പത്തനംതിട്ട:ചിത്തിരയാട്ട വിശേഷ സമയത്ത് സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.ഭാര്യയെയും മകനെയും ഫോണ്‍ ചെയ്യാന്‍ അനുമതി നല്‍കണം, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രന്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്. കേസില്‍ ജാമ്യം ലഭിച്ചാലും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്റ് ഉള്ളതിനാല്‍ സുരേന്ദ്രന്‍ ജയില്‍ മോചിതനാവില്ല.
എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് സ്ത്രീകളുടെ മാർച്ച്
തൃശൂർ:എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് സ്ത്രീകളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.തൃശൂരിലെ ഓഫീസിലേക്കാണ് മാർച്ച് നടത്തുക.രാവിലെ 11 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുന്നത്.ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്ര അത് അനുവദിച്ചിരുന്നില്ല. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പി മന്ത്രിയോട് തിരിച്ച് ചോദിച്ചത്. ഇത് നിഷേധമാണെന്നും കേരളത്തിലെ മന്ത്രിമാരോട് ഇത്തരത്തില്‍ പെരുമാറുമോ എന്നും പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.എന്നാല്‍, ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങള്‍ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതില്‍ പ്രത്യേകിച്ച് അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ബാലഭാസ്‌ക്കറിന്റെ മരണം;വിശദമായ അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിനു കാരണമായ വാഹനാപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടു.മകന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബാലഭാസ്കറിന്‍റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. ലോക്കല്‍ പോലീസിനാണ് അന്വേഷണം സംബന്ധിച്ച നിര്‍ദേശം ഡിജിപി നല്‍കിയിരിക്കുന്നത്. ഡിജിപിയെ നേരില്‍ കണ്ടാണ് ബാലഭാസ്കറിന്‍റെ പിതാവ് സി.കെ.ഉണ്ണി പരാതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവർ അര്‍ജ്ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.എന്നാല്‍ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി നൽകി.അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌ക്കറിന്റെ കുടുംബം പോലീസിനെ സമീപിച്ചത്.
കെ.എം ഷാജിയുടെ അയോഗ്യത;സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി:കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്തത് നീട്ടാനാകില്ലെന്ന് ഹൈക്കോടതി.സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു. സ്‌റ്റേ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്‌റ്റേ നീട്ടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ കെഎം ഷാജി ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് സ്റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രിംകോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും സ്‌റ്റേ അനുവദിച്ചിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന അടുത്ത ചൊവ്വാഴ്ചയാണ് സുപ്രിംകോടതി ഇനി ഹര്‍ജി പരിഗണിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും വര്‍ഗീയപ്രചാരണം നടത്തിയും വോട്ട് തേടിയെന്ന പരാതിയില്‍ രണ്ടാഴ്ച മുമ്പാണ് അഴീക്കോട് എംഎല്‍എയായ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഹർജി സുപ്രിംകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോള്‍ നിയമസമഭയില്‍ പോവുന്നതിനു തടസ്സമില്ലെന്നും ആനുകൂല്യങ്ങള്‍ പറ്റരുതെന്നും വാക്കാല്‍ പറഞ്ഞെങ്കിലും രേഖമൂലം ലഭിക്കാതെ നിയമസഭയില്‍ പ്രവേശിക്കാനാവില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
വേങ്ങാട് സ്കൂൾ ബസ്സിടിച്ച് യുവാവ് മരിച്ചു
കൂത്തുപറമ്പ്:വേങ്ങാട് സ്കൂൾ ബസ്സിടിച്ച് യുവാവ് മരിച്ചു.ലോഡിങ് തൊഴിലാളിയായ മട്ടന്നൂർ കയനിയിലെ പാറക്കണ്ടിപറമ്പ് വീട്ടിൽ എ.ടി. രാജീവൻ (42) ആണ് മരിച്ചത്.ഇന്നലെ രാത്രി 7-30 ഓടെ വേങ്ങാട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. വേങ്ങാട് നിന്നും വീട്ടിലേക്ക് ബൈക്കിൽ മടങ്ങവെ സ്കൂൾ ബസ്സിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെ മരിച്ചു.മാങ്ങാട്ടിടംകണ്ടേരിയിലെ പരേതരായ ഗോപാലൻ – ദേവു ദമ്പതികളുടെ മകനാണ്.ഭാര്യ:രജിന.മക്കൾ: ആതിര,കൃഷ്ണാഞ്ജലി, അദൃഷ്ണ.
ശബരിമല യുവതീ പ്രവേശനം;സ്ത്രീകൾക്കായി രണ്ടു ദിവസം മാറ്റിവെയ്ക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് ദര്‍ശനത്തിനായി രണ്ടുദിവസം മാറ്റിവയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നാല് യുവതികളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലാണ് ഇക്കാര്യം അറിയിച്ചത്.യുവതീ പ്രവേശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയോ എന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആരാഞ്ഞു. യുവതീ പ്രവേശനത്തിനായി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എത്രസമയം വേണ്ടിവരുമെന്നും കോടതി ചോദിച്ചു. യുവതികള്‍ക്ക് പ്രവേശനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്ത് ക്രമീകരണം ഒരുക്കാനാകുമെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി..രണ്ടു ദിവസം അക്രമികളെ ശബരിമലയിലും പരിസരത്തുനിന്ന് പൂര്‍ണമായും ഒഴിവാക്കി സ്ത്രീകള്‍ക്ക് മാത്രമായി ദര്‍ശനത്തിനു സൗകര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.തങ്ങളുടെ മൗലികാവകാശം തടയപ്പെട്ടിരിക്കുകയാണന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു .വ്യക്തിയുടെ മൗലീകാവകാശം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പൊതു സമുഹത്തിന്റെ മൗലീകാവകാശങ്ങള്‍ എന്നും താല്‍പ്പര്യങ്ങളുടെ വൈരുധ്യം പരിഗണിക്കപ്പെടുമ്ബോള്‍ പൊതു സമൂഹത്തിന്റെ അവകാശമാണ് കൂടുതല്‍ പ്രധാനമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു .
മാത്യു ടി തോമസിനെ മാറ്റി;പകരം കെ.കൃഷ്ണൻകുട്ടി മന്ത്രിയായി അധികാരമേൽക്കും
തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിനെ മാറ്റി. പുതിയ മന്ത്രിയായി ചിറ്റൂര്‍ എംഎല്‍എ കെ. കൃഷ്ണന്‍കുട്ടി അധികാരമേല്‍ക്കും. ജെഡിഎസിലെ നേരത്തെയുള്ള ധാരണപ്രകാരമാണ് തീരുമാനം. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു പാര്‍ടിക്കുള്ളിലെ ധാരണ. ഇതനുസരിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മന്ത്രിയെന്ന നിലയില്‍ മാത്യു ടി തോമസിന്റേത് മികച്ച പ്രവര്‍ത്തനമായരുന്നുവെന്നും കെ കൃഷ്ണന്‍കുട്ടിയും നല്ല പ്രകടനം കാഴ്ച്ചവെക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് മാത്യൂ ടി. തോമസ് രാജിവച്ച് കൃഷ്ണന്‍കുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലെത്തിയത്. ദീര്‍ഘനാളായി ഇക്കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ഭിന്നത നിലനിന്നിരുന്നു. മന്ത്രി മാത്യു ടി തോമസിനെയും ചര്‍ച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണന്‍കുട്ടിക്കൊപ്പം ഒരു ചര്‍ച്ചക്കുമില്ലെന്നാണ് മന്ത്രി നിലപാടെടുത്തത്. മന്ത്രിയെ മാറ്റണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണന്‍ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു. മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്നത് ഏറെക്കാലമായി പാര്‍ട്ടിക്കകത്തുള്ള ആവശ്യമാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വം ദീര്‍ഘകാലമായി ദേശീയ നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെടുന്നു. പകരം കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെടുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന്റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് നേരത്തെ നല്‍കിയിരുന്നു. ദേവഗൗഡ വിദേശത്ത് ആയതിനാല്‍ ഈ വിഷയത്തില്‍ തീരുമാനം വൈകുകയായിരുന്നു.
വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ പരാതി നൽകി
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ ഡിജിപിക്ക് പരാതി നൽകി. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെടുന്നു.അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി.കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.ബാലഭാസ്‌ക്കറും കുടുംബവും തൃശൂര്‍ വടക്കം നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവര്‍ തൃശൂരില്‍ താമസിക്കാന്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവര്‍ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവര്‍ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ അന്തരിച്ചത്. ദേശീയ പാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജംക്ഷനു സമീപം സെപ്‌തംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവറും ഏറെ നാള്‍ ആശുപത്രിയില്‍ ആയിരുന്നു.
കണ്ണൂർ പാനൂരിൽ നിന്നും കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു
കണ്ണൂർ:കണ്ണൂർ പാനൂരിൽ നിന്നും കോളേജ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു.ഈ മാസം 19 മുതലാണ് ഉറ്റ സുഹൃത്തുക്കളായ പാനൂര്‍ കുന്നോത്ത് പറമ്ബ് സ്വദേശിയായ സയനയെയും പൊയിലൂര്‍ സ്വദേശിയായ ദൃശ്യയെയും കാണാതാകുന്നത്. പാനൂരിലെ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഉറ്റ സുഹൃത്തുക്കളായ ഇരുവരും തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം കടുത്ത സൗഹൃദമുണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ സംഭാഷണവും തമ്മിലുള്ള കൂടിക്കാഴ്ച്ചയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. രാവിലെ ക്ലാസിന് പോയ സയന, സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം നില്‍ക്കുന്നതും സംസാരിക്കുന്നതും കണ്ടവരുണ്ട്. ദൃശ്യയുടെ വിവാഹം തീരുമാനിച്ചിരിക്കെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ് കോളിന് ശേഷം സയനയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. കണ്ണൂരിലെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഈ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയത്. അതിനിടെ ഇരുവരും പ്രദേശത്തെ ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ബസ്, ട്രെയിന്‍ വിവരങ്ങളാരാഞ്ഞിരുന്നതായും വിവരമുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കണ്ണൂർ മയ്യിലിൽ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കണ്ണൂർ:മയ്യിൽ കരിങ്കൽകുഴിയിൽ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ.കൂവേരി ആലത്തട്ട് സ്വദേശി വിവേക് (36) ആണ് പിടിയിലായത്.കൂവേരിയിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ഓട്ടോയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കരിങ്കല്‍ക്കുഴി കെ.സി പെട്രോള്‍ പമ്പ് ഉടമ മോഹനന്റെ ഭാര്യ ശുഭ (53) യെയാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചത്.തേങ്ങ പറിക്കാനുണ്ടോ എന്നന്വേഷിച്ചാണ് ഇയാൾ ശുഭയുടെ വീട്ടിലെത്തിയത്.ഇവിടെ മൂന്നു തെങ്ങില്‍ തേങ്ങയുണ്ടെന്നും ഒന്നില്‍ കയറാന്‍ 30 രൂപവച്ച് തന്നാല്‍ മതിയെന്നും പറഞ്ഞു. രണ്ടു തെങ്ങില്‍ കയറി തേങ്ങയിട്ടതിനുശേഷം ഇയാൾ ശുഭയോട് വെളളം ചോദിച്ചു.വെളളമെടുക്കാനായി ശുഭ അകത്തേക്കു കയറിയപ്പോള്‍ പിന്നാലെ ചെന്ന് കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ശുഭ ശക്തിയായി പ്രതിരോധിക്കുകയും കത്തിവാളുകൊണ്ട് വെട്ടുമ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്തു. ഇതിനിടയില്‍ കത്തിവാള് ഇരുകൈയ്യും ഉപയോഗിച്ച് പിടിച്ചെടുക്കുകയും ചെയ്തു.അപ്പോഴാണ് കൈയ്യില്‍ വലിയ മുറിവു പറ്റിയത്. കത്തിവാള്‍കൊണ്ട് തലയ്ക്കും പുറത്തും മാരകമായി വെട്ടേറ്റിരുന്നു. ഇതിനുശേഷം പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവശേഷം ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗങ്ങള്‍ സംഭവ സ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിരുന്നു. പിന്നീട് പ്രതി രക്ഷപ്പെട്ട ഓട്ടോറിക്ഷയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ മയ്യില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് വിവേക് പിടിയിലാകുന്നത്. എസ്.ഐ. ടി.പി മുരളീധരന്‍, എസ്.സി.പി.ഒ സതീശന്‍, സി.പി.ഒ. ഗിരീശന്‍, ഡ്രൈവര്‍ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.