ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടശേഷം വയനാട്ടിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തു

keralanews students committed suicide after publishing post in instagram

കല്‍പ്പറ്റ: ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ തുങ്ങിമരിച്ചു. കൗമാരക്കാരായ ഈ വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാമില്‍ ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുൻപ് ഇവര്‍ സുഹൃത്തുകള്‍ക്ക് വിരുന്നു നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം അന്വേഷിച്ചുവരികയാണ്.

മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സിന്തെറ്റിക് ട്രാക്ക് സജ്ജമായി;മുഖ്യമന്ത്രി തിങ്കളാഴ്ച ഉൽഘാടനം ചെയ്യും

Athletics Track Surface Construction

കണ്ണൂർ:ഉത്തരമലബാറിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സിന്തറ്റിക് ട്രാക്ക് സജ്ജമായി.സർവകലാശാല കായിക പഠന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആറരക്കോടി രൂപ ചിലവിൽ 400 മീറ്ററിന്റെ എട്ട് ലൈനുകളുള്ള ട്രാക് സജ്ജമാക്കിയത്.ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ ട്രാക് പരിശോധിച്ച് അംഗീകാരം നൽകിക്കഴിഞ്ഞു.നിലവിൽ കാലിക്കറ്റ്,കേരള സർവ്വകലാശാലകളിലാണ് സിന്തറ്റിക് ട്രാക്ക് ഉള്ളത്.ട്രാക്കിന്റെ ഉൽഘാടനം അഞ്ചാം തീയതി രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ട്രാക്കിനോടനുബന്ധിച്ചുള്ള സർവകലാശാല അത്ലറ്റിക് കോച്ചിങ് സെന്ററിന്റെ ഉൽഘാടനം ടി.വി രാജേഷ് എംഎൽഎ നിർവഹിക്കും.ഒളിമ്പ്യൻ ഷൈനി വിൽസൺ മുഖ്യാതിഥിയായിരിക്കും.സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.എം.പി മാരായ പി.കെ ശ്രീമതി,പി.കരുണാകരൻ,മുല്ലപ്പള്ളി രാമചന്ദ്രൻ,എം.ഐ ഷാനവാസ്,കെ.കെ രാഗേഷ്,ജില്ലാപ്രസിഡന്റ് കെ.വി സുമേഷ്,സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഓ.കെ ബിനീഷ്,സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

അന്താരാഷ്ട്ര നിലവാരത്തിലാണ് സിന്തറ്റിക് ട്രക്കും ഗ്രൗണ്ടും പൂർത്തിയാക്കിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ഇൻഫ്രാ കമ്പനിയാണ് ട്രാക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.നാല് ജമ്പിങ് പിറ്റുകാർ,ഹമ്മർ ത്രോ,ഡിസ്കസ് ത്രോ കെയ്‌ജുകൾ എന്നിവയ്ക്ക് പുറമെ സ്റ്റീപ്പിൾ ചെയ്‌സ് മത്സരത്തിനുള്ള വാട്ടർ ജംപും ട്രാക്കിൽ ക്രമീകരിച്ചിട്ടുണ്ട്.100 മീറ്റർ നീളത്തിലും 76 മീറ്റർ വീതിയിലും ബർമുഡ ഗ്രാസ് വച്ചുപിടിപ്പിച്ച ഫുട്ബോൾ ഫീൽഡും ട്രക്കിനുള്ളിൽ നിർമിച്ചിട്ടുണ്ട്.3000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി,എക്യുപ്മെന്റ് സ്റ്റോർ റൂം,ഡ്രസിങ് റൂം എന്നീ സംവിധാനങ്ങളുമുണ്ട്.

കുന്നത്തുകളത്തിൽ ജ്വല്ലറി ഉടമ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

keralanews kunnathukalathil jwellery group owner viswanathan committed suicide

കോട്ടയം:സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തിൽ ജ്വല്ലറി ഗ്രൂപ് ഉടമ കെ.വി വിശ്വനാഥൻ(68) ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.സ്വകാര്യ ആശുപത്റിയുടെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയ വിശ്വനാഥൻ കെട്ടിടത്തിന്റെ ഇരുമ്പ് നിർമിത കൈവഴിയിലേക്കാണ് വീണത്.പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കേസിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിശ്വനാഥൻ ജാമ്യത്തിലിറങ്ങിയത്.അന്നുതന്നെ അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞ ജൂണിലാണ് കുന്നത്ത്കളത്തില്‍ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനില്‍ വിശ്വനാഥനും ഭാര്യ രമണിയും മരുമകന്‍ ജയചന്ദ്രനും മകള്‍ നീതുവും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാകുന്നത്. ചിട്ടിയും ജുവലറി ബിസിനസും തകര്‍ന്നുവെന്നു കാട്ടി വിശ്വനാഥന്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ജൂണ്‍ 18നു പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തശേഷം വിശ്വനാഥനും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു.ഇതേ തുടര്‍ന്ന്  150 കോടി രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച്‌ 1650 നിക്ഷേപകരാണു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ ചതിക്കപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തല്‍. ഇവരില്‍ പലരും ഇപ്പോഴും പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്. തൃശൂരിലെ ഒളിത്താവളത്തില്‍ നിന്നും ഡോ.ജയചന്ദ്രനും നീതുവും ആണ് ആദ്യം പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഒളിത്താവളത്തില്‍ നിന്നു വിശ്വനാഥനെയും ഭാര്യ രമണിയെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ 19ന് ആണു മുന്നറിയിപ്പില്ലാതെ കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ പണമിടപാടു സ്ഥാപനങ്ങളും ജൂവലറികളും അടച്ചത്.വ്യാഴാഴ്ചയാണ് വിശ്വനാഥന് ജാമ്യം കിട്ടിയത്. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു വിശ്വനാഥന്‍.തട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെ മാനസികമായി തകര്‍ന്ന വിശ്വനാഥന്‍ മറ്റുള്ളവരുമായി ഇടപെടുന്നതില്‍നിന്നും മാറി നിന്നിരുന്നു. ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥന്‍ കൂടെയുണ്ടായിരുന്നവരുടെ കണ്ണുവെട്ടിച്ച്‌ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം.

45.28 ലിറ്റർ വിദേശമദ്യവുമായി കണ്ണൂരിൽ സ്ത്രീ അറസ്റ്റിൽ

keralanews lady arrested with 45liters of foreign liquor

കണ്ണൂർ:45.28 ലിറ്റർ വിദേശമദ്യവുമായി കണ്ണൂരിൽ സ്ത്രീ അറസ്റ്റിൽ.അഴീക്കോട് കടപ്പുറം റോഡിനു  സമീപത്തെ വീട്ടിൽ നിന്നാണ് മദ്യം പിടികൂടിയത്.നാട്ടുകാർ നൽകിയ രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടിടച്ചെടുത്ത്.സംഭവത്തിൽ പൂതപ്പാറ തൂണോലി ഹൗസിൽ പ്രീത(51) ആണ് പിടിയിലായത്. അനധികൃതമായി വിദേശമദ്യം സൂക്ഷിച്ചതിനും വില്പ്പന നടത്തിയതിനു ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വർഷങ്ങളായി ഈ വീട്ടിൽ മദ്യക്കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് വ്യാഴാഴ്ച രാത്രി പാപ്പിനിശ്ശേരി എക്‌സൈസ് ഇൻസ്പെക്റ്റർ എം.ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലാണ് ഇവിടെ റെയ്ഡ് നടത്തിയത്.അസി.എക്‌സൈസ് ഇൻസ്പെക്റ്റർ കെ.സുധാകരൻ,പ്രിവന്റീവ് ഓഫീസർമാരായ അഡോൺ ഗോസ്ഫ്രഡ്‌,സിവിൽ ഓഫീസർമാരായ എം.രാജീവൻ, കെ.ദീപക്,എം.സുജിത് എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

മുഖ്യമന്ത്രിക്കും പി.ജയരാജനുമെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

keralanews man who make death threat against chief minister and p jayarajan were arrested

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം മുണ്ടൂരിലെ കൊവ്വല്‍ കളരിയിലെ പരത്തിവീട്ടില്‍ വിജേഷി(35)നെയാണ് അറസ്റ്റ് ചെയ്തത്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെ മൂന്ന് ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാണ് വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഒരുമാസം മുന്‍പാണ് സംഭവം. കോഴിക്കോട് കുളത്തൂരിലെ ഒരു ആശ്രമത്തിലെ അന്തേവാസിയാണ് ഇപ്പോള്‍ വിജേഷ്. ടൗണ്‍ എസ്.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ആശ്രമത്തിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾ നേരത്തെയും പിണറായി വിജയന്‍, പി.ജയരാജന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു ടി.ഐ.മധുസൂദനന്‍ എന്നിവര്‍ക്കുനേരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതിയാണ്.

തിരുവനന്തപുരത്ത് ശക്തമായ മഴ;നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

keralanews heavy rain in thiruvananthapuram shutters of neyyar dam opened

തിരുവനന്തപരം:സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി.അഗസ്ത്യ വനമേഖല ഉള്‍പ്പെട്ട ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് നെയ്യാറിന്റെ ഇരുകരകളിലുള്ളവരും കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മഴ തുടരുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നി ജില്ലകളിലും ശക്തമായ മഴ ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.വരുന്ന ആറുദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

ശബരിമലയിൽ കനത്ത സുരക്ഷ;ഇന്ന് അർധരാത്രി മുതൽ ആറാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

keralanews tight security in sabarimala prohibitory order from today to 6th of this month

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ കനത്ത സുരക്ഷ ഏർപ്പെടുത്തി.ഇതിന്റെ ഭാഗമായി സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രി മുതൽ ആറാം തീയതി വരെ കലക്ടര്‍ പിബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരിക്കുന്നത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ആയിരത്തിലധികം പൊലീസുകാരെയാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കുക. തീര്‍ത്ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും അഞ്ചാം തീയതി രാവിലെ എട്ടുമണിയോടുകൂടി മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്ബയിലേക്കും സന്നിധാനത്തേക്കും കടത്തിവിടു.സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമിത്. തീര്‍ത്ഥാടകരല്ലാതെ ആരെയും പമ്ബയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

ശബരിമലയിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി

keralanews supreme court says stop illegal constructions in sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ അനധികൃത നിര്‍മ്മാണം കണ്ടെത്തിയാല്‍ പൊളിക്കണമെന്ന് സുപ്രീംകോടതി. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് പുനര്‍ നിര്‍മ്മാണം വേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ശബരിമല വനഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഉന്നതാധികാര സമിതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എന്തിനാണ് അറ്റകുറ്റപ്പണിയെന്നും കോടതി ആരാഞ്ഞു. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ രംഗത്ത് എത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കരുതെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ നാലാഴ്‌ച്ചത്തെ സമയം വേണമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു.ശബരിമല. പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഉത്തരവിടണമെന്നാണ് ഉന്നതാധികാര സമിതി ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നത്. പ്രളയത്തില്‍ തകര്‍ന്ന പമ്ബയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്തിമ മാസ്റ്റര്‍പ്ലാനിന് സുപ്രീം കോടതി അംഗീകാരം നല്‍കുന്നതുവരെ കുടിവെള്ള വിതരണം, ശൗചാലയം എന്നിവയ്ക്കുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. മാത്രമല്ല പമ്ബയില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

പയ്യാമ്പലത്തെ നിസാര്‍ അഹമ്മദ്‌ സ‌്മൃതി സ‌്തൂപം തകര്‍ത്തു

keralanews destroyed nisar ahammed smrithi stupa in payyambalam

കണ്ണൂര്‍: ജനതാദള്‍ നേതാവ‌് അഡ്വ. നിസാര്‍ അഹമ്മദിന്റെ പയ്യാമ്പലത്തെ സ‌്മൃതി സ‌്തൂപം തകര്‍ത്തു.സംഘപരിവാറിന് സ്തൂപം തകർത്തതിന് പിന്നിലെന്നാണ് നിഗമനം.വെള്ളിയാഴ‌്ച പുലര്‍ച്ചെയാണ‌് സ‌്തുപം തകര്‍ത്തത‌്. ശനിയാഴ‌്ചയാണ‌് സ‌്തൂപത്തിന്റെ അനാഛാദനം നടക്കേണ്ടിയിരുന്നത‌്. കഴിഞ്ഞ ദിവസം സ‌്തൂപം പയ്യാമ്ബലത്ത‌് അനുവദിക്കില്ലെന്ന‌് വിശ്വഹിന്ദു പരിഷത്ത‌് ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതക്കാരല്ലാത്തവരുടെ സ‌്മാരക സ‌്തൂപം പയ്യാമ്പലത്ത് അനുവദിക്കാനാവില്ലെന്നായിരുന്നു ഭീഷണി.നിര്‍മാണത്തിലുള്ള സ‌്തൂപത്തിന‌് ചുറ്റും കാവി കൊടികളും കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന‌് ജനതാദള്‍ നേതാക്കള്‍ ബിജെപിയുടെയും ആര്‍എസ‌്‌എസിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാക്കളുമായി സംസാരിച്ചിരുന്നു. ആലോചിച്ചു പറയാം എന്നാണ‌് ഇവര്‍ മറുപടി നല്‍കിയത‌്. എന്നാല്‍ വെള്ളിയാഴ‌്ച പുലര്‍ച്ചെയോടെ സ‌്തൂപം തകര്‍ക്കുകയായിരുന്നു.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 13 ന് ആരംഭിക്കും

keralanews s s l c exam of this year will start from march 13th

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 13 ന് ആരംഭിക്കും.പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.മാർച്ച് 13, 14, 18, 19, 20, 21, 25, 26, 27 തീയതികളിലാണ് പരീക്ഷ. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.45നാണ് പരീക്ഷ. നേരത്തെ രാവിലെ പരീക്ഷ നടത്തണമെന്ന നിർദേശം പരിഗണനയിലായിരുന്നു. എന്നാൽ‌ രാവിലെ ചോദ്യപേപ്പറുകൾ സ്കൂളിലെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മുൻ വർഷങ്ങളിലേതുപോലെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു.