തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.സമരം എട്ട് ദിവസം പിന്നിട്ടതോടെ രാധാകൃഷ്ണന്‍റെ ആരോഗ്യനില വഷളായി.രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതിനാല്‍ സമരം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. രാധാകൃഷ്ണനെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.കെ. സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാധാകൃഷ്ണൻ സമരം ആരംഭിച്ചത്.രാധാകൃഷ്ണനു സമരം അവസാനിപ്പിക്കേണ്ടി വന്നാല്‍ മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന്‍ പകരം നിരാഹാരമിരിക്കും.
സംസ്ഥാന കലോത്സവം;ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കലാകിരീടം പാലക്കാടിന്
ആലപ്പുഴ:സംസ്ഥാന സ്കൂൾ കലോത്സവം സമീപിച്ചു.ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലാ കലാകിരീടം സ്വന്തമാക്കി.12 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ മറികടന്നാണ് പാലക്കാട് ജേതാക്കളായത്.പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂര്‍ ജില്ലയാണു മൂന്നാം സ്ഥാനത്ത്. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കാസര്‍കോട് ജില്ലയിൽ നടത്താൻ തീരുമാനമായി.
കണ്ണൂരിൽ നിന്നും ആദ്യവിമാനം പറന്നുയരുമ്പോൾ ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി കണ്ണൂർ സ്വദേശികളായ അച്ഛനും മകനും
കണ്ണൂർ:ഉത്ഘാടന ദിവസമായ ഇന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പറന്നുയരുമ്പോൾ ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി കണ്ണൂർ കാടാച്ചിറ സ്വദേശികളായ ഒരു അച്ഛനും മകനും.ഇന്ന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയര്‍ വിമാനത്തില്‍ പൈലറ്റാകുന്നത് കണ്ണൂര്‍ സ്വദേശി അശ്വിന്‍ നമ്പ്യാരാണ്.രണ്ട് വര്‍ഷം മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി എയര്‍ മാര്‍ഷല്‍ രഘു നമ്പ്യാരുടെ മകനാണ് അശ്വിന്‍. വ്യോമസേനയുടെ ട്രെയിനിങ് കമാന്‍ഡിലായിരുന്ന രഘു നമ്പ്യാരാണ് അന്ന് ഡോണിയര്‍ 228 വിമാനം പറത്തിയത്. ഇപ്പോള്‍ ഷില്ലോങ്ങിലെ ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ചീഫാണ് രഘു നമ്പ്യാർ.സ്വന്തം നാട്ടിൽ നിന്നും പുറപ്പെടുന്ന ആദ്യ വിമാനത്തിന്റെ പൈലറ്റ് അകാൻ സാധിച്ചതിൽ തനിക്കും തന്റെ കുടുംബത്തിനും അഭിമാനമുണ്ടെന്ന് അശ്വിൻ പറഞ്ഞു.കണ്ണൂരിൽ നിന്നും ഉൽഘാടന ദിവസം സർവീസ് നടത്തുന്ന ഫ്‌ലൈറ്റുകളിൽ ഒന്ന് ഗോ എയർ ആണെന്നറിഞ്ഞപ്പോൾ തന്നെ അശ്വിൻ തന്നെ ഇതിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തന്റെ സീനിയർ ഓഫീസർക്ക് പേർസണൽ റിക്വസ്റ്റ് അയക്കുകയായിരുന്നു.തന്നെ ഇതിന്റെ ഭാഗമാക്കുകയാണെങ്കിൽ തനിക്കും തന്റെ കുടുംബത്തിനും എന്നും അഭിമാനിക്കാൻ പറ്റുന്ന ഒരു നിമിഷമായിരിക്കുമെന്നും അതെന്നും റിക്വസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഈ അപേക്ഷ സീനിയർ ഓഫീസർ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഗോ എയർ ഫ്ലൈറ്റിന്റെ പൈലറ്റ് ആയി പ്രവർത്തിച്ചു വരികയാണ് അശ്വിൻ.കൂടുതലായും ന്യൂ ഡൽഹി-കൊൽക്കത്ത എയർപോർട്ടുകളിലായാണ് അശ്വിൻ ഫ്ലൈറ്റ് സർവീസ് നടത്തിയിരിക്കുന്നത്.കേരളത്തിൽ കൊച്ചി എയർപോർട്ടിലേക്ക് മാത്രവും.
അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും
ആലപ്പുഴ:ആലപ്പുഴയിൽ നടക്കുന്ന അൻപത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനമാകും.175 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 675 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്.673 പോയിന്റുമായി പാലക്കാട് തൊട്ടുപിറകിലുണ്ട്.ഇന്ന് 52 ഇനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. മിമിക്രി, സംഘനൃത്തം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളെല്ലാം ഇന്നാണ് നടക്കുന്നത്.അതേസമയം വിധികര്‍ത്താവിനെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ മാറ്റിവച്ച ഹയര്‍സെക്കന്ററി വിഭാഗം കൂടിയാട്ടം ഇന്ന് രാവിലെ ടൗണ്‍ ഹാളില്‍ നടക്കും. ആലപ്പുഴ ടീമിന്‍റെ പരിശീലകന്‍ കൂടിയാട്ടത്തിന്റെ വിധികര്‍ത്താവായി എത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.പരിശീലകനെ മാറ്റിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ആകെയുള്ള 17 ടീമിൽ 15 ടീമുകളും അറിയിക്കുകയായിരുന്നു.മത്സരം റദ്ദാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും അത് അനുവദിക്കില്ലെന്ന് പറഞ്ഞ് മത്സരാര്‍ത്ഥികള്‍ മേക്കപ്പോട് കൂടി തന്നെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധവും നടത്തി. പ്രധാനവേദിക്ക് സമീപം മൂന്ന് മണിക്കൂറോളമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പിന്നീട് പൊലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ ഇവിടെ നിന്ന് മാറ്റിയത്
കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയർന്നു
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര നിന്നുള്ള ആദ്യ യാത്ര വിമാനം പറന്നുയർന്നു.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.വിമാനത്താവള ടെർമിനലിന്റെ ഉൽഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചിരുന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ആദ്യ വിമാനം.ആദ്യ വിമാനത്തിലെ യാത്രക്കാരെ വായന്തോട്ടിൽ നിന്നും സ്വീകരിച്ച് വിമാനത്താവളത്തിലെത്തിച്ചായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. മട്ടന്നൂർ ശങ്കരൻകുട്ടി അവതരിപ്പിച്ച കേളികൊട്ടടക്കം നിരവധി കലാപരിപാടികൾ അരങ്ങേറി.ഉച്ചയ്ക്ക് 12.30 ന് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയർ വിമാനവും യാത്രക്കാരുമായി കണ്ണൂരിലെത്തിച്ചേരും.ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടി ഉൽഘാടന ചടങ്ങിനെത്തിയ വിശിഷ്ടതിഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ട് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.
കണ്ണൂർ വിമാനത്താവളം അല്പസമയത്തിനകം നാടിനു സമർപ്പിക്കും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം അല്പസമയത്തിനകം നാടിനു സമർപ്പിക്കും.രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും.രാവിലെ 7.30ഓടെ ഉദ്ഘാടന വേദി ഉണർന്നു.മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ കേളികൊട്ട് അടക്കമുളള കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.പത്ത് മണിയോടെ മുഖ്യവേദിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. ഒരു ലക്ഷത്തിലധികം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. ഇവരെ സ്വീകരിക്കാന്‍ വലിയ ക്രമീകരണങ്ങളാണ് മട്ടന്നൂരില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങള്‍ വിമാനത്താവളത്തിലുണ്ടാകും.അബുദാബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കിയാല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. കൂടാതെ വ്യോമസേന, നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാകും.ഉച്ചയ്ക്ക് 12.20ന് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയര്‍ വിമാനവും കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയും വഹിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.
കണ്ണൂർ വിമാനത്താവളം ഉൽഘാടനത്തിന് ഇനി മണിക്കൂറുകൾ മാത്രം;ഉൽഘാടന ദിനം എയർപോർട്ടിൽ പതിനഞ്ചോളം വിമാനങ്ങൾ
മട്ടന്നൂർ:കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയരാൻ ഇനി മണിക്കൂറുകൾ മാത്രം.വിമാനത്താവളത്തെ വരവേൽക്കുവാനുള്ള ആഘോഷത്തിലാണ് നാടും നാട്ടുകാരും.കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ വിമാനത്താവളം ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ആറു മണിക്ക് സ്വീകരിച്ച് എയർപോർട്ടിലെത്തിക്കും. ഇവരെ സ്വീകരിക്കുന്നതിന് വായന്തോട്ട് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ ഏഴു മണിയ്ക്കകം വിമാനത്താവളത്തിൽ എത്തിക്കും. യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടപോകുന്നതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കും. ഏഴു മണിക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും.രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും.ഉദ്ഘാടന വേദിയില്‍ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
സംസ്ഥാന സ്കൂൾ കലോത്സവം;രണ്ടാം ദിനം കോഴിക്കോട് ജില്ല മുൻപിൽ
ആലപ്പുഴ:അൻപത്തിയൊൻപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനം കോഴിക്കോട് ജില്ലാ ഒന്നാമത്.ആദ്യം തൃശ്ശൂര്‍ ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത്.എന്നാല്‍ വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാം ദിനം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.നിലവില്‍ കോഴിക്കോടിന് 345 പോയിന്റും തൃശൂരിന് 344 പോയിന്റുമാണ്. വാശിയേറിയ മത്സരവീര്യത്തോടെ കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നുണ്ട്.രണ്ടാം ദിനമായ ഇന്ന് 75 ഇനങ്ങളിലെ മത്സരങ്ങളാണ് നടക്കുക.ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോല്‍ക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്.
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു
ഇരിട്ടി:ആറളം ഫാമില്‍ വീണ്ടും കാട്ടാനയാക്രമണത്തില്‍ ഒരാള്‍ മരിച്ചു. പത്താം ബ്ലോക്കിലെ കൃഷ്ണന്‍ മണക്കാവ് (45) ആണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. അടുത്തിടയും സമാനരീതിയില്‍ ആറളം ഫാമില്‍ ഒരാള്‍ മരിച്ചിരുന്നു. തുടര്‍ച്ചയായി കാട്ടാനയാക്രമണം ഉണ്ടാകാറുള്ള പ്രദേശമാണിത്.
കെ.സുരേന്ദ്രൻ ജയിൽ മോചിതനായി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്‌റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപവുമായി സുരേന്ദ്രനെ സ്വീകരിക്കാന്‍ പാര്‍ട്ടി ഉന്നത നേതാക്കളടക്കം നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. ചിത്തിര ആട്ട വിശേഷ സമയത്ത് തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ 22 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന സുരേന്ദ്രന് ബിജെപി നേതൃത്വം വന്‍വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും തിരുവനന്തപുരത്ത് കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തുവന്ന സുരേന്ദ്രനെ ആരാധകര്‍ തോളിലേറ്റിയാണ് തുറന്ന ജീപ്പിലേയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്ബടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും. അതിന് മുന്‍പ് അദ്ദേഹം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകിട്ടോടെ റാന്നി കോടതിയിൽ പൂർത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.