സന്നിധാനത്ത് യുവതികൾ എത്തിയതായി സംശയം; നടപന്തലിൽ പ്രതിഷേധം

keralanews doubt that girls reached in sannidhanam protest in nadapanthal

ശബരിമല:അമ്പതു വയസ്സിൽ താഴെയുള്ള സ്ത്രീ സന്നിധാനത്ത് ദർശനത്തിനായി എത്തിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നടപന്തലിൽ പ്രതിഷേധം നടന്നു.വലിയ നടപ്പന്തലിലാണ് നാമജപ പ്രതിഷേധം നടന്നത്.എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിന് മുകളില്‍ പ്രായം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ വരെയെത്തിയ തൃശ്ശൂര്‍ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു.ഇതിന് ശേഷം ഒരു സ്ത്രീ എത്തിയതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതേ തുടർന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.തൃശ്ശൂര്‍ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തിയത്. ഇതില്‍ ലളിതയുടെ പ്രായം സംബന്ധിച്ച്‌ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകള്‍ ഇവരെ വളഞ്ഞു. ഉടന്‍ പൊലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച്‌ വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്ന് പൊലീസ് ഇവരെ രക്ഷിച്ച്‌ വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതില്‍ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് ഒരാളെ പൊലീസ് പിടികൂടി സന്നിധാനം സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഇതോടെ ഭക്തരെല്ലാം കൂടി സന്നിധാനം സ്‌റ്റേഷന്‍ ഉപരോധിച്ചു.ശരണം വിളികളുമായാണ് ഭക്തരെത്തിയത്. അതിവേഗം ആയിരങ്ങള്‍ തടിച്ചു കൂടി. സ്ഥിതി കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായി. ഈ സമയം സന്നിധാനത്തുണ്ടായിരുന്ന വത്സൻ തില്ലങ്കേരിയുമായി പോലീസ് ചർച്ച നടത്തി.തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ വല്‍സന്‍ തില്ലങ്കേരി വയസ്സ് സംബന്ധിച്ച്‌ മൈക്കിലൂടെ അറിയിപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധം ഒഴിവായത്. ദര്‍ശനത്തിന് എത്തിയത് 50 കഴിഞ്ഞ യുവതികളാണെന്നായിരുന്നു തില്ലങ്കേരി അറിയിച്ചത്. ഇതിന് ശേഷം സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കുകയും ചെയ്തു.

ചിത്തിരയാട്ടത്തിരുനാളിനായി ശബരിമല നട തുറന്നു;വൻ ഭക്തജനത്തിരക്ക്

keralanews sabarimala temple open for chithirayattm

ശബരിമല:ചിത്തിരയാട്ടത്തിരുനാളിനായി ശബരിമല നട തുറന്നു.കനത്ത പോലീസ് വലയത്തിലും സുരക്ഷയിലുമാണ് സന്നിധാനമടക്കമുള്ള സ്ഥലങ്ങൾ.എന്നിരുന്നാലും വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.കെ.സുരേന്ദ്രൻ അടക്കമുള്ള ചില ബിജെപി നേത്തെക്കാളും സന്നിധാനത്തെത്തിയിട്ടുണ്ട്.പമ്പയിലേക്കെത്തിയ അയ്യപ്പ ഭക്തരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിടുന്നുണ്ട്. 2300 ഓളം പൊലീസുകാരെയാണ് സാന്നിധാനത്തും പരിസരത്തും സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. പമ്പക്കും സന്നിധാനത്തിനും ഇടയിൽ മാത്രം ആയിരത്തിലധികം പൊലീസുകാർ സുരക്ഷക്കായുണ്ട്.സംഘപരിവാർ സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് പഴുതടച്ചുള്ള സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.പമ്പയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധനയുണ്ട്.പരിശോധന ഉണ്ടെങ്കിലും ശബരിമലയിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്നലെ മുതൽ പലയിടങ്ങളിലും വിലക്ക് നേരിട്ടിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് മാധ്യമപ്രവർത്തകർക്ക് സാന്നിധാനത്തേക്ക് പ്രവേശിക്കാനായത്. കാനന പാതയിലടക്കം വലിയ സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്.

പി.കെ ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ടയാൾ പോലീസ് കസ്റ്റഡിയിൽ

keralanews man arrested who write defamatory post in social media against p k sreemathi were arrested

കണ്ണൂർ:പി.കെ ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ടയാൾ പോലീസ് കസ്റ്റഡിയിൽ.നടുവില്‍ കപ്പള്ളി വീട്ടില്‍ സജിത്തിനെ (39) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.എംപിയെ മോശമായി ചിത്രീകരിച്ച്‌ മറ്റൊരാളിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ് ചെയ്ത സംഭവത്തിലാണ് സജിത്തിനെ അറസ്റ്റ് ചെയ്തത്. എംപിയുടെ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സജിത്ത് വലയിലായത്. പോസ്റ്റിട്ടയാള്‍ക്കായി അന്വേഷണം നടന്നുവരികയാണ്.

ശബരിമല നട ഇന്ന് തുറക്കും;കർശന സുരക്ഷയൊരുക്കി പോലീസ്;സന്നിധാനത്ത് വനിതാപോലീസിനെ വിന്യസിച്ചു

keralanews sabarimala temple open today police arranged tight security women police reached in sannidhanam
ശബരിമല:ചിത്തിരയാട്ടത്തിനായി ശബരിമല നട ഇന്ന് തുറക്കും.സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ 20 കിലോമീറ്റര്‍ മുന്‍പു മുതല്‍ പൊലീസ് കാവല്‍ അതിശക്തമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ആറുമേഖലകളിലായി 3000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അൻപത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും തുലാമാസ പൂജാസമയത്തുണ്ടായ ഭക്തരുടെ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കില്ലെന്ന നിലപാടിലുമാണ് പൊലീസ്. ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരുടെ കൈയില്‍ ഏതെങ്കിലും ഐഡികാര്‍ഡുകള്‍ അത്യാവശ്യമാണ്.അതേസമയം ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ പൊലീസ് സംഘം സന്നിധാനത്തെത്തി. 50 വയസ്സ് പിന്നിട്ട 15 പേരടങ്ങിയ സംഘമാണ് സന്നിധാനത്തെത്തിയത്. സ്ത്രീകള്‍ എത്തിയാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കാനാണ് വനിതാ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.സിഐ- എസ്‌ഐ റാങ്കിലുളള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഇന്നലെ തന്നെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പമ്ബയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്.

അപകടസമയത്ത് കാറോടിച്ചത് ഡ്രൈവർ അർജുൻ തന്നെ;ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

keralanews balabhaskars wife lakshmi reveals that arjun drive the car at the time of accident

തിരുവനതപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും, മകള്‍ തേജസ്വിനിയും മരിക്കാനിടയായ കാറപകടത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അപകടം നടക്കുമ്ബോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കു മൊഴി നല്‍കി.ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി. എന്നാല്‍ അപകട സമയത്ത് ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നത്.തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂവെന്നും പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചതെന്നുമാണ് അര്‍ജുന്‍ വെളിപ്പെടുത്തിയത്. രണ്ടുപേരുടെയും മൊഴികൾ തമ്മിലുള്ള വൈരുദ്ധ്യം പോലീസ് വിശദമായി അന്വേഷിക്കും.സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും മൊഴി പൊലീസ് വീണ്ടും എടുക്കും.ഇതിനായി അപകടസ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാന്‍ തീരുമാനമായി. അപകടം നടക്കുമ്പോൾ താനും മകളും മുന്‍സീറ്റിലിരിക്കുകയായിരുന്നുവെന്നും, ബാലഭാസ്കര്‍ പുറകില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ലക്ഷ്മി വെളിപ്പെടുത്തി. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ മകള്‍ തേജസ്വിനി സംഭവ സ്ഥലത്തും, ബാലഭാസ്കര്‍ ചികിത്സയിലിരിക്കവെയാണ് മരിക്കുന്നത്.അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ലക്ഷ്മി കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ട് വീട്ടിലെത്തിയത്.

ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

keralanews dgp loknath behra says medias not banned in sabarimala police says no woman approached seeking protection

ശബരിമല:ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ.സുരക്ഷാ ക്രമീകരണം പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ മലയിലേക്ക് പ്രവേശിപ്പിക്കും.ഭക്തരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് പോലീസ് നടപടിയെന്നു പറഞ്ഞ ബെഹ്റ മാധ്യമപ്രവര്‍ത്തകര്‍ പോലീസിനോട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തെ പൊലീസ് ഒരിക്കലും തടയില്ല. ഇന്ന് വൈകുന്നേരത്തോടെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിജിപി പറഞ്ഞു.ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ സ്ത്രീകളാരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സി.നാരായണന്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം, ശബരിമലയില്‍ സ്ത്രീകളെ മുൻനിർത്തി സംഘര്‍ഷമുണ്ടാക്കാന്‍ ചില സംഘടനകള്‍ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വന്‍ പൊലീസ് സുരക്ഷാ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് ഇലവുങ്കലില്‍ വച്ച്‌ തന്നെ തീര്‍ത്ഥാടകരെ ബാരിക്കേഡ് വച്ച്‌ പൊലീസ് തടയുകയാണ്. നേരത്തെ നിലയ്‌ക്കല്‍ വരെ തീര്‍ത്ഥാടകരെ കയറ്റി വിടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സന്നിധാനത്തേക്ക് നാളെ മാത്രമേ പ്രവേശനം അനുവദിക്കൂ.

ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്;സന്നിധാനത്തടക്കം വനിതാ പോലീസിനെ വിന്യസിക്കാൻ നീക്കം

keralanews intelligence report-that chance for conflict in sabarimala and women police will be aligned in sannidhanam

പത്തനംതിട്ട:ചിത്തിരയാട്ടത്തിനായി നടതുറക്കാനിരിക്കെ സ്ത്രീപ്രവേശനത്തെ ചൊല്ലി ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ചയാണ് ഒരു ദിവസത്തേയ്ക്ക് നട തുറക്കുന്നത്.സ്ത്രീകളെ അണിനിരത്തി സംഘപരിവാര്‍ സംഘടകള്‍ പ്രതിഷേധം ശക്തമാക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടാൻ ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കാമെന്നാണ് തീരുമാനം.ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ളവരെ സ്ത്രീകളെ അണിനിരത്തി തടയാനാണ് ബിജെപി-ആര്‍എസ്‌എസ് ശ്രമമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സ്ത്രീ പ്രതിഷേധക്കാരെ അണിനിരത്തി യുവതികളെ തടയാനുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ സന്നിധാനത്ത് കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കാനാണ് പോലീസിന‍്റെ നീക്കം. അമ്ബത് വയസിന് മുകളില്‍ പ്രായമുള്ള 30 വനിതാ പോലീസുകാരെയാകും സന്നിധാനത്ത് നിയോഗിക്കുക. എസ്‌ഐ, സിഐ റാങ്കിലുള്ളവരെയാകും പ്രതിഷേധക്കാരെ നേരിടാനായി നിയോഗിക്കുന്നത്. ആവശ്യമെങ്കില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ ഇവരെ സന്നിധാനത്ത് വിന്യസിക്കും.1200 പോലീസുകാരെയാണ്  ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനം തടയാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.സംഘർഷ സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതൽ പമ്പ,നിലയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശം പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. ആറാം തീയതിഅര്‍ധരാത്രിവരെയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടി;ആറു പേര്‍ക്ക് പരിക്ക്

keralanews clash between mbbs students in pariyaram medical college and six injured

പരിയാരം:പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടി.ആറു പേര്‍ക്ക് പരിക്കേറ്റു.2013 – 2014 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാത്രി ഒമ്പതുമണിയോടെ  ഹോസ്റ്റലില്‍ ഏറ്റുമുട്ടിയത്.മെഡിക്കല്‍ കോളജ് പോലീസെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചയച്ചത്. 2014 ബാച്ചിലെ അതുല്‍ മോഹനന്‍ (22), സഞ്ജീവ്.പി.ജോണ്‍സണ്‍ (22), അജേഷ്(23), ആനന്ദ് (23), 2013 ബാച്ചിലെ റിജോ ജോര്‍ജ് (23), അസീം (23) എന്നിവര്‍ക്കാണ് പരിക്ക്.മെസ് രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവിഭാഗവും തമ്മില്‍ നിലനിന്നു വരുന്ന സംഘര്‍ഷമാണ് തുറന്ന സംഘട്ടനത്തിലെത്തിയത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കും;ബെഞ്ചിൽ മലയാളിയും

keralanews three judge bench will consider retro petitions related to the women entry in sabarimala

ന്യൂഡല്‍ഹി: ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചില്‍ മലയാളിയായ ജസ്‌റ്റിസ് കെ.എം.ജോസഫും ഉള്‍പ്പെട്ടിട്ടുണ്ട്. ജസ്‌റ്റിസ് എ.കെ.കൗളാണ് മറ്റൊരംഗം.ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹര്‍ജികളും നവംബര്‍ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. തുറന്ന കോടതിയില്‍ കേസുകള്‍ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കിയിരുന്നു.ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. ഇതിന് പുറമെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹര്‍ജികളും കോടതിക്ക് മുമ്ബിലുണ്ട്. ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് പരിശോധിക്കും. അതേസമയം റിട്ട് ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് പരിശോധിക്കില്ല.

കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ;പത്തോളം കുട്ടികൾ ആശുപത്രിയിൽ

keralanews food poison at kannur sports division and ten students were hospitalised

കണ്ണൂർ:കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.പത്തോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന.കണ്ണൂർ സിറ്റി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് കുട്ടികളെ അവശ നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. എങ്ങനെയാണ് വിഷബാധ ഉണ്ടായത് എന്ന് അറിവായിട്ടില്ല.