റാന്നി: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി.ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തിയ കേസിലാണ് രാഹുൽ അറസ്റ്റിലായത്.തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.എന്നാൽ ജാമ്യവ്യവസ്ഥയിലെ ഉപാധികൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.പമ്ബ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം റദ്ദാക്കിയത്.രണ്ടാഴ്ചയിൽ ഒരിക്കൽ സ്റ്റേഷനിൽ ഹാജരാകണം,അന്വേഷണവുമായി സഹകരിക്കണം,നിലയ്ക്കൽ,പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശിക്കരുത് തുടങ്ങിയവയായിരുന്നു ജാമ്യവ്യവസ്ഥയിലെ ഉപാധികൾ. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തത്.സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.ഇതിനായി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നു എന്നും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുക്കുകയായിരുന്നു.
ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം
കാസർകോഡ്: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം.കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 9ന് കാസര്‍ഗോഡ് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ തന്റെ ജാതി, നിറം തുടങ്ങിയവയെയും മാതാപിതാക്കളെയും അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കാസര്‍ഗോഡ് സ്വദേശി ബാലകൃഷ്ണനാണ് സന്തോഷ് എച്ചിക്കാനത്തിന്റെ പേരില്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുര്‍ഗ് പൊലീസാണ് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസ് രെജിസ്റ്റർ ചെയ്തത്.
കൊച്ചി പനമ്പിള്ളി നഗറിൽ സിനിമ താരത്തിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്പ്പ്
കൊച്ചി:പനമ്പിള്ളി നഗറില്‍പട്ടാപ്പകല്‍ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്‌പ്പ്. 25 കോടി രൂപ ആവശ്യപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ച രണ്ടു പേരും ബൈക്കില്‍ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. നടിയായ ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഡംബ ബ്യൂട്ടി പാര്‍ലറായ നെയില്‍ ആര്‍ട്ടിസ്റ്ററി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെയാണ് ആക്രമണം ഉണ്ടായത്.ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ഫോണ്‍ സന്ദേശം എത്തിയിരുന്നു.പണം നല്‍കിയില്ലെങ്കില്‍ ബ്യൂട്ടി പാര്‍ലര്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു.രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു.രവി പൂജാരെയുടെ പേരിലായിരുന്നു ഫോണ്‍ കോളും ലഭിച്ചിരുന്നത്.2013 ല്‍ ചെന്നൈ കാനറാ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടിയുടെ തട്ടിപ്പു കേസില്‍ പ്രതിയാണ് ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീനമരിയ പോൾ.ഈ കേസിൽ ഡല്‍ഹിയിലെ ഫാം ഹൗസില്‍ വച്ച് നടി അറസ്റ്റിലാകുകയും ചെയ്തു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടി പാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്.ലീനാ പോളുമായി ബന്ധമുള്ളവര്‍ തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഈ ബൈക്ക് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും റോഡുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
ഗ്വാളിയാര്‍: ഗ്വാളിയാര്‍ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു.കോട്ടയം അതിരൂപത അംഗമായ അദ്ദേഹം രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയ്ക്ക് കാര്‍ അപകടത്തില്‍പ്പെട്ടാണ് മരിച്ചത്.അപകടം നടന്ന ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 2016 ഒക്ടോബര്‍ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ് മാര്‍ തോമസ് തെന്നാട്ട്.
ഫുട്ബോൾ താരം ഐ.എം വിജയൻറെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു
തൃശൂർ:ഫുട്ബോൾ താരം ഐ.എം വിജയൻറെ സഹോദരൻ കൃഷ്ണന്‍ (വിജു 53)വാഹനാപകടത്തിൽ മരിച്ചു.തൃശൂര്‍ വടക്കേസ്റ്റാന്‍ഡില്‍ വച്ച് വിജു സഞ്ചരിച്ചിരുന്ന ബൈക്ക് ഒമ്നി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കില്‍ വിജുവിനൊപ്പമുണ്ടായിരുന്ന എആര്‍ ക്യാമ്പിലെ പോലീസുകാരനായ ലിഗേഷും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണമടയുകയായിരുന്നു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.മണി – കൊച്ചമ്മു ദമ്പതികളുടെ മൂത്ത മകനാണ് കൃഷ്ണന്‍ . ലതയാണ് വിജുവിന്‍റെ ഭാര്യ. മക്കള്‍: കാവ്യ കിരണ്‍, കൈലാസ് .
ശബരിമലയിലെ ബാരിക്കേഡുകൾ ഭാഗീകമായി നീക്കി
ശബരിമല:ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്.രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.
കണ്ണൂരിൽ ജലഅതോറിറ്റിയുടെ ക്ളോറിൻ സിലിണ്ടർ ചോർന്നു;12 പേർ ആശുപത്രിയിൽ
കണ്ണൂര്‍: കണ്ണൂരില്‍ ക്ലോറിന്‍ സിലണ്ടര്‍ ചോര്‍ന്ന് 12 പേര്‍ ആശുപത്രിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് ഫാറൂക്ക് നഗറില്‍ ജല അതോറിറ്റിയുടെ പഴയ ക്ലോറിന്‍ സിലണ്ടര്‍ ആണ് ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചോര്‍ച്ച താത്കാലികമായി അടച്ചെന്നും ശനിയാഴ്ച പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന കെ.എം ഷാജിയുടെ ഹർജിയിൽ മുന്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ്
കണ്ണൂർ:അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്ന കെ.എം ഷാജിയുടെ ഹർജിയിൽ മുന്‍ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.വര്‍ഗ്ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘു രേഖകൾ വിതരണം ചെയ്തതിന്റെ പേരിലാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കെ.എം.ഷാജിയുടെ പരാതിയില്‍ അന്നത്തെ വളപട്ടണം എസ്‌ഐ. ശ്രീജിത്തുകൊടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കയാണ്. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എന്‍.പി. മനോരമയുടെ വീട്ടില്‍ നിന്നും വര്‍ഗ്ഗീയ പരാമര്‍ശമുള്ള ലഘുലേഖ പിടിച്ചെടുത്തിരുന്നുവെന്ന് എസ്‌ഐ. കൊടേരി ഹൈക്കോടതിയില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എം.ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. നേരത്തെ കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ എസ്‌ഐ. നല്‍കിയ സ്ഥലമഹസ്സറിലും എഫ്.ഐ. ആറിലും ലഘുലേഖ ഹാജരാക്കിയത് സിപിഎം. ലോക്കല്‍ കമ്മിറ്റി മെമ്ബര്‍ അബ്ദുള്‍ നാസറാണെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പകര്‍പ്പ് സഹിതം കെ.എം. ഷാജി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീജിത്തുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എസ്‌ഐ.യോട് നേരിട്ട് ഹാജരാവാന്‍ കോടതി നോട്ടീസ് അയച്ചത്.വിവാദ ലഘുലേഖയുടെ പകര്‍പ്പ് സ്‌ക്വാഡിന് ലഭിച്ചത് മനോരമയുടെ വീട്ടില്‍ നിന്നല്ല പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നുവെന്നാണ് എസ്‌ഐ.യുടെ മൊഴി. ഈ മൊഴി കോടതി വിധിയിലും പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇങ്ങനെ ഒരു പകര്‍പ്പ് സ്‌ക്വാഡിന് നല്‍കിയതായി രേഖയൊന്നുമില്ലെന്ന് എസ്‌ഐ. കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാജി പറയുന്നു.തനിക്കെതിരെ കോടതിയില്‍ ഉപയോഗിച്ച വിവാദ ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതാണ് ഈ മൊഴികളെന്ന് ഷാജി ആരോപിച്ചിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.ടി. അബ്ദുല്‍ നാസറാണ് ലഘുരേഖ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയതെന്നാണ് ഷാജിയുടെ വാദം. അബ്ദുല്‍ നാസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തതെന്നും ലഘുരേഖ സ്റ്റേഷനിലെത്തിച്ചത് അബ്ദുല്‍ നാസറാണെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനോരമയുടെ വീട്ടില്‍ നിന്ന് ലഘുരേഖ പിടിച്ചെടുത്തുവെന്ന് തെറ്റായി മൊഴി നല്‍കിയ എസ്‌ഐ. ശ്രീജിതുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം.ഷാജിയുടെ ഹര്‍ജിയില്‍ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്‌ഐക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം.
രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് മുഖ്യമന്ത്രിയാകും;സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി
ന്യൂഡൽഹി:രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് മുഖ്യമന്ത്രിയാകും.രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന തര്‍ക്കത്തിനൊടുവിലാണ് ഇന്ന് പ്രഖ്യാപനം ഉണ്ടായത്. പ്രശ്ന പരിഹാരത്തിനായി മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റുമായും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി ആകും. ഒപ്പം രാജസ്ഥാന്‍ പിസിസി അദ്ധ്യക്ഷന്‍ സ്ഥാനത്ത് സച്ചിന്‍ തുടരും.
റേഷൻ കാർഡിൽ പേര് ചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതി
തിരുവനന്തപുരം:റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനായി ഇനി മുതൽ റേഷൻ കാർഡ് മതിയെന്ന് പൊതുവിതരണ വകുപ്പ്.വിവാഹം,സ്ഥലം മാറ്റം,വിവര ശേഖരണത്തിലെ പിഴവ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് കാർഡിൽ പേര് ചേർക്കാനാകാതെ പോയ നിരവധിപേർക്ക് ഈ ഉത്തരവ് ഗുണകരമാകും.നേരത്തെ റേഷൻ കാർഡിൽ പേര് ചേർക്കുന്നതിനാവശ്യമായ നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്,നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കിയാണ് പൊതുവിതരണ വകുപ്പ് ഡയറക്റ്റർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കാർഡ് തിരുത്തൽ അപേക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാൽ മാത്രം പുതിയ കാർഡ് പ്രിന്റ് ചെയ്ത് നൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.റേഷൻ കാർഡ് മാനേജ്‌മന്റ് സിസ്റ്റത്തിൽ ആവശ്യമായ തിരുത്തൽ വരുത്തിയ ശേഷം നിലവിലെ കാർഡിൽ തന്നെ രേഖപ്പെടുത്തി നൽകാനും ജില്ലാ,താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്.