ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം

keralanews robbery in a house in iritty

ഇരിട്ടി:ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം.നേരംപോക്ക് പ്രഗതി കോളേജിന് സമീപം ഇരിട്ടി ഹൈസ്കൂൾ റിട്ടയേർഡ് കായികാധ്യാപകനും എൻസിസി ഓഫീസറുമായ എം.രമേശന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിന്റെ മുൻഭാഗത്തെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് അകത്തുണ്ടായിരുന്ന അലമാരകളും മേശകളും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടു.എന്നാൽ സ്വർണ്ണമോ പണമോ വീട്ടിൽ സൂക്ഷിച്ചിരുന്നില്ല.ഒടുക്കം തിരച്ചിലിനിടയിൽ വീട്ടിലെ കാർബോർഡ് പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം അല്പം കഴിച്ച കള്ളൻ ബാക്കി മദ്യവും ഒരു പെർഫ്യുമുമായി സ്ഥലം വിടുകയും ചെയ്തു.മദ്യം കഴിക്കാൻ അടുക്കളയിൽ നിന്നെടുത്ത ഗ്ലാസ് വീട്ടുവരാന്തയിൽ തന്നെ വെയ്ക്കുകയും ചെയ്തു.സംസ്ഥാന സോഫ്റ്റ്ബാൾ ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസർകോട്ട് പോയ രമേശൻ ഞായറാഴ്ച സ്ഥലത്തെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.സംഭവമറിഞ്ഞ് ഇരിട്ടി സിഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്യസംസ്ഥാനത്തു നിന്നുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് മോഷണം പതിവായ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴിനല്കിയ വൈദികൻ മരിച്ച നിലയിൽ;മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ

keralanews the priest who give statement against franko mulakkal found dead

പഞ്ചാബ്:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികനെ മരിച നിലയിൽ കണ്ടെത്തി.ജലന്ധർ രൂപതയിലെ വൈദികനും ചേർത്തല പള്ളിപ്പുറം സ്വദേശിയുമായ ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ്(62) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂഹയിലുള്ള പള്ളിമുറിയിൽ തിങ്കളാഴ്ച രാവിലെയാണ് വൈദികനെ മരിച്ച നിലയിൽ കണ്ടത്.വൈദികന്റെ ശരീരത്തിൽ സാരമായ പരിക്കുകളോ മുറിവുകളോ ഇല്ലായിരുന്നെന്നും എന്നാൽ കിടന്നിരുന്ന മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നെന്നും നിലത്ത് ഛർദിൽ ഉണ്ടായിരുന്നതായും ഡെപ്യുട്ടി സൂപ്രണ്ട് എ.ആർ ശർമ്മ പറഞ്ഞു.രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ദസൂഹയിലെ പള്ളിയിലേക്ക് മാറ്റിയത്.പള്ളിയോട് ചേർന്നുള്ള മുറിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ താമസം.ഞായറഴ്ച ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് പുറത്തേക്ക് വന്നിരുന്നില്ല.എന്നാൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ഹൃദയസ്തംഭനമാണ് മരണകരണമെന്നുമാണ് ജലന്ധർ രൂപതയുടെ വിശദീകരണം.അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് വൈദികന്റെ ബന്ധുക്കളും ഒരുവിഭാഗം വൈദികരും രംഗത്തെത്തി.ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞത് മുതൽ തന്റെ സുരക്ഷയെ കുറിച്ച ഫാ.കുര്യാക്കോസിന് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതായും കൊലപാതകമാണെന്ന് സംശയമുള്ളതായും കാണിച്ച് വൈദികന്റെ സഹോദരൻ ജോസ് കുര്യൻ മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം

keralanews thiruvithamkoor devaswom board meeting will held today in thiruvananthapuram to discuss about women entry in sabarimala

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും.ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും.സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദ്യം പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പിന്തുണയില്ലാത്തതിനെ തുടര്‍ന്ന് നിലപാട് മാറ്റിയിരുന്നു. തുലാമാസ പൂജാദിവസങ്ങളില്‍ പ്രതിഷേധം കടുത്തപ്പോള്‍ സാഹചര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അനുകൂല വിധി പ്രതീക്ഷിക്കരുതെന്ന് നിയമ വിദഗ്ദ്ധര്‍ പറഞ്ഞതോടെ വീണ്ടും നിലപാട് മാറ്റി. ഈ സാഹചര്യത്തിലാണ് വീണ്ടും ഇന്ന് യോഗം ചേരുന്നത്.യുവതീപ്രവേശന വിധിവന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്രവേശനത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ അടങ്ങിയിട്ടില്ല. കനത്ത പോലീസ് സുരക്ഷയില്‍ തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്നലെ രാത്രിയോടെ അടച്ചിരുന്നു.എന്നാൽ മണ്ഡലകാലം ആരംഭിക്കാൻ ഇനി വെറും 24 ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ന് ചേരുന്ന യോഗം നിർണായകമാണ്.

രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സ്ഥലം മാറ്റി

keralanews b s n l transferred rahna fathima

കൊച്ചി:ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സ്ഥലം മാറ്റി.സമൂഹമാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന്റെ പേരിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.ശബരിമയിൽ എത്തിയതോടെ രഹ്‌നയ്‌ക്കെതിരെ പ്രതിഷേധവും ശക്തമായിരുന്നു.നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് രഹ്നായ്ക്കെതിരെ ബിഎസ്എൻഎൽ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്. ബോട്ടുജെട്ടി ഡിവിഷനിലേക്കാണ് രഹ്നയെ സ്ഥലം മാറ്റിയത്.അതേസമയം ശബരിമല ദര്‍ശനത്തിന് പിന്നാലെ സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം മൂലമാണെന്ന് രഹന ഫാത്തിമ പ്രതികരിച്ചു.’5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ’ എന്നും രഹ്ന ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

മലകയറാൻ വീണ്ടും കോട്ടയം സ്വദേശിനിയായ യുവതി എത്തി;പ്രതിഷേധത്തെ തുടർന്ന് മടങ്ങി

Sabarimala: Protesters oppose the entry of women to the Sabarimala Temple, Kerala, Friday, Oct 19, 2018. Rehana Fathima and journalist Kavitha Jakkal were escorted to the temple but the priest reportedly locked it and the women had to return mid-way. (PTI Photo)  (PTI10_19_2018_000069B)

പത്തനംതിട്ട:മലകയറാൻ എത്തിയ കോട്ടയം സ്വദേശിനിയായ യുവതി പ്രതിഷേധത്തെ തുടർന്ന് മടങ്ങി.കോട്ടയം കറുകച്ചാൽ സ്വദേശിനിയായ ബിന്ദു എന്ന യുവതി ഇന്ന് രാവിലെയാണ് മലകയറാൻ സംരക്ഷണം ആവശ്യപ്പെട്ട് എരുമേലി സ്റ്റേഷനിലെത്തിയത്. എരുമേലിയില്‍നിന്നാണ് ബിന്ദു ഇന്നു രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്‌ആര്‍ടിസി ബസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ ബസില്‍ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയില്‍ വച്ച്‌ ഒരുസംഘം ബസ് തടഞ്ഞു. തുടര്‍ന്ന് ബസില്‍നിന്നിറങ്ങിയ ബിന്ദു പോലീസ് വാഹനത്തില്‍ കയറി എരുമേലി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.എന്നാൽ ഇരുമുടിക്കെട്ടില്ലാതെ ശബരിമല കയറാനെത്തിയ യുവതിക്ക് സുരക്ഷാ നൽകാനാകില്ലെന്ന് പോലീസ് അറിയിച്ചു.തുടർന്ന് തിരിച്ചുപോകാൻ ബിന്ദു തയ്യാറാകുകയായിരുന്നു.ആന്ധ്രാ സ്വദേശികളായ മറ്റു നാല് യുവതികളെക്കൂടി നീലിമലയില്‍വെച്ച്‌ പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. ഭാഗ്യലക്ഷ്മി (47), ചിന്നമ്മ (51), മസ്താന (47), രമണ (47) എന്നിവരെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്;നവംബർ 15 ന് സൂചനാപണിമുടക്ക് നടത്തും

keralanews bus owners go for an indefinite strike to protest against fuel price hike

തിരുവനന്തപുരം:ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്.ഇതിനു മുന്നോടിയായി നവംബർ 15 ന് സൂചനാപണിമുടക്ക് നടത്താൻ ഡീസല്‍ വില 80 രൂപയ്ക്കും മേലെ ഉയര്‍ന്നതോടെയാണ് പണിമുടക്കിലേക്ക് തിരിയാന്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നിലവിലെ ഡീസല്‍ വില 80.23 രൂപയാണ്.സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുടമകളും നവംബര്‍ 15ന് സര്‍വ്വീസ് നിര്‍ത്തി വെച്ച്‌ സൂചനാ പണിമുടക്കിന്റെ ഭാഗമാകുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിക്കുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, ഡീസലിന് സബ്‌സിഡി അനുവദിക്കുക, റോഡ് ടാക്‌സ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ടാണ് ബസ്സുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് പമ്പുടമകൾ സമരം നടത്തുകയാണ്.

ചിറ്റൂരിൽ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി

keralanews man killed his wife and two children in chittoor

പാലക്കാട്:ചിറ്റൂരിൽ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി.ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെ ‍വെട്ടിക്കൊലപ്പെടുത്തിയ ശേഷം, പൊലീസ് സ്റ്റേഷനില്‍ കീ‍ഴടങ്ങിയത്.ഇന്നലെ രാത്രിയോടെ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതായി ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.

തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും;കൂടുതൽ യുവതികൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി

keralanews sabarimala temple to be closed today after pooja and heavy security

പത്തനംതിട്ട:തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്നടയ്ക്കും.ഈ അവസരത്തിൽ കൂടുതൽ യുവതികളെത്താനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി.നട അടയ്ക്കുന്ന ദിവസമായ തിങ്കളാഴ്ചയും യുവതികള്‍ മല കയറാന്‍ എത്താനുള്ള സാധ്യത മുന്നില്‍കണ്ട് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശബരിമലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുവതികള്‍ എത്തുന്നത് തടയുന്നതിനായി സന്നിധാനത്തടക്കം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഇതുവരെ ദര്‍ശനം സാധ്യമായില്ല. നാലുദിവസത്തിനിടെ 10 സ്ത്രീകളാണ് സന്നിധാനത്തേയ്ക്കെത്താന്‍ മുന്നോട്ട് വന്നെതെങ്കിലും സമരക്കാരുടെ പ്രതിഷേധം കാരണം ആർക്കും ദർശനം നടത്താൻ ആയിട്ടില്ല.പ്രതിഷേധങ്ങള്‍ക്കിടയിലും വന്‍ ഭക്തജനത്തിരക്കാണ് ഇക്കുറിയും ശബരിമലയില്‍ അനുഭവപ്പെട്ടത്. അതേസമയം പൂജാ അവധികള്‍ക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കുമ്പോൾ ശബരിമല വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.സുപ്രീംകോടതി വിധിക്കെതിരെ അയ്യപ്പസേവാസംഘം റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിരുന്നു. അതേസമയം ശബരിമലയില്‍ അന്യമതസ്ഥര്‍ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭ കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആന്ധ്രാ സ്വദേശിനികളായ യുവതികൾ ശബരിമലയിലേക്ക്;പമ്പയിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു

keralanews women from andrapradesh to sabarimala again protest in pamba against them

പമ്പ:ആന്ധ്രാസ്വദേശിനികളായ രണ്ടു യുവതികൾ കൂടി ശബരിമലയിലേക്ക് പോകാനായി എത്തിയതിനെ തുടർന്ന് പമ്പയിൽ വീണ്ടും പ്രതിഷധം ശക്തമാകുന്നു.ആന്ധ്രാ സ്വദേശികളായ വാസന്തിയും ആദിശേഷിയുമാണ് ഇന്ന് ശബരിമലയില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് 50 വയസില്‍ താഴെയാണ് പ്രായം. രാവിലെ 10 മണിയോടെയാണ് ഒരു പുരുഷനൊപ്പം ഇവർ പമ്പയിലെത്തിയത്.കാനനപാതയിലൂടെ ശബരിമലയിലേക്ക് പോകാന്‍ അവര്‍ ശ്രമിച്ചതോടെ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരുടെ പ്രായം പരിശോധിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പൊലീസെത്തി സ്ത്രീകളെ ഗാര്‍ഡ് റൂമിലേക്ക് കൊണ്ടുപോയി.തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് 45 വയസ് മാത്രമെയുള്ളൂവെന്ന് കണ്ടെത്തി. തുടര്‍ന്ന് അവരോട് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ അന്തരിച്ചു

IMG_20181021_114904

കോഴിക്കോട് : ലീഗൽ മെട്രോളജി ഉത്തരമേഖല ഡപ്യൂട്ടി കൺട്രോളർ രാമപ്രസാദ് ഷെട്ടി  ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കുമ്പള സ്വദേശിയായ രാമപ്രസാദ് ഷെട്ടി കാസറഗോഡ് ജില്ലയിലെ അസിസ്ൻറ് കൺട്രോളർ സ്ഥാനത്ത് നിന്നും ജോലിക്കയറ്റം ലഭിച്ച്  2 വർഷം മുൻപ്  ആണ് ഡപ്യൂട്ടി കൺട്രോളർ പദവിയിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എത്തിയത് . ശനിയാഴ്ച രാവിലെ സ്വന്തം ഓഫീസിനകത്ത് അദ്ദേഹത്തെ തളർന്ന് വീണ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുമ്പളിയിൽ സംസ്കാരം നടത്തും.

പരേതനായ ഗുണ്ടപ്പ ഷെട്ടിയുടെയും തിമ്മക്കയുടെയും മകനാണ്. ഭാര്യ ഗീത, മക്കൾ വിവേക്, നവനീത്, തേജസ്വി . കാസറഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ സേവനമനുഷ്ടിച്ച അദ്ദേഹം   തന്റെ ഓഫീസിലെ സേവനങ്ങൾക്കായി വരുന്ന  പൊതുജനങ്ങളെ എന്നും സൗഹൃദം നിറഞ്ഞ പുഞ്ചിരിയോടെ ആണ് സ്വീകരിച്ചിരുന്നത് എന്ന് സമൂഹത്തിലെ വിവിധ തുറക്കളിലുള്ളവർ അനുസ്മരിച്ചു. ഔദ്യോദിക നിർവഹണത്തിലെ കൃത്യതയോടൊപ്പം പരിച്ചയപെടുന്ന ഏവരിലും സൗഹൃദം  നിലനിർത്തുന്ന ഒരു വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു അദ്ദേഹം.  വിവിധ ജില്ലകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർ തങ്ങളുടെ പ്രീയപ്പെട്ട ഷെട്ടി സാർ ന്റെ അപ്രതീക്ഷിത വിയോഗത്തിൽ തീരാ ദുഃഖവും അനുശോചനവും അറിയിച്ചു.