ബൈപാസ് കീഴാറ്റൂർ വയലിലൂടെ തന്നെ;കേന്ദ്ര സർക്കാർ അന്തിമ വിജ്ഞാപനം പുറത്തിറക്കി

keralanews bypass through keezhattoor vayal central govt issued final notification

കണ്ണൂർ:കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി.ഇത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഈ പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി ബിജെപി അടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ അടക്കം വലിയ എതിര്‍പ്പുണ്ടാക്കിയ ഈ തീരുമാനമാണ് കേന്ദ്രം ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള സിപിഎം നേതാക്കള്‍ വയല്‍ക്കിളി സമരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കിയതോടെ കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് കടന്നു പോകുമെന്ന് വ്യക്തമായിരിക്കുകയാണ്.

കെ.സുരേന്ദ്രന് ജാമ്യം

keralanews bail for k surendran

കണ്ണൂർ:കണ്ണൂര്‍: ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അതേസമയം, സുരേന്ദ്രന്‍റെ പേരില്‍ വധശ്രമക്കേസുള്ളതിനാല്‍ ജയിലില്‍നിന്ന് അദ്ദേഹത്തിന് ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല.ചിത്തിരയാട്ട സമയത്ത് ശബരിമലയിലെത്തിയ 52കാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കൂ.

മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

keralanews minister mathew t thomas resigned

തിരുവനന്തപുരം:ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു.മുഖ്യമന്ത്രിക്ക് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. ജെഡിഎസില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മാത്യു ടി തോമസിന്റെ രാജി. ഈ സാഹചര്യത്തില്‍ മാത്യു ടി തോമസിന് പകരക്കാരനായി ചിറ്റൂര്‍ എംഎല്‍എയും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്‌ണന്‍ കുട്ടി മന്ത്രിയാകും. മന്ത്രിസഭയിലേക്ക് എത്തുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും തിങ്കളാഴ്ച തീരുമാനിക്കും.വെള്ളിയാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡയുമായി നേതാക്കള്‍ ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്.മന്ത്രിയോട് സ്ഥാനമൊഴിയാന്‍ ദേവഗൗഡ തന്നെ നേരിട്ട് നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാത്യു ടി തോമസ് നേരത്തേയും പാര്‍ട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി നേരത്തേ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കെ.സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി

keralanews k surendran was taken to kannur

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലില്‍ നിന്നും കണ്ണൂര്‍ ജയിലേക്ക് കൊണ്ടുപോയി.ഇന്ന് രാവിലെയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്.ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സുരേന്ദ്രനെ കോഴിക്കോട് എത്തിച്ചത്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി എന്നാരോപിച്ച്‌ ഇന്നലെയും ഇന്നും ബിജെപി പ്രവര്‍ത്തകര്‍ സബ്ജയിലിനു മുന്നില്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. രാവിലെ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു.സുരേന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഇന്നലെതന്നെ കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് എത്തിക്കുകയും ഇന്ന് രാവിലെയോടെ കണ്ണൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു.കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിമായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.രാവിലെ കണ്ണൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ ജാമ്യം ലഭിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു.അതേസമയം ഈ കേസില്‍ ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിച്ചേക്കും.

ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്;ഇന്ത്യയുടെ മേരികോമിന് സ്വർണ്ണം

keralanews world woman boxing championship marykom got sixth gold medal

ന്യൂഡൽഹി:ലോക വനിതാ ബോക്‌സിങ് ചാംപ്യൻഷിപ്;ഇന്ത്യയുടെ മേരികോമിന് സ്വർണ്ണം.48 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഉക്രൈന്റെ ഹന്ന ഒകാതയെ ഇടിച്ചിട്ടാണ് മേരികോം സ്വര്‍ണം കരസ്ഥമാക്കിയത്.ഇതോടെ ലോക ചാംപ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണം നേടുന്ന ആദ്യ വനിതാ ബോക്‌സറായി  ഈ മണിപ്പൂരുകാരി.അതോടൊപ്പം ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ബോക്‌സറെന്ന പദവി പുരുഷ ബോക്‌സിങിലെ ഇതിഹാസ താരമായ ക്യൂബയുടെ ഫെലിക്‌സ് സാവനൊപ്പം പങ്കിടുകയും ചെയ്തു.2010ല്‍ ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ ജേതാവായതില്‍ പിന്നെ എട്ടുവര്‍ഷത്തിനു ശേഷമാണ് മേരികോം വീണ്ടും ലോക ചാംപ്യനാവുന്നത്. ഇതിനു മുൻപ് അഞ്ചു സ്വര്‍ണമെഡലും ഒരു വെങ്കലവുമായി ഐറിഷ് ബോക്‌സിങ് ഇതിഹാസം കാതി ടെയിലറുടെ ഒപ്പമായിരുന്നു മേരികോം.ഏഴ‌് വര്‍ഷത്തെ ഇടവേള കഴിഞ്ഞ‌് ലോക വേദിയില്‍ എത്തിയ മേരി ആദ്യ റൗണ്ട‌് മുതല്‍ ആധികാരിക പ്രകടനം പുറത്തെടുത്തു. ഫൈനലില്‍ ഒകോട്ടയ‌്ക്കെതിരെ തുടക്കംമുതല്‍ ആക്രമിച്ചു. കൃത്യതയുള്ള പഞ്ചുകളായിരുന്നു. ഇടയ‌്ക്ക‌് പിന്‍വലിഞ്ഞും, എതിരാളി മുന്നോട്ടായുമ്ബോള്‍ കടുത്ത പ്രഹരം നല്‍കിയും മേരി മുന്നേറി. അവസാന റൗണ്ടില്‍ ഒകോട്ടയ‌്ക്ക‌് പിടിച്ചുനില്‍ക്കാന്‍പോലുമായില്ല.മൂന്ന് കുട്ടികളുടെ അമ്മയാണ് മേരി. 2001 ലെ ലോകചാമ്ബ്യന്‍ഷിപ്പില്‍ നിന്നും 2018 ലെ ആറാം കിരീടത്തിലേക്ക് എത്തുമ്ബോഴേക്കും താരമെന്ന നിലയിലും അമ്മയെന്ന നിലയിലും നേടിയ അനുഭവ സമ്ബത്തും കരുത്തും മേരിയ്ക്ക് മുന്നോട്ടുള്ള വഴികളില്‍ വെളിച്ചമായി മാറി. രാജ്യത്തിന്റെ അഭിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്തിയ മേരിയെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

മണിപ്പൂരിലെ അത്ര വികസിതമല്ലാത്ത മോയിറാം ലാംഖായിയിലെ കംഗാതെയി ഗ്രാമത്തിൽ കർഷകത്തൊഴിലാളികളായ മാങ്ഗതെ തോൻപാ കോമിന്റെയും അഖം കോമിന്റെയും മകളായി 1982 നവംബർ 24 ന് ആണ് മേരികോമിന്റെ ജനനം.എന്നാൽ കടുത്ത ദാരിദ്രം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം പാടത്ത് പണിക്ക് പോകേണ്ട സാഹചര്യമായിരുന്നു  മേരികോമിന്.സ്കൂൾ പഠനകാലത്ത് സ്പോർട്സിൽ മേരി താൽപ്പര്യം കാണിച്ചിരുന്നുണെകിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോടെ മേരിയുടെ കായിക സ്വപ്നങ്ങളും പൊലിഞ്ഞു.പാടത്ത് പണിചെയ്തുവരുന്ന കാലത്താണ് മേരിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടന്നത്.1998 ലെ ഏഷ്യൻ ഗെയിംസിൽ ഡീൻഗോ സിംഗ് ബോക്സിങ്ങിൽ സ്വർണ്ണ മെഡൽ നേടിയത്ത് മേരിയെ ഏറെ സ്വാധീനിച്ചു.ഇതോടെ ഒരു ബോക്സറായി തീരാനുള്ള ആഗ്രഹം മേരിയിൽ ഉടലെടുത്തു.എന്നാൽ കുടുംബത്തിലെ യാഥാസ്ഥിതിക മനോഭാവവും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം മേരിക്ക് വീട്ടുകാരിൽ നിന്നും യാതൊരുവിധ പിന്തുണയും ലഭിച്ചിരുന്നില്ല.എങ്കിലും മേരി തന്റെ ഇഷ്ട്ട കായിക വിനോദത്തിലുള്ള പരിശീലനം ആരംഭിച്ചു.വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ ബോക്സിങ്ങിൽ തന്റെ കഴിവ് തെളിയിക്കാൻ മേരിക്ക് സാധിച്ചു.2000 ത്തിൽ മേരികോം ആദ്യമായി ബോക്സിങ്ങിൽ ബെസ്റ്റ് ബോക്‌സർ അവാർഡ് നേടിക്കൊണ്ട് തന്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.മാതാപിതാക്കളിൽ നിന്നും മേരി ഇക്കാര്യങ്ങൾ മറച്ചുവെച്ചിരുന്നെങ്കിലും പത്രത്തിൽ പടം വന്നതോടെ എല്ലാവരും ഇക്കാര്യങ്ങൾ അറിഞ്ഞു.ഇവർ മേരിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടും മേരിയെ തേടി നിരവധി വിജയങ്ങൾ എത്തി.2000 മുതൽ 2005 വരെ അഞ്ച് ഇന്ത്യൻ ചാപ്യൻഷിപ്പുകളിൽ മേരി കിരീടം സ്വന്തമാക്കി. ഹിസാറിൽ നടന്ന രണ്ടാം ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പ് മുതലാണ് മേരികോമിന്റെ അന്താരാഷ്ട്ര സ്വർണ്ണ നേട്ടം തുടങ്ങുന്നത്.2001 ഇൽ അമേരിക്കയിൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ പങ്കെടുത്തുകൊണ്ടാണ് ലോകപോരാട്ടങ്ങളുടെ റിങ്ങിലേക്ക് മേരിയുടെ അരങ്ങേറ്റം.അന്ന് 18 കാരിയായിരുന്ന മേരി മത്സരത്തിൽ വെള്ളി നേടി.എന്നാൽ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട മേരി കൂടുതൽ പരിശീലനത്തിലൂടെ അടുത്ത തവണ തുർക്കിയിലെ ആന്റില്ല്യയിൽ കിരീടം സ്വന്തമാക്കി.2003 ഇൽ ഹിസാറിലെ ഏഷ്യൻ വനിതാ ചാപ്യൻഷിപ്പിൽ 46 കിലോയിൽ കിരീടം നേടി.തന്നെ മത്സരങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച പിതാവിന്റെ സാന്നിധ്യത്തിലാണ് മേരി ഇവിടെ സമ്മാനം സ്വീകരിച്ചത്.

നോർവേയിൽ 46 കിലോ വിഭാഗത്തിൽ ലോക കിരീടം,ഹങ്കറിയിൽ നടന്ന വിച്ച് കപ്പ് ടൂർണമെന്റ് കിരീടം,തായ്‌വാനിൽ ഏഷ്യൻ വനിതാ ബോക്സിങ് കിരീടം തുടങ്ങിയവ നേടി 2004 മേരി തന്റെ നേട്ടങ്ങളുടെ വർഷമാക്കി മാറ്റി.2006 ഇൽ ന്യൂഡൽഹിയിലെ തൽക്കത്തോര ഇൻഡോസ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേരി കിരീടം നേടി.കിരീട നേട്ടത്തിന് ശേഷം തന്റെ ആരാധകർക്കായി റിങ്ങിൽ മേരികോം നടത്തിയ മണിപ്പൂരി നൃത്തം ആരും മറന്നുകാണാനിടയില്ല. വിവാഹത്തോടെ കായികരംഗത്ത് നിന്നും പിന്മാറുന്ന മാറ്റ് താരങ്ങളുടെ പതിവ് മേരി തെറ്റിച്ചു.ഫുട്ബോൾ കളിക്കാരനായ കരുങ് ഓൺലർ ആണ് മേരിയുടെ ഭർത്താവ്. 2007 ഇൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതോടെ മേരി പിൻവാകുമെന്ന വിമർശകരുടെ വാക്കിന്റെ മുനയൊടിച്ചുകൊണ്ട് മേരി വീണ്ടും തിരിച്ചെത്തി.2009 ഇൽ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണ്ണം നേടി മേരി തിരിച്ചുവരവ് ഗംഭീരമാക്കി.2010 ഇൽ കസാഖിസ്ഥാനിൽ നടന്ന ഏഷ്യൻ വനിതാ ചാമ്പ്യൻഷിപ്പിലും മേരി സ്വർണ്ണം നേടി.2013 ഇൽ മേരി മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി.ഒരുവർഷം തികയുന്നതിന് മുൻപ് 2004 ഇൽ ഏഷ്യൻ ഗെയിംസിലും മേരി സ്വർണ്ണം നേടി.മേരിയുടെ കരിയറിലെ ആറാമത്തെ സ്വർണ്ണമാണ് 2018 ഇൽ നേടിയത്.2003 ഇൽ അർജുന അവാർഡ്,2009 ഇൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്,2010 ഇൽ പദ്മശ്രീ,2013 ഇൽ പത്മഭൂഷൺ എന്നിവ നൽകി രാജ്യം മേരികോമിനെ ആദരിച്ചു.പുരുഷന്മാരുടെ സാമ്രാജ്യം എന്നി വിശേഷിപ്പിക്കപ്പെട്ടിരുന്ന ബോക്സിങ്ങിൽ നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്താണ് മേരി ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.ഇതിനിടയിൽ തന്റെ മുടങ്ങിയിരുന്ന  പഠനം തുടരാന് ഓപ്പൺസ്കൂളിൽ പരീക്ഷ എഴുതി മെട്രികുലേഷൻ പാസാകാനും മേരിക്ക് സാധിച്ചു.പിന്നീട് ചുരാചാന്ദ്പൂർ കോളേജിൽ നിന്നും ബിരുദവും സ്വന്തമാക്കി.’അൺ ബ്രേക്കബിൾ’ എന്ന പേരിൽ തന്റെ ജീവിത യാഥാർഥ്യങ്ങൾ വരച്ചു കാട്ടുന്ന ആത്മകഥയും മേരി രചിച്ചു.ഇത് അതെ പേരിൽ തന്നെ സഞ്ജയ് ലീല ബൻസാലി സിനിമയാക്കുകയും ചെയ്തു.പ്രിയങ്ക ചോപ്രയാണ് ഇതിൽ മേരികോമിനെ അവതരിപ്പിച്ചത്.

കണ്ണൂർ പാനൂരിൽ നിന്നും ആറുദിവസം മുൻപ് കാണാതായ വിദ്യാർത്ഥിനികളെ മലപ്പുറത്ത് ലോഡ്ജിൽ നിന്നും കണ്ടെത്തി

keralanews the missing students from kannur panoor found from a lodge in malappuram

പാനൂര്‍:ആറു ദിവസം മുൻപ് പാനൂരില്‍ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളും വിദ്യാര്‍ത്ഥിനികളുമായ രണ്ടു പെണ്‍കുട്ടികളെ മലപ്പുറത്തെ തിരൂരില്‍ വെച്ച്‌ പൊലീസ് കണ്ടെത്തി. പാനൂര്‍ സി.ഐക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തിരൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നുമാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.രണ്ടു ദിവസമായി ഇവര്‍ ഇവിടെ താമസിച്ചു വരികയായിരുന്നെന്ന് തിരൂര്‍ പൊലീസ് പറഞ്ഞു.കുന്നോത്ത് പറമ്ബിലെ കുമാരന്റെയും സുധയുടെയും മകളായ സയന (19), പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ (19) എന്നിവരെയാണ് 19 ന് രാവിലെ മുതല്‍ കാണാതായത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും.കുട്ടിക്കാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കള്‍ പറയുന്നു. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചിരുന്നു.

ശബരിമല ദർശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു

keralanews police blocked rahul ishwar at nilaikkal

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ധര്‍മ്മസേനാ നേതാവ് രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ വെച്ച്‌ പോലീസ് തടഞ്ഞു.പമ്പയിലേക്ക് രാഹുലിനെ കടത്തി വിടാന്‍ പറ്റില്ലെന്നും അനുമതിയില്ലാതെ മുന്നോട്ടു പോയാല്‍ കസ്റ്റഡിയില്‍ എടുക്കേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. രണ്ടുപേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായി ശനിയാഴ്ച ഉച്ചയോടെയാണ് രാഹുല്‍ നിലയ്ക്കലില്‍ എത്തിയത്. പോലീസ് നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ കടത്തി വിടാമെന്ന് പോലീസ് രാഹുലിലോടു പറഞ്ഞു. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

ശബരിമലയിലെ സംഘർഷം;കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി

keralanews conflict in sabarimala court rejected the bail application of k surendran

പത്തനംതിട്ട:ചിത്തിരയാട്ട സമയത്ത് ശബരിമലയിൽ നടന്ന സംഘഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സുരേന്ദ്രന്‍ സുപ്രീംകോടതി വിധി പരസ്യമായി ലംഘിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം സുരേന്ദ്രനെ ചോദ്യം ചെയ്യാനായി കോടതി പോലീസിന് ഒരു മണിക്കൂര്‍ സമയം അനുവദിച്ചു. വൈകിട്ട് ഏഴുമണിക്കു മുന്‍പാകെ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നാണ് നിബന്ധന.വീട്ടുകാരോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് ജയിലിലെ ടെലിഫോണ്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സുരേന്ദ്രനു സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കുടുംബത്തെ വിളിക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. സുരേന്ദ്രനെതിരെ റാന്നി പോലീസ് 2014ല്‍ എടുത്ത കേസില്‍ കോടതി ജാമ്യം നല്‍കി. പമ്ബ ടോള്‍ ഗേറ്റ് ഉപരോധിച്ച കേസാണിത്. ഇതുവരെ സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. ജാമ്യവും എടുത്തിരുന്നില്ല.

കണ്ണൂർ ചിന്മയ മിഷൻ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി സമാധിയായി

keralanews chinmaya mission acharya swamini apoorvananda saraswathi passed away

കണ്ണൂർ:കണ്ണൂർ ചിന്മയ മിഷൻ ആചാര്യ സ്വാമിനി അപൂർവാനന്ദ സരസ്വതി(58) സമാധിയായി.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. രണ്ടുമാസത്തോളമായി രോഗബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വഞ്ചിയൂർ അത്താണി ലൈൻ എ.ആർ.എ 100 ഇൽ പരേതരായ ബി.പെരുമാൾ രാജിന്റെയും എസ്.സാവിത്രി രാജിന്റെയും മകളാണ്.ഗായത്രിരാജ് എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്.മുംബൈ സാന്ദീപനി സാധനാലയത്തിൽ സ്വാമി തേജോമയാനന്ദയുടെ ശിഷ്യയായാണ് സന്യാസം സ്വീകരിച്ചത്.അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വേദാന്തപഠനം നടത്തിയിട്ടുണ്ട്.തൃശൂർ,മലപ്പുറം,കണ്ണൂർ എന്നിവിടങ്ങളിലെ ചിന്മയ മിഷൻ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.കേരളം ചിന്മയ മിഷന്റെ വനിതാ സംഘമായ ദേവി ഗ്രൂപ്പിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററാണ്.മൃതദേഹം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മണക്കാട് ചിന്മയ പദ്മനാഭയിൽ പൊതുദർശനത്തിനു വെയ്ക്കും.ശേഷം പതിനൊന്നു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

കണ്ണൂർ കാവിന്മൂലയിൽ കൈത്തറിഭവൻ ഗോഡൗണിൽ തീപിടുത്തം

keralanews fire broke out in kaitharibhavan godown in kavinmoola

ചക്കരക്കൽ:കാവിന്മൂല പുറത്തേക്കാട് റോഡിൽ കൈത്തറി ഗോഡൗണിൽ തീപിടുത്തം. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് സംഭവം.അപകടത്തിൽ ലക്ഷങ്ങൾ വിലവരുന്ന തുണിത്തരങ്ങൾ കത്തിനശിച്ചു.ഓടിട്ട കെട്ടിടത്തിന്റെ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു തുണികൾ.ഗോഡൗൺ കെട്ടിടവും കത്തിനശിച്ചു. ഇരുപതുലക്ഷത്തിന്റെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.കാവിന്മൂല സ്വദേശി നളിനാക്ഷന്റെ ഉടമസ്ഥതയിലുള്ളതാണ് കൈത്തറിഭവൻ.ഇവരുടെ വില്പനകേന്ദ്രം കാവിന്മൂല ടൗണിൽ പ്രവർത്തിക്കുന്നുണ്ട്.തീപിടുത്തത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് സംശയിക്കുന്നു. നേരത്തെ കാവിന്മൂലയിൽ പ്രവർത്തിക്കുന്ന ഇവരുടെ കടയ്ക്ക് നേരെ അക്രമം ഉണ്ടായിരുന്നു. ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.