ബെംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

keralanews four including three malayalees died in an accident in bengaluru

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.കൊച്ചി തമ്മനം ചന്ദ്രമതി ലെയിന്‍ ചോലയില്‍ വീട്ടില്‍ സ്വദേശിനി കെ.ശില്‍പ, കോഴിക്കോട് സ്വദേശികളായ ആദര്‍ശ്, ഫാസില്‍ എന്നിവരാണ് മരിച്ചത്. ഒരു യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.ഇവർ സഞ്ചരിച്ച കാറിനു പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഒറ്റപ്പാലം അനങ്ങനടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം.ബൊമ്മനഹള്ളിയില്‍ താമസിക്കുന്ന ഇവര്‍ കെംഗേരിയിലേക്കു പോകുന്ന വഴി തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച കാര്‍ മറ്റു വാഹനങ്ങളിലും ചെന്നിടിച്ചു. മൂന്ന് ലോറികളും അഞ്ച് കാറുകളും അപകടത്തില്‍ പെട്ടു. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം;നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്റ്റിൽ

keralanews incident of abducting newborn baby from medical college hospital neetus boyfriend ibrahim badusha arrested

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതിയായ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വഞ്ചന, ബാലനീതി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. പണം നൽകാത്തത് ചൂണ്ടിക്കാട്ടി നീതുവിനെ മർദ്ദിച്ചതിനും ഇബ്രാഹിമിനെതിരെ കേസെടുത്തിട്ടുണ്ട്. പലതവണ നീതുവിൽ നിന്ന് പണവും ആഭരണങ്ങളും ഇബ്രാഹിം കൈവശപ്പെടുത്തിയെന്നാണ് വിവരം. നീതുവിന്റെ മൂത്ത കുട്ടിയെ ഇയാൾ ഉപദ്രവിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം നഴ്‌സിന്റെ വേഷത്തിൽ വാർഡിലെത്തി തെറ്റദ്ധരിപ്പിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്ക് ഭർത്താവും ആറ് വയസായ ആൺകുട്ടിയുമുണ്ട്. ഇബ്രാഹിം ബാദുഷയുമായി ബന്ധം പുലർത്തിയ നീതു ഇയാളെ നഷ്ടപ്പെടുമെന്ന് ഭയന്നതിനെ തുടർന്നാണ് പ്രസവിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്.മാസങ്ങൾക്ക് മുമ്പ് നീതു ഗർഭിണിയായിരുന്നു. ഈ വിവരം ഇബ്രാഹിമിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഗർഭം അലസിപ്പോയ വിവരം നീതു മറച്ചുവെച്ചു. അതിനാൽ ഒരു നവജാത ശിശുവിനെ കൈക്കലാക്കി ഇബ്രാഹിമിന്റെ കുഞ്ഞാണ് കൈവശമുള്ളതെന്ന് വിശ്വസിപ്പിക്കാൻ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ മോഷ്ടിക്കുകയായിരുന്നു.കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ ഇബ്രാഹിം ബാദുഷയ്‌ക്ക് പങ്കില്ലെങ്കിലും നീതുവിന്റെ കുട്ടിയെ ഉപദ്രവിച്ചതിനും പണം തട്ടിയതിനുമാണ് പ്രതി ചേർത്തിരിക്കുന്നത്.

പാലക്കാട് റോഡരികിൽ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

keralanews oman found beheaded on palakkad road side

പാലക്കാട് : പുതുനഗരത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ്‌നാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.മരിച്ച ആളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്. ആറ് മാസം മുൻപാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. ഇന്നലെ രാത്രി സ്ത്രീയെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്.

പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു;മരണം അന്‍പതിനായിരത്തിലേക്ക്;കേരളം കനത്ത ജാഗ്രതയിൽ

keralanews daily covid cases increasing death rises to 50000 high alert in kerala

തിരുവനന്തപുരം: പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്.ഇന്നലെ 8.2 ആയിരുന്നു ടി.പി.ആര്‍. രണ്ടു ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു.ഒമിക്രോണ്‍ ഭീതിക്കിടെ വീണ്ടും കൊവിഡ് കേസുകളും കുതിക്കുമ്പോൾ കേരളം പഴയ അവസ്ഥയിലേക്കുതന്നെ എത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ടിപിആര്‍ വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒമിക്രോണ്‍ വഴി മൂന്നാം തരംഗമുണ്ടായാല്‍ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കേണ്ടി വരുമെന്ന് കണക്കാക്കിജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകിക്കഴിഞ്ഞു.വിദേശത്തു നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി കഴിഞ്ഞു. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഇന്നലെ 24 മണിക്കൂറിനിടെ 64,577 സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. എന്നിട്ടും 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരം കടന്നു.അതേ സമയം കൊവിഡ് മരണം അൻപതിനായിരത്തിലേക്ക് കടക്കുകയാണ്.

സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു;കൂടുതലും ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക്

keralanews 25 omicron cases confirmed in the state today more cases from low risk countries

തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ മൂന്ന് വീതം പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 305 ആയി.ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.മലപ്പുറം ജില്ലയിലുള്ള 42 വയസുകാരിക്കും തൃശൂര്‍ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറത്ത് 14 പേര്‍ യുഎഇയില്‍ നിന്നും 4 പേര്‍ ഖത്തറിൽ നിന്നും, ആലപ്പുഴയില്‍ 2 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ സൗദി അറേബ്യയില്‍ നിന്നും, തൃശൂരില്‍ ഒരാള്‍ ഖത്തറിൽ നിന്നും ഒരാള്‍ യുഎസ്‌എയില്‍ നിന്നും വന്നതാണ്.ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരിൽ 209 പേർ  ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 64 ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 32 പേർക്ക് സമർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മന്ത്രി പറഞ്ഞു.

ശ്രീകണ്ഠപുരത്ത് പള്ളി സെമിത്തേരിയിലെ കല്ലറയിൽ സ്ഥാപിച്ച കുരിശുകൾ തകർത്ത നിലയിൽ

keralanews the cross fixed in the tomb of the church cemetery at sreekandapuram were destroyed

കണ്ണൂർ: ശ്രീകണ്ഠപുരത്ത് പള്ളി സെമിത്തേരിയിലെ കല്ലറയിൽ സ്ഥാപിച്ച കുരിശുകൾ തകർത്ത നിലയിൽ.അലക്‌സ്‌നഗർ സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലുള്ള  കുരിശുകളാണ് അജ്ഞാത സംഘം തകർത്തത്.12 കുരിശുകളാണ് തകർത്തത്.പുലർച്ചെ കുർബാനയ്‌ക്ക് ശേഷം സെമിത്തേരിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരാണ് ഇത് ആദ്യം കണ്ടത്. എട്ട് കുരിശുകൾ പിഴുത് മാറ്റുകയും നാലെണ്ണം തകർത്ത നിലയിലുമാണ് കണ്ടെത്തിയത്.സംഭവത്തിൽ ഇടവക വികാരിയുടേയും ട്രസ്റ്റിമാരുടേയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അലക്‌സ് നഗർ ടൗണിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്നവർക്ക് 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍; വ്യവസ്ഥകള്‍ കര്‍ശനമാക്കും; ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്

keralanews 7 days compulsory home quarantine for those arriving in the state from foreign countries conditions to be tightened

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും.സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വർധിച്ച സാഹചര്യത്തിലാണിത്. ആകെ 280 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗബാധ. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റീന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്.ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ ഏഴ് ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് പ്രോടോകോള്‍ അനുസരിച്ച്‌ ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേരുടെ സാംപിളുകള്‍ റാന്‍ഡം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാംപിളുകള്‍ റാന്‍ഡം പരിശോധന നടത്തും. നെഗറ്റീവാകുന്നവര്‍ ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോടോകോള്‍ അനുസരിച്ച്‌ ചികിത്സ നല്‍കും.ക്വാറന്റീന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി

 

ഒമിക്രോണ്‍ വ്യാപനം;സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍

keralanews omicron expansion regulation in the state under consideration

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍.രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ട്. വിദഗ്ധാഭിപ്രായം തേടിയ ശേഷമായിരിക്കും തീരുമാനം.ഇന്നലെ 50 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 280 ആയി. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രോഗമുണ്ടാകുന്നതും സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആകെ 30 പേര്‍ക്കാണ് ഇതു വരെ സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൌണും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കും.കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവ അടക്കമുള്ള പൊതുപരിപാടികള്‍ക്ക് നേരത്തേ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രോഗികളെ നേരത്തേ കണ്ടെത്തുന്നതിനായി പരിശോധനകളുടെ എണ്ണം കൂട്ടും. വിമാനത്താവളങ്ങളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം ഒരുക്കും.വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാന്‍ സാധ്യത ഉള്ളതിനാല്‍ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

കോഴിക്കോട് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

keralanews medical student committed suicide by jumping from hostel building in kozhikode

കോഴിക്കോട്:ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും തേഞ്ഞിപ്പാലം സ്വദേശിയുമായ ആദര്‍ശ് നാരായണന്‍ ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വീട്ടിലായിരുന്ന ആദര്‍ശ് കഴിഞ്ഞ ദിവസമാണ് കോളേജില്‍ മടങ്ങിയെത്തിയത്.വീട്ടില്‍ നിന്ന് തിരിച്ചെത്തിയത് മുതല്‍ ആദര്‍ശ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം മെഡിക്കല്‍ കോളേജിൽ കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ; പിടിയിലായത് കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ

keralanews one more arrested in the incident of abducting child from kottayam medical college

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് കസ്റ്റഡിയിലായിരിക്കുന്നത്. കുഞ്ഞിനെ മോഷ്ടിച്ച നീതുവിന് സഹായം ചെയ്ത് നൽകിയത് ഇബ്രാഹിം ബാദുഷയാണ്. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തത്.നീതുവിന് റൂമെടുത്ത് കൊടുത്തത് ഇയാളാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഇയാളുടെ പങ്കെന്താണെന്നത് സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയത്.പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തിയത്.