തളിപ്പറമ്പ്:തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശിയായ വിദ്യാർത്ഥിയെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട സഹപാഠികളായ നാലു വിദ്യാർത്ഥികളെ ബെംഗളൂരു യലഹങ്ക പൊലീസ് കസ്റ്റഡിയിലെടുത്തു.കീഴാറ്റൂരിലെ പുതിയ പുരയില്‍ കെ.പി. പ്രഭാകരന്‍-സുരേഖ ദമ്ബതികളുടെ ഏക മകന്‍ അര്‍ജുന്‍ പ്രഭാകരന്‍ (22) ആയിരുന്നു കൊല്ലപ്പെട്ടത്.ബൈക്ക് അപകടത്തിൽ അർജുൻ മരിച്ചുവെന്നാണ് കോളേജ് അധികൃതർ വീട്ടുകാരെ വിവരമറിയിച്ചത്.ഇതിനെ തുടര്‍ന്ന് ബംഗളൂരുവിലെത്തിയ ബന്ധുക്കള്‍ അര്‍ജ്ജുന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും അസാധാരണ മുറിവുകളും കണ്ട് മരണത്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം അപകടമായിരുന്നില്ല കൊലപാതകം ആയിരുന്നെന്ന് കണ്ടെത്തിയത്.അന്വേഷണത്തില്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചും വെട്ടിയും കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തുകയായിരുന്നു. അര്‍ജുനും മറ്റുചില മലയാളി വിദ്യാര്‍ത്ഥികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ പരാതി നല്‍കിയ വിരോധത്തില്‍ ഭീഷണി നിലവിലുള്ളതായി അര്‍ജുന്‍ പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
ട്രാൻസ്ജെന്ഡേഴ്സിന് ശബരിമല ദർശനത്തിന് അനുമതി
പത്തനംതിട്ട:ട്രാൻസ്ജെന്ഡേഴ്സിന് ശബരിമല ദർശനത്തിന് പോലീസ് അനുമതി നൽകി. വിഷയത്തിൽ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതിനെത്തുടര്‍ന്നാണ് നാലു ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പൊലീസ് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ ഇവരെ പൊലീസ് തടഞ്ഞിരുന്നു.അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരേയാണ് പൊലീസ് തടഞ്ഞത്.സ്ത്രീവേഷത്തില്‍ ശബരിമലയിലേക്കു പോവാനാവില്ലെന്നാണ് പൊലീസ് ആദ്യം അറിയിച്ചത്. തുടക്കത്തില്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് ട്രാന്‍ജെന്‍ഡറുകള്‍ വഴങ്ങി. എന്നാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പൊലിസ് ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി അറിയിച്ചിരുന്നു. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊലീസ് അനുമതി നല്‍കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു ശബരിമലയില്‍ എത്തുമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറിയിച്ചു.
കെഎസ്ആർടിസിക്ക് അന്ത്യശാസനവുമായി ഹൈക്കോടതി;വൈകുന്നേരത്തിനകം മുഴുവന്‍ താത്കാലികക്കാരെയും പിരിച്ച് വിടണം
കൊച്ചി: ഇന്ന് വൈകുന്നേരത്തിനകം കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്‌ടര്‍മാരെയും പിരിച്ച് വിടണമെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം.ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അറിയാമെന്ന് പറഞ്ഞ കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.ഇന്ന് വൈകുന്നേരത്തിനകം കോര്‍പറേഷനില്‍ ഒരൊറ്റ എം പാനല്‍ കണ്ടക്‌ടര്‍മാര്‍ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു.പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി താത്‌കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനും തയ്യാറായില്ല.ജോലിയില്‍ നിന്ന് പിരിച്ച് വിടുന്ന ഒരു കൂട്ടം കണ്ടക്‌ടമാരാണ് തങ്ങളെക്കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി രൂക്ഷമായ ഭാഷയിലാണ് കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇന്ന് വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പുറത്താക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം കോര്‍പറേഷന്‍ എം.ഡി ഉറപ്പ് വരുത്തണം. ഒരു താത്‌കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ തുടരുന്നില്ലെന്ന് കാട്ടി എം.ഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
രാഹുൽ ഈശ്വർ അറസ്റ്റിൽ
പത്തനംതിട്ട : അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഗവണ്മെന്റ് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കഴിഞ്ഞ ദിവസം റാന്നി കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥയിൽ പറഞ്ഞിരുന്നത്.കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാന്‍ രാഹുൽ ഈശ്വർ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പമ്ബ പോലീസ് സ്റ്റേഷനിലെത്തിയായിരുന്നു ഒപ്പിടേണ്ടത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്ബ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസുകാരുടെ റിപ്പോര്‍ട്ട് എന്ന് രാഹുല്‍ പറഞ്ഞു. പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
കൊച്ചിയിൽ മയക്കുമരുന്ന് വേട്ട;സീരിയൽ നടി അറസ്റ്റിൽ
കൊച്ചി:കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി അറസ്റ്റിൽ.തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവിനെയാണ് ഇന്നലെ രാവിലെ കാക്കനാടുള്ള നടിയുടെ ഫ്ലാറ്റില്‍ നിന്നും തൃക്കാക്കര പൊലീസ് പിടികൂടിയത്. നടിയോടൊപ്പം ഡ്രൈവര്‍ ബിനോയ് എബ്രഹാമിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.നിരോധിത ലഹരിമരുന്നായ 3.5 ഗ്രാം എംഡിഎംഎ ആണ് ഇവരിൽ നിന്നും പിടികൂടിയത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് ഇവര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു.വിൽപ്പനയ്ക്ക് പുറമെ മൂന്ന് ദിവസത്തിലൊരിക്കല്‍ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു. ബാഗ്ലൂരില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്.
കോടതി ഉത്തരവ് പ്രകാരം കെ എസ് ആര്‍ ടി സി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനമായി;പിരിച്ചുവിടുന്നത് 3,861 താല്‍ക്കാലിക ജീവനക്കാരെ
തിരുവനന്തപുരം:കോടതി ഉത്തരവ് പ്രകാരം കെ എസ് ആര്‍ ടി സി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനമായി.ഇതനുസരിച്ച് 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഇവർക്കുള്ള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായിട്ടുണ്ട്. അറിയിപ്പ് ഇന്ന് രാവിലെ മുതല്‍ ജീവനക്കാര്‍ക്ക് കൈമാറി തുടങ്ങും.പിരിച്ചുവിടുന്നതായുള്ള ഉത്തരവ് കൈപ്പറ്റിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് താല്ക്കാലിക ജീവനക്കാരുടെ തീരുമാനം.എം പാനൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കൊപ്പം പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 പേരെ നിയമിക്കാനുള്ള നടപടിയും ഉടന്‍ ആരംഭിക്കും.ഇവർക്കുള്ള ശുപാര്‍ശയും ഇന്നുമുതല്‍ നല്‍കിത്തുടങ്ങും.പിരിച്ചുവിടലിനെതിരെ ഡിസംബര്‍ 19 ന് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താൻ താൽക്കാലിക ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്.കെ എസ് ആര്‍ ടി സി എംഡി ടോമിന്‍ തച്ചങ്കരി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.അതിനിടെ എംപാനല്‍ ജീവനക്കാരുടെ നിയമനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;നടി ലീന മരിയ പോൾ മൊഴിനൽകാൻ ഇന്ന് ഹാജരായേക്കും
കൊച്ചി:കൊച്ചിയിൽ നടന്ന ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ മൊഴിനൽകുന്നതിനായി നടി ലീന മരിയ പോൾ ഇന്ന് ഹാജരായേക്കും.അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റ് കമ്മീഷണര്‍ പി.പി ഷംസിന് മുന്നിലാണ് നടി ഹാജരാവുക. ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ലീന അറിയിച്ചിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി നല്‍കാന്‍ നേരിട്ട് ഹാജരാകാന്‍ ലീനയോട് പൊലീസ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹൈദരാബാദിലായിരുന്ന അവര്‍ ഇന്ന് ഹാജരാകാമെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു.മുബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ 25 കോടി രൂപ ആവശ്യപ്പെട്ട് തനിക്ക് നാലുതവണ ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായി ഇന്നലെ നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഭീഷണിയെകുറിച്ച് പൊലീസിനെ അറിയിച്ചിരുന്നതായും പരാതി നല്‍കിയിരുന്നില്ലെന്നും നടി പറഞ്ഞു.ഇന്ന് എ.സി.പിക്കു മുന്നില്‍ ഹാജരാകുമ്ബോള്‍ ഭീഷണി സംബന്ധിച്ച് പരാതി നല്‍കുമെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നടി വ്യക്തമാക്കി.
ജിദ്ദയിൽ മലയാളി യുവാവ് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ചുമരിലടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു
ജിദ്ദ:ജിദ്ദയിൽ മലയാളി യുവാവ് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ചുമരിലടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു.ആലപ്പുഴ സ്വദേശി ശ്രീജിത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭർത്താവാണ് മരിച്ച ശ്രീജിത്ത്(30).കുടുംബവഴക്കിനെത്തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചു.മൂന്നുമാസം മുൻപ് വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും.വീട്ടിലെ ബഹളത്തെത്തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ഇതിന് ശേഷമാണ് കുട്ടിയുടെ കൊലപാതകത്തേയും ആത്മഹത്യയേയും കുറിച്ച് കൃത്യമായ ചിത്രം നാട്ടിലും ലഭിച്ചത്.കുടുംബവഴക്കിനെ തുടര്‍ന്നു ശ്രീജിത് കുഞ്ഞിനെ എടുത്ത് ഭിത്തിയില്‍ അടിക്കുകയായിരുന്നെന്നും ഭാര്യ അനീഷ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണു റിപ്പോര്‍ട്ട്. കുഞ്ഞ് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്.ചികില്‍സയിലുള്ള അനീഷയില്‍ നിന്ന് പൊലീസ് കാര്യങ്ങള്‍ തിരക്കി. ഇതിന് ശേഷമാണ് കൊലപാതകം പൊലീസ് സ്ഥിരീകരിച്ചത്. കുടുംബ വഴക്കിന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.ആലപ്പുഴ നൂറനാട് സ്വദേശിയും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി നഴ്‌സുമാണ് അനീഷ. നാട്ടിലായിരുന്ന ശ്രീജിത്ത് 3 മാസം മുന്‍പാണ് വിസിറ്റിങ് വീസയില്‍ ജിദ്ദയിലേക്ക് പോയത്. ഇരുവരുടെയും വഴക്ക് മൂര്‍ഛിച്ചതിനാല്‍ അനീഷ അടിയന്തര ലീവെടുത്ത് മൂന്നുപേരും ഇന്നു നാട്ടിലേക്കു വരാനിരിക്കെയാണ് ദുരന്തം.
ശബരിമല വിഷയത്തിൽ സി.കെ പദ്മനാഭൻ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്
ശബരിമല:ശബരിമല വിഷയത്തിൽ ബിജെപി നേതാവ് സി.കെ പദ്മനാഭൻ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ശബരിമലയിലെ നിരോധനാജ്ഞ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ നിരാഹാരമിരിക്കുന്നത്. ആദ്യം സത്യാഗ്രഹത്തിന് എത്തിയത് എഎന്‍ രാധാകൃഷ്ണനായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സമരം സികെ പത്മനാഭന്‍ ഏറ്റെടുത്തത്.സികെ പത്മനാഭന്റെ ആരോഗ്യനില മോശമായാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തേക്കും.അതേസമയം ബിജെപിയുടെ സമരം 14 ദിവസം പിന്നിടുകയാണ്.എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്നും സമരം അവസാനിപ്പിക്കുന്നതിലുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു
ശബരിമല:ശബരിമല ദർശനത്തിനെത്തിയ ട്രാസ്‌ജെൻഡേഴ്സിനെ പോലീസ് തിരിച്ചയച്ചു.ഇവരോട് സ്ത്രീവേഷം മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതോടെയാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് അയ്യപ്പദര്‍ശനത്തിനായി പുലര്‍ച്ചെ നാലിന് എത്തിയത്. ദര്‍ശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന് ഇവര്‍ പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.പുലര്‍ച്ചെ 1.50 നാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്ബും ഇത്തരത്തില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കോട്ടയം, എറണാകുളം സ്വദേശികളാണിവര്‍.അതേസമയം തങ്ങളോട് പൊലീസ് മോശമായാണ് സംസാരിച്ചതെന്ന് ഇവർ പറഞ്ഞു.തങ്ങളുടെ സ്ത്രീവേഷം മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും തങ്ങള്‍ വന്ന ടാക്‌സി കാറിന്റെ ഡ്രൈവറിനെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാന്‍ ആക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു.എന്നാൽ സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടർന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.