കണ്ണൂർ:കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുക്കാന്‍ വയല്‍ക്കിളികളും സംഘവും ഞായറാഴ്ച ഇറങ്ങും.”വയല്‍ക്കിളി’ ഐക്യദാര്‍ഢ്യസമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പ്രതീകാത്മക വയൽപിടിച്ചെടുക്കൽ നടക്കുക.ഇതിനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തളിപ്പറമ്പിലെത്തി കീഴാറ്റൂര്‍ വയലിലേക്ക് മാര്‍ച്ച് നടത്തും.പ്രതീകാത്മക വയല്‍പിടിച്ചെടുക്കലിന് രണ്ടായിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഡി.സുരേന്ദ്രനാഥ് അറിയിച്ചു.വയല്‍നികത്തി ദേശീയപാത ബൈപ്പാസ് പണിയുന്നതിന്‍റെ ഭാഗമായി ത്രീജി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വയല്‍ വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം തുടങ്ങുന്നത്.കീഴാറ്റൂര്‍ വയലില്‍ സംഗമിക്കുന്ന പ്രവര്‍ത്തകര്‍ വയല്‍വയലായി തന്നെ നിലനിര്‍ത്താന്‍ എന്ത് ത്യാഗത്തിനും തയാറാണെന്ന് പ്രതിജ്ഞ ചെയ്യും. ഹൈവേ സമരങ്ങളുടെ നേതാവ് ഹാഷിം ചേന്ദമ്ബള്ളി ഉദ്ഘാടനം നിര്‍വഹിക്കും.സി.ആര്‍.നീലകണ്ഠന്‍, അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവ്, എം.കെ.ദാസന്‍, പ്രഫ. കുസുമം ജോസഫ്, ഡോ.ഡി.സുരേന്ദ്രനാഥ്, സൈനുദീന്‍ കരിവെള്ളൂര്‍, സി.പി.റഷീദ്, കെ.സുനില്‍കുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും.സമരത്തിന്‍റെ പശ്ചാത്തലത്തിൽ തളിപ്പറമ്ബിലും കീഴാറ്റൂരിലും ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ അറിയിച്ചു.
പത്തനംതിട്ടയിൽ അന്യസംസ്ഥാനക്കാരിയായ വേലക്കാരിയുടെ അടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട:അടുക്കളയിൽ നടന്ന തർക്കത്തിനൊടുവിൽ അന്യസംസ്ഥാനക്കാരിയായ വേലക്കാരിയുടെ അടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മുട്ടുമണ്‍ മേലേത്തേതില്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ(77)യാണ് കഴിഞ്ഞ ദിവസം അടിയേറ്റു മരിച്ചത്. പ്രതിയായ വീട്ടുജോലിക്കാരി ജാര്‍ഖണ്ഡ് ഡുംകാ സ്വദേശി സുശീല (24)യെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.വീട്ടമ്മയും വേലക്കാരിയും അടുക്കളയില്‍ വെച്ച് തര്‍ക്കം ആവുകയായിരുന്നു. ശേഷം രോഷം പൂണ്ട വേലക്കാരി വീട്ടമ്മയെ അടിച്ച് വീഴ്ത്തുകയായിരുന്നു. വീട്ടമ്മ തല്‍ക്ഷണം മരിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സീരിയൽ നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവം;അന്വേഷണം സിനിമ-സീരിയൽ രംഗത്തേക്കും വ്യാപിപ്പിക്കുന്നു
കൊച്ചി:സീരിയൽ നടി അശ്വതി ബാബു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം സിനിമ-സീരിയൽ രംഗത്തേക്ക് വ്യാപിപ്പിക്കുന്നു.നടി താമസിച്ചിരുന്ന ഫ്ലാറ്റില്‍, അഭിനയ രംഗത്തുള്ളവര്‍ പങ്കെടുത്ത ലഹരിമരുന്ന് പാര്‍ട്ടികള്‍ നടന്നിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം.സിനിമ സീരിയല്‍ രംഗത്തുള്ള പലരും കാക്കനാട്ടെ ഫ്ലാറ്റില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.നടിയുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി അശ്വതി ബാബു ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവരുടെ സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണ് നീക്കം.ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ഉൽപ്പന്നങ്ങളാണ് നടിയുടെ പാലച്ചുവടുള്ള വീട്ടിൽ നിന്നും കണ്ടെടുത്തത്.ഗ്രാമിന് 2000 രൂപ നിരക്കില്‍ ആയിരുന്നു നിരോധിത മയക്കുമരുന്ന് ഇവര്‍ വിറ്റിരുന്നത്.പെൺവാണിഭ സംഘവുമായി അശ്വതി ബാബുവിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു .അശ്വതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. നടിയുടെ ബംഗളൂരു ബന്ധവും അന്വേഷിക്കുന്നുണ്ട്. പിടിയിലാകുമ്പോൾ നടിയുടെ മാതാവിനൊപ്പം ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു.
വളാഞ്ചേരിയ്ക്ക് സമീപം സ്പിരിറ്റുമായെത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു
മലപ്പുറം:വളാഞ്ചേരിയ്ക്ക് സമീപം വട്ടപ്പാറ വളവിൽ സ്പിരിറ്റുമായെത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു.പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.ലോറി മറിഞ്ഞ് ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് റോഡില്‍ ഒഴുകിയത് പരിഭ്രാന്തി പരത്തി.പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് സ്പിരിറ്റ് നിര്‍വീര്യമാക്കിയത്. നാലുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കര്‍ ഉയര്‍ത്തിയത്.മഹാരാഷ്ട്രയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം.
മിടുക്കുണ്ടെങ്കിൽ വെടിവെച്ചവരെ കണ്ടുപിടിക്കൂ; പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി
കൊച്ചി:ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ പോലീസിനെ വെല്ലുവിളിച്ച് അധോലോകനായകൻ രവി പൂജാരി.ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലീസ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് ഒരു പ്രമുഖ മാധ്യമത്തിലേക്ക് വിദേശത്തു നിന്നും രവി പൂജാരിയുടെ വിളിയെത്തിയത്.നടി ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്‍റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താന്‍ വെളിപ്പെടുത്തുമെന്നും ബ്യൂട്ടി പാർലറിന് നേരെ വെടിയുതിര്‍ത്ത തന്‍റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ പൊലീസ് കണ്ടുപിടിക്കട്ടെ എന്നും രവി പൂജാരി വെല്ലുവിളിച്ചു.മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാന്‍പോലും പൊലീസിന് ഇതേവരെ കഴിഞ്ഞില്ല. മിടുക്കന്‍മാരാണെങ്കില്‍ കൊച്ചി സിറ്റി പൊലീസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറയുന്നത്.
കേരളാ പോലീസിന്റെ ട്രോളുകൾ ആഗോളശ്രദ്ധയിൽ;ഫേസ്ബുക്ക് പേജിനെക്കുറിച്ച് പഠനം നടത്താനൊരുങ്ങി മൈക്രോസോഫ്‌റ്റ്
തിരുവനന്തപുരം: കേരള പൊലീസിന്റെ നവമാദ്ധ്യമ ഇടപെടലുകളെക്കുറിച്ച് വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് പഠനം നടത്താനൊരുങ്ങുന്നു.പൊതുജന സമ്പർക്കത്തിന് നവമാദ്ധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു,അവയുടെ സ്വാധീനം എത്രത്തോളമുണ്ട് എന്ന ഗവേഷണത്തിന് മൈക്രോസോഫ്ട് ഇന്ത്യയിൽ നിന്നും ഗവേഷണത്തിനായി കേരളാ പൊലീസിനെയാണ് തിരഞ്ഞെടുത്തത്.നവമാധ്യമങ്ങളിൽ കേരളാ പോലീസ് ഈയടുത്തിടെ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് ഇതിനു കാരണമായത്. പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ പൊലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്. ബംഗളൂരുവിലെ മൈക്രോസോഫ്റ്റ് ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷക ദ്റുപ ഡിനിചാള്‍സ് പൊലീസ് ആസ്ഥാനത്തെത്തി. സോഷ്യല്‍ മീഡിയസെല്‍ നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫേസ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പൊലീസ്, ക്വീന്‍സ് ലാന്‍ഡ് പൊലീസ് എന്നിവയെ പിന്നിലാക്കി.പുതുവത്സരത്തില്‍ ഒരു മില്യണ്‍ പേജ് ലൈക്ക് നേടുക എന്ന ലക്ഷ്യത്തോടെ പൊതുജന സഹായം തേടിയ കേരളാ പൊലീസിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത്.മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് പേജിലെ കമന്റുകള്‍ക്കുള്ള രസകരമായ മറുപടികളും വൈറലാണ്.
സെക്രെട്ടെറിയേറ്റിനു മുൻപിൽ നിരാഹാര സമരം നടത്തിവന്നിരുന്ന ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സെക്രെട്ടെറിയേറ്റിനു മുൻപിൽ നിരാഹാര സമരം നടത്തിവന്നിരുന്ന ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.പത്തു ദിവസമായി നിരാഹാരമനുഷ്ഠിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താന്‍ ഡോക്ടര്‍മാര്‍ നിരദേശിച്ചിട്ടും നിരാഹാരം അവസാനിപ്പിക്കാതെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു അറസ്റ്റ് .വൈകുന്നേരം നാലരയോടെയാണ് അറസ്റ്റ് ചെയ്തത്.പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ ശോഭാ സുരേന്ദ്രന് പകരം നിരാഹാരമനഷ്ഠിക്കും.അതേസമയം ശബരിമല വിഷയത്തിൽ ബിജെപി സെക്രെട്ടെറിയേറ്റിനു മുൻപിൽ നടത്തുന്ന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.സംസ്ഥാന ജനറൽ സെക്രെട്ടറി എ.എൻ രാധാകൃഷ്ണൻ,മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പദ്മനാഭൻ,എന്നിവർക്ക് പിന്നാലെയാണ് ശോഭ സുരേന്ദ്രൻ സമരം ആരംഭിച്ചത്.ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക,അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക,അയ്യപ്പ ഭക്തർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി സമരം ആരംഭിച്ചത്.
കണ്ണൂർ ഇരിക്കൂർ സ്വദേശിനി ഒരു വയസ്സുകാരി ചികിത്സയ്ക്കായി പോകും വഴി ട്രെയിനിൽ വെച്ച് മരണപ്പെട്ടു
കണ്ണൂർ:ഹൃദ്രോഗിയായ ഇരിക്കൂർ സ്വദേശിനി ഒരു വയസ്സുകാരി ചികിത്സയ്ക്കായി പോകും വഴി ട്രെയിനിൽ വെച്ച് മരണപ്പെട്ടു.ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം.കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്.തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുമ്പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.ഇന്നലെ പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും റിസർവേഷൻ ലഭിച്ചില്ല.തിരക്കേറിയ ജനറൽ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍, ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇവരെ ഇറക്കിവിടുകയായിരുന്നത്രെ.ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി.കുറ്റിപ്പുറത്തെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തീവണ്ടിയിൽ നിന്നും തെറിച്ച് വീണ യുവാവിനെ ബേക്കൽ പോലീസ് ആശുപത്രിയിൽ എത്തിച്ചു.
കാഞ്ഞങ്ങാട്: ലോകമാന്യ തിലകിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എകസ്പ്രസ്സിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് സാരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ ബേക്കൽ ജൻക്ഷനടുത്താണ് അപകടം നടന്നത്. കൈകളിലെയും തുടയിലെയും എല്ലുകൾ പൊട്ടി ചോര വാർന്ന നിലയിൽ ട്രാക്കിനരികിൽ കിടക്കുന്ന വിവരം നാട്ടുകാർ ബേക്കൽ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
ബേക്കൽ സ്റ്റേഷനിൽ നിന്നും ഉടനെ തന്നെ പോലീസകാരെത്തി ഉദുമ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വളരെ പെട്ടന്ന് തന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം
ശബരിമല:ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം. തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.ജനുവരി 14നാണ് മകരവിളക്ക്.മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ ഭജനത്തിരക്കാണ് അനുഭവപ്പെടുന്നത്.മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയിരുന്നു. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്ബ് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഇന്ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.