കണ്ണൂർ:ഐഎസ്സിൽ ചേരാൻ കണ്ണൂരിൽ നിന്നും പത്തുപേർ കൂടി നാടുവിട്ടതായി സൂചന. അഴീക്കോട് പൂതപ്പാറയിലെ രണ്ടു കുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മൈസൂരുവിലേക്കെന്നുപറഞ്ഞാണ് രണ്ടു കുടുംബങ്ങളും മറ്റൊരാളും പോയത്. എന്നാല്‍ മടങ്ങിവരാത്തതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യു.എ.ഇ.യിലേക്ക് പോയതായും അവിടെനിന്ന് മുങ്ങിയതായും വിവരം ലഭിച്ചത്.സിറിയയില്‍ കൊലപ്പെട്ട ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോള്‍ നാടുവിട്ട പൂതപ്പാറ സ്വദേശി സജ്ജാദ്. സജ്ജാദിന്റെ ഭാര്യ ഷാഹിന കുടക് സ്വദേശിയാണ്. മതംമാറി ഷാഹിനയെന്ന പേര് സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം. സജ്ജാദിനു പുറമെ ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെതന്നെ അന്‍വര്‍, ഭാര്യ അഫ്‌സീല,ഇവരുടെ മൂന്നുമക്കള്‍,കുറുവയിലെ ടി.പി. നിസാം എന്നിവരാണ് നവംബര്‍ 20ന് വീടുവിട്ടത്.സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐ.എസ്. കേന്ദ്രത്തിലേക്കാണ് ഇവര്‍ പോയതെന്നാണ് പോലീസ് നിഗമനം. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഐ.എസില്‍ ചേരാന്‍ പോയിരുന്നു. പാപ്പിനിശ്ശേരിയില്‍നിന്നുപോയി ഐ.എസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്‌സീല.ഡിവൈ.എസ്.പി. പി.പി. സദാനന്ദനാണ് കേസിന്റെ അന്വേഷണ ചുമതല.
തിരുവനന്തപുരത്ത് വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:തിരുവനന്തപുരത്ത് വൈദീകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേറ്റികോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദര്‍ ആല്‍ബിനാണ് മരിച്ചത്.പള്ളിമേടയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വൈദികനെ കാണപ്പെട്ടത്.വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഫാദർ ആൽബിൻ. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.അടുത്ത സുഹൃത്തുക്കളോട് അപകടം ഉണ്ടായതിനെ തുടർന്ന് വിശ്രമത്തിനായി സ്വന്തം സ്വദേശമായ കൊട്ടാരക്കരയില്‍ പോകുമെന്ന് അറിയിച്ചിരുന്നു.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം;ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം:സെക്രെട്ടറിയേറ്റിന് മുൻപിലെ ബിജെപി സമരപ്പന്തലിനു സമീപം യുവാവിന്റെ ആത്മഹത്യാ ശ്രമം.മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പുലർച്ചെ ഒന്നരമണിയോട് കൂടിയാണ് സംഭവം.ഇയാള്‍ സമരപ്പന്തലിലേക്ക് ഓടികയറുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു.പൊലീസും സമരപന്തലിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണ് വേണുഗോപാലന്‍ നായര്‍.
ട്രെയിനിലേക്ക് ചാടികയറുന്നതിനിടെ ട്രാക്കിനിടയിലേക്ക് വീണ് യുവാവിന്റെ രണ്ടു കാലുകളും അറ്റു
തലശ്ശേരി:ട്രെയിനിലേക്ക് ചാടികയറുന്നതിനിടെ ട്രാക്കിനിടയിലേക്ക് വീണ് യുവാവിന്റെ രണ്ടു കാലുകളും അറ്റു.ഉരുവച്ചാല്‍ നെല്ലൂന്നിയിലെ സിഎച്ച് ഫൈസല്‍ (35) ആണ് തലശേരി റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടത്.തിങ്കളാഴ്ച രാത്രി പത്തു മണിയ്ക്കാണ് സംഭവം.എറണാകുളത്തേക്ക് പോകാന്‍ തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനിൽ കയറിയ ഫൈസല്‍ വെള്ളം വാങ്ങാന്‍ വീണ്ടും ഇറങ്ങുകയായിരുന്നു. വെള്ളം വാങ്ങിയെത്തിയ ഉടനെ ട്രെയ്ന്‍ പുറപ്പെട്ടപ്പോള്‍ ചാടികയറാന്‍ ശ്രമിക്കവേ കാല്‍ തെന്നി ട്രാക്കിലേക്ക് വീഴുകയായിരുന്നു.ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിന്റെ ബോഡി ഉരഞ്ഞ് ഇരുകാലുകളും ചതഞ്ഞു. പോലീസും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തലശേരി ആശുപത്രിയിലെത്തിച്ചു.തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.ചതഞ്ഞ ഇരുകാലുകളും ഇന്നലെ രാവിലെ മുറിച്ചുനീക്കി. ഏതാനും വര്‍ഷം മുൻപ് ഫൈസലിന്റെ പിതാവ് ട്രെയ്‌നില്‍ നിന്ന് വീണു മരിച്ചിരുന്നു. ഈ കേസിന്റെ ആവശ്യത്തിന് എറണാകുളത്തേക്ക് പോകവേയാണ് ഫൈസല്‍ അപകടത്തില്‍പ്പെട്ടത്.
തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ്സിന് തീപിടിച്ചു
തിരുവനന്തപുരം:തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ്സിന് തീപിടിച്ചു.കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്.ഉടന്‍ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന വിവരം ലഭ്യമല്ല.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു
തിരുവനന്തപുരം:പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു.നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം.ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ത്തന്നെ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാർക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.പതിവുപോലെ ശബരിമല വിഷയത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉപയോഗിച്ച് പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചിരുന്നു.പ്രതിപക്ഷ ബഹളം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി. പിന്നീട് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.
കർണാടക വനത്തിനുള്ളിൽ നായാട്ടിനു പോയ മലയാളി വെടിയേറ്റ് മരിച്ചു;രണ്ടുപേർ കസ്റ്റഡിയിൽ
കാസർകോഡ്:കർണാടക വനത്തിനുള്ളിൽ നായാട്ടിനു പോയ മലയാളിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാണ് വെടിയേറ്റുമരിച്ചത്. കര്‍ണ്ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റാകാം ഇയാള്‍ മരിച്ചതെന്നാണ് സംശയം.ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ കസ്റ്റഡിയിലാണ്. നായാട്ടിനായാണ് ജോര്‍ജ്ജും സംഘവും വനത്തില്‍ പ്രവേശിച്ചത്. വാഗമണ്‍തട്ട് എന്ന സ്ഥലത്ത് നിന്നാണ് ജോര്‍ജ്ജിന്റെ മൃതദേഹം കണ്ടെടുത്തത്.
ദോഹ-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കം
കണ്ണൂർ:ദോഹ-കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കമാവും.ഈ സെക്ടറില്‍ ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ദിവസങ്ങളിലായി നാല് സർവീസുകളാണ് ഉണ്ടാവുക.ദോഹ കണ്ണൂര്‍ വിമാനം(ഐഎക്സ്0774) ഇന്നു രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45നു കണ്ണൂരിലെത്തും. കണ്ണൂര്‍ ദോഹ വിമാനം(ഐഎക്സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20നു പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തും. നാലു മണിക്കൂറും15 മിനിറ്റുമായിരിക്കും യാത്രാ സമയം.ബോയിങ് 737800 വിമാനമായിരിക്കും സര്‍വീസ് നടത്തുന്നത്.
പത്തനംതിട്ട ഇലവുങ്കലിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ഇലവുങ്കലിൽ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേയ്ക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു.ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തമിഴ്‌നാട് അരയനെല്ലൂരില്‍ നിന്നുള്ള 57 അംഗ സംഘം ദര്‍ശനം കഴിഞ്ഞു മടങ്ങവേയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഇലവുങ്കല്‍ വളവില്‍ നിയന്ത്രണം വിട്ട ബസ് താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു.
കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി-സിപിഎം സംഘർഷം;രണ്ടുപേർക്ക് വെട്ടേറ്റു
കോഴിക്കോട്:പേരാമ്പ്രയിൽ ബിജെപി-സിപിഎം സംഘർഷം രൂക്ഷം.ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടുകൂടിയാണ് വെട്ടേറ്റത്.ഇരുവരും കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുനെന്ന് പോലീസ് പറയുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞമാസം പതിനെട്ടാം തീയ്യതി ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയും സമാധാനയോഗം നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അക്രമം ഉണ്ടായത്.