പത്തനംതിട്ട:ശബരിമലയിലെ നിരോധനാജ്ഞ നവംബർ 26 ന് അർധരാത്രി വരെ നീട്ടി.ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ആണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.അതേസമയം ശബരിമല ദർശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ ഈ ഉത്തരവ് മൂലം യാതൊരു തടസവും ഇല്ല. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകൾ രജിസ്റ്റർ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.ഇതോടൊപ്പം തുലാമാസ പൂജാ വേളയിലും ചിത്തിര ആട്ടവിശേഷസമയത്തും നടന്ന അക്രമസംഭവങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ തുടരുന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. ശബരിമലയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്ന വിലയിരുത്തലിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നാല് ദിവസമാക്കി ചുരുക്കിയത്.
ശബരിമല ദർശനം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതിയുടെ വീടിനു നേരെ ആക്രമണം
കൊച്ചി:ശബരിമല ദർശനം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തിയ യുവതിയുടെ വീടിനു നേരെ ആക്രമണം.മൂന്നു യുവതികളാണ് വാർത്ത സമ്മേളനം നടത്തിയത്.ഇതിൽ എറണാകുളം സ്വദേശി അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷനില സതീഷ്, കൊല്ലം സ്വദേശി വി.എസ്. ധന്യ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത് അപര്‍ണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു.നിലവിലെ കലുഷിത സാഹചര്യത്തില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നില്ല. പൂര്‍ണസുരക്ഷയോടെ അയ്യപ്പദര്‍ശനം സാദ്ധ്യമാകുംവരെ മാല ഊരില്ലെന്ന് യുവതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
ശബരിമല:ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും.സംഘര്‍ഷ സാധ്യത മുന്‍പില്‍ കണ്ട് നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും മയപ്പെട്ടു വരികയാണ്.കഴിഞ്ഞ ദിവസം രാത്രി നടന്ന നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചതായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോലീസും കാര്യമായ നിയന്ത്രണത്തിന് മുതിര്‍ന്നില്ല. ഇതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. വലിയ നടപ്പന്തലില്‍ ഇന്നലെ രാത്രി തീര്‍ത്ഥാടകര്‍ വിശ്രമിച്ചു.ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെകുറഞ്ഞതോടെ നിലക്കലിലെയും പമ്ബയിലെയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചിരുന്നു. ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയാണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ എല്ലാം പൊലീസ് ഒഴിവാക്കിയത്.
കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
കോട്ടയം:പൊൻകുന്നത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.ശാന്തി ആശുപത്രിയുടെ സമീപത്തുവെച്ച് ഇന്ന് പുലർച്ചെ ഒരുമണിയോടുകൂടിയാണ് അപകടം നടന്നത്.തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ബസിലുണ്ടായിരുന്ന നാല്പത്തി അഞ്ചോളം പേരില്‍ പകുതിയോളം പേര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടുണ്ട് .പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കെ.സുരേന്ദ്രൻ ഉൾപ്പെടെ 72 പേർക്ക് ജാമ്യം
പത്തനംതിട്ട:പോലീസ് നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ ഉൾപ്പെടെ 72 പേർക്ക് ജാമ്യം അനുവദിച്ചു.പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യം ലഭിച്ച 72 പേരും ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്. കൂടാതെ 20000 രൂപയുടെ രണ്ട് പേരുടെ ആള്‍ ജാമ്യവും നല്‍കണം.അതേസമയം, സുരേന്ദ്രന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സുരേന്ദ്രനും സംഘവും ശബരിമലയില്‍ എത്തിയത് ഗൂഡലക്ഷ്യത്തോടെയാണെന്നും അതിനാല്‍ ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇതിനിടെ കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ വാറണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. ഈ കേസില്‍ക്കൂടി ജാമ്യം നേടിയതിന് ശേഷമേ കെ.സുരേന്ദ്രന് ജയില്‍ മോചിതനാവാന്‍ കഴിയൂ.
ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി പിടികൂടി
ചെന്നൈ:ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി റെയില്‍വെ സുരക്ഷാ സേന പിടികൂടി. ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. തെര്‍മോക്കോള്‍ ഐസ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മാംസം റെയില്‍വെ സ്റ്റേഷനില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു റെയില്‍വെ സുരക്ഷാ സേന പിടികൂടിയത്.ജോധ്പുർ എക്സ്പ്രസില്‍ ചെന്നൈയില്‍ എത്തിച്ച പട്ടിയിറച്ചി തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പെട്ടികളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പാഴ്‍സല്‍ നീക്കാന്‍ ആര്‍.പി.എഫ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പാഴ്‍സലിന്‍റെ അവകാശികളെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ അവകാശികള്‍ ആരുമില്ലെന്ന് വ്യക്തമായതോടെ പെട്ടികള്‍ തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ കൂടെ സാന്നിധ്യത്തില്‍ പൊലീസ് പെട്ടികള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പാഴ്‍സല്‍ പട്ടിയിറച്ചിയാണെന്ന് ബോധ്യപ്പെട്ടത്.ഇറച്ചിയുടെ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
കുറ്റ്യാടിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്; പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു
കോഴിക്കോട്: കുറ്റ്യാടിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിനു നേർക്കാണ് ബോംബെറിഞ്ഞത്. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.ചൊവ്വാഴ്ച്ച പാതിരാത്രിയോടെയാണ് ഗിരീഷിന്റ വീടിന് നേരെ ബോംബേറുണ്ടായത്. വിടിന്റെ മുന്‍ഭാഗത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവീണു. പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ഥിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനിന്നിരുന്നു.
സംസ്ഥാനത്ത് വ്യാപകമായി എച്ച് 1 എന്‍ 1 രോഗം പടരുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി എച്ച് 1 എന്‍ 1 രോഗം പടരുന്നതായി റിപ്പോർട്ട്. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 26 പേര്‍ മരിച്ചു.വൈറസ് തദ്ദേശീയമായി തന്നെ ഉള്ളതും മഴയുള്ള കാലാവസ്ഥയുമാണ് രോഗ പകര്‍ച്ചയ്ക്ക് പ്രധാന കാരണം. രാജ്യത്താകെ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടാതെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലുമടക്കം പ്രതിരോധ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരേയും പൊതുജനങ്ങളേയും ബോധവാന്മാരാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പി യുമായ എം ഐ ഷാനവാസ് അന്തരിച്ചു
കൊച്ചി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പി യുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു.കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഷാനവാസിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയുമായിരുന്നു. നിലവിലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്നു അന്തരിച്ച എം ഐ ഷാനവാസ്‌എം പി.കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷത്തോടെ 2009ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച വ്യക്തി കൂടിയാണ് ഷാനവാസ്.രോഗബാധയെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍നിന്ന് കുറച്ചുനാള്‍ മാറിനിന്നിരുന്നു എങ്കിലും 2010 ല്‍ പൊതുജീവിതത്തിലേക്കു മടങ്ങിവരുകയും ചെയ്തു .ഷാനവാസിന്റെ മൃതദേഹം കൊച്ചിയിലേക്ക് ഇന്ന് കൊണ്ടുവരുകയും നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ സംസ്‌കാരം നടക്കുകയും ചെയ്യും.
പി മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്:സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് കുറ്റിയാടി നെട്ടൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ് (33), ഭാര്യയും ഏഷ്യാനെറ്റ് ലേഖികയുമായ സാനിയോ മനോമി (25) എന്നിവര്‍ക്കു നേരെ ഹര്‍ത്താല്‍ ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോവും വഴിയും ആക്രമണമുണ്ടായി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.