തിരുവനന്തപുരം മൺവിളയിൽ പ്ലാസ്റ്റിക്ക് ഫാക്റ്ററിയിൽ വൻ തീപിടുത്തം

keralanews massive fire broke out in plastic factory in manvila thiruvananthapuram

തിരുവനന്തപുരം: മൺവിളയിൽ  പ്ലാസ്റ്റിക്ക് ഫാക്റ്ററിയിൽ വാൻ തീപിടുത്തം.ബുധനാഴ്ച്ച വൈകിട്ട് ഏഴേ കാലോടെ ആണ് ഫാമിലി പ്ലാസ്റ്റിക്കിന്റെ ഗോഡൗണിൽ തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെയും തീ അണയാതെ തുടരുകയാണ്. ഫാക്ടറിക്കുള്ളില്‍ ഗ്യാസ് സിലിന്‍ഡറുകളും വന്‍തോതിലുള്ള പ്ലാസ്റ്റിക് ശേഖരവുമുള്ളതിനാല്‍ കെട്ടിട്ടത്തിലേക്ക് പ്രവേശിച്ച്‌ തീ അണയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. മണിക്കൂറുകളോളം കത്തിയ കെട്ടിട്ടത്തിന്‍റെ പലഭാഗങ്ങളും ഇതിനോടകം തകര്‍ന്നു വീണിട്ടുണ്ട്. ഒന്നാം നിലയുടെ എല്ലാ ഭാഗവും ഏതാണ്ട് കത്തി കരിഞ്ഞ് ഇടിഞ്ഞു വീണു കൊണ്ടിരിക്കുകയാണ്. ഫാമിലി പ്ലാസ്റ്റികിന്‍റെ മൂന്ന് കെട്ടിട്ടങ്ങളില്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാമത്തെ നിലയില്‍ നിന്ന് തീ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. തീ പടരുമ്ബോള്‍ കെട്ടിടത്തില്‍ 120 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആദ്യം ഇവര്‍ കേട്ടത് ഒരു പൊട്ടിത്തെറി ശബ്ദമായിരുന്നു.പിന്നാലെ തീയും കറുത്ത പുകയും പടര്‍ന്നു. ഇതോടെ തൊഴിലാളികളെല്ലാം ജീവനും കൊണ്ട് പുറത്തേക്ക് ഓടി. ഇവരില്‍ ഒരാള്‍ക്ക് പോലും പൊള്ളലേല്‍ക്കുകയോ പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല എന്നത് അത്ഭുതകരമാണ്. നിമിഷ നേരം കൊണ്ട് വിഷപ്പുക ആകാശം മുട്ടെ ഉയര്‍ന്നു. ചുറ്റുപാടുള്ള കെട്ടിടങ്ങളില്‍ നിന്നടക്കം ആളുകള്‍ ചിതറിയോടി. അഗ്നിശമന യൂണിറ്റുകളും പോലീസും സ്ഥലത്ത് കുതിച്ചെത്തി. ഫാക്ടറിയില്‍ നിന്ന് വന്‍ശബ്ദത്തോടെ പൊട്ടിത്തെറികള്‍ ഉണ്ടായതോടെ അഗ്നിശമനാ സേനാംഗങ്ങള്‍ക്ക് കെട്ടിടത്തിന് അകത്തേക്ക് പോകാന്‍ പറ്റാതായി.ആളുകളോട് സ്ഥലത്ത് നിന്ന് ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അതിനിടെ വിഷപ്പുക ശ്വസിച്ച്‌ ജയറാം രഘു, ഗിരീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീപിടിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. അന്‍പതോളം ഫയര്‍ എഞ്ചിനുകളാണ് തീ അണയ്ക്കുന്നതിന് വേണ്ടി രാതിയില്‍ പ്രയത്‌നിച്ചത്. പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചയോടെ ആണ് തീ നിയന്ത്രണ വിധേയമായത്. ഫാക്ടറിയും ഗോഡൗണും സമീപത്തുളള തൊഴില്‍ പരിശീലന കേന്ദ്രവും കത്തി നശിച്ചു.നിരവധി വ്യവസായ ശാലകളും കെല്‍ട്രോണും സമീപത്തുണ്ട് എന്നത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ തീ ഈ ഭാഗത്തേക്ക് പടര്‍ന്നില്ല എന്നത് ആശ്വാസകരമായി.

സംഘർഷ സാധ്യത;ശബരിമലയിൽ ശനിയാഴ്ച മുതൽ സേനയെ വിന്യസിക്കും

keralanews possibility of violence army will be distributed in sabarimala from saturday

പത്തനംതിട്ട:സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ ശനിയാഴ്ച മുതൽ സേനയെ വിന്യസിക്കും. ചിത്തിരയാട്ടത്തിനായി അഞ്ചാം തീയതി ശബരിമലയിൽ ഒരു ദിവസത്തേക്ക് നടതുറക്കും.ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്‍റെ ചുമതല. ഐജി അശോക് യാദവിനാണ് പമ്പയുടെ ചുമതല.അതേസമയം ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി കേസ് എടുക്കും വരെ നാമ ജപയജ്ഞം തുടരുമെന്ന് എന്‍.എസ്.എസ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന നവംബര്‍ 13 വരെ എന്‍എസ്‌എസ് നാമജപ യജ്ഞം നടത്തുമെന്നും അധികൃതരുടെ മനസ്സ് മാറാന്‍ വേണ്ടിയാണ് പ്രാര്‍ത്ഥന നടത്തുന്നതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല പുനഃപരിശോധനാ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന വാദം സുപ്രീം കോടതി തള്ളി

keralanews the supreme court rejected the argument that sabarimala review petitions should be considered urgently

ന്യൂഡല്‍ഹി: നവംബര്‍ അഞ്ചാം തീയതി നട തുറക്കാനിരിക്കെ ശബരിമല പുനഃപരിശോധന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് നട തുറക്കുന്നതെന്നും അതിനാല്‍ നവംബര്‍ 11ന് ശേഷം വാദം കേള്‍ക്കുന്നതില്‍ മാറ്റം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും കേസിന്റെ അടിയന്തര സ്വഭാവവും കണക്കിലെടുത്ത് ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ഒരു കൂട്ടം അഭിഭാഷകരുടെ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. നവംബര്‍ അഞ്ചിന് ചിത്തിര ആട്ടത്തിനായി ഒരു ദിവസത്തേക്ക് ശബരിമല നട തുറക്കുമ്പോൾ വനിതാ പൊലീസുള്‍പ്പെടെ 1500 പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കാനാണ് പൊലീസ് പദ്ധതി. നട തുറക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസിന് സംസ്ഥാന വ്യാപക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മന്ത്രി മാത്യു ടി ടോമസിന്റെ ഗൺമാൻ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലം;ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

keralanews the gunman of minister mathew t thomas committed suicide due to love failure suicide notewas found

കൊല്ലം: മാത്യൂ ടി തോമസിന്റെ ഗണ്‍മാന്‍ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലം. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ആത്മഹത്യാകുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സുജിത്ത് കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച്‌ ജീവിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇതില്‍ നിന്നും പിന്മാറി. ഇതു മൂലമുള്ള മനോവിഷമത്തിലാണ് സുജിത്ത് കടും കൈ ചെയ്തത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.’അവളില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുന്നില്ല. എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’ എന്നിങ്ങനെയുള്ള നിരാശാജനകമായ വരികളായിരുന്നു കത്തില്‍. പെണ്‍കുട്ടി പിന്മാറിയതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സുജിത്ത് മാനസികമായി ഏറെ തകര്‍ന്നു പോയിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.  തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയില്‍ നിന്നും ലീവ് എടുത്ത് വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് വീടിന്റെ രണ്ടാം നിലയില്‍ സുജിത്തിനെ വെടികൊണ്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുന്നത്.

കാർഡുകളുടെ എണ്ണം കുറവുള്ള റേഷൻ കടകൾ ലയിപ്പിക്കാൻ സർക്കാർ നീക്കം

keralanews the government will have to merge ration shops with fewer number of cards

തിരുവനന്തപുരം:കാർഡുകളുടെ എണ്ണം കുറവുള്ള റേഷൻ കടകൾ ലയിപ്പിക്കാൻ സർക്കാർ നീക്കം.ഇത്തരം റേഷൻ കടകൾ പൂട്ടി ഇവിടുത്തെ കാർഡുകൾ തൊട്ടടുത്ത റേഷൻ കടകളിൽ ലയിപ്പിക്കാനാണ് തീരുമാനം.നവംബർ പത്തിനകം ഇത്തരം കടകളുടെ കണക്കെടുത്ത് റിപ്പോർട്ട് നല്കാൻ സർക്കാർ സിവിൽ സപ്പ്ളൈസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആറു ജില്ലകളിലെ കണക്കെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു.ഇ പോസ് മെഷീൻ നിലവിൽ വന്നതോടെ ഏതു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്നായതോടെയാണ് ഈ സാഹചര്യം ഉണ്ടായത്. ചിലയിടങ്ങളിൽ 400 കാർഡുകൾ വരെ ഉണ്ടായിരുന്ന കടകളിൽ ഇപ്പോൾ നൂറും നൂറ്റമ്പതും മാത്രമായി ചുരുങ്ങിയിട്ടുണ്ട്.ഇവരോട് കടകൾ ഒഴിവാക്കി കാർഡുകൾ തൊട്ടടുത്ത കടകളിലേക്ക് ലയിപ്പിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. ഒരുതാലൂക്കിൽ ഇത്തരത്തിൽ നൂറിലധികം കടകൾ വരെ ഒഴിവാക്കപ്പെട്ടേക്കാം.നിലവിൽ 16000 രൂപയാണ് സർക്കാർ കടയുടമകൾക്ക് മാസവേതനം നൽകുന്നത്.കടകൾ കുറയുന്നതോടെ ഈ തുകയിനത്തിലും സർക്കാരിന് നേട്ടമുണ്ടാകും.ലയനം വഴി കൂടുതൽ കാർഡുകൾ ലഭിക്കുന്ന കടക്കാർക്ക് മാസവേതനത്തോടൊപ്പം കമ്മീഷനും നൽകും.പൂട്ടുന്നതിൽ എതിർപ്പുള്ള കടയുടമകളോട് കോടതിയെ സമീപിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.

പട്ടേൽ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

keralanews prime minister dedicated the patel statue to the nation

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്മരണാര്‍ഥം നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രതിമയ്ക്ക് സമീപം നിര്‍മ്മിച്ചിട്ടുള്ള ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനച്ചടങ്ങുകളുടെ സമയത്ത് വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്ത് ത്രിവര്‍ണ പതാകയുടെ ചിത്രം വരച്ചതും കൗതുകമുണര്‍ത്തി. സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, കണ്‍വെന്‍ഷന്‍ സെന്റര്‍, പൂക്കളുടെ താഴ്‌വര തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് പ്രതിമ സമുച്ചയം.ഏകതാ പ്രതിമ എന്ന പേരിട്ടിട്ടുള്ള പ്രതിമ പട്ടേലിന്‍റെ 143 മത് ജന്മദിനത്തിലാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.33 മാസമെടുത്താണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാം വി. സുത്തര്‍ രൂപകല്പനയും എല്‍ ആന്‍ഡ് ടി നിര്‍മാണവും നിര്‍വഹിച്ച പ്രതിമയ്ക്ക് 2,989 കോടി രൂപയാണ് ചെലവ്.ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെക്കാളും ബ്രസീലിലെ ക്രിസ്തുപ്രതിമയെക്കാളും അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയേക്കാളുമൊക്കെ ഉയരമുള്ളതാണ് പട്ടേല്‍ പ്രതിമ.അതായത് ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനം ഇനി ഏകതാ പ്രതിമയ്ക്ക് സ്വന്തം.

ശബരിമല ദർശനത്തിന് ഡിജിറ്റൽ ക്യൂ;ബുക്കിംഗ് ആരംഭിച്ചു

keralanews digital queue for sabrimala visit booking started

പത്തനംതിട്ട:മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ഥാടകരുടെ തിരക്ക് നിയന്തിക്കുന്നതിനും ദര്‍ശനം സുഗമമാക്കുന്നതിനുമുള്ള ഡിജിറ്റൽ ക്യൂ സംവിധാനത്തിന് തുടക്കമായി.ഈ സംവിധാനം വഴി പമ്ബയിലേയ്ക്ക് പോകാനും തിരിച്ചുവരാനും കെഎസ്‌ആര്‍ടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ദര്‍ശനസമയവും മുന്‍കൂട്ടി ബുക്ക് ചെയ്യാം.ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും അവരെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുന്ന വെബ്സൈറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്താല്‍ നിലയ്ക്കലില്‍ ബസ് ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാമെന്നതാണ് പ്രത്യേകത.https://www.sabarimalaq.com എന്ന വെബ് സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യാം.

കണ്ണൂർ കൂട്ടുപുഴയിൽ റോഡ് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി

keralanews the cave was found during road construction at koottupuzha in kannur

ഇരിട്ടി:കൂട്ടുപുഴയിൽ റോഡ് നിർമാണത്തിനിടെ ഗുഹ കണ്ടെത്തി.ഒരാള്‍ക്ക് കടന്നുപോകാന്‍ തരത്തിലുള്ള വീതിയുണ്ട് ഗുഹയ്ക്ക്. പുതിയ പാലം നിര്‍മിക്കുന്നതിനു സമീപം റോഡിന് മറുവശത്ത് 10 മീറ്ററോളം ഉയരമുള്ള തിണ്ടിന് താഴെയായിട്ടാണ് ഗുഹ കണ്ടെത്തിയത്.കെഎസ്ടിപി പദ്ധതി പ്രകാരം തലശ്ശേരി-വളവുപാറ റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വീതി കൂട്ടുന്നതിനായി തിണ്ട് ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ പോലീസ് സ്ഥലത്ത് എത്തി. കെഎസ്ടിപി റോഡിലാണ് ഗുഹയുടെ തുടക്കമെങ്കിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് നീളുന്നത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് പരിശോധനയ്ക്കായി ഈ മേഖലയിലെ പ്രവൃത്തി നിര്‍ത്തിവച്ചു. എന്നാല്‍ ആകാംഷയോടെ നാട്ടുകാര്‍ ഗുഹയ്ക്കുള്ളിലേക്ക് കയറുന്നത് തുടര്‍ന്നതോടെ താല്‍കാലികമായി ഗുഹ അടച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത;നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

keralanews chance for heavy rain in the state from tomorrow and yellow alert announced in four district

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്ക് മുന്നറിയിപ്പുണ്ട്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബറില്‍ എത്തേണ്ടിയിരുന്ന തുലാവര്‍ഷം ഇത്തവണ ഏറെ വൈകിയാണ് എത്തുന്നത്.ഏറെ വൈകിയാണ് ഇത്തവണ തുലാവര്‍ഷം കേരളത്തിലെത്തുന്നത്.തുലാമഴ ഒക്ടോബറില്‍ ലഭിക്കും എന്നായിരുന്നു ആദ്യത്തെ കണക്ക് കൂട്ടല്‍. എന്നാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും എന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.നവംബര്‍ ആദ്യ വാരത്തിന് ശേഷവും സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി തന്നെ തുടരും.ബംഗാള്‍ ഉള്‍ക്കടലില്‍ പതിവിന് വിപരീതമായി രൂപം കൊളളുന്ന ചെറു ന്യൂനമര്‍ദ്ദങ്ങളാണ് കേരളത്തില്‍ തുലാമഴ വൈകുന്നതിനുളള പ്രധാന കാരണം.

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

keralanews gunman of minister mathew t thomas found dead

കൊല്ലം:മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാനെ സർവീസ് റിവോൾവറിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്ബ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആണ്.ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.സര്‍വീസ് റിവോള്‍വറില്‍ നിന്നാണ് വെടിയേറ്റത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയി ലേക്ക് മാറ്റും. ആദ്യം ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. സുജിത്തിന്റെ കിടപ്പു മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പൊലീസുകാരനായിരുന്ന സുജിത്ത് കഴിഞ്ഞ ദിവസമാണ് ജോലിയില്‍ നിന്നും ലീവ് എടുത്ത് വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ സുജിത്തിനെ വെടികൊണ്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ സുജിത്തിനെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ തലയ്ക്കാണ് വെടിവെച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു.വ്യക്തിപരമായ പ്രശ്‌നങ്ങളാകാം സംഭവത്തിന് പിന്നിലെന്ന് മന്ത്രി മാത്യു ടി.തോമസ് വ്യക്തമാക്കി. ഔദ്യോഗികമായി പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.