ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തം; അട്ടിമറിയുണ്ടെന്ന് മേയർ ടി ഒ മോഹനൻ

കണ്ണൂർ: ചേലോറ ട്രെഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ.തീ പിടിച്ചത് അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ്. ബയോ മൈനിങ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും. ബയോ മൈനിങ് മികച്ച രീതിയിൽ നടക്കുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടും പാളിപ്പോയെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിച്ചു. പ്രതിപക്ഷ കൗൺസിലർമാർ അടക്കമുള്ളവരും പ്രാദേശിക നേതാക്കളും സ്ഥലം സന്ദർശിച്ച് ബയോമൈനിങ് പാളി എന്ന പ്രഖ്യാപിച്ചു. ഇതെല്ലാം സംശയാസ്പദമാണെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഓ മോഹനൻ പറഞ്ഞു.

ഇന്നലെ പുലർച്ചെ 4നാണു സംഭവം. ജൈവ, അജൈവ മാലിന്യം വേർതിരിക്കുന്ന പ്രദേശത്തു നിന്നു പുക ഉയരുന്നതു കണ്ട സമീപവാസികൾ കോർപറേഷൻ അധികൃതരെയും തുടർന്ന് കണ്ണൂർ അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു.റീജനൽ ഫയർ ഓഫിസർ പി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് പയ്യന്നൂർ, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ,തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് വീതം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയ ശേഷം 1.30ഓടെ തീ നിയന്ത്രണ വിധേയമാക്കി.ടിപ്പറിൽ മണൽ കൊണ്ടുവന്നു തീയുടെ മുകളിൽ തള്ളിയും മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മാലിന്യക്കൂമ്പാരം ഇളക്കി മാറ്റിയും കുഴിയെടുത്ത് ഇതിലേക്കു മാലിന്യം കോരി മാറ്റിയുമാണു തീ പടരുന്നതു തടഞ്ഞത്.1.30ഓടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായി പുക ഉയരുന്നത് ഏറെ സമയം നീണ്ടു. 2.30ഓടെ തീയും പുകയും ഉയരുന്നതു പൂർണമായി ഇല്ലാതാക്കിയ ശേഷമാണ് അഗ്നിരക്ഷാസേന മടങ്ങിയത്.

അൽഫാമും കുഴിമന്തിയും കഴിച്ച് ഭക്ഷ്യവിഷബാധ;വയനാട്ടിൽ പതിനഞ്ച് പേർ ചികിത്സ തേടി

വയനാട്: അൽഫാമും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കൽപ്പറ്റയിലെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ പനമരം സിഎച്ച്‌സിയിലും, സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കഴിഞ്ഞദുവസം രാത്രിയാണ് കൽപ്പറ്റയിലെ മുസല്ല റെസ്റ്റോറന്റിൽ നിന്നും ഇവർ ഭക്ഷണം കഴിച്ചത്. രാത്രിയോടെ ഛർദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് ചികിത്സ തേടിയത്.സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത റസ്റ്റോറൻറ് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. പരാതിയിൽ ഉന്നയിച്ച റെസ്റ്റോറന്റിൽ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ച് വരികയാണ്.

കോട്ടയത്ത് അമിത വേ​ഗതയിൽ വന്ന ബൈക്ക് ലോറിയിലിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

കോട്ടയം: അമിത വേ​ഗതയിൽ വന്ന ബൈക്ക് ലോറിയിലിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം.കോട്ടയം കുമാരനല്ലൂരിലാണ് അപകടമുണ്ടായത്. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതുറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. ഇവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.കുമാരനല്ലൂർ-കുടമാളൂർ പാതയിലാണ് അപകടമുണ്ടായത്. ഇവർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ലോറി വന്നിടിക്കുകയായിരുന്നു. മൂന്ന് പേരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു;82. 95 ശതമാനം വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് വിജയ ശതമാനം. 4,32,436 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 33,815 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 77 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്. ഏറ്റവും ഉയർന്ന വിജയശതമാനം എറണാകുളം ജില്ലയിലും ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയ്‌ക്കുമാണ്.സയൻസ് വിഭാഗത്തിൽ 87.31%, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 71.93%, കൊമേഴ്‌സ് വിഭാഗത്തിൽ 82.75% എന്നിങ്ങനെയാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിജയശതമാനം കുറവാണ്.സേ പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീതയി മെയ് 29.ജൂൺ 21 മുതൽ സേ പരീക്ഷകൾ ആരംഭിക്കും.ഫലം അറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുക :www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടം;നവജാതശിശുവിന് പിന്നാലെ അമ്മയും യാത്രയായി

തിരുവനന്തപുരം: പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നവജാതശിശുവിന് പിന്നാലെ അമ്മയും മരിച്ചു.മണമ്പൂർ സ്വദേശി മഹേഷിന്റെ ഭാര്യ അനുവാണ് ചികിത്സയിലിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനു മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അനുവിന്റെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ്, അനുവിന്റെ മാതാവ് മണമ്പൂർ നാലുമുക്ക് കാരൂർക്കോണത്ത് പണയിൽ വീട്ടിൽ ശോഭ(41), ഓട്ടോ ഡ്രൈവർ മണമ്പൂർ കാരൂർക്കോണത്ത് വീട്ടിൽ സുനിൽ (40) എന്നിവർ അപകടത്തിനു തൊട്ടുപിന്നാലെ മരിച്ചിരുന്നു.കൊല്ലത്തുനിന്ന്‌ തിരുവനന്തപുരത്തേക്കു വന്ന ഫാസറ്റ് പാസഞ്ചർ ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ഓട്ടോറിക്ഷ ഇടിച്ചുകയറിയാണ് അപകടം.അപകടത്തിൽ പരുക്കേറ്റ അനുവിന്റെ ഭർത്താവ് മഹേഷും മൂത്ത മകൻ മിഥുനും (4) ചികിത്സയിലാണ്.അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ കൊല്ലം മയ്യനാട് കുട്ടിക്കട താഴത്തുചേരി ജിത്തു ഭവനിൽ വി. അജിത് കുമാറിനെ(50) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. അജിത്തിനെ കോടതി റിമാൻഡ് ചെയ്തു. ഡ്രൈവർ വി. അജിത്തിന്റെ ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ബസ് അമിത വേഗത്തിലായതാകാം അപകടത്തിനു കാരണമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.7 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.99. 70 ആണ് ഇത്തവണത്തെ വിജയ ശതമാനം.റെഗുലർ വിഭാഗത്തിൽ 4,19,128 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷയെഴുതിയത്. ഇതിൽ 4,17,864 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.68,694 വിദ്യാർത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയത്.വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂർ. 99.94 ശതമാനം. കുറവ് വയനാട്, 98.41ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ മുന്നിൽ പാലയും മുവാറ്റുപു‍ഴയുമാണ്. രണ്ടു വർഷങ്ങൾക്ക് ശേഷം ഗ്രേസ് മാർക്ക് പുനസ്ഥാപിച്ചപ്പോൾ 1,38,086 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. 24422 പേർ ഇതിലൂടെ എല്ലാ വിഷയങ്ങൾക്കും എ + നേടി. പുനർമൂല്യനിർണയം, സൂക്ഷപരിശോധന എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഈ മാസം 25 വരെ അപേക്ഷിക്കാം. സേ പരീക്ഷകൾ ജൂൺ 7 മുതൽ 14 വരെയായി നടക്കും. ഫല പ്രഖ്യാപനം ജൂൺ അവസാനം. അടുത്ത ആ‍ഴ്ചയോടെ പ്രസ് വൺ പ്രവേശനത്തിന്‍റെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

താനൂര്‍ ബോട്ടപകടം; മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും; ഒരു കുടുംബത്തിലെ 11 പേർ മരിച്ചു

മലപ്പുറം:മലപ്പുറം താനൂര്‍ ഓട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും. പരപ്പനങ്ങാടിയിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേരും മരിച്ചു. സഹോദരങ്ങളായ മൂന്ന് പേരുടെ ഭാര്യമാരും ഇവരുടെ കുട്ടികളുമാണ് മരണപ്പെട്ടത്. പെരുന്നാൾ പ്രമാണിച്ചാണ് പരപ്പനങ്ങാടിയിലെ കുടുംബവീട്ടിൽ എല്ലാവരും ഒത്തുകൂടിയത്. അവധിക്കാലമായതിനാൽ കളുടെളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരം സന്ദർശിക്കാനായി ഇവർ പോയത്.തിരൂരങ്ങാടി ആശുപത്രിയിൽ ആയിരുന്നു ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം എല്ലാവരുടെയും മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകി. സീനത്ത് ഷംന, ഹസ്ന, സഫ്ന, ജൽസിയ, ജരീർ, നൈറ, റുഷ്ദ, സഹറ, റസീന, ഫിദ എന്നിവരാണ് മരിച്ചത്.അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചു.

താനൂർ ബോട്ട് അപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ

മലപ്പുറം:താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ പ്രതിയായ ബോട്ടുടമ നാസർ അറസ്റ്റിൽ.താനൂരിൽ ബോട്ടപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. കോഴിക്കോട് നിന്നാണ് ഇയാൾ പിടിയിലാകുന്നത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് നരഹത്യയ്‌ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ വാഹനപരിശോധനയ്‌ക്കിടെ നാസറിന്റെ കാർ പോലീസ് പിടിച്ചെടുത്തിരുന്നു.കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പോലീസ് പിടിച്ചെടുത്തു.കാറിൽ സഹോദരനും അയൽക്കാരനും കൂടാതെ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ഇവരും പോലീസ് കസ്റ്റഡിയിലായി. അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ട് മാന്വൽ അനുസരിച്ച് നിർമ്മിച്ചതല്ല. മറിച്ച് മത്സ്യബന്ധന ബോട്ട് രൂപാന്തരപ്പെടുത്തിയെടുത്തതാണ്. കൂടാതെ, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും മുൻപാണ് ബോട്ട് സർവീസിനിറക്കിയത്. അപകടം നടന്ന സമയം ഇരട്ടിയോളം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.

താനൂർ ബോട്ടപകടം; മരണസംഖ്യ 22 ആയി

മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 22 ആയി.ഇതിൽ മൂന്ന് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണെന്നാണ് വിവരം. ബോട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടം താനൂരിനടുത്ത് ഓട്ടുമ്പ്രം തൂവൽതീരത്താണുണ്ടായത്.തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്. ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത് ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്ന (7), ഹസ്‌ന (18), താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ സിദ്ദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), മകൻ ഫൈസൻ (4), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ ജാബിർ (40), മകൻ ജരീർ (10), പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്‌ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (9), കുന്നുമ്മൽ ആവയിൽ ബീച്ച് റസീന, പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ സബറുദ്ദീൻ (38), പുതിയ കടപ്പുറം കുന്നുമ്മൽ വീട്ടിൽ ഷംന കെ (17), മുണ്ടുംപറമ്പ മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), ഒട്ടുംപുറം കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ, നയിറ, സഹറ, പരപ്പനങ്ങാടി, സൈതലവിയുടെ മകൾ സഫ്‌ല ഷെറിൻ, ചെട്ടിപ്പടി വെട്ടിക്കൂട്ടിൽ വീട്ടിൽ ആദിൽ ഷെറി, ചെട്ടിപ്പടി അയിഷാ ബി, വെട്ടിക്കാട്ടിൽ വീട്ടിൽ അർഷൻ, പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സീനത്ത് (45), വെട്ടിക്കൂട്ടിൽ വീട്ടിൽ അദ്‌നാൻ (9) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് ആറ് മരണം

മലപ്പുറം: താനൂർ ഒട്ടുമ്പ്രം ബീച്ചിൽ ഹൗസ്ബോട്ട് മറിഞ്ഞ് അപകടം. ആറ് പേർ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കുട്ടികളും മുതിർന്നവരുമടക്കം 35 പേർ ബോട്ടിൽ ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് മുങ്ങിയത്. ബോട്ടിൽ കയറാവുന്നതിനേക്കാൾ കൂടുതൽ യാത്രക്കാർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ വെളിച്ച കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്.തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.