽഹി:ഏറെ വിവാദമായ ഹാദിയ കേസ് അന്വേഷണം എൻഐഎ അവസാനിപ്പിച്ചു.. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ് എന്‍ഐഎ അവസാനിപ്പിച്ചത്. ഷെഫിന്‍റെയും ഹാദിയയുടെയും വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച്‌ ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 11 കേസുകളാണ് എന്‍ഐഎ പരിശോധനയ്ക്ക് വിധേയമാക്കിയത്.അന്വേഷണത്തില്‍ ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇത് നിര്‍ബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താനായില്ല. ഹാദിയയുടെയും ഷെഫിന്‍റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എന്‍ഐഎ കേസ് അവസാനിപ്പിച്ചത്.

ശബരിമല സ്ത്രീപ്രവേശനം;സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി

keralanews section 144 imposed in sabarimala extended to friday

പത്തനംതിട്ട:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് നാലിടങ്ങളിൽ കലക്റ്റർ പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി.നേരത്തെ 24 മണിക്കൂർ നേരത്തെക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.നിലയ്ക്കല്‍, പമ്ബ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോഴും ശബരിമലയില്‍ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. ഇന്ന് രാവിലെ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിന് നേരെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. തനിക്ക് നേരെ അസഭ്യവര്‍ഷമുണ്ടായതായും കൈയേറ്റത്തിന് ശ്രമിച്ചതായും അവര്‍ പറഞ്ഞു. പോലീസ് സംരക്ഷത്തില്‍ മലകയറാന്‍ ശ്രമിച്ച്‌ സുഹാസീനി രാജ് മരക്കൂട്ടത്തെത്തിയതോടെ എല്ലാ ഭാഗത്ത്‌നിന്നും പ്രതിഷേധക്കാര്‍ എത്തി തടയുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്.

മലകയറാനെത്തിയ മാധ്യമപ്രവർത്തക പ്രതിഷേധത്തിനൊടുവിൽ തിരിച്ചിറങ്ങി

keralanews newyork times reporter forced to return from sabarimala after protesters blocked her

പത്തനംതിട്ട:മലകയറാനെത്തിയ മാധ്യമപ്രവർത്തക പ്രതിഷേധത്തിനൊടുവിൽ തിരിച്ചിറങ്ങി.ന്യൂയോർക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജാണ് സമരക്കാരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങിയത്.പമ്ബയില്‍ നിന്ന് മരക്കൂട്ടത്തെത്തിയ ഇവര്‍ക്ക് നേരെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും നടന്നതിനെ തുടര്‍ന്നാണ് യാത്ര മതിയാക്കി മലയിറങ്ങിയത്. പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വേണ്ടി തിരിച്ചിറങ്ങുകയായിരുന്നു.ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറാണ് സുഹാസിനി. പത്രത്തിന് വേണ്ടി ശബരി മല റിപ്പോര്‍ട്ടിങ്ങിനെത്തിയതായിരുന്നു ഇവര്‍. നേരത്തെ പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ മലകയറിത്തുടങ്ങിയത്. പ്രതിഷേധക്കാര്‍ റിപ്പോര്‍ട്ടറെ പമ്പയിൽ തടയാന്‍ ശ്രമിച്ചെങ്കിലും റിപ്പോര്‍ട്ടിങ്ങിനെത്തിയതാണെന്ന് ഇവര്‍ പ്രതിഷേധക്കാരോട് വ്യക്തമാക്കിയിരുന്നു.എന്നാൽ മരക്കൂട്ടത്തെത്തിയപ്പോൾ പ്രതിഷേധക്കാർ വീണ്ടും ഇവരെ തടയുകയായിരുന്നു.എന്തു പ്രശ്നമുണ്ടെങ്കിലും മുന്നോട്ടു പോകാന്‍ വഴിയൊരുക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്‍വാങ്ങാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കേയാണ് പ്രതിഷേധക്കാര്‍ അക്രമം നടത്തിയത്.

സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു; കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറ്

keralanews hartal continues in the state stone pelted against ksrtc buses

കോട്ടയം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരേ അഖില ഭാരത ഹിന്ദു പരിഷത്ത് അഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടരുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും ഹര്‍ത്താലനുകൂലികള്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു.കോഴിക്കോട്ട് മുക്കം, കുണ്ടായിത്തോട്. കുന്നമംഗലം എന്നിവടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. സ്കാനിയ ബസുകള്‍ക്ക് നേരെയായിരുന്നു അക്രമം. ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരത്ത് കല്ലമ്പലത്താണ് കെഎസ്‌ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു.ഹര്‍ത്താലില്‍ സംസ്ഥാനത്ത് കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയുടെ രാവിലെ അവസാനിക്കുന്ന രാത്രി സര്‍വീസ് ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. സ്വകാര്യ ബസുകളും ചരക്ക് ലോറികളും നിരത്തിലില്ല. മഹാനവമി പ്രമാണിച്ച്‌ പൊതു അവധിയായതിനാല്‍ സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.ഹര്‍ത്താലിനോട് അനുബന്ധിച്ച്‌ പോലീസ് കനത്ത സുരക്ഷയാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിലയ്ക്കല്‍, പമ്ബ എന്നിവടങ്ങളിലും എരുമേലിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശബരിമല വിഷയത്തിൽ പ്രതിഷേധം ശക്തം; നാലിടങ്ങളിൽ ഇന്ന് അർധരാത്രിമുതൽ നിരോധനാജ്ഞ

keralanews section 144 announced in four places in sabarimala

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നാല് സ്ഥലങ്ങളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.ബുധനാഴ്ച അര്‍‌ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരുമെന്നാണ് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ നടത്തുന്ന പ്രതിഷേധ സമരത്തില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. നിലയ്ക്കലിലും പമ്ബയിലുമാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്.വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ സമരാനുകൂലികള്‍ ശാരീരികമായി അക്രമിച്ചു. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശബരിമലയിലേക്ക് ഉടന്‍ കമാന്‍ഡോകളെ അയക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കമാന്‍ഡോകള്‍ ബുധനാഴ്ച വൈകുന്നേരത്തിനകം നിലയ്ക്കലിലും പമ്ബയിലും എത്തും. രണ്ട് എസ്പിമാരുടെയും നാല് ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലാണ് പോലീസിനെ വിന്യസിക്കുന്നതെന്നും ഡിജിപി അറിയിച്ചു.ബുധനാഴ്ച രാവിലെ നിലയ്ക്കലും പമ്ബയും പോലീസ് നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ഉച്ചയോടെ മൂവായിരത്തോളം വരുന്ന സമരക്കാര്‍ സമരപന്തലിലേക്ക് ഇരച്ചു കയറുകയും വഴി തടയുകയുമായിരുന്നു. പിന്നീട് പോലീസ് വാഹനങ്ങള്‍ക്കു നേരെയും മാധ്യമ വാഹനങ്ങള്‍ക്കു നേരെയും വ്യാപക കല്ലേറും അക്രമവുമാണ് അരങ്ങേറിയത്. കെഎസ്‌ആര്‍ടിസി ബസിന് നേരെയും അക്രമമുണ്ടായി.

ശബരിമല കർമസമിതി നാളെ നടത്തുന്ന ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

keralanews b j p announced support for tomorrows hartal announced by sabarimala protection committee

പത്തനംതിട്ട:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നടത്തുന്ന  ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ബുധനാഴ്ച വൈകിട്ട് എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണം എന്ന് എന്‍.ഡി.എ ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ആയിരിക്കും ഹര്‍ത്താല്‍. ആദ്യം പിന്തുണ നല്‍കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ബിജെപി നിലപാട് മാറ്റുകയായിരുന്നു.എന്നാല്‍, ഇതിനെ കുറിച്ച്‌ അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. ശബരിമല വിഷയത്തെക്കുറിച്ച്‌ പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും കേരളത്തിന്റെ മനസിനൊപ്പം നില്‍ക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു

കണ്ണൂർ കുടിയാന്മലയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു

keralanews two youths drowned in kudiyanmala waterfalls

കണ്ണൂർ:കുടിയാന്‍മല പൊട്ടംപ്ലാവ് ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. തളിപ്പറമ്പ് മന്ന സ്വദേശികളായ മുഹമ്മദ് യുനൈസ്, അബ്ദുള്ള എന്നിവരാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ശബരിമല സമരം;നിലയ്ക്കലിൽ വീണ്ടും സംഘർഷം; രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു

keralanews again conflict in sabarimala police take rahul ishwar under custody

പത്തനംതിട്ട:തുലാമാസ പൂജയ്ക്കായി ശബരിമല നടതുറക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിലയ്ക്കലില്‍ സംഘർഷം രൂക്ഷമാകുന്നു.നിലയ്ക്കലില്‍ രണ്ടാം ഗേറ്റിന് സമീപം പൊലീസും സമരക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പൊലീസിനു നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. അക്രമത്തിൽ റിപ്പോർട്ടർ ചാനലിന്റെ റിപ്പോര്‍ട്ടര്‍ പ്രജീഷിനും ക്യാമറാമാന്‍ ഷമീര്‍, ഡ്രൈവര്‍ ഷിജോ എന്നിവര്‍ക്കും പരിക്കേറ്റു.റിപ്പബ്ലിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന, ദ ന്യൂസ് മിനുട്ടിന്റെ സരിത എസ് ബാലന്‍, മാത്യൂഭൂമിയുടെ റിപ്പോര്‍ട്ടര്‍ കെബി ശ്രീധരൻ ക്യാമറാമാന്‍ അഭിലാഷ് എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു.ഇതിനിടെ ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധിക്കെതിരെ സമരം നടത്തുന്ന തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.പമ്പ പോലീസാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധര്‍മ സേനയുടെ സമരങ്ങള്‍ക്ക് രാവിലെ ബുധനാഴ്ച്ച മുതല്‍ നേതൃത്വം നല്‍കിയത് രാഹുലാണ്.പമ്ബയിലും നിലയ്ക്കലിലുമായി തമ്ബടിച്ച്‌ നിരവധി വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞിരുന്നു. സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയതോടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.