തിരുവനന്തപുരം:ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താൻ ആലോചന.മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന എസ്എസ്എൽസി പരീക്ഷ ഇത്തവണ രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒപ്പം നടത്താനാണ് ആലോചന. മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച് നടത്തും. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാല്‍ മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷ രാവിലെയാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.എസ്‌എസ്‌എല്‍സി പരീക്ഷ രാവിലെയാക്കണമെന്ന ശുപാര്‍ശ നേരത്തെ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് ഗുണനിലവാര സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി വൈകുകയായിരുന്നു. പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ നേരത്തെ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടിയപ്പോള്‍, ചോദ്യപേപ്പര്‍ രാവിലെ സ്‌കൂളുകളില്‍ എത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചത്.നിലവില്‍ ട്രഷറികളിലെയും ബാങ്കുകളിലെയും ലോക്കറുകളിലാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. പരീക്ഷദിവസം രാവിലെ പുറത്തെടുത്താണ് സ്കൂളുകളിൽ എത്തിക്കുന്നത്.പരീക്ഷ രാവിലെയാക്കിയാല്‍ ചോദ്യപേപ്പര്‍ ട്രഷറികളില്‍നിന്ന് പുറത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ചോദ്യപേപ്പര്‍ ട്രഷറികളിലും പിന്നീട് സ്‌കൂളുകളിലും എത്തിക്കുന്നതിനായി ഒരുകോടി രൂപയോളമാണ് സര്‍ക്കാരിന് ചെലവ് വരുന്നത്.
ശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി:ശബരിമലയിൽ സ്ത്രീ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ട് പി.ഡി ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണ്. ആ നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളും ബാധ്യസ്ഥരാണ്. ഭരണഘടനയുടെ 141, 144 അനുച്ഛേദങ്ങളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നബ്യാരുമുൾപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിധിയോട് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹര്‍ജിക്കാരനോട് കോടതി സൂചിപ്പിച്ചു. മതിയായ സുരക്ഷ ഏര്‍പ്പെടുത്താതെ സ്‌ത്രീ പ്രവേശനം നടപ്പാക്കാന്‍ ശ്രമിച്ചതാണ് കഴിഞ്ഞദിവസം ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.അതിനാൽ മതിയായ സുരക്ഷയും അടിസ്ഥാനസൗകര്യവും ഉറപ്പാക്കും വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് നിർദേശിച്ചാണ് ഹർജി സമർപ്പിക്കപ്പെട്ടത്.
ശബരിമല സംഘർഷം;ഇതുവരെ 1407 പേർ അറസ്റ്റിൽ;നാളെ ബിജെപിയുടെ സ്റ്റേഷൻ മാർച്ച്
പത്തനംതിട്ട:ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 1407 പേർ അറസ്റ്റിലായി.ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 258 കേസുകളും രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ശബരിമലയിൽ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍ പലരും അറസ്റ്റിലായി.ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് പത്തനംതിട്ട ജില്ലയിലാണ്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാന്‍ഡ് ചെയ്തവരുടെ പട്ടിക പൊലീസ് ഉടൻ പുറത്തുവിടും.കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയില്‍വെ സ്റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം കൂട്ടഅറസ്റ്റിൽ പ്രതിഷേധിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നാളെ മാര്‍ച്ച് നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. കൂടാതെ പോലീസിന്റെ നടപടിക്കെതിരായി കോടതിയെ സമീപിക്കാനും ബിജെപി തീരുമാനിച്ചു.ശബരിമല സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ആകെ 146 കേസുകളിലായി കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദ്ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങാൻ അമിത് ഷാ
കണ്ണൂര്‍: ഉദ്ഘാടനത്തിന് മുൻപ് തന്നെ കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തുന്ന അമിത് ഷാ 27ന് പ്രത്യേക വിമാനത്തില്‍ കണ്ണൂരിലിറങ്ങും. വിമാനയാത്ര സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിട്ടിയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും അനുമതി ലഭിച്ചുവെന്നാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന സൂചന.ഉദ്ഘാടന ചടങ്ങിനു ശേഷം പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീട് അമിത് ഷാ സന്ദര്‍ശിക്കും.തിരിച്ച് 2 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം കണ്ണൂരിലേക്ക് റോഡ് മാര്‍ഗം വരാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിട്ടിക്ക് അപേക്ഷ നല്‍കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.
നായാട്ടുപാറയ്ക്കടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിസിറ്റി സ്ഥാപിക്കാൻ നിർദേശം
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിന് അനുബന്ധമായി പത്തു വ്യവസായ നഗരങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂടാളി,പട്ടാന്നൂർ വില്ലേജുകളിലായി നായാട്ടുപാറയ്ക്കടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിസിറ്റി സ്ഥാപിക്കാൻ നിദേശം.ഈ മേഖലയിൽ 1029 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിർദേശം കിൻഫ്ര സർക്കാരിന് സമർപ്പിച്ചു.വ്യവസായ വകുപ്പിന്റെ പ്രാഥമിക അനുമതി ലഭിച്ചുകഴിഞ്ഞ ഈ സ്ഥലമെടുപ്പിന് ഇനി റെവന്യൂ വകുപ്പിന്റെ അനുമതി വേണം.വിദേശത്തുനിന്നെത്തുന്നവരെ കൂടി ലക്ഷ്യമിട്ട് ആശുപത്രി ശൃംഖല,ആയുർവേദ റിസോർട്ടുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വിപുലമായ പദ്ധതിയാണ് ഇവിടെ ലക്ഷ്യമിടുന്നത്.നേരത്തെ അഞ്ചരക്കണ്ടി,പടുവിലായി വില്ലേജുകളിൽ ഇതിനായി 500 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും അതിൽ മാറ്റം വരുത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.വിമാനത്താവളത്തിന്റെ റൺവേയുടെ നീളം 4000 മീറ്ററായി വർധിപ്പിക്കാൻ 270 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടത്.ഇതിൽ വ്യവസായ ആവശ്യത്തിനായി ഏറ്റെടുത്ത 500 ഏക്കർ കൂടി ഉൾപ്പെടും.അതിനാൽ വിജ്ഞാപനത്തിൽ മാറ്റം വരുത്തി പുതിയ സ്ഥലം കൂടി ഉൾപ്പെടുത്തി 500 ഏക്കർ ഏറ്റെടുക്കാനും കിൻഫ്ര റെവന്യൂ വകുപ്പിന് അപേക്ഷ നൽകി.പട്ടാന്നൂർ,കീഴല്ലൂർ വില്ലേജുകളിൽ സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രദേശത്തിന്റെ സാമൂഹിക,സാമ്പത്തിക പഠനം ആരംഭിച്ചു.കൊളാരി വില്ലേജിൽ 53 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പഠനം പൂർത്തിയായി.കൊളാരി വില്ലേജിൽ മെറ്റടി ഭാഗത്ത് 168 ഏക്കർ ഏറ്റെടുക്കാൻ വ്യവസായ വകുപ്പിന്റെ തീരുമാനം വന്നെങ്കിലും റെവന്യൂ വകുപ്പിന്റെ ഉത്തരവ് ഇനിയും ലഭിച്ചില്ല.കൊളാരി വില്ലേജിൽ നിലവിലുള്ള കിൻഫ്ര പാർക്കിനോട് ചേർന്നുള്ള 876 ഏക്കർ സ്ഥലവും ഏറ്റെടുക്കും. കുന്നോത്ത്,കൊടോളിപ്രം എന്നിവിടങ്ങളിൽ 313 ഏക്കർ,പടിയൂരിൽ 708 ഏക്കർ എന്നിങ്ങനെയും ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.
ശബരിമലയിലെ അക്രമ സംഭവങ്ങളിൽ വ്യാപക അറസ്റ്റ്
പത്തനംതിട്ട:സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലും പരിസരപ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളിൽ വ്യാപക അറസ്റ്റ്.126 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്ത്. എറണാകുളം റൂറലില്‍ 75 പേരെയും,തൃപ്പൂണിത്തുറയില്‍ 51 പേരുമാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയിലാണ് കൂടുതല്‍ അറസ്റ്റുകളുണ്ടായത്. സംസ്ഥാന ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. സന്നിധാനത്ത് സ്ത്രീകളെ തടഞ്ഞവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്. ഇതിനായി പത്തനംതിട്ട പോലീസ് ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ശബരിമലയിലെ അക്രമ സംഭവങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നു കരുതുന്ന 210 പേരുടെ ചിത്രങ്ങള്‍ പത്തനംതിട്ട ജില്ലാ പോലീസ് പുറത്തുവിട്ടിരുന്നു. എല്ലാ ജില്ലകളിലെയും പോലീസ് മേധാവികള്‍ക്കു ചിത്രങ്ങള്‍ കൈമാറി. മുഴുവന്‍ പ്രതികളെയും പിടികൂടാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണു നടപടിയെന്നു പോലീസ് അറിയിച്ചു.സംഘം ചേര്‍ന്നുളള അക്രമം, നിരോധനാജ്ഞ ലംഘിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിന്മേലാണ് പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷയ്ക്കായി 5000 പൊലീസുകാരെ നിയമിക്കും
പത്തനംതിട്ട:തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് മണ്ഡലഉത്സവകാലത്ത് സുരക്ഷാ ശക്തമാക്കാനൊരുങ്ങി പോലീസ്.ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കും. സന്നിധാനത്തും പരിസരത്തും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ പൊലീസിനെ നല്‍കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം കെ.എസ്.ആര്‍.ടി.സി. സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഇതിലൂടെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയാന്‍ കഴിയും. ഇതിനായുള്ള പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാവും. അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനായി റാപിഡ് ആക്ഷന്‍ ഫോഴ്സിനേയും (ആര്‍.എ.എഫ്) എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കും.ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. സന്നിധാനം, ഗണപതികോവിലില്‍ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കുന്നതിനും വനിതാതീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കും.എ.ഡി.ജി.പി ഇന്റലിജന്‍സ് ടി.കെ.വിനോദ്കുമാര്‍, ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്ത്, ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി. എസ് ആനന്തകൃഷ്ണന്‍, ഐ.ജിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, പി.വിജയന്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്‌പി., സ്പെഷ്യല്‍ സെല്‍ എസ്‌പി, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വിഴിഞ്ഞത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്
തിരുവനന്തപുരം:വിഴിഞ്ഞത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം.പട്ടം താണുപിള്ള മെമോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. ബസ് റോഡില്‍ നിന്നും തെന്നി മാറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ബസ്സിലുണ്ടായിരുന്ന പന്ത്രണ്ട് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ഇവരെ വിഴിഞ്ഞം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള കുട്ടികളെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് തെക്കേക്കരയില്‍ വച്ച് കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.കനാലില്‍ വലിയ അളവില്‍ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.
‘റെലിസ്’:ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഇപ്പോൾ വിരൽത്തുമ്പിൽ
തിരുവനന്തപുരം:സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ എന്നിവയുണ്ടെങ്കിൽ വില്ലേജ് ഓഫീസിൽ പോകാതെ ലോകത്തെവിടെനിന്നും ഓൺലൈനായി ഭൂനികുതി അടയ്ക്കാനുള്ള പദ്ധതിയാണ് റെവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം(ReLIS). ഓൺലൈനായി നികുതി അടയ്ക്കുന്നതിനായി ആദ്യം വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് ഭൂമി സംബന്ധമായ രേഖകൾ,മുൻവർഷം ഭൂനികുതി അടച്ചതിന്റെ വിശദാംശങ്ങൾ,ഭൂവുടമയുടെ തിരിച്ചറിയൽ കാർഡ്/ആധാർ നമ്പർ,ഭൂവുടമയുടെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിലാസം എന്നിവ നൽകണം.വില്ലജ് ഓഫീസർ ഈ വിവരങ്ങളെല്ലാം കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് അപ്‌ലോഡ് ചെയ്ത ശേഷം തണ്ടപ്പേർ(computer generated നമ്പർ),ബ്ലോക്ക് നമ്പർ,സർവ്വേ നമ്പർ,സബ്ഡിവിഷൻ നമ്പർ എന്നിവ ഭൂവുടമയ്ക്ക് നൽകും
ഇവ ലഭിച്ചുകഴിഞ്ഞാൽ www.revenue.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പൊതുവായുള്ള വിവരങ്ങൾ,വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച തണ്ടപ്പേർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ,മുൻവർഷം അടച്ച ഭൂനികുതി,നികുതിദായകന്റെ പേര് തുടങ്ങിയവ നൽകുക. റിമാർക്സ് കോളത്തിൽ ഭൂമിയുടെ ആധാരത്തിന്റെ നമ്പർ/ പട്ടയ നമ്പർ എന്നിവ കൂടി നൽകി അപേക്ഷ സമർപ്പിക്കുക.വില്ലേജ് ഓഫീസർക്കാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നത്.ഈ ഓൺലൈൻ അപേക്ഷ വില്ലേജ് ഓഫീസർ പരിശോധിച്ച് അംഗീകാരം നൽകുന്നു.തുടർന്ന് വീണ്ടും sign in ചെയ്ത് my request ഇൽ pay now എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.net banking/credit card/debit card സംവിധാനം ഉപയോഗിച്ച് പണമടച്ച് രസീത് പ്രിന്റ് ചെയ്ത് എടുക്കുക.ഒരിക്കൽ വില്ലേജ് ഓഫീസർ ഓൺലൈൻ അപേക്ഷ പരിശോധിച്ച് അംഗീകാരം നൽകിയാൽ തുടർന്നുള്ള വർഷങ്ങളിൽ നേരിട്ട് ഓൺലൈനായി നികുതി അടയ്ക്കാവുന്നതാണ്.ഇതിനായി user id,password എന്നിവ സൂക്ഷിക്കേണ്ടതാണ്.
2.മുഖ്യമന്ത്രിയുടെ പരാതി പരിഹാരം
3.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ബുക്കിംഗ് ഈ ആഴ്ച തുടങ്ങും
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ബുക്കിംഗ് ഈ ആഴ്ച തുടങ്ങും.എയർഇന്ത്യ എക്സ്പ്രസിന്റെ സർവീസ് സംബന്ധിച്ച സമയപ്പട്ടികയ്ക്ക് രണ്ടു ദിവസത്തിനകം ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതോടെ റിസർവേഷൻ നടപടികൾ ആരംഭിക്കാനാണ് തീരുമാനം.ആദ്യ സർവീസ് ഡിസംബർ ഒൻപതിന് അബുദാബിയിലേക്ക് നടത്താനാണ് ധാരണയായത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. ഇതിനുപുറമേ റിയാദ്, മസ്കറ്റ്, ദുബായ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കും തുടക്കം മുതൽ സർവീസുകളുണ്ടാകും. ദിവസവും നാല് അന്താരാഷ്ട്ര സർവീസുകളാകും എയർഇന്ത്യ എക്സ്പ്രസ് നടത്തുക. ഇൻഡിഗോ നടത്തുന്ന സർവീസുകളെക്കുറിച്ചും വൈകാതെ ധാരണയാകും. കണ്ണൂരിൽനിന്ന് വിദേശ, ആഭ്യന്തര സർവീസുകൾ നടത്താൻ താത്‌പര്യമറിയിച്ച് സ്പൈസ് ജെറ്റും രംഗത്തെത്തിയിട്ടുണ്ട്. ഇവരുമായി കിയാൽ എം.ഡി. വി.തുളസീദാസ് ചർച്ച നടത്താനിരിക്കുകയാണ്. ഗോഎയർ ആണ് കണ്ണൂരിൽനിന്ന് ഉദ്ഘാടനം മുതൽ സർവീസ് തുടങ്ങുന്ന മറ്റൊരു കമ്പനി.