പത്തനംതിട്ട:ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിച്ച് പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ആക്റ്റിവിസ്‌റ്റുകള്‍കള്‍ക്കും മല കയറാന്‍ അനുവാദം നല്‍കില്ലെന്നും വ്യക്തമാക്കി സന്നിധാനത്തെ പൊലീസ് ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി.വരും ദിവസങ്ങളിലും കൂടുതൽ യുവതികളെത്താൻ സാധ്യതയുണ്ട്.ഇവരിൽ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കണം. തിരക്കുള്ളപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും ഡിജിപിക്ക് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും ഡി ജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കനക ദുര്‍ഗയും ബിന്ദുവും ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ചു
കോട്ടയം:പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ യുവതികളായ കനക ദുര്‍ഗയും ബിന്ദുവും ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ചു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരുള്ളത്.ഇന്ന് ഉച്ച തിരിഞ്ഞത് മുതല്‍ ഇരുവരും ഭക്ഷണം നിഷേധിച്ചിരിക്കുകയാണ്.പോലീസ് ഇവരെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നാരോപിച്ചാണ് ഇരുവരും നിരാഹാര സമരം തുടങ്ങിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച തങ്ങളെ പോലീസ് പോകാൻ അനുവദിക്കുന്നില്ലെന്നും ഫോൺ ഉൾപ്പെടെയുള്ളവ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.ബന്ധുക്കളെ വിളിക്കാൻ പോലും പോലീസ് അനിവാദിക്കുന്നില്ലെന്നും രണ്ടുപേരും പറഞ്ഞു.അതേസമയം കസ്റ്റഡി വാർത്ത പോലീസ് നിഷേധിച്ചു.തിങ്കളാഴ്ച ശബരിമല ദർശനത്തിനെത്തിയ ഇരുവരും സന്നിധാനത്തിനു 700 മീറ്റർ അടുത്തെത്തിയെങ്കിലും ചന്ദ്രാനന്ദൻ റോഡിൽ വെച്ച് പ്രതിഷേധക്കാർ എത്തിയതോടെ പോലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പോലീസ് ആദ്യം പമ്പയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്;ഫോൺ ശബ്ദം രവി പൂജാരയുടേത് തന്നെയെന്ന് പോലീസ്;അന്വേഷണം വഴിത്തിരിവിലേക്ക്
കൊച്ചി:കൊച്ചിയിലെ ബ്യൂട്ടി പാർലറിന് നേരെ നടന്ന വെടിവെയ്പ്പ് കേസിൽ പുതിയ വഴിത്തിരിവ്.ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തി.രവി പൂജാരിയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബര്‍ മുതല്‍ രവി പൂജാരിയുടെ ഭീഷണികോളുകള്‍ വന്നിരുന്നതായി ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞിരുന്നു.ഇത്രയും ഭീമമായ തുക ലീന മരിയ പോളില്‍ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ കാരണം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ലീനയില്‍ നിന്നും പോലീസ് വീണ്ടും മൊഴിയെടുത്തേക്കും.നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ‘നെയ്ല്‍ ആര്‍ടിസ്ട്രി’ എന്ന സലൂണില്‍ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു.
ശബരിമലയിലേക്ക് വീണ്ടും പോകണമെന്ന് യുവതികൾ;പറ്റില്ലെന്ന് പോലീസ്
കോട്ടയം:തങ്ങൾക്ക് ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് തിങ്കളാഴ്ച മലകയറിയ കനകദുര്‍ഗയും ബിന്ദുവും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇരുവരും ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസം മലകയറാനെത്തിയ യുവതികൾ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു.എന്നാൽ പൊലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തിരിച്ചിറങ്ങിയതെന്നാണ് ഇവരുടെ വാദം.എന്നാല്‍ ഈ മണ്ഡല കാലത്ത് ദര്‍ശനം നടത്താനാവില്ലെന്ന നിലപാടിലാണ് പോലീസ്. ഇക്കാര്യം കോട്ടയം എസ്പി ഇന്ന് യുവതികളെ അറിയിക്കുമെന്നാണ് വിവരം. ഹൈക്കോടതി നിയമിച്ച നീരീക്ഷണ സമിതിയുടെയും സര്‍ക്കാരിന്റെയും അഭിപ്രായം തേടാനും സാധ്യതയുണ്ട്. ഇവരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും പൊലീസിന്റെ അന്തിമ നീക്കമുണ്ടാകുക.
കോട്ടയത്ത് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
കോട്ടയം: കോട്ടയം-പൊന്‍കുന്നം റോഡില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കോട്ടയം മണര്‍കാട് കിഴക്കേപ്പറമ്ബില്‍ സുകുമാരന്‍(46), കോട്ടയം വടവാതൂര്‍ കളത്തിപ്പടി കാര്‍ത്തികപ്പള്ളി വീട്ടില്‍ ഭരതന്റെ മകന്‍ ഉല്ലാസ്(46), പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ ഇലമന്ദം തേന്‍കുറിശി കുറിഞ്ചിത്തിക്കാലായില്‍ സ്വാമിനാഥന്റെ മകന്‍ കണ്ണദാസന്‍(36) എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആനിക്കോട് മൂലേപ്പീടിക കുന്നുംപുറത്ത് അജി പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അപകടം.അമിതവേഗം കുറയ്ക്കുന്നതിനു സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ വഴി ഇരു വാഹനങ്ങളും കടന്നു പോകാന്‍ ശ്രമിക്കുമ്ബോള്‍ ആയിരുന്നു അപകടം.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കുടുങ്ങിക്കിടന്ന യാത്രക്കാരെ കാര്‍ വെട്ടി പൊളിച്ചാണു പുറത്തെടുത്തത്.
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഗതാഗതക്കുരുക്ക് രൂക്ഷം
പത്തനംതിട്ട:ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.ഇന്നലെ രാത്രി മുതലാണ് അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള, നിലയ്ക്കല്‍ ബേസ് ക്യാമ്ബിലേക്ക് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്.മണ്ഡലകാലം അവസാനിക്കാറായതിന് പുറമെ സ്കൂള്‍ അവധി തുടങ്ങിയതും തീര്‍ത്ഥാടകരുടെ എണ്ണം കൂടാന്‍ കാരണമായി.പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് ഭക്തരെ നിയന്ത്രിക്കുന്നത്.ദര്‍ശനം നടത്തിയവര്‍ അടിയന്തിരമായി തിരികെ മലയിറങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളാണ് നിലയ്ക്കലില്‍ ഇപ്പോള്‍ ഉള്ളത്.ഇവിടെല്ലാമായി 15000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്നാണ് കണക്ക്. എന്നാല്‍ നിലവില്‍ 8000 വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പകല്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ തിരിച്ചെത്താന്‍ വൈകുന്നതും പാര്‍ക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.അടുത്ത് വരാനിരിക്കുന്ന മകരവിളക്ക് സീസണില്‍ തിരക്ക് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. അതിനു മുന്‍പ് കൂടുതല്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
പിരിച്ചുവിട്ട എം പാനൽ കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട എം പാനൽ കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍.താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഇതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ എസ് ആര്‍ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. 27 ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.പി എസ് സി ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ച കണ്ടക്ടര്‍മാരില്‍ 1248 പേര്‍ ഇതിനകം അതാത് ഡിപ്പോകളില്‍ പരിശീലനത്തിനു എത്തിയിട്ടുണ്ട്. ഇവരെ എത്രയും പെട്ടെന്ന് ബസ്സുകളില്‍ നിയോഗിക്കുന്നതോടെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ.ഉത്തരവിനെത്തുടര്‍ന്ന് പിരിച്ചുവിട്ട നാലായിരത്തോളം എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരം വരെ കാല്‍നടയായി നടത്തുന്ന ജാഥയില്‍ രണ്ടായിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം പങ്കെടുത്തത്. ജോലി നഷ്ടപ്പെട്ട മുഴുവന്‍ പേരെയും സര്‍വീസില്‍ തിരിച്ചെടുക്കുക, ജീവിത സാഹചര്യം മനസ്സിലാക്കി തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജീവനക്കാരുടെ ലോംഗ് മാര്‍ച്ച്.
മകരവിളക്കിന് മുൻപായി ശബരിമലയിലേക്ക് കൂടുതൽ യുവതികൾ എത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം:മകരവിളക്കിന് മുൻപായി ശബരിമലയിലേക്ക് വിവിധ വനിതാ സംഘടനയിൽപ്പെട്ട കൂടുതൽ യുവതികൾ എത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ഇവര്‍ക്ക് രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.19ന് നട അടയ്ക്കുന്നതുവരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാരിനോടും പൊലീസിനോടും ഇന്റലിജന്‍സ് നിര്‍ദേശിച്ചു.ഇതര സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഇന്റലിജന്‍സ് ശേഖരിക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ സംഘടനകള്‍ ശബരിമല വിഷയത്തില്‍ ഇടപെടാന്‍ തയ്യാറെടുക്കുന്നു. ഇവര്‍ക്കെല്ലാം ഏതെങ്കിലും തരത്തില്‍ കേരള ബന്ധങ്ങളുള്ളതായാണു വിവരം.ശബരിമല വിഷയത്തിലെ പ്രതിഷേധം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നതായും ഇതു ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നയിപ്പു നല്‍കിയിട്ടുണ്ട്.വിശ്വാസത്തിന്‍റെ പേരിലല്ല ഇവര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇന്റലിജന്‍സ് മുന്നറിയിപ്പുള്ളതിനാല്‍ ഇനിയുള്ള 24 ദിവസം സുരക്ഷ ശക്തമാക്കാനാണു പൊലീസിന്‍റെ തീരുമാനം.
സിപിഎമ്മിനെതിരെ ആരോപണവുമായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം
തിരുവനന്തപുരം:സിപിഎമ്മിനെതിരെ ആരോപണവുമായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം.സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുവാന്‍ സിപിഎം ആവശ്യപ്പെട്ടെന്നാണ് സനലിന്റെ കുടുംബം പറയുന്നത്.വാർത്താ സമ്മേളനം നടത്തി സമരം അവസാനിപ്പിക്കുകയാണെന്ന് പറയണമെന്ന് സിപിഎം ജില്ലാ സെക്രെട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടതായി വിജിയുടെ പിതാവ് വർഗീസ് പറഞ്ഞു.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.സമരം നിർത്തിയാൽ നഷ്ടപരിഹാരം നൽകാമെന്ന് ഇവർ പറഞ്ഞതായും വർഗീസ് പറഞ്ഞു.മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്ന് ആനാവൂര്‍ പറഞ്ഞതായി വിജിയുടെ പിതാവ് വര്‍ഗീസ് പറഞ്ഞു. ജോലിയുടെ കാര്യം സംസാരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ കാണാനെന്ന് പറഞ്ഞാണ് വിജിയുടെ പിതാവ് വര്‍ഗീസിനെ വിളിച്ചു വരുത്തിയത്.സെക്രട്ടേറിയറ്റിന് മുമ്ബില്‍ പതിനഞ്ച് ദിവസമായി സമരത്തിലാണ് സനലിന്റെ അമ്മയും ഭാര്യയുമടക്കം കുടുംബാംഗങ്ങള്‍.
മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിന് നേരെ പ്രതിഷേധം. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലാണ് ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിയെ കാണാന്‍ ഇന്നലെ രാത്രിയോടെയാണ് ഇവര്‍ തലസ്ഥാനത്ത് എത്തിയത്. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് തമിഴ്നാട്ടിലേക്ക് ട്രെയിനില്‍ മടങ്ങിയ സംഘത്തിന് നേരെ യാത്രയ്ക്കിടയിലാണ് ആക്രമണം. തിരുച്ചിറപ്പള്ളി ട്രെയിനിലാണ് ഇവര്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. എല്ലാ സ്റ്റേഷനുകളിലും ആര്‍എസ്‌എസുകാര്‍ എത്തുന്നുണ്ടെന്നും ഇവര്‍ തങ്ങളെ ട്രെയിനില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുകയാണെന്നും മനിതി സംഘത്തിലുള്ള വസുമതി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.ഓരോ സ്റ്റേഷനിലുമെത്തുമ്ബോള്‍ ട്രെയിനിന്‍റെ വാതിലില്‍ ഇടിച്ചുകൊണ്ട് തെറി വിളിക്കുകയാണ്. ട്രെയിനില്‍നിന്ന് ഇറങ്ങി വരാനും ആവശ്യപ്പെടുന്നു. ചില സ്റ്റേഷനുകളില്‍ ഇവര്‍ സഞ്ചരിക്കുന്ന കംപാര്‍ട്ടുമെന്‍റിന് നേരെ രൂക്ഷമായ ചീമുട്ടയേറും ഉണ്ടായി.ഓരോ സ്റ്റേഷനും അടുക്കുമ്ബോള്‍ ട്രെയിനിന് ഉളളിലുളളവര്‍ കൊടുക്കുന്ന സന്ദേശമനുസരിച്ചാണ് അക്രമികള്‍ എത്തുന്നതെന്ന് വസുമതി പറഞ്ഞു. ട്രെയിനില്‍ തങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്നും കൂടുതല്‍ സംരക്ഷണം വേണമെന്നുമാണ് മനിതി സംഘത്തിന്‍റെ ആവശ്യം.തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍നിന്ന് കേരളാ പൊലീസിന്‍റെ ചെറു സംഘവും മനിതി പ്രവര്‍ത്തകരെ അനുഗമിക്കുന്നുണ്ട്.മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ടാണ് ഇവർ തിരുവനന്തപുരത്തെത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സന്ദര്‍ശനം നടന്നില്ല.ഇതേ തുടർന്നാണ് മൂന്നംഗ സംഘം തിരികേ പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയത്.ഈ സമയത്ത് വനിതകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിചേരുകയായിരുന്നു.ഇതേ തുടര്‍ന്ന് പൊലീസ് മനിതി സംഘാംഗങ്ങളെ ട്രയിനില്‍ കയറ്റി വാതിലും ജനലുകളും അടക്കുകയായിരുന്നു. എന്നാല്‍ ഇവരെ പുറത്തിറക്കാതെ പിരിഞ്ഞു പോകില്ലെന്നും ട്രയിനെടുക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു.എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചില്ല. ഇതിനിടെ ട്രയിന്‍ സ്റ്റേഷന്‍ വിടുകയായിരുന്നു.