ശബരിമല:ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂവായിരം കവിഞ്ഞു.3,345 പേരാണ് ശനിയാഴ്ച വരെ അറസ്റ്റിലായിരിക്കുന്നത്.122 പേര്‍ റിമാന്‍ഡിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 517 ആയി. കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കൂടുതല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പ്രാര്‍ത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കാളികളായ വരെ മാത്രം റിമാന്‍ഡ് ചെയ്താല്‍ മതിയെന്നും ഡിജിപിയുടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.നിരപരാധികളെ അറസ്റ്റ് ചെയ്താൽ സർക്കാരിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതിയും മുന്നറിയിപ്പ് നൽകിയിരുന്നു.
ആന്‍സിയും അഭിനവും സ്‌കൂള്‍ മേളയിലെ വേഗമേറിയ താരങ്ങള്‍
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ മേളയിലെ വേഗമേറിയ താരങ്ങളെന്ന നേട്ടം നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനും തിരുവനന്തപുരം സായിയിലെ സി.അഭിനവും സ്വന്തമാക്കി.100 മീറ്റർ ഓട്ടത്തിൽ ആന്‍സി 12.26 സെക്കന്റിലും അഭിനവ് 10.97 സെക്കന്റിലുമാണ് ഫിനിഷ് ചെയ്‌തത്.സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പരിക്ക് വകവയ്‌ക്കാതെ മിന്നും പ്രകടനം കാഴ്‌ച വച്ചാണ് ആന്‍സി ഒന്നാമതെത്തിയത്. അതേസമയം മേളയുടെ രണ്ടാം ദിനവും 10 സ്വര്‍ണവും 13 വെള്ളിയും 3 വെങ്കലവുമായി 98 പോയിന്റ് നേടി എറണാകുളം മുന്നേറ്റം തുടരുകയാണ്.9 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവും ഉള്‍പ്പെടെ 75 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നില്‍. 47 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനത്തുണ്ട്.നിലവിലെ സ്കൂള്‍ ചാമ്ബ്യന്മാരായ മാര്‍ ബേസില്‍ 4 സ്വര്‍ണവും 4 വെള്ളിയും 2 വെങ്കലും ഉള്‍പ്പെടെ 34 പോയിന്റോടെ കിരീടം നിലനിറുത്താനുള്ള ശ്രമത്തിലാണ്. 28 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ സ്കൂള്‍ തൊട്ടുപിന്നിലുണ്ട്. സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ തിരുവന്തപുരം സായ് ആണ് മുന്നില്‍.
സംസ്ഥാനത്ത് നവംബർ ഒന്നാംതീയതി മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു
തൃശൂർ:സംസ്ഥാനത്ത് നവംബർ ഒന്നാംതീയതി മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസ്സുടമകൾ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമതലപ്പെടുത്തി. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ നിരക്ക് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വാഹന നികുതിയില്‍ ഇളവ് നല്‍കണമെന്നാണ് ഉടമകളുടെ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു പ്രധാന ആവശ്യം. അല്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. മിനിമം ചാര്‍ജ് വർധിപ്പിക്കുക, മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ദൂരപരിധി 2.5 കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക എന്നിവയാണ് ബസ് ഉടമകളുടെ ആവശ്യങ്ങള്‍.ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ലെങ്കില്‍ ഡീസല്‍ വിലയില്‍ പ്രത്യേക ഇളവ് നല്‍കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. മാത്രമല്ല, വാഹന നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കായികമേള;എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു
തിരുവനന്തപുരം:തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുള ജില്ല മുന്നേറ്റം തുടരുന്നു.മുപ്പത്തി ആറ് ഇനങ്ങൾ പിന്നിട്ടപ്പോൾ 98 പോയന്റോടെ എറണാംകുളം ഒന്നാസ്ഥാനത്താണ്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളാണ് യഥാക്രമം രണ്ട് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ. സ്കൂൾ വിഭാഗത്തിൽ മൂന്നു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമായി 25 പോയിന്റുള്ള മാര്‍ ബേസിൽ ഒന്നാമതും, രണ്ട് സ്വര്‍ണവും, മൂന്ന് വെള്ളിയും, നാല് വെങ്കലവുമായി കോതമംഗലം സെന്റ് ജോര്‍ജ് രണ്ടാമതുമാണ്.മേളയിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള 100 മീറ്റർ മത്സരങ്ങൾ ഇന്ന് നടക്കും.
ശബരിമല വിഷയത്തിൽ വിവാദ പരാമർശം;രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
ശബരിമല:യുവതികൾ സന്നിധാനത്ത് പ്രവേശിച്ചാൽ കൈമുറിച്ച് രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കി ശബരിമല നടയടപ്പിക്കാന്‍ 20 അംഗസംഘം സന്നിധാനത്ത് നിലയുറപ്പിച്ചിരുന്നുവെന്ന വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി പ്രമോദ് എന്ന വ്യക്തി ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അയ്യപ്പധര്‍മ്മസേന നേതാവു കൂടിയായ രാഹുലിനെതിരെ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി 153-എ വകുപ്പ് പ്രകാരമാണ് കേസ്.എറണാകുളം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഈശ്വര്‍ ഈ വിവാദ പരാമർശം നടത്തിയത്.സര്‍ക്കാരിന് മാത്രമല്ല തങ്ങള്‍ക്കും പ്ലാന്‍ ബിയും സിയും ഉണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് സന്നിധാനത്ത് കലാപമുണ്ടാക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമോദ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. 153-എ വകുപ്പ് പ്രകാരം എടുത്ത കേസില്‍ കോടതിയില്‍ നിന്ന് മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. രാഹുല്‍ ഈശ്വറിന്‍റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
കണ്ണൂരിൽ കുടിവെള്ളത്തിനായി വാട്ടർ എ ടി എം സ്ഥാപിച്ചു
കണ്ണൂർ:കുടിവെള്ളത്തിനായുള്ള വാട്ടർ എ ടി എം കണ്ണൂരിലും.കണ്ണൂർ കന്റോൺമെന്റ് ബോർഡാണ് വാട്ടർ എ ടി എം എന്ന ആശയവുമായി എത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാആശുപത്രി ബസ് സ്റ്റാൻഡ്,കണ്ണൂർ കന്റോൺമെന്റ് പബ്ലിക് പാർക്ക്, എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി വാട്ടർ എ ടി എമ്മുകൾ സ്ഥാപിച്ചു.എ ടി എമ്മിൽ അഞ്ചു രൂപ നാണയമിട്ടാൽ ഒരുലിറ്റർ വെള്ളവും പത്തുരൂപ നാണയമിട്ടാൽ രണ്ടുലിറ്റർ വെള്ളവും ലഭിക്കും.ഇരുപത്തിനാലു മണിക്കൂറും ജനങ്ങൾക്ക് ഇതിൽ നിന്നും കുടിവെള്ളം ലഭിക്കും.കന്റോൺമെൻറ് ബോർഡ് പ്രസിഡന്റ് കേണൽ അജയ് ശർമ്മ പദ്ധതി ഉൽഘാടനം ചെയ്തു.
മട്ടന്നൂരിൽ രണ്ടിടങ്ങളിൽ മോഷണം
മട്ടന്നൂർ:മട്ടന്നൂർ നഗരത്തിൽ രണ്ടിടങ്ങളിലായി മോഷണം.ഒരു കടയിൽ കയറിൽ മോഷ്ട്ടാവ് മേശയിലുണ്ടായ 15000 രൂപ മോഷ്ടിച്ചു.മറ്റൊരു കടയുടെ പൂട്ടുപൊളിച്ചെങ്കിലും മോഷ്ട്ടാവിനു അകത്തു കടക്കാനായില്ല.മട്ടന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപത്തെ ന്യൂ ഫാർമ മെഡിക്കൽ സ്റ്റോറിമട്ടന്നൂരിൽ രണ്ടിടങ്ങളിൽ മോഷണം ന്റെ ഷട്ടർ തകർത്ത് അകത്തുകയറിയാണ് 15000 രൂപ മോഷ്ടിച്ചത്.വാഹനം ഉപയോഗിച്ച ഷട്ടർ കെട്ടിവലിച്ച് മുന്നോട്ട് ഉയർത്തിയാണ് മോഷ്ട്ടാവ് അകത്തു കടന്നത്.ഇരിട്ടി റോഡിൽ സബ്‌രജിസ്ട്രാർ ഓഫീസിനു മുന്നിലുള്ള അനാദിക്കടയുടെ പൂട്ടുപൊളിച്ചെങ്കിലും മോഷണം നടത്താനായില്ല. സംഭവത്തെ കുറിച്ച് മട്ടന്നൂർ എസ്‌ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശബരിമല സന്നിധാനവും കാനനപാതകളും അതിസുരക്ഷാ മേഖലയാക്കി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി
പത്തനംതിട്ട:മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനവും കാനനപാതകളും അതിസുരക്ഷാ മേഖലയാക്കി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി. പമ്ബയും സന്നിധാനവും ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ വരുന്നത്.ഇലവുങ്കല്‍, ചാലക്കയം, പമ്ബ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപ്പാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളുടെ ഒരു കിലോമീറ്ററാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്നത്. ഇതാദ്യമായാണ് ഇങ്ങനെയുള്ളൊരു പ്രഖ്യാപനം വരുന്നത്.നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം ഉണ്ടായിരിക്കുക. ഈ പ്രദേശം എപ്പോഴും പൊലീസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും.
സ്വകാര്യ ബസ് സമരം;ഗതാഗതമന്ത്രി ഇന്ന് ബസ്സുടമകളുമായി ചർച്ച നടത്തും
തിരുവനന്തപുരം:നവംബർ ഒന്നാം തീയതി മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന ബസ്സുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും. തൃശൂര്‍ രാമനിലയില്‍ വച്ച് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചര്‍ച്ച. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം,മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണം, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം,വിദ്യാര്‍ത്ഥി ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം എന്നീ ആവശ്യങ്ങളാണ് സ്വകാര്യ ബസ്സുടമകൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം, സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യമുണ്ട്.
സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം;രണ്ടു കാറുകൾ തീവെച്ചു നശിപ്പിച്ചു
തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം.ഇന്ന് പുലര്‍ച്ചെ എത്തിയ ആക്രമി സംഘം രണ്ട് കാറുകള്‍ക്ക് തീയിടുകയും ആശ്രമത്തിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്ത വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ഈ വിഷയത്തില്‍ ബിജെപിക്കും സംഗപരിവാറിനുമെതിരെ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആശ്രമത്തിന് പുറത്ത് സിസിടിവി ഉണ്ടായിരുന്നു എങ്കിലും ഇത് പ്രവര്‍ത്തനരഹിതമായിരുന്നു. അതിനാല്‍ അക്രമത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല.ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചതിനാല്‍ തനിക്ക് വലിയ രീതിയിലുള്ള ഭീഷണി ഉണ്ടായിരുന്നതായി സന്ദീപാനന്ദഗിരി പറയുന്നു.