പത്തനംതിട്ട:മലകയറാനുള്ള നീക്കം ഉപേക്ഷിച്ച് ദളിത് നേതാവ് മഞ്ജുവും മടങ്ങി.തന്റെ തീരുമാനം ഉപേക്ഷിച്ച് പോവുകയാണ് എന്ന് മഞ്ജു പൊലീസിന് എഴുതി നല്‍കി. ഇപ്പോഴത്തെ സാഹചര്യം തനിക്ക് മനസ്സിലായെന്ന് അവര്‍ പറഞ്ഞു.നേരത്തെ കനത്തമഴയും തിരക്കും കാരണം രാത്രിയിൽ മലകയറിയാലുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പോലീസ് ഇവരോട് സംസാരിച്ചിരുന്നു.ശനിയാഴ്ച ഉച്ചയോടെയായിരുന്നു മഞ്ജു മലകയറാനായെത്തിയത്.ഞായറഴ്ച രാവിലെ മലകയറാനുള്ള സുരക്ഷാ ഒരുക്കം എന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും മഞ്ജു പിൻവാങ്ങുകയായിരുന്നു.മഞ്ജുവിനെതിരെ വിവിധ ജില്ലകളിലായി 15 കേസുകള്‍ നിലവിലുണ്ട്. ഇവയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമേ മല കയറാന്‍ അനുവദിക്കാനാകൂയെന്നും പൊലീസ് നേരത്തെ മഞ്ജുവിനെ അറിയിച്ചിരുന്നു.
ജയിലിൽ നിരാഹാര സമരം നടത്തിവന്നിരുന്ന രാഹുൽ ഈശ്വറിനെയും മറ്റ് നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
പുനലൂര്‍: പത്തനംതിട്ട കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൊട്ടാരക്കര സബ് ജയിലില്‍ നിരാഹാര സമരത്തിലായിരുന്ന രാഹുല്‍ ഈശ്വറിനെയും മറ്റു നാലു പേരെയും ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാവിലെ മുതല്‍ രാഹുല്‍ ഈശ്വറിന് ഒപ്പമുണ്ടായിരുന്ന ഹരി നാരായണന്‍, പ്രതീഷ്, അര്‍ജ്ജുനന്‍ ,നന്ദകുമാര്‍ എന്നിവര്‍ നിരാഹാരത്തിലായിരുന്നു. ഇതെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും ഡോക്ടറെ കൊട്ടാരക്കര സബ് ജയിലിലേക്ക് വിളിച്ച് വരുത്തി അഞ്ചുപേര്‍ക്ക്ക്കും ട്രിപ്പ് ഇട്ടുവെങ്കിലും തുടര്‍ന്നും നിരാഹാരം തുടരുകയായിരുന്നു. ജയില്‍ സൂപ്രണ്ട് കെ.സോമരാജന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം കൊട്ടാരക്കര എസ്.ഐ സി.കെ.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിലില്‍ എത്തി മൂന്നേകാല്‍ മണിയോടെ അഞ്ചു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശൂപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘടിക്കുക, നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയില്‍ ഏര്‍പ്പെടുക, പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരേ കേസെടുത്തത്. ബുധനാഴ്ച സന്നിധാനത്തു നിന്നുമാണ് രാഹുലിനെ പോലിസ് അറസ്റ്റ് ചെയ്തത്.രാഹുല്‍ ഈശ്വറിന് പുറമേ പങ്കാളികളായ 38 പേരെയും അറസ്റ്റ് ചെയ്തിരുന്നു.അതേസമയം രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് കോടതി മാറ്റിവച്ചു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് ഇത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമല കയറാൻ ഒരു യുവതി കൂടി എത്തി; ശക്തമായ മഴയും തിരക്കും കാരണം യാത്ര നാളത്തേക്ക് മാറ്റി
പത്തനംതിട്ട:ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു യുവതി കൂടി പോലീസിനെ സമീപിച്ചു.ദളിത് മഹിള ഫെഡറേഷന്‍ നേതാവായ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് ഇരുമുടിക്കെട്ടുമായി മലയിലെത്തിയിരിക്കുന്നത്.എന്നാൽ ലകയറാന്‍ തയ്യാറായിരിക്കുന്ന മഞ്ജുവിന്റെ നീക്കത്തിനെതിരെ പമ്ബയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.ആയിരത്തോളം പ്രതിഷേധക്കാരാണ് പമ്ബയില്‍ ഒത്തുകൂടിയത്.ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്നും സമരക്കാര്‍ പറഞ്ഞു.അതേസമയം പമ്പയിലും സന്നിധാനത്തും കനത്ത മഴയും തിരക്കും അനുഭവപ്പെടുന്നതിനാൽ മഞ്ജുവിനോട് യാത്ര നാളത്തേക്ക് മാറ്റിവെക്കാൻ പോലീസ് ആവശ്യപ്പെട്ടു.ദളിത് നേതാവ് കൂടിയായ മഞ്ജുവിന്‍റെ പശ്ചാത്തല പരിശോധനകളും പൂര്‍ത്തിയാകേണ്ടതുണ്ട് എന്നാണ് പോലീസ് നിലപാട്. മഞ്ജുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ലഭ്യമാകേണ്ടതുണ്ട് എന്നാണ് വിവരം.കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. നിലിവലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ആദ്യം തന്നെ ശ്രമങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭക്തയായിട്ടാണ് താന്‍ എത്തിയിരിക്കുന്നത് എന്നും പിന്‍മാറാന്‍ തയ്യാറല്ലെന്നും മഞ്ജു അറിയിച്ചിരുന്നു.തനിക്കെതിരെയുള്ള കേസുകള്‍ അവസാനിച്ചു എന്നായിരുന്നു മഞ്ജു പോലീസിനോട് പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവിനെതിരെയുള്ള കേസുകളെ കുറിച്ചുളള സന്പൂര്‍ണ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രം മഞ്ജുവിനെ സന്നിധാനത്തേക്ക് പ്രത്യേക സുരക്ഷയോടെ കടത്തി വിട്ടാല്‍ മതി എന്ന നിലപാട് ആണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂരിലെ ടാങ്കർ ലോറി അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി
കണ്ണൂർ:കണ്ണൂരിൽ ഇന്നലെ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.കൂർക്കഞ്ചേരി പുന്നവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി(75) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പത്മാവതി.പത്മാവതിയുടെ മകൻ ബിന്ദുലാലും മൂന്നു പേരക്കുട്ടികളും ഇന്നലെ നടന്ന അപകടത്തിൽ മരിച്ചിരുന്നു.വിദേശത്തുള്ള ബന്ധുക്കൾ എത്തി ഇവരുടെ സംസ്ക്കാരം ഞായറാഴ്ച നടത്താനിരിക്കെയാണ് പത്മാവതിയുടെയും മരണം.വിദേശത്ത് ജോലി ചെയ്യുന്ന ബിന്ദുലാൽ ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്.അന്ന് വൈകുനേരം ബന്ധുക്കളുമൊന്നിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ദിലീപിനെ ‘അമ്മ’യിൽ നിന്നും പുറത്താക്കി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്നും പുറത്താക്കി.’അമ്മ പ്രസിഡന്റ് മോഹൻലാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.തൻ ദിലീപിനോട് രാജിക്കത്ത് ആവശ്യപ്പെട്ടതായും ദിലീപ് അത് നൽകിയെന്നും സംഘടനാ രാജിക്കത്ത് സ്വീകരിച്ചതായും മോഹൻലാൽ പറഞ്ഞു.ഇന്നലെ കൊച്ചിയിൽ ചേർന്ന ‘അമ്മ അവൈലബിൾ യോഗത്തിനു ശേഷമാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.ഇതോടെ അമ്മയിലെ പ്രധാനപ്രശ്നത്തിന് പരിഹാരമായെന്നും ഉടന്‍ ജനറല്‍ ബോഡി വിളിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് സംഘടനയില്‍ തുടരുന്നതിനെതിരെ വിമെന്‍ ഇന്‍ സിനിമാ കളക്ടീവും അമ്മയിലെ വനിതാഅംഗങ്ങളായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരും വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നത്.രാജിവച്ചവര്‍ക്ക് തിരികെ വരണമെങ്കില്‍ അപേക്ഷിക്കണം. അത് ജനറല്‍ ബോഡിയില്‍ വച്ചിട്ടേ തീരുമാനമെടുക്കൂ. നടിമാര്‍ മാപ്പ് പറയേണ്ടതില്ലെന്നും മോഹൻലാൽ പറഞ്ഞു.എല്ലാ പ്രശ്നങ്ങള്‍ക്കും താനാണ് കാരണക്കാരന്‍ എന്ന് പറയുന്നതില്‍ അതൃപ്തിയുണ്ട്. തന്നെ വേണമെന്നുണ്ടെങ്കിലേ പ്രസിഡന്റായി തുടരുകയുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.ദിലീപ് വിഷയത്തിൽ ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെയും സിദ്ധിക്ക് നടത്തിയ വാർത്താസമ്മേളനത്തെയും മോഹൻലാൽ ന്യായീകരിച്ചു.രണ്ടുപേരും തന്നോട് ആലോചിച്ച ശേഷമാണ് മാധ്യമങ്ങളെ കണ്ടതെന്നും മോഹൻലാൽ വിശദീകരിച്ചു.
തളിപ്പറമ്പിൽ എടിഎം കവർച്ച ശ്രമം
തളിപ്പറമ്പ്:തളിപ്പറമ്പിൽ എടിഎം കവർച്ച ശ്രമം.ഏഴാംമൈലില്‍ വടക്കാഞ്ചേരി റോഡിന് എതിര്‍വശത്തുള്ള ബേങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.വളരെ ആസൂത്രിതമായാണ് ഇവിടെ കവർച്ച ശ്രമം നടന്നത്.വ്യാഴാഴ്ച്ച അര്‍ധരാത്രി 12 ന് ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണ് കരുതുന്നത്. എടിഎമ്മിന് മുന്നിലെ 2 ലൈറ്റുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്ത് കടന്ന് ക്യാമറക്ക് പെയിന്റടിച്ചു. തുടര്‍ന്ന് എടിഎമ്മിന്റെ ബോഡി കവര്‍ തകര്‍ക്കാനും ശ്രമിച്ചു.എന്നാല്‍ പിന്നീട് മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നാണ് കരുതുന്നത്.എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ തടസമുണ്ടെന്ന് ബേങ്ക് അധിക്യതര്‍ക്ക് മനസിലായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആറോടെ നടത്തിയ പരിശോധനനയിലാണ് കവര്‍ച്ചാ ശ്രമം ബോധ്യമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണശ്രമം നടക്കുമ്ബോള്‍ ഏഴ് ലക്ഷത്തിലേറെ രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നതായി ബേങ്ക് അധികൃതര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോർഡ് അംഗം
പത്തനംതിട്ട:സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ്.യുവതികള്‍ വന്നാല്‍ നട അടയ്ക്കുമെന്ന സമീപനത്തോട് ദേവസ്വം ബോര്‍ഡിന് യോജിപ്പില്ല. പരികര്‍മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കംവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ലെന്നും ശങ്കരദാസ് കൂട്ടിച്ചേര്‍ത്തു.സന്നിധാനത്ത് പരികര്‍മികള്‍ പ്രതിഷേധിച്ച സംഭവത്തില്‍ മേല്‍ശാന്തിമാര്‍ക്ക് ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത പരികര്‍മികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യുവതി പ്രവേശനത്തിനെതിരെ വെള്ളിയാഴ്ച രാവിലെയാണ് പരികര്‍മികള്‍ പൂജകള്‍ നിര്‍ത്തിവച്ച് പതിനെട്ടാം പടിക്കുതാഴെ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധം കനത്തു;യുവതികൾ പോലീസ് സംരക്ഷണയിൽ മലയിറങ്ങുന്നു;തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹ്ന ഫാത്തിമ
ശബരിമല:കനത്ത പ്രതിഷേധത്തിനൊടുവിൽ യുവതിൽ പോലീസ് കാവലിൽ മലയിറങ്ങുന്നു.അവിശ്വാസികൾ മലകയറിയാൽ നട അടച്ചിടുമെന്ന് തന്ത്രി വ്യക്തമാക്കിയതിനെതുടര്‍ന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും മലയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്.യുവതികളുമായി സന്നിധാനത്തുനിന്നും തിരിച്ചിറങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയും നിര്‍ദേശം നല്‍കിയിരുന്നു. എത്തിയത് ഭക്തര്‍ അല്ലെന്നും അതിനാല്‍ അവരെ തിരിച്ചിറക്കണം എന്നുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് യുവതികളുമായി പൊലീസ് തിരിച്ച് പമ്ബയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്. കൂകി വിളിച്ചാണ് തിരിച്ചിറങ്ങുന്ന യുവതികളെ സമരക്കാര്‍ വരവേല്‍ക്കുന്നത്. യുവതികള്‍ക്ക് നേരെ അക്രമം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ഇവര്‍ക്ക് വീട് വരെ സുരക്ഷ ഒരുക്കും എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.യുവതികൾ പ്രവേശിക്കുന്നത് തടയാനായി പരികര്‍മികളും പതിനെട്ടാം പടിക്ക് താഴെ നിന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ മന്ത്രങ്ങളുമായി പതിനെട്ടാം പടിയില്‍ കയറാൻ കഴിയാത്ത വിധമാണ് പരികര്‍മിമാര്‍ പ്രതിഷേധം നടത്തിയത്.അതേസമയം, തിരിച്ചുപോകാതെ നിവൃത്തിയില്ലെന്നാണ് രഹന ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞത്. മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട് എങ്കിലും സാധിക്കുന്നില്ല എന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹന ഫാത്തിമ പറഞ്ഞു.
ശബരിമലയിൽ പൂജ നിർത്തിവെച്ച് പരികർമികളുടെ പ്രതിഷേധം;അവിശ്വാസികൾ മലചവിട്ടിയാൽ നടയടച്ചിടുമെന്ന് തന്ത്രി

ശബരിമല ദർശനത്തിനെത്തിയത് കിസ് ഓഫ് ലവ് പ്രവർത്തക രഹ്ന ഫാത്തിമ;ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വംമന്ത്രി
പത്തനംതിട്ട:കനത്ത പോലീസ് കാവലിൽ ഇന്ന് മലചവിട്ടാനെത്തിയത് തെലുങ്ക് ടിവി ചാനൽ റിപ്പോർട്ടർ കവിതയും കൊച്ചി സ്വദേശിനിയായ രഹ്ന ഫാത്തിമയും.മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടറാണ് കവിത.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് കവിത സന്നിധാനത്തേക്ക് പോകാന്‍ തീരുമാനിച്ചത്.വ്യാഴാഴ്ച രാത്രിയാണ് ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത പൊലീസിനെ സമീപിച്ചത്. ഐജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ രഹ്നാ ഫാത്തിമയും എത്തി. ഇരുവരേയും കൊണ്ടു പോകാന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതിയും നല്‍കി.ഇതേത്തുടര്‍ന്ന് രാവിലെ പമ്ബയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു രാവിലെ ഐജി എത്തിയ ശേഷമാണ് ഇവര്‍ യാത്ര തിരിച്ചത്. പമ്ബയില്‍ നിന്ന് കാനന പാതയില്‍ എത്തുമ്ബോഴേക്കും പ്രതിഷേധക്കാര്‍ എത്തുമെന്നാണ് പൊലീസും പ്രതീക്ഷിച്ചത്. എന്നാൽ പിന്നീടാണ് മാദ്ധ്യമപ്രവർത്തകയുടെ കൂടെയുള്ള യുവതി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയാണെന്ന് പ്രതിഷേധക്കാർ മനസ്സിലാക്കിയത്.രഹ്നാ ഫാത്തിയമാണ് എത്തുന്നതെന്ന് അറിഞ്ഞതോടെ വിശ്വാസികള്‍ സന്നിധാനത്ത് ഒത്തുകൂടി.ഇവരെ തടയാന്‍ പൊലീസിനായില്ല. ഇതോടെ നടപന്തലില്‍ വിശ്വാസികള്‍ കിടന്നു. അയ്യപ്പ മന്ത്രങ്ങള്‍ ഉയര്‍ന്നു. ആരും തെറി വിളിച്ചില്ല. ഇതോടെ പൊലീസ് വെട്ടിലായി. നടപന്തലില്‍ എത്തിയതോടെ ശ്രീജിത്തിനും കാര്യങ്ങള്‍ മനസ്സിലായി. അയ്യപ്പഭക്തരെ അനുനയിപ്പിച്ച ശേഷം മുമ്ബോട്ട് പോകാന്‍ ശ്രമിച്ചു. എന്നാല്‍ എതിര്‍പ്പ് ശക്തമാണെന്ന് വന്നതോടെ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. രഹ്നാ ഫാത്തിമയെ പതിനെട്ടാംപടി കയറ്റിക്കുന്നത് കേരളത്തില്‍ കലാപമായി മാറുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും തിരിച്ചറിഞ്ഞു. സംസ്ഥാനത്തുടനീളം പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും വ്യക്തമായി. ഇതോടെ രഹ്നയെ മുൻപോട്ട് കൊണ്ടു പോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വിവരം ഐജിക്ക് കൈമാറുകയും ചെയ്തു.അതേസമയം യുവതികള്‍ പതിനെട്ടാം പടി ചവുട്ടിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പി എന്‍ നാരായണ വര്‍മ തന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്ബ് അവരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നം മന്ത്രി ചൂണ്ടിക്കാട്ടി.